ഒരു വാക്വം ട്യൂബ് വിരുദ്ധൻ്റെ ജൽപ്പനങ്ങൾ..
ഒരു വാക്വം ട്യൂബ് വിരുദ്ധൻ്റെ ജൽപ്പനങ്ങൾ..
ഒരു പുലർകാലം. നമ്മൾ എഴുനേറ്റ് വീടിന് പുറത്തേക്ക് വരുന്നു.തൊടിയിലേക്ക് നോക്കി.
നേരം വെളുത്തു വരുന്നു. മരങ്ങൾക്കിടയിലൂടെ കുറച്ചകലെയുള്ള പാടം കാണാം, ചക്രവാളത്തിൽ സൂര്യൻ ഉദിക്കുന്നു. നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
എന്നാൽ അതേ ദൃശ്യം ഒരു പ്രൊഫഷണൽ ക്യാമറയിലൂടെ എടുത്ത ചിത്രത്തിൽ കണ്ടാലോ
പറമ്പിൽ നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്ന പ്രഭാത സൂര്യൻ്റെ പൊൻകിരണങ്ങൾ പുൽക്കൊടികളിൽ തട്ടുന്നു. അവയിൽ നിന്ന് മഴവില്ലിൻ്റെ മരതക കാന്തി പടരുന്നു. മുറ്റത്തെ ചെമ്പരത്തിപ്പൂവിൽ പതിഞ്ഞ മഞ്ഞ് കണങ്ങൾ സംഗമിച്ച് തുഷാര ബിന്ദുക്കൾ ഒളിവിതറുന്നു. ഇത് നമ്മുടെ വീട്ട് പരിസരം തന്നെയോ എന്ന് സംശയം തോന്നും!
ഇത് എന്ത് കൊണ്ടാണ്.?
ഡിജിറ്റൽ ക്യാമറയിൽ ഇൻറഗ്രേറ്റ് ചെയ്തിരിക്കുന്ന സോഫ്റ്റ് വെയർ ദൃശ്യങ്ങൾക്ക് നൽകുന്ന കളറിങ്ങ് മൂലമാണ് ഈ ദൃശ്യവിന്യാസം നമുക്ക് അനുഭവവേദ്യമാകുന്നത്.
ഇതേപോലെ തന്നെ വാക്വം ട്യൂബുകൾ നമ്മൾ കൊടുക്കുന്ന ഇൻപുട്ട് സിഗ്നലിനെ ഹാർമോണിക്സ് എന്ന കളർ ചേർക്കുന്നതിലൂടെ ഹൈ ഫിഡിലിറ്റി എന്ന യഥാ,തഥ: അനുഭവത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നു.
വാൽവുകൾ യഥാർത്ഥ സംഗീത ആസ്വാദനത്തെ പരിപോഷിപ്പിക്കുന്നവയാണെങ്കിൽ അവയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തി കൂടുതൽ മികച്ചതാക്കാൻ ഇലക്ട്രോണിക്സ് കമ്പനികൾ തുനിഞ്ഞേനേ,
വാൽവുകൾ നിർമ്മിച്ചിരുന്നതും ഒപ്പം തന്നെ അവ ഉപയോഗിച്ച് സംഗീത പുനരാവിഷ്കാര യന്ത്രങ്ങൾ (ആംപ്ലിഫയറുകൾ, റിക്കോഡ് പ്ലെയറുകൾ) നിർമ്മിച്ചിരുന്നതും ഗവേഷണത്തിന് ബില്യൺ ഡോളറുകൾ ചിലവാക്കുന്ന കമ്പനിയായ ഹോളണ്ട് ഫിലിപ്സ് പോലും 1970 കളിൽ തന്നെ വാക്വം ട്യൂബുകളെ നിഷ്കരുണം തള്ളി... അവയുടെ നിർമ്മാണം അവസാനിപ്പിച്ച് പൂർണ്ണമായും ട്രാൻസിസ്റ്റർ, ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകളിലേക്ക് വഴി മാറുകയാണ് ചെയ്തത്.
മക്കിൻ്റോഷ് പോലുള്ള വിരലിലെണ്ണാവുന്ന കമ്പനികൾ മറ്റാരും രംഗത്തില്ലാത്തതിനാൽ വാക്വം ട്യൂബ് നിർമ്മിതികൾ വിപണിയിലെത്തിച്ച് കോടികൾ കൊയ്യുന്നു എന്ന് മാത്രം.
റഷ്യയിലും, ജർമ്മനിയിലും , ഓസ്ട്രിയയിലും,ബ്രിട്ടണിലുമുള്ള കാർഷെഡിൽ അതിപുരാതന പ്രിമിറ്റീവ് ടെക്നോളജിയിൽ വാൽവുകൾ നിർമ്മിക്കുന്ന ഹോം കൺസ്ട്രക്റ്റർമാർ അവ ഓൺ ലൈൻ വഴി വിറ്റഴിക്കുന്നത് നമുക്ക് വലിയ വില കൊടുത്ത് വാങ്ങാൻ സാധിക്കും..
ഒന്നിനോട് ഒന്ന് വ്യത്യസ്തമായ ഇത്തരം വാൽവുകൾ ഉപയോഗിച്ച് ആമ്പുകൾ നിർമ്മിക്കുന്നവർ അത് അവരുടെ വിലയേറിയ എത്രയോ സമയവും പണവും ചിലവഴിച്ച് എന്തൊക്കെ ഭഗീരഥ പ്രയത്നം ചെയ്താണ് ട്യൂൺ ചെയ്ത് ശബ്ദ സുഖം ഒപ്പിക്കുന്നതെന്ന് ഈ മേഘലയിൽ വ്യാപൃതരായ സുഹൃത്തുക്കളായ പലരിൽ നിന്നും നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാസങ്ങളിലെ പ്രധാന വാർത്തയായ അപൂർവ്വ രോഗത്തിന് ഇരയായ കുട്ടിക്ക് 18 കോടിയുടെ മരുന്ന് വാങ്ങിയ പോലെ ഒരു സംഭവം മാത്രമാണ് വാക്വം ട്യൂബുകളും. ലഭ്യത കുറവായതിനാൽ വില അധികരിക്കുന്നു.
ഹോം കൺസ്ട്രക്റ്റർമാർക്ക് ഒരു തവണ ചെയ്ത് നോക്കാൻ പറ്റിയ ഒരു ബിഗ് വാല്യൂ പ്രൊജക്റ്റ് എന്നതിൽ കവിഞ്ഞ് ജനകീയമായ ഒരു മ്യൂസിക് റീ പ്രൊഡക്ഷൻ ഉൽപ്പന്നമായി കുറഞ്ഞ വിലയിൽ സാധാരണക്കാക്ക് - ഇനിയൊരിക്കലും വാക്വം ട്യൂബുകൾ ലഭ്യമാകില്ല. ഒരു പ്രമുഖ കമ്പനിയും അതിന് വേണ്ടി വൻ തുക മുടക്കാൻ തയ്യാറല്ല എന്നതാണ് കാരണം.
വാൽവുകൾ ഇഷ്ടപ്പെടുന്നവർ, നല്ലതാണെന്ന് കരുതുന്നവർ മോഹവില കൊടുത്ത് അവ വാങ്ങി അസംബിൾ ചെയ്ത് ഏതാനും മണിക്കൂറുകൾ പ്രവർത്തിപ്പിച്ച ശേഷം അതിലുള്ള കൗതുകം നശിച്ച് ഷോകേസിൽ ഗതകാല സ്മരണകൾ അയവിറക്കാനായി സൂക്ഷിച്ച് വയ്ക്കും. അവരുടെ കാലം കഴിഞ്ഞാൽ പിള്ളാര് അതെടുത്ത് അക്രിയിൽ തട്ടുന്നതായാണ് ഇതുവരെയുള്ള എൻ്റെ അന്വോഷണത്തിൽ കണ്ടത്!
*ജയ് വാക്വം ട്യൂബ് !...ജയ് തേഡ് ഹാർമോണിക്സ്.!..
വാക്വം ട്യൂബുകളെ തീരെ ഇഷ്ടപ്പെടാത്ത എൻ്റെയൊരു കൂട്ടുകാരൻ്റെ വാക്കുകൾ അൽപ്പം കളർ പൂശി ഞാനിവിടെ എഴുതിയതാണ്. ഞാനൊരു വാക്വം ട്യൂബ് വിരുദ്ധനല്ല എന്നിരുന്നാലും പ്രതിലോമമായ അഭിപ്രായങ്ങൾക്കും ചെവി കൊടുക്കണമല്ലോ... അജിത് കളമശേരി.
Comments
Post a Comment