സീനിയർ ടെക്നീഷ്യൻമാർ
1969 ൽ കേരളത്തിൽ ആദ്യമായി ലൈസൻസോടെ റേഡിയോ നിർമ്മാണ യൂണിറ്റ് ആരംഭിച്ച സതീഷ് ചന്ദ്രൻ സാറിനെ നമ്മൾ മുൻപൊരു ലേഖനത്തിലൂടെ പരിചയപ്പെട്ടു. അദ്ദേഹം വാൽവ് റേഡിയോകളാണ് നിർമ്മിച്ചിരുന്നത്. വില കുറഞ്ഞ ട്രാൻസിസ്റ്റർ റേഡിയോകൾ വിപണിയിൽ സുലഭമായി ലഭ്യമായതോടെ അദ്ദേഹം തൻ്റെ കമ്പനി അടച്ച് പൂട്ടി.
പിന്നെ നമ്മുടെ കെൽട്രോൺ ആണ് 1980 കളോടെ റേഡിയോ നിർമ്മാണം കേരളത്തിൽ ആരംഭിച്ചത്.കെൽട്രോൺ റേഡിയോ നിർമ്മാണം ആരംഭിച്ച് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൻ്റെ വ്യവസായ ജില്ലയായ എറണാകുളം ജില്ലയിലെ അന്നത്തെ ഒരവികസിത പ്രദേശമായ വടക്കൻ പറവൂരിലെ, വാണിയക്കാട് എന്ന കുഗ്രാമത്തിൽ വേണു എന്ന ചെറുപ്പക്കാരൻ തൻ്റെ 22 ആം വയസിൽ PRC എന്നൊരു റേഡിയോ നിർമ്മാണ കമ്പനി ആരംഭിച്ചു.
പറവൂർ റേഡിയോ കമ്പനി എന്നതിൻ്റെ ചുരുക്കമായിരുന്നു ഈ PRC എന്ന പേര്. റേഡിയോ നിർമ്മാണ ലൈസൻസ് എടുക്കാനായി വേണു തിരുവനന്തപുരത്ത് എത്തിയപ്പോൾ വ്യവസായ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ അത്ഭുതപ്പെട്ട് പോയി. കേരളത്തിൽ അക്കാലത്ത് കെൽട്രോണിന് മാത്രമേ സ്വന്തമായ ട്രാൻസിസ്റ്റർ റേഡിയോ നിർമ്മാണ യൂണിറ്റിനുള്ള വാലിഡ് ലൈസൻസ് ഉള്ളൂ.
ആ രംഗത്തേക്കാണ് മീശ മുളച്ച് തുടങ്ങുന്ന ഒരു പയ്യൻ റേഡിയോ നിർമ്മാണ ലൈസൻസിന് അപേക്ഷയുമായി വരുന്നത്.കൂടിയാലോചനകൾക്ക് ശേഷം റേഡിയോ നിർമ്മാണത്തിന് ചെറുകിട SSI യൂണിറ്റായി ലൈസൻസ് കിട്ടി.
അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവിയാണ് വടക്കൻ പറവൂരിൽ വച്ച് നടത്തിയ ചടങ്ങിൽ PRC റേഡിയോ നിർമ്മാണ യൂണിറ്റ് ഉത്ഘാടനം ചെയ്തത്.
ഹൈസ്കൂൾ കാലഘട്ടം മുതൽ വേണുവിന് ഇലക്ട്രോണിക്സിൽ വലിയ കമ്പമായിരുന്നു. അദ്ധ്യാപക ദമ്പതികളുടെ മകനായിരുന്നതിനാൽ കർശന ചട്ടക്കൂടിലൊതുങ്ങിയായിരുന്നു പഠനം.ഇവരുടെ കണ്ണ് വെട്ടിക്കാനായി ശാസ്ത്രമേള പ്രൊജക്റ്റുകൾ എന്ന പേരിൽ അന്ന് കിട്ടുന്ന ഇലക്ട്രോണിക്സ് പാർട്സുകൾ ഉപയോഗിച്ച് ചെറിയ ഹോബി പ്രൊജക്റ്റുകൾ ഉണ്ടാക്കി തുടങ്ങിയിരുന്നു.
ഇലക്ട്രോണിക്സ് ഹോബി പ്രൊജക്റ്റുകൾ വളരെ അപൂർവ്വം ചിലർ മാത്രം ചെയ്യുന്ന 1976 കാലഘട്ടങ്ങളിൽ വേണു ഇവ സ്കൂൾ ശാസ്ത്രമേളകളിൽ പ്രദർശിപ്പിച്ച് തുടർച്ചയായി സമ്മാനം നേടാൻ തുടങ്ങിയതോടെ മാതാപിതാക്കളുടെ എതിർപ്പും അലിഞ്ഞ് പോയി.
അക്കാലത്ത് കെൽട്രോണിൽ ജോലി ഉണ്ടായിരുന്ന അമ്മാവൻ രഘു നാട്ടിൽ വരുമ്പോൾ മരുമകൻ്റെ ഇലക്ട്രോണിക്സ് താൽപ്പര്യം മുൻനിറുത്തി ഇലക്ട്രോണിക്സ് ഫോർ യു എന്ന ഇംഗ്ലിഷ് മാസികയുടെ കോപ്പികൾ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു.
ഈ മാസികയിൽ കണ്ട ജെറ്റ് കിങ്ങ് എന്ന ബോംബെയിലെ റേഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റേഡിയോ കിറ്റുകൾ വാങ്ങി അസംബിൾ ചെയ്തു പഠിച്ചു.ഇങ്ങനെ അസംബിൾ ചെയ്ത റേഡിയോകൾ പരിചയക്കാർ വാങ്ങിത്തുടങ്ങിയതോടെയാണ് റേഡിയോ നിർമ്മാണത്തിലേക്ക് കടന്നാലോ എന്ന ചിന്ത വേണുവിൽ ഉടലെടുത്തത്.
ഇതിനിടെ ഡിഗ്രി പഠനം കഴിഞ്ഞിരുന്നു. എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ അക്കാലത്ത് IETE എന്ന ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ കോഴ്സ് നടത്തിയിരുന്നു,അതിന് ചേർന്നു.
റേഡിയോ നിർമ്മാണം തലയ്ക്ക് പിടിച്ചതോടെ പഠനം ഉഴപ്പി കോഴ്സിൽ നിന്ന് ഡ്രോപ്പൗട്ടായി.. കോളേജിൽ പോകുന്നതിനായി പതിവായി എറണാകുളം പോകാൻ അവസരം ലഭിച്ചതോടെ ഇലക്ട്രോണിക്സ് കടകളുടെ കേന്ദ്രമായ പള്ളിമുക്കിലേക്കായി സ്ഥിര സന്ദർശനം.
അവിടെ വച്ച് എറണാകുളത്ത് സ്പെയർ പാർട്സുകളുടെ ഓർഡർ എടുക്കാൻ വരുന്ന ഒരു മാർവാഡിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. അദ്ദേഹം റേഡിയോ നിർമ്മാണത്തിന് ആവശ്യമായ ക്യാബിനെറ്റുകളും, മറ്റ് സ്പെയറുകളും സ്ഥിരമായി എത്തിച്ച് കൊടുക്കാമെന്നേറ്റു.
ഫിലിപ്സ്, മർഫി, ബുഷ് പോലുള്ള അന്നത്തെ സ്റ്റാൻഡേർഡ് കമ്പനികൾ വർഷം തോറും പുതിയ പുതിയ മോഡൽ അവതരിപ്പിക്കും ,അപ്പോൾ പഴയ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കും. ഇങ്ങനെ ഫിലിപ്സ് നിർമ്മാണം അവസാനിപ്പിച്ച 3 മോഡൽ റേഡിയോകളുടെ ക്യാബിനെറ്റുകൾ മാർവാഡി വേണുവിന് സംഘടിപ്പിച്ച് കൊടുത്തു.
അക്കാലത്ത് കേരളത്തിൽ മലയാളം റേഡിയോ നിലയങ്ങളിൽ നിന്ന് പുതിയ ചലച്ചിത്രങ്ങളുടെ ഗാനങ്ങൾ കേൾക്കാൻ വഴിയില്ലായിരുന്നു. ഒരു ഗാനം പ്രക്ഷേപണം ചെയ്യണമെങ്കിൽ ആ പടം ഇറങ്ങി രണ്ട് വർഷം കഴിയണമായിരുന്നു.
എന്നാലും പുതിയ ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ മറ്റൊരു വഴിയുണ്ടായിരുന്നു. ഷോർട്ട് വേവിൽ പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ സിലോൺ! എല്ലാ ദിവസവും വൈകിട്ട് 3.30 മുതൽ 4.30 വരെ ശ്രീലങ്കയിൽ നിന്നുള്ള മലയാളം പ്രക്ഷേപണം ഉണ്ടായിരുന്നു, പുതിയ സിനിമകളിലെ ഗാനങ്ങളാണ് മുഖ്യ ആകർഷണം.കൂടാതെ വിവിധ ഭാരതി എന്ന ആകാശവാണിയുടെ SW സ്റ്റേഷനും, റേഡിയോ മോസ്ക്കോ, എന്ന റഷ്യൻ സ്റ്റേഷനും, വത്തിക്കാൻ റേഡിയോ എന്ന ഇറ്റലിയിൽ നിന്നുള്ള സ്റ്റേഷനും മലയാളം പ്രക്ഷേപണം വിവിധ സമയങ്ങളിൽ ചെയ്തിരുന്നു.
കേരളത്തിൽ അന്ന് വിറ്റിരുന്ന ട്രാൻസിസ്റ്റർ റേഡിയോകളിൽ മിക്കവയിലും ഷോർട്ട് വേവ് ശരിയായി കിട്ടിയിരുന്നില്ല. ശബ്ദത്തിന് വലിയ പൊട്ടലും, ചീറ്റലും കൂടാതെ ശബ്ദം കടലിലെ തിരമാലകൾ പോലെ ഉയർന്നും താഴ്ന്നും വരും.ഇത് ആസ്വാദനത്തിന് വലിയ അലോരസമായിരുന്നു.
റേഡിയോ എഞ്ചിനീയറിങ്ങിൻ്റെ ബാലപാഠങ്ങൾ അറിയാവുന്നതിനാൽ വേണു SW ആൻ്റിനാ കോയിലും, ഓസിലേറ്റർ കോയിലും തൻ്റെ റേഡിയോകൾക്കായി സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിച്ചു.ഇതോടെ SW റേഡിയോ സ്റ്റേഷനുകൾ വ്യക്തമായി ലഭിക്കാൻ തുടങ്ങി. ഈ പ്രത്യേകതക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് PRC റേഡിയോകളുടെ വിപണനം ആരംഭിച്ചത്.
റേഡിയോ സിലോൺ വ്യക്തമായി കിട്ടുന്ന PRC റേഡിയോകൾ വടക്കൻ പറവൂരിന് സമീപസ്ഥമായ വൈപ്പിൻ, മുനമ്പം, പറവൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, മാള തുടങ്ങിയ പ്രദേശങ്ങളിൽവളരെ വേഗത്തിൽ പ്രചാരം നേടി.
ഉള്ളിലെ PCB എത്ര നല്ലതായാലും റേഡിയോയ്ക്ക് നല്ല ആകാരഭംഗിയും വേണമല്ലോ! ഫിലിപ്സിൻെറ ദൃഡമായ ക്യാബിനെറ്റ് PRC റേഡിയോകൾക്ക് നല്ല ക്വാളിറ്റി ലുക്ക് നൽകിയിരുന്നു. ഇതും വിൽപ്പനയെ വളരെ സഹായിച്ചു.
യാതൊരു പരസ്യവുമില്ലാതെ തന്നെ അഞ്ഞൂറോളം റേഡിയോകൾ പ്രതിമാസം വിറ്റ് പോയിത്തുടങ്ങി. ഇൻസ്റ്റാൾമെൻ്റ് കച്ചവടക്കാർ റേഡിയോ നിർമ്മാണ യൂണിറ്റിൽ വന്ന് നേരിട്ട് റേഡിയോകൾ വാങ്ങിത്തുടങ്ങിയതോടെയാണ് ഇങ്ങനെ വിൽപ്പന ഗ്രാഫ് ഉയർന്നത്.
1981 മുതൽ 1987വരെ റേഡിയോ നിർമ്മാണ കമ്പനി നല്ല നിലയിൽ മുൻപോട്ട് പോയി, ആ കാലമെത്തിയപ്പോൾ വില കുറഞ്ഞ ഡൽഹി റേഡിയോകൾ ഉൾനാടുകളിൽ പോലും സുലഭമായിത്തുടങ്ങിയതോടെ വിൽപ്പന തീരെ ഇല്ലാതായി കമ്പനി നഷ്ടത്തിലായി.അതോടെ കേരളത്തിലെ മൂന്നാമത്തെ റേഡിയോ നിർമ്മാണ യൂണിറ്റിനും താഴ് വീണു.
രണ്ട് പോർട്ടബിൾ മോഡലും, ഒരു ടേബിൾ മോഡലും റേഡിയോകളാണ് PRC നിർമ്മിച്ചിരുന്നത്. കമ്പനി നിറുത്തിയപ്പോൾ ഓർമ്മക്കായി സൂക്ഷിച്ചിരുന്ന ഇവയുടെ ഏതാനും സെറ്റുകളും കമ്പനി ഉത്ഘാടനത്തിൻ്റെ ഫോട്ടോകൾ ഉൾപ്പടെയുള്ള ചരിത്ര രേഖകളും 2018ലെ മഹാപ്രളയത്തിൽ വേണുവേട്ടൻ്റെ വീട് മുങ്ങിയപ്പോൾ നഷ്ടപ്പെട്ട് പോയി. തൻ്റെ കമ്പനി നിർമ്മിച്ച PRC റേഡിയോകളിൽ ഒരെണ്ണമെങ്കിലും കണ്ടെത്താനുള്ള നിരന്തര അന്വോഷണത്തിലാണ് PRC വേണുവേട്ടൻ.
റേഡിയോ നിർമ്മാണ യൂണിറ്റ് പൂട്ടിയതോടെ അമ്മാവൻ്റെ സഹായത്തോടെ തിരുവനന്തപുരത്ത് ഒരു കെൽട്രോൺ TV സർവ്വീസ് ഫ്രാഞ്ചൈസി തുടങ്ങി. 2 വർഷത്തിന് ശേഷം സൗദി അറേബ്യയിൽ ടെക്നീഷ്യനായി ജോലി നേടി പോയി. അതും 2 വർഷം കൊണ്ട് അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തി തൻ്റെ ഇലക്ട്രോണിക്സ് ജീവിതത്തിന് തുടക്കം കുറിച്ച "ഹോബി ഇലക്ട്രോണിക്സ് " എന്ന പേരിൽ വടക്കൻ പറവൂരിൽ കോടതിക്ക് സമീപമായി ഒരു സർവ്വീസ് സെൻ്റർ ആരംഭിച്ചു, അത് ഇപ്പോഴും നല്ല രീതിയിൽ നടന്ന് വരുന്നു.
ഇതിനിടയിൽ പ്രമുഖ സ്വകാര്യ ഐ.റ്റി.ഐ കളിൽ ഇലക്ട്രോണിക്സ് അദ്ധ്യാപകനായും ജോലി ചെയ്തു. ഓഡിയോ സിസ്റ്റം സർവ്വീസിൽ നല്ല പ്രാവീണ്യമുള്ള വേണുവേട്ടൻ കൂടുതലായും ഹോം തീയേറ്റർ സിസ്റ്റങ്ങളുടെ സർവ്വീസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുക്കുന്നത് ഒപ്പം LED TV സർവ്വീസും കൈകാര്യം ചെയ്യുന്നുണ്ട്.
1958 ഓഗസ്റ്റ് മാസത്തിൽ അദ്ധ്യാപക ദമ്പതികളായ രാജപ്പൻ്റെയും, ഭാനുമതിയുടെയും 4 മക്കളിൽ മൂത്തവനായി ജനിച്ച വേണുവിന് അടുത്ത മാസം 64 വയസ് തികയും.
വേണുവേട്ടൻ നല്ലൊരു സംഘാടകനും, സാമൂഹിക പ്രവർത്തകനുമാണ്.ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ സംഘടന KSESTA എറണാകുളം ജില്ലയിൽ രൂപീകരിക്കുന്നതിന് പ്രമുഖ പങ്ക് വഹിച്ചവരിൽ ഒരാളാണ്. KSESTA യുടെ ആദ്യ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് , ഇപ്പോൾ KSESTA യുടെ ജില്ലാ വൈസ് പ്രസിഡണ്ട് പദവി വഹിക്കുന്നു.
സൈക്കിളിങ്ങ്, ബോഡി ബിൽഡിങ്ങ്, കരാട്ടേ, ഫോട്ടോഗ്രാഫി, പെയിൻ്റിങ്ങ് , സാഹിത്യരചന, തുടങ്ങിയ കായിക, സാംസ്കാരിക മേഖലകളിലും തൽപ്പരനാണ്.1979 ൽ ഇരിങ്ങാലക്കുട മുതൽ കന്യാകുമാരി വരെ ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചു.കരാട്ടേയിൽ ബ്രൗൺ ബെൽറ്റുണ്ട്.1978ൽ മിസ്റ്റർ ഇരിങ്ങാലക്കുടയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ ഇലക്ട്രോണിക്സ് മാഗസിനായ ഇലക്ട്രോണിക്സ് ഫോർ യു വിൽ താൻ ഡിസൈൻ ചെയ്യുന്ന സർക്യൂട്ട് ഐഡിയകൾ പ്രസിദ്ധീകരിക്കാറുണ്ട്.
കേരളത്തിലെ ആദ്യകാല റേഡിയോ നിർമ്മാതാക്കളിൽ ഒരാളെന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച വേണു വേട്ടൻ,തൻ്റെ 64 ആം വയസിലും ഊർജ്ജസ്വലനായി തൻ്റെ ഇലക്ട്രോണിക് സപര്യയുടെ 42 ആം വർഷം പൂർത്തിയാക്കിയിരിക്കുയാണ്.. വേണുവേട്ടനെ പരിചയപ്പെടണമെന്നുള്ളവർ 9947003716 എന്ന അദ്ദേഹത്തിൻ്റെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക. എഴുതിയത് അജിത് കളമശേരി. 08.07.2022.
Comments
Post a Comment