ഓഫാക്കിയാലും കത്തുന്ന ബൾബുകൾ!


 

കറണ്ടിന് വലിയ വിലയില്ലാതിരുന്ന 1980 കളിലും,90 കളിലും നമ്മൾ 60 വാട്ടിൻ്റെയും, 100 വാട്ടിൻ്റെയും ചില്ല് ബൾബുകൾ വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. വീടിൻ്റെ മുൻവശത്ത് ഒരു ട്യൂബ് ലൈറ്റ് ഇടുന്നത് തന്നെ ആഡംബരം!
അങ്ങനെയിരിക്കെ രാജ്യത്ത് പതിയെ പതിയെ കറണ്ടിന് വില കൂടിത്തുടങ്ങി 100 ൻ്റെയും 60 ൻ്റെയും ബൾബുകൾ ' ഉപയോഗിച്ചിട്ടാണ് കറണ്ട് ചാർജ് ഇങ്ങനെ കൂടുന്നത് നിങ്ങൾ ഇത്തിരി കറണ്ടിൽ ഒത്തിരി വെളിച്ചം തരുന്ന CFL ബൾബുകളിലേക്ക് മാറുവിൻ...
CFL വെറും 9 വാട്ട് കറണ്ടിൽ 100 വാട്ട് സാദാ ബൾബിൻ്റെ വെളിച്ചം തരും! ഒരിക്കൽ ഇട്ടു കഴിഞ്ഞാൽ പിന്നെ അത് കാക്കത്തൊള്ളായിരം മണിക്കൂറുകൾ തെളിച്ചിട്ടാലും ഫ്യൂസാകില്ല എന്നെല്ലാം കറണ്ട് വിദഗ്ദർ സ്റ്റേജ് കെട്ടി പ്രസംഗം തുടങ്ങി.
നമ്മുടെ ഇലക്ട്രിസിറ്റി ബോർഡ് പോലും ചായക്കാശ് കൊടുത്താൽ 2 CFL ആളാം പ്രതി വീട്ടിൽ കൊണ്ട് തരാമെന്ന് വരെ പറഞ്ഞു.
ഇനി നമ്മളായിട്ട് അത് പരീക്ഷിച്ചില്ലെന്ന് വേണ്ടെന്ന് കരുതി. വെറും 10 രൂപയ്ക്ക് വീടിനടുത്തുള്ള പലചരക്ക് കടയിൽ പോലും സുലഭമായി ലഭിച്ചിരുന്ന സാദാ ബൾബുകളെല്ലാം ഊരി വലിച്ചെറിഞ്ഞു കളഞ്ഞു.
അവിടെയെല്ലാം നൂറും നൂറ്റമ്പതും രൂപ വിലയുള്ള CFL എന്ന പരിഷ്കാരി ബൾബിനെ തൂക്കി..
തൂവെള്ള വെളിച്ചം വീട് മുഴുവൻ നിറഞ്ഞു കുറച്ച് പുറത്തേക്കും ഒഴുകി... കാശിത്തിരി പൊടിച്ചാലെന്താ നമ്മളും പരിഷ്കാരിയായി....അഭിമാന വിജുംഭ്രിതനായി അടുത്തമാസത്തെ കറണ്ട് ബില്ല് വരുവാൻ കാത്തിരുന്നു. കറണ്ട് ചാർജിൽ ലാഭം കിട്ടുന്ന തുക കൊണ്ട് ഒരു മൂന്നാർ ട്രിപ്പ് പോലും പ്ലാൻ ചെയ്തു.!
എടാ മക്കളേ ആ ആട്ടും കൂട്ടിലെ ബൾബ് ഓഫാക്കടാ ...
അതൊന്നും വേണ്ടമ്മേ ഇത് ഇമ്മിണി കറണ്ടിൽ കത്തുന്ന CFL ബൾബാ... ഒരു മാസം കത്തിയാൽ 9X5X 30 = ആ എത്രയാന്ന് ആർക്കറിയാം കുറച്ച് കറണ്ടേ ചിലവാകൂ...
ഞാൻ ഓംസ് ലോ മറന്ന് പോയതിനാൽ കണക്ക് കൂട്ടൽ അത്ര ശരിയായില്ല.
പിറ്റേ മാസത്തെ കറണ്ട് ബില്ല് വന്നപ്പോൾ കണ്ണ് തള്ളി !
തലേമാസം കൊടുത്തതിൻ്റെ ഇരട്ടി ബില്ല്... എന്ത് പറ്റി.. സർക്കാര് പറഞ്ഞത് പോലെ എല്ലാ ബൾബും മാറ്റി CFL ആക്കിയല്ലോ... എന്നിട്ടും ചാപ്പാ....
ഡാ ഷിഹാബേ നിൻ്റെ കറണ്ട് ബില്ല് എത്രയാടാ നന്നായിട്ട് കുറഞ്ഞോ?
ഞാൻ വേലിക്കൽ ചെന്ന് എൻ്റെ പ്രഭാഷണം കേട്ട് വീട് മുഴുവൻ CFL ആക്കിയ കൂട്ടുകാരനോട്...വിളിച്ച് ചോദിച്ചു.
abcdefgh@##****... എൻ്റെ ചെവി അടഞ്ഞ് പോയി ...
ഇനി നമ്മളായിട്ട് KSEB ക്കാർക്ക് ശമ്പളം കിട്ടാതെ വരണ്ട..ഞാൻ ഷർട്ടുമെടുത്തിട്ട് കറണ്ട് കാശടക്കാൻ പോയി..
കവലയിൽ അതാ ഒരാൾകൂട്ടം ഞാനൊന്നു ശ്രദ്ധിച്ചു.. CFL ട്യൂബുകൾ മാരകമാണ്. അതിനകത്ത് മെർക്കുറി അടങ്ങിയിരിക്കുന്നു. അതിലൊരൽപ്പം അകത്ത് ചെന്നാൽ ആള് അപ്പഴേ തട്ടിപ്പോകും. CFL വലിച്ചെറിയരുത്. അതിലെ വിഷം മണ്ണിൽ കലരും, പുല്ലിൽ കയറും, പശു പുല്ല് തിന്നും, നമ്മൾ പാല് കുടിക്കും വിഷം അകത്തെത്തും.. ഠിം..
ഇതിന് പരിഹാരമായി ഇതാ എത്തിയിരിക്കും LED ബൾബുകൾ .. ഒരു റേഷൻ കാർഡിന് 5 LED ബൾബുകൾ സഹായ വിലയ്ക്ക് കിട്ടും. നിങ്ങളുടെ CFL ഇങ്ങോട്ട് തരൂ ഇതാ പുതിയ LED ബൾബുമായി പോകൂ.. കറണ്ടിൻ്റെ മണമടിച്ചാൽ കത്തുന്ന LED ബൾബ്... സ്വിച്ച് ഓഫാക്കിയാലും കത്തുന്ന LED ബൾബ്.. ഒരിക്കൽ ഇട്ടാൽ പിന്നെ ഫ്യൂസാവുകയേ ഇല്ല.
ഞാനും വരിയിൽ കയറി നിന്നു. എനിക്കും വേണം ഓഫാക്കിയാലും കത്തുന്ന LED ബൾബ് .
CFL എല്ലാം ഊരി മാറ്റി LED ബൾബുകൾ ഇട്ടു.. എന്തൊരാശ്വാസം,എന്ത് വെളിച്ചം എന്ത് കുളിർമ്മ...
മീറ്ററിലെ അക്കങ്ങൾക്ക് കഴിഞ്ഞ മാസത്തേക്കാൾ വലിയ വ്യത്യാസമൊന്നും കാണാത്തത് കൊണ്ട്.ഇവിടെ ആരും ബൾബൊന്നും ഇടുന്നില്ല എന്ന് കരുതി. വീട്ടിൽ റീഡിങ്ങെടുക്കാൻ വരുന്ന KSEB ക്കാരൻ . ചമ്മി തിരിച്ച് പോകട്ടെ ..
ചില മുറികളിലെ LED ബൾബുകൾ സ്വിച്ച് ഓഫാക്കിയിട്ട് പോലും പതിയെ കത്തുന്നുണ്ട് നൈറ്റ് ലാമ്പ് വേറെ വേണ്ട! കറണ്ടിൻ്റെ മണമടിച്ചിട്ടാകും ഇങ്ങനെ കത്തുന്നത്.
പാൽകാരൻ അണ്ണാച്ചി ലൂണയുമായി മുന്നിലെ റോഡിലൂടെ പോയതിന് പെട്രോൾ പമ്പ് കാരൻ വഴക്ക് പറയുന്നത് കണ്ടായിരുന്നു. പെട്രോളിൻ്റെ മണമടിച്ചാൽ തൻ്റെ വണ്ടി ഓടും അതവർക്ക് നഷ്ടമാണെന്ന് ...
അത് പോലെ LED ബൾബ് ഇട്ടതിന് ഇനി KSEB ക്കാര് വഴക്ക് പറയുമോ ആവോ?
ഇല്ലായിരിക്കും ... അവരല്ലേ ഇത് സഹായവിലയ്ക്ക് തന്നത്..
തങ്ങളുടെ സ്വന്തം ഉൽപ്പന്നം എല്ലാവരും കുറച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രചാരണം നടത്തുന്ന ഒരു കമ്പനിയേ ലോകത്തുള്ളൂ അത് നമ്മടെ KSEB യാണല്ലോ!.
ദിവസങ്ങൾക്കെന്നാ സ്പീഡാ.... മാസം 2 കഴിഞ്ഞു.. കറണ്ട് ബില്ല് വന്നു.. CFL ഉണ്ടായിരുന്നതിലും കൂടി LED ഇട്ടപ്പോൾ കറണ്ട് കാശ്.
മീറ്റർ നോക്കാൻ വന്നയാൾ പടി കടന്ന് തിരിച്ച് പോകാൻ തുടങ്ങുന്നു.
സാറേ ഒന്ന് നിന്നേ ഇതെന്നാ പരിപാടിയാ കറണ്ട് കാശ് കുറയാൻ ബൾബ് മാറ്റി CFL ഇടാൻ നിങ്ങൾ പറഞ്ഞു... ഞാനിട്ടു... കറണ്ട് കാശ് കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ നിങ്ങൾ CFL മാറ്റി LED ഇടൂ കാശ് കുറയും എന്ന് പറഞ്ഞു. അതും ചെയ്തു.. ദേ പിന്നെയും കറണ്ട് കാശ് കൂടി ..
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള ഇൻവെർട്ടർ ഫ്രിഡ്ജാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫ്രിഡ്ജ്.
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള BLDC ഫാനാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫാൻ ..
നിങ്ങൾ 3 സ്റ്റാർ റേറ്റിങ്ങുള്ള LED TV യാണോ ഉപയോഗിക്കുന്നത്?
അല്ല പഴയ പെരു വയറൻ TV.
എന്നിട്ടാണോ കറണ്ട് കാശ് കൂടി എന്ന് പരാതി പറയുന്നത്.
പഴയത് കൊടുത്ത് ഫ്രിഡ്ജ് 5 സ്റ്റാർ വാങ്ങുക..
ഫാനെല്ലാം BLDC ആക്കുക
TV പുതിയത് മേടിക്കുക .
എന്നിട്ടും കറണ്ട് കാശ് കൂടിയാൽ ഒരു പരാതി എഴുതി KSEB യിൽ കൊടുത്താൽ മതി.
എന്തിന്?
മീറ്റർ മാറ്റി വച്ച് തരാൻ!!
സാർ ഒരു സംശയം..
എന്താ?
LED ബൾബ് ഓഫാക്കിയാലും കത്തുന്നു.. അതിന് ചാർജ് വരുമോ?
അജിത് കളമശേരി..08.10.2024

Comments