കുറഞ്ഞ ചിലവിൽ വൈ-ഫൈ UPS നിർമ്മിക്കാം


 

വീട്ടിൽ ചെറിയ ഒരു സോളാർ സെറ്റപ്പുണ്ട്.ഒരു 150 വാട്ടിൻ്റെ 12 വോൾട്ട് പാനൽ അതിന് യോജിക്കുന്ന ഒരു ചാർജ് കൺട്രോളർ, പിന്നെ ഒരു 12 വോൾട്ട് 80 Ah ഓട്ടോമോട്ടീവ് ബാറ്ററി എന്നിവ ചേരുന്നതാണ് ഈ സിസ്റ്റം.
ചിലവ് കുറയ്ക്കാനായി ബാറ്ററി സെക്കൻഡ് ഹാൻഡാണ് വച്ചിരിക്കുന്നത്. ഓട്ടോ ഇലക്ട്രിക് കടകളിൽ എക്സേഞ്ചിന് വരുന്ന ട്രക്ക് ബാറ്ററികളിൽ നിന്ന് കൊള്ളാവുന്നത് നോക്കി ഒരെണ്ണം വാങ്ങിയതാണ്, ഏകദേശ വില 2500 രൂപ വരും.
എൻ്റെ സോളാർ ആവശ്യങ്ങൾ പരിമിതമാണ് ഇലക്ട്രോണിക്സ് പണികൾ ചെയ്യുന്ന അധോലോകത്തിൽ കറണ്ട് പോയാലും അത്യാവശ്യ പണികൾ നടക്കണം, ഒരു 12 Volt BLDC സീലിങ്ങ് ഫാൻ ,LED ബൾബ്, ഒരു സോൾഡറിങ്ങ് അയേൺ എന്നിവ പകൽ സമയം ഓടണം. എന്നേ സോളാർ വയ്ക്കുമ്പോൾ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. കണ്ണിൻ്റെ പവറൊക്കെ കുറഞ്ഞതിനാൽ രാത്രി ഇലക്ട്രോണിക്സ് പണിയൊന്നും അങ്ങനെ ചെയ്യാറില്ല.
അങ്ങനെ സോളാർ സെറ്റപ്പ് വലിയ തലവേദനയൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്നപ്പോൾ അവൻ നാട്ടിലിറങ്ങി ആകെ അലമ്പാക്കി.ആര്?
നമ്മുടെ കോവിഡ് ആശാൻ തന്നെ... അവൻ നാട്ടിലിറങ്ങിയതോടെ വീട്ടിൽ അടച്ച് പൂട്ടി ഇരുപ്പായി ... മൊബൈലും, കമ്പ്യൂട്ടറും, TVയുമെല്ലാം വിശ്രമമില്ലാതെ പ്രവർത്തിക്കാൻ തുടങ്ങി.ഫോണിലെ GB യൊന്നും പോരാതെയായി.
അതിനാൽ ഞങ്ങളുടെ നാട്ടിൽ കിട്ടുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ഒരെണ്ണം എടുക്കേണ്ടി വന്നു.
ജിയോയുടെ കണക്ഷനാണ് എടുത്തത്. അവരുടെ വൈ ഫൈ മോഡം ആദ്യമൊക്കെ കറണ്ടിൽ തന്നെ കുത്തി പ്രവർത്തിപ്പിച്ചു. പക്ഷേ അൽപ്പ ദിവസങ്ങൾ കൊണ്ട് അതിൻ്റെ ചില പോരായ്മകൾ പിടി കിട്ടി. കറണ്ട് പോയാൽ വീട്ടിലെ വൈഫൈ ഇൻ്റർനെറ്റ് ബന്ധം മൊത്തം നിലച്ച് പോകും.
വീട്ടിൽ കുട്ടികളും, ഞാനുമെല്ലാം ഉപയോഗിക്കുന്നത് ലാപ്ടോപ്പ്കളാണ് .അത് കറണ്ടില്ലെങ്കിലും പ്രവർത്തിക്കും. നെറ്റ് ബന്ധം മുറിഞ്ഞാൽ പിന്നെ കുട്ടികളുടെ 'ക്ലാസുകൾ കട്ടാകും, എൻ്റെ വർക്ക് ഫ്രം ഹോം അവതാളത്തിലാകും... തൊന്തരവ് തന്നെ!.
എന്താണിതിനൊരു പരിഹാരം?
ഇൻവെർട്ടർ, വൈ-ഫൈ UPS പോലുള്ള പരിഹാരമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അതിനെല്ലാം അധികം കാശ് മുടക്കണം... ചിലവ് കുറഞ്ഞ മാർഗ്ഗം എന്തുണ്ട്.ഞാൻ വൈഫൈ റൂട്ടർ പരിശോധിച്ചു.അതിലേക്ക് 12 വോൾട്ട് 2 ആമ്പിയർ അഡാപ്റ്റർ മുഖേനയാണ് പവർ കൊടുക്കുന്നതെന്ന് മനസിലായി.
റൂട്ടറിന് യോജിക്കുന്ന ഒരു DC പിൻ തപ്പിയെടുത്ത് സോളാർ ബാറ്ററിയിൽ നിന്നും 12 വോൾട്ട് വയർ വലിച്ച് സപ്ലേ കൊടുത്തു നോക്കി.. പവർ ഇൻഡിക്കേറ്റർ LED കത്തുന്നുണ്ട് പക്ഷേ റൂട്ടർ ഓണാകുന്നില്ല. എന്താണ് കാരണം ?
മൾട്ടിമീറ്റർ വച്ച് വോൾട്ടേജ് അളന്ന് നോക്കി 14.6 വോൾട്ട് DC കാണിക്കുന്നു. ബാറ്ററി ഫുൾ ചാർജാണ്.ഉടനെ ഒരു ഡൗൺ കൺവെർട്ടർ ബോർഡ് എടുത്ത് അതിലൂടെ ബാറ്ററി വോൾട്ടേജ് കടത്തി വിട്ട് 12 വോൾട്ടായി കുറച്ച് DC പിൻ റൂട്ടറിൽ കുത്തി നോക്കി. ഭാഗ്യം റൂട്ടർ ഓണായി.. ഇനി തടസ രഹിതമായി നെറ്റ് കണക്ഷൻ കിട്ടും.. പണി സാധനങ്ങൾ ഒക്കെയെടുത്ത് വച്ച് പതിവ് പരിപാടികളിലേക്ക് കടന്നു.
കുറച്ച് ദിവസം തലവേദനയൊന്നുമില്ലാതെ റൂട്ടർ പ്രവർത്തിച്ചു.അങ്ങനെ ഒരു ദിവസം നേരം കിട്ടിയപ്പോൾ കുറച്ച് 12 വോൾട്ട് LED സ്ട്രിപ്പുകൾ വാങ്ങി കാർപോർച്ചിലും, വീടിന് പുറകിലുമൊക്കെ 'രാത്രിയിൽ വെളിച്ചം കിട്ടാൻ ഒരു സോളാർ സെറ്റപ്പ് ഒരുക്കി.
ആ ലൈറ്റുകൾ പ്രവർത്തിപ്പിച്ച ആദ്യ ദിവസം രാത്രി തന്നെ വൈ ഫൈ റൂട്ടർ പണിമുടക്കി... കാരണം പഴയ ബാറ്ററിയല്ലേ ലോഡ് കൂടിയപ്പോൾ അവൻ്റെ ചാർജ് കുറഞ്ഞു അളന്ന് നോക്കിയപ്പോൾ 11.3 വോൾട്ട്.. LED കൾ ഓഫാക്കിയപ്പോൾ ചാർജ് 12 ലേക്ക് ഉയർന്നു റൂട്ടർ ഓണായി .ഞാൻ ജിയോയുടെ വൈ-ഫൈ റൂട്ടർ വിശദമായ ഒരു പരിശോധനക്ക് വിധേയമാക്കി. ഇൻപുട്ട് വോൾട്ടേജ് 12.5ൽ കൂടിയാലും, 11.5 വോൾട്ടിൽ കുറഞ്ഞാലും റൂട്ടർ സ്റ്റാൻഡ് ബൈ മോഡിലേക്ക് മാറും ഗ്രീൻ ലൈറ്റ് റെഡ് ആയി മാറും പിന്നെ നെറ്റ് കിട്ടില്ല.
തൽക്കാലം പുതിയ ബാറ്ററി വാങ്ങാൻ വകുപ്പില്ല എന്നെങ്കിലും മാർഗ്ഗം?
അപ്പാഴാണ് ആ ഐഡിയ കത്തിയത്. ഒരു DC അപ് കൺവെർട്ടർ വച്ച് ആദ്യം ബാറ്ററി വോൾട്ടേജ് ഉയർത്തുക ,ആ ഉയർത്തിയ DC വോൾട്ടേജിനെ വീണ്ടും മറ്റൊരു ഡൗൺ കൺവെർട്ടർ വച്ച് കുറച്ച് 12 വോൾട്ടാക്കി മാറ്റുക.
UP, ഡൗൺ കൺവെർട്ടറുകൾ പരീക്ഷണശാലയിൽ സ്റ്റോക്കുണ്ടായിരുന്നതിനാൽ അമാന്തം വിചാരിച്ചില്ല. ഇതോടൊപ്പമുള്ള ചിത്രത്തിൽ കാണുന്നത് പോലെ 12 വോൾട്ട് ബാറ്ററിയിൽ നിന്നുള്ള വോൾട്ടേജിനെ ബോർഡ് 1 എന്ന UP കൺവെർട്ടർ ബോർഡ് ഉപയോഗിച്ച് ഒരു 16-17 വോൾട്ടാക്കി ഉയർത്തി അതിന് ശേഷം UP കൺവെർട്ടർ ബോർഡിൻ്റെ DC ഔട്ട് ബോർഡ് 2 എന്ന ഡൗൺ കൺവെർട്ടർ ബോർഡിൻ്റെ ഇൻപുട്ടിലേക്ക് കൊടുത്തു.സംശയ നിവാരണത്തിനായി ചിത്രം നോക്കുക.
ഈ ഡൗൺ കൺവെർട്ടർ ബോർഡിൻ്റെ ഔട്ട്പുട്ട് 12 വോൾട്ടായി പ്രീ സെറ്റ് തിരിച്ച് അഡ്ജസ്റ്റ് ചെയ്ത ശേഷം യോജിച്ച DC പിൻ ഉപയോഗിച്ച് വൈഫൈ റൂട്ടറിന് പവർ കൊടുത്തു.
ഇപ്പോൾ രണ്ട് വർഷത്തോളമായി ഈ സെറ്റപ്പ് വീട്ടിൽ തടസ രഹിതമായ ഇൻ്റർനെറ്റ് തരുന്നുണ്ട്. ബാറ്ററി ഇതിനോടകം കുറേക്കൂടി വീക്കായിട്ടുണ്ട് എങ്കിലും സിസ്റ്റം നന്നായി പ്രവർത്തിക്കുന്നുണ്ട്.അജിത് കളമശേരി
നിങ്ങൾക്കും ഈ ടെക്നിക്ക് പരീക്ഷിക്കാവുന്നതാണ്. ഞാൻ മൂന്ന് 3.7 വോൾട്ടിൻ്റെ ലിഥിയം അയോൺ ബാറ്ററികളും അതിന് യോജിച്ച ബാറ്ററി BMS ബോർഡും ചേർത്ത് നിർമ്മിച്ച വൈ ഫൈ ups നും ഈ സംവിധാനം ഉപയോഗിച്ച് തൃപ്തികരമായ ഫലം ലഭിച്ചിട്ടുണ്ട്.
UP ,ഡൗൺ കൺവെർട്ടർ PCBകൾ കണ്ടാൽ പരിചയമില്ലാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാകും. രണ്ടും ഒറ്റനോട്ടത്തിൽ ഒരു പോലെയിരിക്കും, ഇത് വേഗം കണ്ട് പിടിക്കാൻ ഒരു മാർഗ്ഗമുണ്ട്. Up, ഡൗൺ' കൺവെർട്ടറിൻ്റെ ഇൻപുട്ടിലും ഔട്ട് പുട്ടിലും ഓരോ ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകൾ കാണാം. UP കൺവെർട്ടറിൻ്റെ ഇൻപുട്ടിൽ 35 volt കപ്പാസിറ്ററും Out ൽ 50 Volt കപ്പാസിറ്ററും ആയിരിക്കും.
ഡൗൺ കൺവെർട്ടറിൽ ഇൻപുട്ടിൽ 50 വോൾട്ട് കപ്പാസിറ്ററും out put ൽ 35 വോൾട്ടിൻ്റെയും ആയിരിക്കും.
ഇൻപുട്ടിൽ കൂടിയ വോൾട്ടേജ് കപ്പാസിറ്റർ ഉള്ളത് ഡൗൺ കൺവെർട്ടർ ബോർഡ്, ഇൻപുട്ടിൽ കുറഞ്ഞ വോൾട്ടേജ് കപ്പാസിറ്റർ ഉള്ളത് UP കൺവെർട്ടർ ബോർഡ്.

Comments