സീനിയർ_ടെക്നീഷ്യൻസ്
കേരളത്തിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് ബ്രാൻഡഡ് ആംപ്ലിഫയറുകൾ നിർമ്മിക്കുന്ന കമ്പനികൾ വിരലിലെണ്ണാവുന്നവയേ ഉള്ളൂ.. അതിൽ തന്നെ പ്രൊഫഷണൽ ഗ്രേഡ് പവർ ആംപ്ലിഫയറുകൾ നിർമ്മിക്കുന്ന കമ്പനികൾ വെറും രണ്ടെണ്ണം മാത്രമാണ്.
അവയിൽ ഒന്നാണ് കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലടയിൽ പ്രവർത്തിക്കുന്ന ജോട്രോൺ ആംപ്ലിഫയേഴ്സ്.ജോർജ് വർഗീസ് ജോട്രോൺ ആണ് ഈ സ്ഥാപനത്തിൻ്റെ എല്ലാമെല്ലാം.
1986 ൽ ചെറിയ രീതിയിൽ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ 36 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
പടിഞ്ഞാറേ കല്ലടയിൽ വർഗീസ്, ശോശാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1961 ൽ ജനിച്ച ജോർജ് വർഗീസിന് ചെറുപ്പത്തിലേ സാങ്കേതിക വിഷയങ്ങളിൽ വലിയ താൽപ്പര്യമായിരുന്നു.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ഒരു റേഡിയോ വാങ്ങിയത്.അപ്പൻ വീട്ടിലില്ലാത്ത അവസരങ്ങളിൽ വീട്ടിലെ ആ മർഫി റേഡിയോ എടുത്ത് തുറന്ന് പരിശോധിച്ചാണ് ഇലക്ട്രോണിക്സ് രംഗത്തേക്ക് കാലെടുത്ത് വച്ചത്.
റേഡിയോ തുറക്കാൻ പറ്റിയ ടൂൾസുകളൊന്നും വീട്ടിൽ ലഭ്യമല്ലാതിരുന്നതിനാൽ കുടക്കമ്പി എടുത്ത് അടുപ്പിൽ വച്ച് പഴുപ്പിച്ച് അരകല്ലിൽ വച്ച് അംഗ്രം തല്ലിപ്പരത്തി പഴയ ശീലക്കുടയുടെ പിടിയിൽ ഉറപ്പിച്ച് സ്ക്രൂ ഡ്രൈവർ ഉണ്ടാക്കി റേഡിയോ തുറന്നു.
റേഡിയോ തുറന്നപ്പോൾ കണ്ട ഒട്ടും പരിചയമില്ലാത്ത വസ്തുക്കൾ ജോർജിനെ വല്ലാതാകർഷിച്ചു. അന്തരീക്ഷത്തിൽ നിന്ന് അദൃശ്യമായ എന്തോ തരംഗങ്ങൾ റേഡിയോയിലെത്തി അത് പാടുന്നതാണെന്ന് കുറേ ദിവസത്തെ നിരീക്ഷണത്തിലൂടെ ജോർജിന് മനസിലായി.
പിന്നെ ഇതിൻ്റെ സൂത്രങ്ങൾ തേടിയുള്ള അന്വോഷണമായി.അങ്ങനെയിരിക്കെയാണ് ഒരു കൂട്ടുകാരൻ പഴയ ഒരു നാലിഞ്ച് സ്പീക്കർ ജോർജിന് സമ്മാനിച്ചത്. പിന്നെ അതു വച്ചായി പരീക്ഷണങ്ങൾ. വീട്ടിലെ റേഡിയോ തുറന്ന് അതിൻ്റെ സ്പീക്കർ കണക്ഷൻ എടുത്ത് കയ്യിൽ കിട്ടിയ സ്പീക്കറിലേക്ക് കൊടുത്തു നോക്കി, സ്പീക്കർ ഒരു മൺകുടത്തിൽ വച്ചപ്പോൾ അത് നല്ല മുഴക്കമുള്ള ആസ്വാദ്യകരമായ ശബ്ദം പുറപ്പെടുവിക്കുന്നതായി ജോർജിന് തോന്നി.
ശബ്ദ സാങ്കേതിക വിദ്യയോട് വളരെ താൽപ്പര്യമുള്ള ജോർജ് മൈക്ക് സെറ്റ് വച്ചുള്ള പരിപാടി എവിടെയുണ്ടോ അവിടെയെല്ലാം ഹാജരായി തുടങ്ങി. അന്നത്തെ എല്ലാ മൈക്ക് സെറ്റുകാർക്കും അൽപ്പസ്വൽപ്പമൊക്കെ മെക്കാനിക്ക് പണി അറിയാമെന്നതിനാൽ അവരോട് ചോദിച്ച് കൊല്ലം നഗരത്തിൽ ഇവയുടെ പാർട്സുകളും, ഇലക്ട്രോണിക്സ് പുസ്തകങ്ങളുമൊക്കെ കിട്ടുന്ന സ്ഥലമൊക്കെ മനസിലാക്കിയെടുത്തു.
അവിടുന്നും ഇവിടുന്നു മൊക്കെ കിട്ടുന്ന പോക്കറ്റ് മണികൾ ശേഖരിച്ച് സോൾഡറിങ്ങ് അയേണും, പാർട്സുകളും ഇതിനിടെ സംഘടിപ്പിച്ചു പല വിധ പരീക്ഷണങ്ങൾ തുടങ്ങി.
ആയിടെ എവിടുന്നോ കിട്ടിയ ഒരു പഴയ ഇലക്ട്രോണിക്സ് ഫോർ യു മാഗസിനിൽ AC 187 AC 188 ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള ആംപ്ലിഫയർ സർക്യൂട്ട് ജോർജ് നിർമ്മിച്ച് നോക്കി. വീട്ടിലെ റേഡിയോയുടെ ഇൻപുട്ട് കൊടുത്ത് അത് വർക്ക് ചെയ്യിപ്പിച്ചപ്പോൾ നല്ല ഉയർന്ന ശബ്ദം ലഭിക്കുന്നതായി മനസിലായി.
അടുത്തുള്ള പള്ളിയിൽ മൈക്ക് സെറ്റുമായി വന്ന ചേട്ടനെ ചാക്കിട്ട് അയാളുടെ 12 ഇഞ്ച് സ്പീക്കറിൽ തൻ്റെ ആംപ്ലിഫയർ കൊടുത്തു നോക്കി. നല്ല ശബ്ദത്തിൽ പാട്ട് കേട്ടെങ്കിലും ഒരു മിനിറ്റ് കൊണ്ട് എല്ലാം കരിഞ്ഞ് പുകവന്നു.
6 വോൾട്ട് കൊടുക്കേണ്ട സ്ഥാനത്ത് 12 വോൾട്ട് ബാറ്ററിയിൽ നിന്ന് പവർ കൊടുത്തതായിരുന്നു പുകയാൻ കാരണം.
കാലക്രമേണ നാട്ടിലെ ലോക്കൽ മെക്കാനിക്കായി ജോർജ് മാറി.. ചുറ്റുവട്ടത്ത് ഏത് റേഡിയോ കേടായാലും ജോർജിൻ്റെ കയ്യിൽ കൊടുത്താൽ കുറഞ്ഞ ചിലവിൽ വേഗം അത് നന്നാക്കി കിട്ടും. നാട്ടുകാരുടെ ആവശ്യപ്രകാരം L ബോർഡ് വച്ചുള്ള ഡൽഹി റേഡിയോകളും ജോർജ് പഠനത്തിൻ്റെ ഇടവേളകളിൽ കിട്ടുന്ന സമയത്ത് ധാരാളമായി അസംബിൾ ചെയ്തു നൽകാൻ തുടങ്ങി.
കോളേജിൽ പഠിക്കുന്ന സമയത്താണ് സമീപത്തുള്ള ഒരു പള്ളിയിൽ മൂവാറ്റുപുഴ ഏഞ്ചൽ വോയ്സിൻ്റെ ഗാനമേള നടക്കുന്നത്. ഗാനമേളയ്ക്ക് പോയ ജോർജ് അവരുടെ പ്രൊഫഷണൽ ശബ്ദവിന്യാസ നിയന്തണ ഉപകരണങ്ങളും അവയിലൂടെ വരുന്ന ശബ്ദത്തിൻ്റെ ക്വാളിറ്റിയും കണ്ട് അത്ഭുത പരതന്ത്രനായി.
വർഷങ്ങൾ കടന്ന് പോയി, ജോർജ് വർഗീസ് പഠനം പൂർത്തിയാക്കി ജന്മദേശത്തിന് അൽപ്പം അകലെയുള്ള ഒരു സ്വകാര്യ മാനേജ്‌മെൻ്റ് സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
നാട്ടിൽ കാസറ്റ് യുഗം ആരംഭിക്കുന്ന സമയമാണ് ഇതോടെ ധാരാളം പേർ ആംപ്ലിഫയർ നിർമ്മിച്ച് കൊടുക്കണമെന്ന ആവശ്യവുമായി എത്തിത്തുടങ്ങി.
ഇതോടെ ജോർജ് ആവശ്യക്കാർക്ക് ആംപ്ലിഫയറുകളും, കാസറ്റ് ഡക്കുകളും നിർമ്മിച്ച് നൽകുവാൻ തുടങ്ങി. വിപണിയിൽ കിട്ടുന്ന റഡിമേഡ് ആംപ്ലിഫയർ ബോർഡുകൾ ശബ്ദ ശുദ്ധിയിൽ വളരെ പിന്നിലായിരുന്നു. ജോർജ് ഇവ വാങ്ങി സ്വന്തം നിലയിൽ മാറ്റം വരുത്തിയാണ് ഡക്കുകളും ആംപ്ലിഫയറുകളും നിർമ്മിച്ചിരുന്നത്.
അൽപ്പം സാമ്പത്തിക ഭദ്രത ആയതോടെ ചെറുപ്പത്തിൽ തൻ്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച പ്രൊഫഷണൽ ആംപ്ലിഫയർ നിർമ്മാണ ഗവേഷണത്തിലേക്ക് അദ്ദേഹം കടന്നു.
സാധാരണ അസംബിൾഡ് ബോർഡ് വാങ്ങി ഡക്ക് അസംബിൾ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല പ്രൊഫഷണൽ ആംപ്ലിഫയർ നിർമ്മാണം എന്ന് ജോർജിന് മനസിലായി. എങ്കിലും ആദ്യമുണ്ടായ നിരവധി പരാജയങ്ങളെ മറികടന്ന് അദ്ദേഹം അവസാനം തൻ്റെ മനസിന് തൃപ്തി തോന്നുന്ന ഒരു ആംപ്ലിഫയർ സ്വന്തം ഐഡിയ പ്രകാരം നിർമ്മിച്ചു.
ഇത് താൻ പഠിപ്പിക്കുന്ന സ്കൂളിലെ ഒരു ഫംങ്ങ്ഷന് കൊണ്ടുപോയി പ്രവർത്തിപ്പിച്ച് നോക്കി. അതിൻ്റെ ശബ്ദ ഗുണം കേട്ട് ഇഷ്ടപ്പെട്ട ഒരാൾ അപ്പോൾ തന്നെ ഒരാംപ്ലിഫയറിന് ഓർഡർ നൽകി.
അങ്ങനെ വാങ്ങിയവരുടെ ശുപാർശയിൽ വീണ്ടും വീണ്ടും ഓർഡറുകൾ കിട്ടിത്തുടങ്ങി.ഇതോടെ ജോട്രോൺ എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്ത് ആംപ്ലിഫയറുകളുടെ നിർമ്മാണം ജോർജ് വർഗീസ് ആരംഭിച്ചു.
ഹോം ഓഡിയോ സെഗ്‌മെൻ്റിൽ പൊഫഷണൽ ഗ്രേഡ് സ്റ്റീരിയോ ആംപ്ലിഫയറുകൾ വിപണിയിലിറങ്ങാത്ത ആ നാളുകളിൽ ജോട്രോൺ ബ്രാൻഡിൽ ഇറങ്ങിയ കരുത്തുറ്റ ആംപ്ലിഫയറുകൾ സംഗീതാസ്വാദകരുടെ ഇടയിൽ തരംഗമായി മാറി.
കേരളത്തിൽ ആദ്യമായി ഹൈപവർ പ്രൊഫഷണൽ സ്റ്റീരിയോ ആംപ്ലിഫയർ ജോ ട്രോൺ ബ്രാൻഡിൽ വിപണിയിലെത്തിച്ചത് ജോർജ് വർഗീസ് സാറാണ്.
നല്ലൊരു സംഗീതാസ്വദകന് മാത്രമേ പോരായ്മകൾ പരിഹരിച്ച് നല്ല ആംപ്ലിഫയർ നിർമ്മിക്കാനാകൂ എന്നാണ് ജോർജ് സാറിൻ്റെ അഭിപ്രായം, സംഗീതാസ്വാദകൻ എന്നതിലുപരി നല്ലൊരു ഗായകനും, ചിത്രകാരനുമാണ് അദ്ദേഹം.
ആദ്യകാലങ്ങളിൽ നിർമ്മിച്ചിരുന്ന ആംപ്ലിഫയറുകളുടെ ഡയലുകൾ അദ്ദേഹം ഉണ്ടാക്കിയിരുന്നത് ..സാധാരണ ബോൾ പേനയുടെ റീഫില്ലർ എടുത്ത് അതിൻ്റെ അഗ്രത്തിലെ ബോൾ തട്ടിക്കളഞ്ഞ് അതിൽ പെയിൻ്റ് നിറച്ച് കൈ കൊണ്ട് ഡയലിൽ എഴുതിയും വരച്ചുമാണ്. ഇത് കാണുന്ന ഏവരും ഈ ഡയലുകൾ പ്രിൻ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നാണ് കരുതിയിരുന്നത്. അത്ര പെർഫക്ഷനായിരുന്നു ആ കൈപ്പണിക്ക്.
വീടുകളിൽ തീയേറ്റർ ഒരുക്കുന്നവരാണ് ജോട്രോൺ ബ്രാൻഡിൻ്റെ പ്രധാന ഉപഭോക്താക്കൾ. മറ്റെവിടെയും ലഭിക്കാത്ത കുറഞ്ഞ വിലയിൽ 25 വർഷത്തിലധികമായി വിപണിയിലുള്ള വിശ്വസനീയമായ ഹൈപവർ പ്രൊഫഷണൽ ആംപ്ലിഫയറുകൾ ലഭിക്കുമെന്നതാണ് അവരെ ജോട്രോൺ ബ്രാൻഡിലേക്ക് ആകർഷിക്കുന്നത്.
4 വർഷം മുൻപ് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ച ജോർജ് വർഗീസ് സർ തൻ്റെ ജോട്രോൺ ബ്രാൻഡ് ഉൽപ്പന്ന നിര വിപുലീകരിച്ച് ശക്തമായി വിപണിയിലെത്തിച്ച് കൊണ്ടിരിക്കുകയാണ്.
500+ 500 വാട്ട്സ് ക്ലാസ് G/H കോൺഫിഗറേഷനിലുള്ള സ്റ്റീരിയോ ആംപ്ലിഫയറാണ് ഉൽപ്പന്ന നിരയിലെ പുതുമുഖം.
ഏത് സാധാരണക്കാരനും താങ്ങാനാകുന്ന വിലയിൽ വിവിധ വാട്ടേജുകളിൽ ഹൈപവർ പ്രൊഫഷണൽ ആംപ്ലിഫയറുകൾ ജോ ട്രോൺ ബ്രാൻഡിൽ ലഭ്യമാണ്.
അദ്ധ്യാപികയായിരുന്ന സൂസമ്മ ഡാനിയലാണ് ജോർജ് വർഗീസ് സാറിൻ്റെ വാമഭാഗം. ജിതിൻ ജോർജ്, നവീൻ ജോർജ് എന്നിവരാണ് മക്കൾ.രണ്ടു പേരും എഞ്ചിനീയർമാർ.. ജോർജ് സാറിനെ അസിസ്റ്റ് ചെയ്യുന്നതും ഇവർ തന്നെ..
തൻ്റെ ഈ 61 ആം വയസിലും ഓഡിയോ ഗവേഷണ രംഗത്ത് തിരക്കിലാണ് ജോർജ് സർ. ക്വാസി കോംപ്ലിമെൻ്ററി പെയർ മെത്തേഡിൽ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് ഒരു ഹൈ പവർ പ്രൊഫഷണൽ ആംപ്ലിഫയറിൻ്റെ രൂപരേഖയുടെ അവസാന ഘട്ടത്തിലാണ് അദ്ദേഹം..
ജോട്രോൺ ബ്രാൻഡിനെപ്പറ്റി കൂടുതൽ മനസിലാക്കുന്നനും, ജോർജ് വർഗീസ് സാറിനെ പരിചയപ്പെടുന്നതിനുമായി നിങ്ങൾക്ക് വിളിക്കാം. 9744799848 ഇതാണ് അദ്ദേഹത്തിൻ്റെ നമ്പർ.എഴുതിയത് അജിത് കളമശേരി.#സീനിയർ_ടെക്നീഷ്യൻസ്
Comments
Post a Comment