സീനിയർ_ടെക്നീഷ്യൻസ്


 

ചെന്നൈയിൽ ഇരുന്ന് രാജ്യാന്തര ഓഡിയോ ബ്രാൻഡ് കെട്ടിപ്പടുത്ത മലയാളിടെക്നീഷ്യൻ ,ടോർവിൻ തങ്കച്ചൻ്റെ കഥ.
മുണ്ടുവേലിൽ ജോൺ തങ്കച്ചന്റെ മനസ്സിൽ ചെറുപ്പം മുതൽ സംഗീതമുണ്ട്. പാടില്ലെങ്കിലും നല്ലൊരു ആസ്വാദകൻ. പഠിച്ചതും ജീവിതവഴിയിൽ എത്തിപ്പെട്ടതും ഇലക്ട്രോണിക്സ് മേഖലയിൽ. ഇലക്ട്രോണിക്സിന്റെ സാങ്കേതികതയും മനസ്സിലെ സംഗീതവും ചേർത്ത് അദ്ദേഹം പുതിയൊരു ബ്രാൻഡ് കെട്ടിപ്പടുത്തു
ടോർവിൻ ഓഡിയോ .
നന്നായി ചിട്ടപ്പെടുത്തിയ സംഗീതം പോലെ മനോഹരമായ ഓഡിയോ സിസ്റ്റങ്ങളാണ് ഈ ബ്രാൻഡിലൂടെ രൂപപ്പെട്ടത്. സംഗീതത്തിന്റെ താളവും സൗന്ദര്യവും ഒട്ടും ചോരാതെ ആസ്വാദകന്റെ കാതുകളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം.
സാങ്കേതികവിദ്യയിൽ രാജ്യാന്തര ബ്രാൻഡുകളോട് കിടപിടിക്കുന്ന ഉൽപന്നങ്ങൾ സാധാരണക്കാരനു പോലും എത്തിപ്പിടിക്കാവുന്ന വിലയിൽ ടോർവിൻ ലഭ്യമാക്കുന്നു. ഇന്ന്, രാജ്യത്തെ ഏറ്റവും പ്രശസ്തമായ തദ്ദേശ ഓഡിയോ ഉൽപന്ന ബ്രാൻഡുകളിലൊന്നാണു ടോർവിൻ.
ചെന്നൈയിലെയും, മുംബൈയിലേയും, ഹൈദരാബാദിലെയുമൊക്കെ പ്രമുഖ ഓഡിയോ റിക്കോഡിങ്ങ് സ്റ്റുഡിയോകളിലെല്ലാം ടോർവിൻ നിർമ്മിച്ച ഹൈ എൻഡ് മ്യൂസിക് സിസ്റ്റംസ് സംഗീതംപൊഴിക്കുന്നു.
ഇലക്ട്രോണിക്സ് ഡിപ്ലോമയും സഹോദരൻ ബേബി ജോണിന്റെ കീഴിൽ നേടിയ പ്രായോഗിക ജ്ഞാനവും കൈമുതലാക്കിയാണ് തങ്കച്ചൻ മദ്രാസിലേക്കു വണ്ടികയറിയത്.
ഇവിടെ ജോലിക്കൊപ്പം സ്വന്തമായി പഠനവും തുടർന്നു. ഒപ്പം, പരന്ന വായനയും. ഓഡിയോ രംഗത്തെ നൂതന മുന്നേറ്റങ്ങളെക്കുറിച്ചു പറയുന്ന പുസ്തകങ്ങൾക്കൊപ്പം പ്രമുഖരുടെ ജീവചരിത്രങ്ങളും വായിക്കാൻ സമയം കണ്ടെത്തി. ജീവിതത്തിൽ സ്വന്തമായൊരു മുദ്ര പതിപ്പിക്കണമെന്ന ആഗ്രഹം മനസ്സിലേക്കുവന്നത് വായനകൾക്കിടയിലാണ്.
ചെന്നൈയിൽ ആദ്യം സ്വന്തമായൊരു സർവീസ് സെന്ററാണു തുടങ്ങിയത്. പിന്നീട് പവർ ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജീസ് എന്ന പേരിൽ ഓഡിയോ സിസ്റ്റങ്ങളുടെ നിർമാണത്തിലേക്കു കടന്നു.
മനസ്സിലെ സംഗീത പ്രേമിയെ തൃപ്തിപ്പെടുത്തുന്നതിനായി ടോർവിനോ ഫോർ മ്യൂസിക് എന്ന ബ്രാൻഡിനു രൂപം നൽകിയതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലൊന്നായ റിച്ചി സ്ട്രീറ്റിലെ സിയാലിയമ്മൻ കോവിൽ സ്ട്രീറ്റിലാണു നിലവിൽ സ്ഥാപനം.
രാജ്യത്ത് തദ്ദേശീയമായി ആദ്യത്തെ ഹോം തിയറ്റർ നിർമിച്ചതിന്റെ ക്രെഡിറ്റ് ടോർവിനാണ്. 1990ലാണ് ബ്രാൻഡിന്റെ പേരിൽ ഹോം തിയറ്റർ പുറത്തിറക്കിയത്. ഇന്ത്യയിലാദ്യമായി ടോറോയിഡൽ കോർ, R കോർ ട്രാൻസ്ഫോർമറുകൾ ഉപയോഗിച്ചുള്ള ആംപ്ലിഫയറുകൾ 30 വർഷം മുൻപേ പുറത്തിറക്കിയതും ടോർവിൻ ബ്രാൻഡാണ്,
രാജ്യത്ത് നിർമ്മിച്ച ആദ്യ സബ് വൂഫർ സിസ്റ്റം ഡിസൈൻ ചെയ്ത് പുറത്തിറക്കിയതും, ഇന്ത്യയിലെ ഫുള്ളി പ്രൊട്ടക്റ്റഡ് ആപ്ലിഫയർ സിസ്റ്റങ്ങൾ ആദ്യമായി വിപണിയിലെത്തിച്ചതും, ടോർവിൻ തങ്കച്ചനാണ്.
സ്പീക്കറുകൾ, ആംപ്ലിഫെയറുകൾ, ഹോം തീയേറ്ററുകൾ എന്നിവയാണു ബ്രാൻഡിന്റെ പ്രധാന ഉൽപന്നങ്ങൾ. ആംപ്ലിഫെയർ തന്നെ 30 മാതൃകകളിലുണ്ട്.
സ്പീക്കറിനു മാത്രം അറുപതിലധികം വൈവിധ്യങ്ങൾ ലഭ്യം. സംഗീതം ആസ്വദിക്കാൻ പലർക്കും പല വഴികളാണ്. അതിനനുസരിച്ചുള്ള ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതാണ് ടോർവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താവിന്റെ മനസ്സിലുള്ള മാതൃക ടോർവിൻ മുന്നിലെത്തിക്കും.
ഡിസൈനിങ്ങും ഗവേഷണവുമെല്ലാം നടത്തുന്നതു ടോർവിൻ തങ്കച്ചൻ നേരിട്ടാണ്. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.രാജ്യത്തെ നിർമാണ മേഖലയ്ക്കു കരുത്തു പകരുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം മുന്നോട്ടുവച്ചത് ഈയിടെയാണ്. അതിനും വർഷങ്ങൾക്കു മുൻപ് ഈ ആശയം ജോൺ തങ്കച്ചൻ പ്രവൃത്തിപഥത്തിലെത്തിച്ചു.
വെറും പറച്ചിലല്ല, വർഷങ്ങൾക്കു മുൻപ് രൂപകൽപന ചെയ്ത മേയ്ക്ക് ഇൻ ഇന്ത്യ ലോഗോകൾ ടോർവിൻ ഇല്ക്ട്രോണിക്സ് സ്ഥാപനങ്ങളുടെ ചുമരുകളിൽ കാണാം.
മനസ്സിലെ സംഗീതത്തിനൊപ്പം മറ്റൊരു വികാരം കൂടി ടോർവിൻ എന്ന ബ്രാൻഡിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചതായി തങ്കച്ചൻ പറയുന്നു-ഇന്ത്യയെന്ന വികാരം. എല്ലാ മേഖലയിലും ലോകത്തെ ഏതുരാജ്യത്തോടും കിടപിടിക്കാവുന്ന പ്രതിഭയുള്ളവരാണ് ഇന്ത്യക്കാരെന്നു തങ്കച്ചൻ ഉറച്ചു വിശ്വസിക്കുന്നു.
അതുപക്ഷേ, ഇന്ത്യക്കാർ അംഗീകരിക്കുന്നില്ല. സ്വന്തം മേഖലയിലെങ്കിലും അതു തെളിയിക്കണമെന്ന വാശികൂടി ടോർവിൻ എന്ന ബ്രാൻഡിന്റെ പിറവിക്കു പിന്നിലുണ്ട്. തങ്കച്ചനെന്ന രാജ്യസ്നേഹിയെ ടോർവിന്റെ ഓരോ ഉൽപന്നത്തിലും തെളിഞ്ഞുകാണാം. സാധാരണ ഉപയോഗിക്കുന്നതു പോലെ മെയ്ഡ് ഇൻ ഇന്ത്യ മുദ്രയല്ല ടോർവിൻ ഉൽപന്നങ്ങളിൽ പതിക്കുന്നത്. ഇന്ത്യയുടെ ഭൂപടം ഉൾപ്പെടെയുള്ള അടയാളം ഇങ്ങനെ വായിക്കാം-ഇറ്റ്സ് ഇന്ത്യൻ.....
സംഗീതത്തിനു ഭാഷയില്ലെന്നു പറയാറുണ്ട്. അത് ആസ്വദിക്കാൻ സാമ്പത്തിക സ്ഥിതി തടസ്സമാകരുതെന്നു കൂടി തങ്കച്ചൻ പറയും. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്കുള്ള ചുവടുവയ്പു കൂടിയായിരുന്നു ടോർവിൻ. ഗുണമേന്മയിൽ ലോകത്തിലെ മികച്ച ബ്രാൻഡുകളോട് ചേർന്നു നിൽക്കുന്നതാണു ടോർവിൻ ഉൽപന്നങ്ങൾ. വില പക്ഷേ, അതിന്റെ മൂന്നിലൊന്നു മാത്രം. വില കൂടിയ ഉൽപന്നങ്ങൾക്കു 10 വർഷത്തെ ഗാരന്റിയും നൽകുന്നു.
ആംപ്ലിഫെയർ, സ്പീക്കർ, ഹോം തിയറ്റർ എന്നിവയിലായി ഇതിനകം 400 വ്യത്യസ്ത മാതൃകകൾ ടോർവിൻ പുറത്തിറക്കിക്കഴിഞ്ഞു. ഓഡിയോ രംഗത്തെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തങ്കച്ചൻ ഏറ്റവും പുതിയ ഉൽപന്നങ്ങൾ വരെ വിപണിയിലെത്തിക്കുന്നു. സ്വന്തം സ്ഥാപനം ആരംഭിച്ച് മൂന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും ദിവസം 16 മണിക്കൂർ വരെയാണു ജോലി. ഇതിനിടയിൽ, മരം കൊണ്ട് അലങ്കാര വസ്തുക്കളും മഹദ് സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും നിർമിക്കാൻ സമയം കണ്ടെത്തുന്നു.
തങ്കച്ചന്റെ ഈ കലാവിരുതുകൾ പവർ ഇലക്ട്രോണിക്സ് ഓഫിസിന്റെ ഓരോ കോണും മനോഹരമാക്കുന്നു.
ടോർവിൻ 30 വർഷം മുൻപ് പുറത്തിറക്കിയ സീരീസ് 1സീരീസ് 2 ഉൽപ്പന്നങ്ങൾക്ക് വിൻ്റേജ് ഓഡിയോ വിപണിയിൽ വൻ മൂല്യമാണ്. അന്ന് തൻ്റെ ഏറ്റവും വില കൂടിയ ഉൽപ്പന്നത്തിന് 6000 രൂപയായിരുന്നു. ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആദ്യ കാല ഉൽപ്പന്നങ്ങൾ സർവ്വീസിങ്ങിനായി എത്തുമ്പോൾ താനിത് 25000ന് വാങ്ങി, 35000 ന് വാങ്ങിയതാണ് എന്നെല്ലാം അതിൻ്റെ ഉടമകൾ പറയുന്നത് അഭിമാനത്തോടെയും തെല്ലഹങ്കാരത്തോടെയും കേട്ടിരിക്കാറുണ്ടെന്ന് ചെറുചിരിയോടെ ടോർവിൻ തങ്കച്ചൻ ചേട്ടൻ എന്നോട് പറഞ്ഞു.
ചെന്നൈയിലെ പ്രമുഖ സ്റ്റുഡിയോകളായ എവിഎം, പ്രസാദ്, പ്രീതി, അർമീനിയൻ ചർച്ച്, റോയപ്പേട്ട സുഫീദാർ ക്ഷേത്രം, കോയമ്പത്തൂർ മൊണാർക്ക് കൺട്രി ക്ലബ്ബ്, മറ്റ് പ്രമുഖ ചലച്ചിത്ര താരങ്ങളുടെ വസതികൾ എന്നിവിടങ്ങളിലെല്ലാം ഡിജിറ്റൽ ഹോം തിയറ്റർ സിസ്റ്റം സ്ഥാപിച്ചതു തങ്കച്ചൻ ചേട്ടൻ്റെ സ്ഥാപനമാണ്.
രാജ്യത്തിനു പുറത്തും വിവിധ കൺസെർട്ട് ഹാളുകളിലും കോടീശ്വരൻമാരുടെ വസതികളിലും സംഗീതം കേൾക്കുന്നതു ടോർവിൻ ഉൽപന്നങ്ങളിലൂടെയാണ്. ഓഡിയോ രംഗത്തെ ഏറ്റവും പുതിയ ചലനങ്ങൾക്കായി കാതുകൂർപ്പിച്ചിരിക്കുമ്പോഴും പഴയമയോടൊരു വല്ലാത്ത ഇഷ്ടം തങ്കച്ചനുണ്ട്.
കൊറോണയുടെ വ്യാകുലതകൾ നീങ്ങിവരുന്ന ഈ വേളയിൽ അധികം വൈകാതെ ഒരു ബഹുരാഷ്ട്ര ബ്രാൻഡ് ആകാനുള്ള തയ്യാറെടുപ്പിലാണ് ടോർവിൻ ഓഡിയോ ബ്രാൻഡ്..
ആധികം റിസ്ക്കില്ലാതെ പരിമിത ആൾ ശേഷിയിൽ ഓടിക്കാവുന്ന വിദേശ നിർമ്മിത ഹൈ എൻഡ് സെറ്റുകളുടെ സർവ്വീസ് മേഖലയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ തങ്കച്ചൻ ചേട്ടൻ.
ഇന്ത്യയിലെയും, വിദേശങ്ങളിലെയും പ്രമുഖരുടെ കോടികൾ വിലയുള്ള മ്യൂസിക് സിസ്റ്റങ്ങൾ വർഷത്തിലൊരിക്കൽ തങ്കച്ചൻ ചേട്ടൻ്റെ കരപരിലാളനയിൽ സുഖചികിൽസക്ക് വിധേയരായി ദീർഘായുസോടെ കഴിയുന്നു.
അദ്ദേഹത്തിൻ്റെ ഓഫീസ് റൂം സാധാരണ ഓഫീസ് സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുന്ന വിധത്തിലാണ്.ഒരു ഭിത്തിയിൽ ചേർന്നിരിക്കുന്ന ബുക്ക് ഷെൽഫുകളിൽ നിറയെ വിവിധ ലോകരാജ്യങ്ങളിൽ നിന്നിറങ്ങുന്ന ഇലക്ട്രോണിക്സ് സംബന്ധിയായ ജേർണലുകളും, മാഗസിനുകളും നിറഞ്ഞിരിക്കുന്നു.
ഒപ്പം തന്നെ സ്ഥാപനത്തിന് ലഭിച്ച അവാർഡുകളും പ്രദർശിപ്പിച്ചിരിക്കുന്നു. മറ്റൊരു ചുവരിൽ ഇന്ത്യൻ വിദേശ സംഗീതങ്ങളുടെ വലിയ കളക്ഷൻ ഡസ്റ്റ് പ്രൂഫ് റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ഒറിജിനൽ മ്യൂസിക് ഫയലുകൾ അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്.
ഓഫീസ് മുറി തന്നെയാണ് അദ്ദേഹത്തിൻ്റെ ഡിസൈൻ ലാബും! നാല് മൂലകളിലായി സവിശേഷമായി ഡിസൈൻ ചെയ്ത മോണിട്ടർ സ്പീക്കറുകൾ പ്ലേസ് ചെയ്തിരിക്കുന്നു.
മേശപ്പുറത്ത് ടെസ്റ്റിങ്ങിലുള്ള ആമ്പ് PCBകൾ കണക്റ്റ് ചെയ്ത് വച്ചിരിക്കുന്നു. സൈഡ് ടേബിളിൽ മീറ്ററുകൾ, കമ്പ്യൂട്ടറുകൾ ,ഓസിലോസ്കോപ്പുകൾ, സ്പെക്ട്രം അനലൈസർ തുടങ്ങി നിരവധി ഉപകരണങ്ങളും.
തൃശൂർ പാലക്കൽ സ്വദേശിയായ അദ്ദേഹം മർഫി റേഡിയോസിൽ ടെക്നീഷ്യനായിരുന്നു. ഇതിനിടെ ടെലിവിഷൻ സംബന്ധിയായ ഒരു കോഴ്സ് ചെയ്യുന്നതിനായാണ് 1980കളിൽ മദ്രാസിൽ (ചെന്നൈ) എത്തപ്പെട്ടത്.തുടർന്ന് അവിടെതന്നെ ചെറിയ ഒരു സർവ്വീസ് സെൻറർ ആരംഭിച്ചു.1990 ൽ അദ്ദേഹം പവർ ഇലക്ട്രോണിക്സ് & ടെക്നോളജീസ് എന്ന സ്ഥാപനം ആരംഭിച്ചു. ടോർവിൻ എന്ന ബ്രാൻഡിൽ ഓഡിയോ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാരംഭിച്ചു.
സംഗീത ഉൽപ്പന്ന നിർമ്മാതാവെന്നതിലുപരി നല്ല ഒരു സംഗീതപ്രേമി കൂടിയാണ് തങ്കച്ചൻ സർ.
പവർ ഇലക്ട്രോണിക്സ് ഓഫിസിലെ മുകൾ നില കയ്യടക്കിയിരിക്കുന്ന പഴയ ഓഡിയോ ഉപകരണങ്ങൾ തന്നെയാണ് ആ ഇഷ്ടത്തിന്റെ സാക്ഷി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച പഴയ സംഗീത ഉപകരണങ്ങൾ അവിടെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ളവയും അതിലുൾപ്പെടും. 100 വർഷം മുൻപുള്ള മൈക്രോ ഫോൺ, പഴയ ആംപ്ലിഫെയറുകൾ, ടേപ് റെക്കോർഡറുകൾ, ഗ്രാമഫോണുകൾ തുടങ്ങി ഒരു മുറി നിറയെ പഴമയുടെ പുതുമയുള്ള കാഴ്ചകൾ.
ലിസ്സിയാണ് തങ്കച്ചന്റെ ഭാര്യ. ഡോലിത, ജൂലിത, സോലിത എന്നിവരാണു മക്കൾ.
..
ശബ്ദ സൗന്ദര്യ സംരക്ഷണത്തിലെ അനുഭവവും പരിചയവും പുതിയ തലമുറയ്ക്കു പകർന്നു നൽകുന്നതിനൊരു സ്ഥാപനം തങ്കച്ചന്റെ മനസ്സിലുണ്ട്. എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പോലെയാണു തങ്കച്ചനു ശബ്ദരംഗത്തെ പരീക്ഷണങ്ങളും. അതിനാൽ, പുതുമയ്ക്കു വേണ്ടിയുള്ള ഗവേഷണം ഈ 65 ആം വയസിലും അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കുന്നു…
ചെന്നൈയിലെ
റിച്ചി സ്ട്രീറ്റിലെ സിയാലിയമ്മൻ കോവിൽ സ്ട്രീറ്റിലാണു ടോർവിൻ സ്ഥാപനങ്ങൾ. അദ്ദേഹത്തെ കാണാനും, പരിചയപ്പെടാനും ,ഉൽപ്പന്നങ്ങൾ കാണാനും താൽപ്പര്യമുള്ള മലയാളികൾക്ക് ചെന്നൈയിൽ ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലേക്ക് സ്വാഗതം.
അദ്ദേഹത്തിൻ്റെ കമ്പനിയുടെ പേജ് ഇതാണ് ഒന്ന് കയറി നോക്കൂ
എഴുതിയത് അജിത് കളമശേരി.14.06.2022. #സീനിയർ_ടെക്നീഷ്യൻസ്

Comments