കോഴിക്കോട് നിലയത്തിന് 72 വയസ്


 

ആകാശവാണി കോഴിക്കോട് നിലയത്തിന് 72 വയസ് തികഞ്ഞു. 1950 മെയ് 14നാണ് കോഴിക്കോട് റേഡിയോ സ്റ്റേഷൻ ഉത്ഘാടനം ചെയ്യപ്പെട്ടത്.1956 വരെ ഓൾ ഇന്ത്യ റേഡിയോ കോഴിക്കോട് എന്ന പേരിലാണ് നിലയം അനൗൺസ് ചെയ്തിരുന്നത്.
1957 മുതൽ ഈ സ്റ്റേഷൻ്റെ പേര് ആകാശവാണി കോഴിക്കോട് എന്നായി മാറ്റി.
കേരളത്തിലെ രണ്ടാമത്തെ മീഡിയം വേവ് പ്രക്ഷേപണ നിലയമാണ് ആകാശവാണി കോഴിക്കോട്.
തുടക്കത്തിൽ 10 കിലോവാട്ട് ട്രാൻസ്മിറ്ററായിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത് പിന്നീട് ലക്ഷദ്വീപിലേക്ക് കൂടി മലയാളം പ്രക്ഷേപണം എത്തിക്കുക എന്ന ഉദ്ദേശത്തോടെ 100 കിലോവാട്ടായി പ്രസരണ ശക്തി ഉയർത്തി.
1966 ഏപ്രിൽ 14 വിഷു ദിനത്തിൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ നിന്നും പ്രദേശിക വാർത്തകളുടെ സംപ്രേഷണം ആരംഭിച്ചതോടെ കോഴിക്കോടിന് സമീപസ്ഥ ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്ന കുടിയേറ്റക്കാരും, വനങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെയും, വിദൂരമായ ലക്ഷദ്വീപിലെയും ജനവിഭാഗത്തിൻ്റെയും വാർത്തകൾ അനുനിമിഷം കേരളമെങ്ങും എത്താൻ തുടങ്ങി.പെരുന്ന കെ.എൻ നായർ എന്ന ബഹുമുഖ പ്രതിഭയായിരുന്നു കോഴിക്കോട് വാർത്താ പ്രക്ഷേപണത്തിൻ്റെ ആദ്യ അമരക്കാരൻ.
കേരള സാഹിത്യ,സാംസ്കാരിക ലോകത്തെ പൊൻതാരകങ്ങളായ ഉറൂബ്, അക്കിത്തം, കക്കാട്, പി.ഭാസ്കരൻ ,തിക്കോടിയൻ, കെ.രാഘവൻ, ശാസ്ത്രീയ സംഗീത പ്രതിഭയായ ജി.എസ് ശ്രീകൃഷ്ണൻ പ്രത്യേക ക്ഷണിതാക്കളായി വി.കേ എൻ ,എം ടി വാസുദേവൻ നായർ ,എൻ വി കൃഷ്ണവാരിയർ,എസ്, കേ പൊറ്റക്കാട് ,ബാലൻ കെ നായർ ,കുതിരവട്ടം പപ്പു, എൻ പി മുഹമ്മദ്, തുടങ്ങി പ്രമുഖരും പ്രശസ്തരും അണിനിരന്ന കോഴിക്കോട് നിലയത്തിലെ പരിപാടികൾ റേഡിയോ ശ്രോതാക്കളുടെ സായന്തനങ്ങളെ സംമ്പുഷ്ടമാക്കിയിരുന്നു.
ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയി തുടങ്ങിയവയിലെ ഭാഷയായ മഹൽ ,ദിവേഹി ഭാഷയിൽ പോലും ഈ നിലയത്തിൽ നിന്ന് പ്രക്ഷേപണം ഉണ്ടായിരുന്നു.
എന്നും ദിവസവും വൈകിട്ട് 5.30 മുതൽ 6 വരെയുള്ള പ്രക്ഷേപണം ദ്വീപുകാരെ ആകാശവാണിയോട് കൂടുതൽ അടുപ്പിച്ചു. കാലാന്തരത്തിൽ ദിവസേനയുള്ള പ്രക്ഷേപണം ആഴ്ചയിൽ ഒന്നായി ചുരുങ്ങി.
കേരളത്തിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച 1984 കാലഘട്ടത്തോടെ മീഡിയം വേവ് റേഡിയോയുടെ സുവർണ്ണ യുഗം അവസാനിച്ചു. ഇതോടൊപ്പം തന്നെ കോഴിക്കോട് നിലയത്തിൻ്റെ അധ:പ്പതനവും തുടങ്ങി.
മീഡിയം വേവ് റേഡിയോ പ്രക്ഷേപണം സ്വീകരിക്കുന്നതിനുള്ള സെറ്റുകൾ പോലും അപൂർവ്വമായ ഇക്കാലത്ത് ഇത്തരം മീഡിയം വേവ് ട്രാൻസ്മിറ്ററുകൾ ഒരധികപ്പറ്റ് തന്നെയാണ്.
കൂടുതൽ ശബ്ദമാധുര്യവും, വ്യക്തതയും നൽകുന്ന FM സ്റ്റീരിയോ, ഡിജിറ്റൽ റേഡിയോ, ഇൻ്റർനെറ്റ് റേഡിയോ പോഡ്കാസ്റ്റ് യുഗത്തിലേക്ക് പുതുതലമുറ സംഗീതപ്രേമികൾ മാറിയതോടെ വിദൂരതയിലേക്ക് ശബ്ദമെത്തിക്കാനുദ്ദേശിച്ച് തുടങ്ങിയ ഹൈ പവർ മീഡിയം വേവ് ട്രാൻസ്മിറ്ററുകൾ കാലഹരണപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
കോഴിക്കോട് മീഡിയം വേവ് ആകാശവാണി നിലയത്തിൻ്റെ ഷട്ട് ഡൗൺ അധികം താമസിയാതെ സംഭവിക്കും.100 കിലോവാട്ട് ട്രാൻസ്മിറ്റർ പ്രവർത്തിക്കാൻ ആവശ്യമായ ഭീമമായ വൈദ്യുതോർജ്ജത്തിന് വേണ്ടി ലക്ഷങ്ങൾ കറണ്ട് ചാർജിനത്തിൽ വരുന്നതും, 1950 കാലഘട്ടത്തിലെ പഴയ വാക്വം ട്യൂബ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിറ്ററുകൾക്ക് ആവശ്യമായ റീപ്ലേസ്മെൻ്റ് തെർമയോണിക് വാൽവുകളുടെ ലഭ്യതക്കുറവും, അതിന് വേണ്ടി വരുന്ന ഭീമമായ ചിലവും ഇതിനൊരു കാരണമാണ്.
ആകാശവാണി കോഴിക്കോടിൻ്റെ വയലും, വീടും പോലുള്ള പരിപാടികളുടെ സിഗ്നേച്ചർ ട്യൂണുകളും, മറ്റ് സവിശേഷ പരിപാടികളും താൽപ്പര്യമുള്ളവർ ഇപ്പോഴേ റിക്കോഡ് ചെയ്ത് വച്ചോളൂ. താമസിയാതെ ഇതെല്ലാം ഒരു നൊസ്റ്റാൾജിയയായി മാറും ! അജിത് കളമശേരി.may 2022

Comments