സീനിയർ_ടെക്നീഷ്യൻസ്


 

കേരളത്തിലെ ടെലിവിഷൻ പ്രക്ഷേപണം 1985 ജനുവരി ഒന്നിന് അന്നത്തെ കേരളാ മുഖ്യമന്ത്രി കെ.കരുണാകരൻ തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു. അധികം വൈകാതെ കൊച്ചിയിലെ കാക്കനാട് ദൂരദർശൻ്റെ ഹൈപവർ റിലേ ട്രാൻസ്മിറ്ററും പ്രവർത്തനമാരംഭിച്ചു.
ഇതോടെ കേരളത്തിലെ ടെലിവിഷൻ വിപണിക്ക് തുടക്കമായി.കെൽട്രോൺ ,അപ്ടോൺ.. ക്രൗൺ, നെൽകോ.. EC.TV,തുടങ്ങിയ കമ്പനി ടെലിവിഷനുകളുടെ ഷോറൂമുകൾ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
റേഡിയോ, ടേപ്പ് റിക്കോർഡർ രംഗങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർ പതിയെ TV മേഘലയിലേക്ക് കാലെടുത്തു വച്ച് തുടങ്ങി.
ഈ സമയത്താണ് എറണാകുളം കടവന്ത്ര സ്വദേശിയായ കുമാർ സർ എറണാകുളത്ത് പള്ളിമുക്കിൽ നടത്തിയിരുന്ന തൻ്റെ കമ്പോണൻ്റ് ഹൗസ് എന്ന ഇലക്ട്രോണിക് സ്പെയർ പാർട്സുകൾ വിറ്റിരുന്ന സ്ഥാപനം ഒന്ന് വിപുലീകരിക്കാൻ തീരുമാനിച്ചത്.
അദ്ദേഹം തിരുവനന്തപുരം റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ശാഖയുടെ ഫസ്റ്റ് ബാച്ച് ഒന്നാം ക്ലാസിൽ പാസായ ആളാണ്.
തൻ്റെ സ്ഥാപനത്തിൽ പതിവായി സ്പെയർ പാർട്സുകൾ വാങ്ങാൻ വന്ന് പരിചയപ്പെട്ട ടെക്നീഷ്യനായ മോഹനചന്ദ്രനോട് ചോദിച്ചു,മോഹനാ തൻ്റെ പരിചയത്തിൽ ഇലക്ടോണിക്സ് ഡിസൈനിങ്ങ് അറിയാവുന്ന ആരെങ്കിലുമുണ്ടോ? ഞാൻ ഇത്ര രൂപ സാലറി കൊടുക്കാം.
അന്നത്തെ കാലത്തെ വലിയ ഒരു ശമ്പളമായിരുന്നു കുമാർ സർ ഓഫർ ചെയ്തത്.
മോഹനൻ്റെ മനസ് പറഞ്ഞു ഈ സുവർണ്ണാവസരം പാഴാക്കരുത്.
ചേർത്തല JTS ൽ നിന്ന് ഇലക്ട്രോണിക്സിലും, തുടർന്ന് മറൈൻ റേഡിയോ എഞ്ചിനീയറിങ്ങ് കോഴ്സും പാസായി എറണാകുളം ഇരുമ്പനത്ത് ഒരു റേഡിയോ TV സർവ്വീസ് സെൻ്റർ നടത്തുകയായിരുന്നു അന്ന് മോഹനൻ.
എൻ്റെ അറിവിൽ ഞാൻ മാത്രമേയുള്ളൂ സർ!
മോഹനൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു.
ശരി എന്നാൽ നാളെ മുതൽ പോന്നോളൂ.
ഞാൻ സ്പെയർ ബിസിനസ് ഒന്ന് മാറ്റിപ്പിടിക്കാൻ ആലോചിക്കുകയാണ്.എന്ത് പരിപാടി തുടങ്ങണം നമുക്ക്.
മോഹനൻ ഉടൻ പറഞ്ഞു : നമുക്ക് ബ്ലാക്ക് & വൈറ്റ് TV കിറ്റ് നിർമ്മിക്കാം സർ, മാർക്കറ്റിൽ നല്ല TV കിറ്റ് കിട്ടാനില്ല. ഡല്ലിക്കാരുടെ ബോർഡ് വച്ചിട്ട് പിക്ച്ചർ ട്യൂബ് വേഗം അടിച്ച് പോകുന്നു.
എന്നാൽ അത് തന്നെ ഉണ്ടാക്കാം.. കുമാർ സാറും ജോലിയിൽ പ്രവേശിച്ച മോഹനനും ചേർന്ന് മാർക്കറ്റിൽ കിട്ടുന്ന TV കിറ്റുകളുടെ ദോഷവശങ്ങൾ പരിഹരിച്ച് ഒരു കിറ്റ് ഡിസൈൻ ചെയ്തു.
ആദ്യമായി അങ്ങനെ ഒരു ലോക്കൽ TV കിറ്റ് കൊച്ചിയിൽ നിന്നും 1985 ൽ പുറത്തിറങ്ങി.
വളരെ ഗുണമേൻമയും BEL പുറത്തിറക്കിയിരുന്ന 20 ഇഞ്ച് പിക്ചർ ട്യൂബിന് കറക്റ്റ് മാച്ചിങ്ങുമായിരുന്ന ആ TV കിറ്റ് വളരെ വേഗം ടെക്നീഷ്യൻമാരുടെ ഇടയിൽ പ്രചാരം നേടി.
അന്ന് 650 രൂപ വിലയുണ്ടായിരുന്ന ആ TV കിറ്റ് ഒരു മാസം മുൻപേ പണമടച്ച് ടെക്നീഷ്യൻമാർ ബുക്ക് ചെയ്തിടുമായിരുന്നു. അത്ര ഡിമാൻഡായിരുന്നു ആ കിറ്റിന്. വാങ്ങുന്നവർ ക്യാബിനെറ്റും,പിക്ചർ ട്യൂബും മാത്രം വാങ്ങി വച്ചാൽ TV റെഡി...
TV കിറ്റ് ഉണ്ടാക്കാനായി PCB ഡിസൈൻ ചെയ്യാൻ 1985 കാലഘട്ടത്തിൽ കേരളത്തിൽ കമ്പ്യൂട്ടറോ,ഉണ്ടെങ്കിൽ തന്നെ അതിന് പറ്റിയ സോഫ്റ്റ് വെയറോ ലഭ്യമായിരുന്നില്ല.
PCB ഡ്രാഫ്റ്റിങ്ങ് എയിഡ് എന്ന പേരിൽ ബോംബെയിൽ ഒരു തരം ടേപ്പും, ഡോട്ടുകളും ലഭ്യമായിരുന്നു.ഇത് ഒരു ഗ്ലാസ് ഷീറ്റിൽ ആവശ്യമുള്ള ഡിസൈൻ കളർ പെൻസിൽ കൊണ്ട് വരച്ച് അതിന് മുകളിൽ ഒട്ടിച്ചാണ് PCB ലേ ഔട്ട് തയ്യാറാക്കിയിരുന്നത്.
ഇങ്ങനെ തയ്യാറാക്കിയ ലേ ഔട്ട് കോയമ്പത്തൂരിൽ കൊണ്ടുപോയി സ്ക്രീൻ എടുത്ത് വേണമായിരുന്നു കോപ്പർ ക്ലാഡിൽ പ്രിൻ്റ് ചെയ്യാൻ .ഇങ്ങനെ തയ്യാറാക്കിയ സ്ക്രീനുമായി മദ്രാസിൽ പോയി കോപ്പർ ക്ലാഡ് ഷീറ്റ് വാങ്ങി അവിടെ ഒരു PCB ഉണ്ടാക്കുന്ന സ്ഥാപനത്തിലെ തമിഴ് നാട്ടുകാരനെ ചാക്കിട്ട് പിടിച്ച് കുറച്ച് PCBകൾ പ്രിൻ്റ് ചെയ്യിക്കുകയും ,അതിൻ്റെ നിർമ്മാണ രഹസ്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്തു.
അങ്ങനെ കമ്പോണൻ്റ് ഹൗസിൽ ജോലി ചെയ്യുമ്പോൾ തന്നെ TV കിറ്റിന് ആവശ്യമായ PCBമോഹനൻ വീട്ടിൽ വച്ച് നിർമ്മിച്ച് തുടങ്ങി. ഇതാണ് കേരളത്തിലെ ആദ്യ PCB നിർമ്മാണ യൂണിറ്റ്.
കേരളത്തിലെ ചെറുകിട മേഘലയിലെ ആദ്യ TV കിറ്റ് വൻ വിജയമായി മാറി. അങ്ങനെ പോകുമ്പോഴാണ് കൊച്ചിയിൽ കേരളത്തിലെ ആദ്യ FM സ്റ്റേഷൻ സ്ഥാപിതമാകാൻ പോകുന്ന വാർത്ത പുറത്ത് വന്നത്.
ഇതോടെ കമ്പോണൻ്റ് ഹൗസിൽ ഉടമ കുമാർ സർ മോഹനചന്ദ്രനുമായി ആലോചിച്ചു. നമുക്കൊരു FM റേഡിയോ നിർമ്മിച്ചാലോ?
പരീക്ഷണങ്ങൾക്ക് പണ്ടേ തൽപ്പരനായ മോഹനൻ രണ്ട് കയ്യാലെ സമ്മതിച്ചു നമ്മുക്കുണ്ടാക്കാം സർ.
അത് വരെ വിദേശ റേഡിയോകളിൽ നിന്ന് FM ബാൻഡിൽ സുഖകരമായ ചീറ്റൽ ശബ്ദമായി മാത്രം FM കേട്ടിട്ടുള്ള മോഹനൻ
അങ്ങനെ ഇന്ത്യയിലെ തന്നെ ആദ്യത്തെ FM ബോർഡിൻ്റെ നിർമ്മാണ പങ്കാളിയായി മാറി.
1987 കാലമാണ് കൊച്ചി FM ആരംഭിച്ചിട്ടില്ല അതിനാൽ ആദ്യമായി അവർ ഒരു FM ട്രാൻസ്മിറ്റർ നിർമ്മിക്കാൻ തീരുമാനിച്ചു. കുമാർ സർ അന്നത്തെ ഇലക്ട്രോണിക്സ് സിറ്റിയായ സിംഗപ്പൂരിൽ പോയി FM ട്രാൻസ്മിറ്റർ നിർമ്മിക്കാനായി അവിടങ്ങളിൽ അന്ന് പോപ്പുലറായിരുന്ന ഒന്ന് രണ്ട് FM മൈക്ക് വാങ്ങി വന്നു.
അത് പൊളിച്ച് അവർ ടൂണിങ്ങ് മാറ്റാവുന്ന വിധം ഗാങ്ങ് കണ്ടൻസറൊക്കെ ഫിറ്റ് ചെയ്ത് ഒരു FM റേഡിയോ ട്രാൻസ്മിറ്റർ ഷോപ്പിൽ സെറ്റ് ചെയ്തു.
തുടർന്ന് FM റേഡിയോ നിർമ്മാണ പരീക്ഷണങ്ങൾ ആരംഭിച്ചു. അത് വരെ ലഭ്യമായിരുന്ന FM റേഡിയോകളിൽ 4 മുതൽ 6 വരെ IFT കളും അനവധി ഓസിലേറ്ററുകളും വച്ച് വളരെ കോംപ്ലിക്കേറ്റഡ് ആയ FM റിസപ്ഷൻ രീതികളാണ് അനുവർത്തിച്ചിരുന്നത്. ഇത് കോപ്പി ചെയ്യുക പോലും ക്ഷിപ്രസാദ്ധ്യമായിരുന്നില്ല.
മോഹനൻ ചേട്ടൻ അന്ന് വളരെ പോപ്പുലറായിരുന്ന TV യുടെ ഐ എഫ് ആംപ്ലിഫയർ ഐസിയായ TBA 120 S വച്ച് ഒരു സർക്യൂട്ട് ഡിസൈൻ ചെയ്തു.അതിൽ അന്ന് വളരെ വിലക്കുറവിൽ ലഭ്യമായിരുന്ന റോസിയുടെ റേഡിയോ ഐ.എഫ്. റ്റി യിൽ ചെറിയ മാറ്റം വരുത്തി ഓസിലേറ്റർ കോയിലാക്കി. ഡല്ലി റേഡിയോകളിൽ ഉപയോഗിച്ചിരുന്ന 5 pf ട്രിമ്മറിനെ സ്റ്റേഷൻ ട്യൂൺ ചെയ്യാൻ വച്ചു.
ആദ്യത്തെ കുറേയധികം പരീക്ഷണങ്ങൾ പരാജയപ്പെട്ടുവെങ്കിലും ഏതാണ്ട് 6 മാസം കൊണ്ട് മോഹനൻ ചേട്ടൻ നല്ല ഗെയിനുള്ള FM റേഡിയോ ബോർഡ് ഉണ്ടാക്കുന്നതിൽ വിജയിച്ചു.
അവരുടെ ഷോപ്പിലെ FM ടോയി ട്രാൻസ്മിറ്ററിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഗാനങ്ങൾ വളരെ വ്യക്തമായി ഏതാണ്ട് അഞ്ഞൂറ് മീറ്റർ അകലം വരെ വ്യക്തമായി ലഭിക്കാൻ തുടങ്ങി.
അസംബ്ലി ഡക്കുകളിൽ FM കയറ്റുന്നതിനുള്ള പ്രീ ഔട്ട് മാത്രമുള്ള മോഡലും, TBA 810 ഐ സി വച്ച ആമ്പുള്ള മോഡൽ FM ബോർഡും മോഹനൻ ചേട്ടൻ ഡിസൈൻ ചെയ്തു. PCB യിൽ തന്നെയുള്ള ട്രാക്കുകൾ ആൻ്റിനാകോയിലാക്കുന്ന ടെക്നിക്ക് ഈ ബോർഡിൽ പ്രയോഗിച്ചിരിക്കുന്നത് കണ്ടാൽ അന്ന് അൽപ്പം സാങ്കേതിക ജ്ഞാനമുള്ള ആരും അത്ഭുതപ്പെട്ട് പോകുമായിരുന്നു. LED യെ ലോ പവർ സീനർ ഡയോഡാക്കി ഉപയോഗിക്കുന്ന ടെക്നിക്കും ഞാൻ ആദ്യമായി കണ്ടത് ഈ FM ബോർഡിലാണ്.
1988 ഡിസംബർ മാസത്തോടെ കൊച്ചി FM നിലയത്തിൽ നിന്ന് ടെസ്റ്റ് പ്രക്ഷേപണം ആരംഭിച്ചു. വെകിട്ട് 3 മണി മുതൽ രാത്രി 8 വരെ തുടർച്ചയായി ചലച്ചിത്ര ഗാനങ്ങൾ ഇടവേളകളില്ല, അനൗൺസ്മെൻ്റ് ഇല്ല.
ഇതോടെ കൊച്ചി FM ലഭിക്കുന്ന പരിധിയായ എറണാകുളം, ആലപ്പുഴ ഇടുക്കി ,തൃശൂർ, പാലക്കാട് ജില്ലകളിൽ വൻ FM റേഡിയോ തരംഗമായി മാറി.
വില കൂടിയ കാസറ്റ് പ്ലയറുകളിൽ നിന്ന് ലഭിക്കുന്നത് പോലെ ശബ്ദ സൗകുമാര്യത്തോടെ ഗാനങ്ങൾ റേഡിയോയിലൂടെ കേൾക്കുന്നത് ജനങ്ങളെ വിസ്മയിപ്പിച്ചു. എല്ലാവർക്കും FM മതി. പക്ഷേ വിപണിയിൽ FM റേഡിയോകൾ ലഭ്യവുമല്ല.
75 രൂപക്ക് സാധാ ബോർഡും, 90 രൂപക്ക് TBA 810 ഐസി ആമ്പ് വച്ച ബോർഡും എറണാകുളം പള്ളിമുക്കിലെ കമ്പോണെൻ്റ് ഹൗസ് 1988 ൽ പുറത്തിറക്കി.ഇന്ത്യയിലെ തന്നെ ആദ്യ FM റേഡിയോ അസംബിൾഡ് ബോർഡായിരുന്നു അത്.
FM ഇല്ലാത്ത റേഡിയോയിൽ FM കയറ്റുന്നതിനും, കാസറ്റ് ഡക്കുകളിൽ FM റേഡിയോ ഫിറ്റ് ചെയ്യുന്നതിനുമായി ഈ ബോർഡുകൾ വാങ്ങാൻ സമീപ ജില്ലകളിലെ ടെക്‌നീഷ്യൻമാർ കടയിലെത്തി തിരക്ക് കൂട്ടി ത്തുടങ്ങി.
ഇതോടെ TV കിറ്റ് പ്രൊഡക്ഷൻ തൽക്കാലം നിറുത്തി രാപകൽ ഭേദമില്ലാതെ FM ബോർഡ് പ്രൊഡക്ഷൻ ആരംഭിച്ചു. IFT യിലെയും,PCB യിലേയും സൂത്രപ്പണികൾ നിമിത്തം ഡൂപ്ലിക്കേറ്റ് നിർമ്മാതാക്കൾ ഈ ബോർഡ് നിർമ്മിക്കാൻ ശ്രമിച്ച് പരാജയമടഞ്ഞ് കുറേ വെള്ളം കുടിച്ചു.
1989 നവംബർ മാസം ഒന്നിന് കേരളപ്പിറവി ദിനത്തിൽ ദക്ഷിണേന്ത്യയിലെ ആദ്യ FM STEREO സ്റ്റേഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു .. അതേ വർഷം തന്നെ ഫിലിപ്സ് FM റേഡിയോകൾ പുറത്തിറക്കി .അതാടെ FM ബോർഡിൻ്റെ ആവശ്യക്കാർ കുറഞ്ഞ് തുടങ്ങി.
അധികം താമസിയാതെ മോഹനൻ ചേട്ടൻ കമ്പോണെൻ്റ് ഹൗസ് വിടുകയും സ്വന്തമായി കേരളത്തിലെ ആദ്യ PCB ഡിസൈൻ & പ്രോട്ടോ ടൈപ്പ് നിർമ്മാണ യൂണിറ്റ് വിപുലീകരിച്ച് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചിട്ടുള്ള മോഹനൻ ചേട്ടൻ തന്നെയാണ് ഗായകർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ശ്രുതിപ്പെട്ടിയുടെ കണ്ടുപിടുത്തത്തിന് പിന്നിലും പ്രവർത്തിച്ചത്.
PCB നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സമ്പർക്കം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതോടെ
PCB നിർമ്മാണ യൂണിറ്റൊക്കെ വിറ്റൊഴിഞ്ഞ് ആലുവയിലെ പ്രമുഖ മെഡിക്കൽ എക്യുപ്മെൻ്റ് നിർമ്മാതാക്കളായ ലിമാസ് മെഡിക്കൽ ഡിവൈസസിൽ ഡിസൈനറായി വർക്ക് ചെയ്യുകയാണ്.
1960 ജൂലൈ മാസം 4 ന് ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് കടക്കരപ്പള്ളിയിൽ അച്ഛൻ രാമൻ്റെയും അമ്മ മങ്കയുടെയും കനിഷ്ഠ പുത്രനായി ജനിച്ച മോഹനൻ ചേട്ടൻ്റെ സഹധർമ്മിണി ഗിരിജ, രണ്ട് മക്കൾ മൂത്തയാൾ മകളാണ് അബ്ബ, ഇലക്ട്രോണിക്സ് എഞ്ചിനീയർ, രണ്ടാമത്തേയാൾ മോഹനൻ ചേട്ടൻ്റെ കലാവാസന പാരമ്പര്യമായി ലഭിച്ച അബാദ് രാം മോഹൻ എറണാകുളം പനമ്പിള്ളി നഗറിൽ ADS ( അബാദ് ഡാൻസ് സ്കൂൾ കം കൊരിയോഗ്രാഫി ) എന്ന പ്രശസ്ത സ്ഥാപനം നടത്തുന്നു.
അബാദിൻ്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഒന്ന് തുറന്ന് നോക്കുക.
കേരളത്തിൽ ആദ്യമായി 1984 ൽ നിർമ്മിച്ച TV കിറ്റ്, 1984 ൽ തന്നെ കേരളത്തിലെ ചെറുകിട മേഖലയിലെ ആദ്യ പി സി ബി നിർമ്മാണ യൂണിറ്റ്,1986 ൽ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ FM റേഡിയോ കിറ്റിൻ്റെ ഉപജ്ഞാതാവ് ,വില കുറഞ്ഞ ഇലക്ട്രോണിക് ശ്രുതിപ്പെട്ടിയുടെ ഉപഞ്ജാതാവ് എന്ന നിലകളിൽ പണ്ടേ പ്രശസ്തനാകേണ്ട PCB മോഹനൻ എന്നറിയപ്പെടുന്ന കേരളത്തിലെ ഇലക്ട്രോണിക്സ് രംഗത്ത് ഇതുവരെ അജ്ഞാതനായിരുന്ന മോഹനചന്ദ്രൻ ചേട്ടനെപ്പറ്റി ഈ ലേഖനത്തിലൂടെ വായനക്കാരുമായി സംവദിക്കുന്നതിൽ എനിക്കഭിമാനമുണ്ട്.
ഈ 62 ആം വയസിലും വളരെ ഊർജ്ജസ്വലതയോടെ തൻ്റെ കർമ്മമണ്ഡലത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ആശംസകൾ ...മോഹനൻ ചേട്ടൻ്റെ നമ്പർ 9633271753 വൈകിട്ട് 7ന് ശേഷം മാത്രം വിളിക്കുക.എഴുതിയത് അജിത് കളമശേരി .#സീനിയർ_ടെക്നീഷ്യൻസ്

Comments