പമ്പ് സെറ്റ് വാങ്ങാൻ പോയ കഥ!
ഞാൻ ഇലക്ട്രോണിക്സ് ജോലികൾക്കൊപ്പം ഇലക്ട്രിക്കൽ വർക്കുകളും ചെയ്തിരുന്നു. വയർമെൻ ലൈസൻസും ഉണ്ട്.
ഏതാണ്ട് 25-30 വർഷങ്ങൾക്ക് മുൻപത്തെ കാര്യമാണ് പറയുന്നത്. അന്ന് കേരളത്തിൽ പമ്പ് സെറ്റുകൾക്ക് വലിയ വിലയാണ്.
ഇവ കോയമ്പത്തൂരിൽ വളരെ വില കുറച്ച് കിട്ടും പക്ഷേ ഗ്യാരണ്ടി കിട്ടില്ല. എന്തെങ്കിലും തകരാർ പറ്റിയാൽ കാശ് പോകും. അന്ന് കേരളത്തിൽ വോൾട്ടേജ് കുറവ് അതിരൂക്ഷമായിരുന്നു. കുറഞ്ഞ വോൾട്ടേജിൽ പമ്പ് ഓൺ ചെയ്താൽ എപ്പോൾകത്തിയെന്ന് നോക്കിയാൽ മതി.
വോൾട്ടേജ് കുറഞ്ഞാലും കൂടിയാലും പമ്പ് സെറ്റിനെ പ്രൊട്ടക്റ്റ് ചെയ്യുന്ന സ്റ്റാർട്ടറുകൾ വാങ്ങാൻ കിട്ടും. അതിന് മോട്ടോറിനേക്കാൾ വിലയാണ്. അതിനാൽ സാധാരണക്കാരൊന്നും മോട്ടോറിനൊപ്പം സ്റ്റാർട്ടർ വാങ്ങാറില്ല.
വിവരമില്ലാത്ത കസ്റ്റമർ മാർ എത്ര പറഞ്ഞാലും വോൾട്ടേജുണ്ടോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കാതെ മോട്ടോർ ഇടും അത് കത്തിക്കും.
ഈ പ്രശ്നം മൂലമാണ് കോയമ്പത്തൂരിൽ 1500 രൂപക്ക് കിട്ടുന്ന മോട്ടോർ കേരളത്തിൽ 3500ന് വിറ്റിരുന്നത്. ഒരു പ്രാവശ്യം കത്തിയാലും കമ്പനിക്ക് നഷ്ടം വരരുത് എന്ന മുൻ കരുതൽ.
ജാനകീ രാമൻ ഇറക്കിയ തമിഴ് മലയാളം ഭാഷാ സഹായി 5 രൂപ കൊടുത്ത് വാങ്ങി, ഒരു മാസം കുത്തിയിരുന്ന് തമിഴ് പഠിച്ചു. അത്യാവശ്യം ഭാഷാ പ്രാവീണ്യം ആയി എന്ന് തോന്നിയപ്പോൾ
നേരേ എറണാകുളത്ത് ചെന്ന് കൊച്ചിൻ - കോയമ്പത്തൂർ ആശിർവാദ് ട്രാവൽസിൽ 75 രൂപ കൊടുത്ത് ഒരു കോയമ്പത്തൂർ ടിക്കറ്റെടുത്തു.KSRTC യിൽ 32 രൂപയാണ് നിരക്ക്. പക്ഷേ അതിൽ മോട്ടോർ കയറ്റില്ല ആശീർവാദിൽ കിളിക്ക് 50 രൂപ കൈമടക്ക് കൊടുത്താൽ മോട്ടോർ കയറ്റിക്കൊണ്ട് വരാം അതിനാലാണ് അധികചാർജ് നൽകി യാത്ര ടൂറിസ്റ്റ് ബസ്സിലാക്കിയത്.
നാല് മണിക്കൂർ കൊണ്ട് കോയമ്പത്തൂർ എത്തി.. ആദ്യമായി ഒപ്പനക്കര സ്ട്രീറ്റ് കണ്ട് പിടിച്ച് മാനസ ഗുരുവായ ജാനകി രാമൻ സാറിൻ്റെ റേഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി.. അന്ന് തന്നെ നല്ല പ്രായം തോന്നിക്കുന്ന അദ്ദേഹത്തെ കണ്ട് അനുഗ്രഹങ്ങൾ വാങ്ങി. ജാനകീ രാമൻ സർ തന്നെ എനിക്ക് ഒരു മോട്ടോർ കമ്പനിയുടെ വിലാസം പറഞ്ഞ് തന്നു. കൂടാതെ തമിഴ് കലർന്ന മലയാളത്തിൽ ഒരുപദേശവും നൽകി .. കേരളാവിൽ വോൾട്ടേജ് പ്രച്ച്നം റൊമ്പ ജാസ്തി.. ഒരു സിമ്പിൾ ലോ വോൾട്ടേജ് കട്ടോഫ് തയ്യാർ പണ്ണിവച്ചാൽ പ്രച്ച്നം മുടിയും.. ശരീങ്ക പോയ് വാങ്കോ..
ഞാനൊരു ഓട്ടോക്കാരനെ തടഞ്ഞ് നിറുത്തി കഷ്ടപ്പെട്ട് പഠിച്ച തമിഴിൽ ചോദിച്ചു. അണ്ണൈ ഇന്ത അഡ്രസ് പക്കം പോകറുതുക്ക് എന്ന ചാർജ് ?
മലയാളത്തിൽ പറഞ്ഞാൽ മതി ഇവിടെ എല്ലാവർക്കും അത്യാവശ്യത്തിന് മലയാളം അറിയാം! ഓട്ടോ ഡ്രൈവർ പറഞ്ഞു.
കഷ്ടപ്പെട്ട് കുത്തിയിരുന്ന് തമിഴ് പഠിച്ചത് വെറുതെയായിപ്പോയി! അവിടെ എല്ലാവർക്കും മലയാളമറിയാം.
ജാനകീ രാമൻ സർ പരിചയപ്പെടുത്തിത്തന്ന കമ്പനിയിൽ ഞാനെത്തി..
മോട്ടോർ വാങ്ങാൻ കേരളത്തിൽ നിന്നെത്തി എന്ന് പറഞ്ഞപ്പോൾ നല്ല സ്വീകരണം കിട്ടി.
കമ്പനിയെന്ന് പറഞ്ഞാൽ നമ്മൾ ഇന്ന് കാണുന്ന തരം കമ്പനിയൊന്നുമല്ല. തകരഷീറ്റുകൾ മേഞ്ഞ ഒരു വലിയ ഷെഡ് .. ഒരു ഭാഗത്ത് ഇരുമ്പ് ഉരുക്കുന്നു.. ഒരു ഭാഗത്ത് ഉരുകിയ കാസ്റ്റ് അയേൺ മോൾഡിലേക്കൊഴിക്കുന്നു. തണുത്ത മോൾഡ് പൊട്ടിച്ച് മോട്ടോർ ബോഡി എടുത്ത് അരം കൊണ്ട് രാകി ഫിനിഷിങ്ങ് വരുത്തുന്നു.
അടുത്തൊരു ടേബിളിൽ കോയിൽ വൈൻഡ് ചെയ്യുന്നു. വേറൊരിടത്ത് റോട്ടോറിൽ ബയറിങ്ങ് ഇടുന്നു. വാർണ്ണീഷ് ഇട്ട മോട്ടോറിൽ ഒരു ബൾബ് ഇട്ട് ചൂടാക്കുന്നു, അസംബിൾ ചെയ്യുന്നു. അവസാനം മോട്ടോർ ടെസ്റ്റ് ചെയ്യുന്നു.
ടെസ്റ്റ് ചെയ്ത മോട്ടോറിൽ നീലയും, കരിം പച്ച കളറിലുമുള്ള ഹാമർ ടോൺ പെയിൻ്റടിക്കുന്നു ചിലർ ,പെയിൻ്റടിച്ച മോട്ടോർ വെയിലത്ത് വയ്ക്കുന്ന മറ്റ് ചിലർ.. ആകെ തിരക്ക് തന്നെ.. എല്ലാവരും പണിത്തിരക്കിലാണ് പുറമേ നിന്ന് വന്നയാളെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല.
തറ മുഴുവൻ കടപ്പുറത്ത് മണൽ കിടക്കുന്നത് പോലെ നല്ല ഘനത്തിൽ മോൾഡിങ്ങിന് ഉപയോഗിക്കുന്ന കറുത്ത മണ്ണാണ് ,നടന്നാൽ കാല് പൂണ്ട് പോകും.
അവിടെ എല്ലാം കൈപ്പണിയാണ് ഒരു മെഷീനുമില്ല.
ഞാൻ ചോദിച്ചു ഇതേത് ബ്രാൻഡ് മോട്ടോർ?
കമ്പനി മുതലാളി ചെട്ടിയാർ ഒരു ചിരി ചിരിച്ചു. എന്നിട്ടെന്നെ കുറേ നെയിം പ്ലേറ്റ് കാണിച്ച് തന്നു. CRI, LI lakshmi, AUE, Akash
KSB, Shakthi, Texmo തുടങ്ങി അന്നത്തെ പ്രമുഖ ബ്രാൻഡുകൾ .ചെറിയ ഒരക്ഷരത്തിൻ്റെ വ്യത്യാസം അങ്ങോട്ടോ - ഇങ്ങോട്ടോ സൂക്ഷിച്ച് നോക്കിയാൽ കാണാമെന്ന് മാത്രം. CRI എന്നതിന് പകരം ERI പക്ഷേ E എന്ന അക്ഷരം C പോലെ തന്നെ ഇരിക്കും.
ഞാൻ അവിടെ നിന്നും രണ്ട് മോട്ടോർ വാങ്ങി കാശ് കൊടുത്തു.
ഇന്ന് രാത്രി തന്നെ പച്ചക്കറി കയറ്റിപ്പോകുന്ന ഒരു ലോറിയിലെ ഡ്രൈവറുടെ കയ്യിൽ മോട്ടോർ കൊടുത്ത് വിട്ടേക്കാം.എറണാകുളം മാർക്കറ്റിലെ ഒരു കടയിൽ ഡ്രൈവർ അത് കൊടുക്കും അവിടെപ്പോയി നാളെ അത് വാങ്ങിച്ചോളണം എന്ന് പറഞ്ഞു.
ഞാൻ കോയമ്പത്തൂരെല്ലാം ഒന്ന് കറങ്ങിയതിന് ശേഷം അടുത്ത ബസിൽ നാട്ടിലേക്ക് മടങ്ങി.
പിറ്റേ ദിവസം മോട്ടോറുകൾ കിട്ടി.. അതിൻ്റെ കപ്പാസിറ്റർ വച്ചിരിക്കുന്ന ബോക്സ് പോലുള്ള സ്ഥലത്ത് ഞാൻ റിലേ വച്ചുള്ള ഒരു ലോ വോൾട്ടേജ് കട്ടോഫ് ബോർഡ് അസംബിൾ ചെയ്ത് വച്ചു.
ഇനി ആര്, എപ്പോൾ ഓൺ ചെയ്താലും വോൾട്ടേജ് കുറവാണെങ്കിൽ മോട്ടോർ ഓണാകില്ല.
അങ്ങനെ കുറേയധികം മോട്ടോറുകൾ ഞാൻ കൊടുത്തു. എല്ലാത്തിനും ഒരു വർഷ അധിക ഗ്യാരണ്ടി കൊടുത്തതിനാൽ കൂട്ടുകാരായ ഇലക്ട്രീഷ്യൻമാരും എന്നോട് മോട്ടോർ വാങ്ങിച്ചു.. ഞാൻ കൊടുത്ത മോട്ടോറുകളിൽ ഒന്ന് പോലും കത്തിപ്പോയില്ല.
പോകെപ്പോകെ നാട്ടിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടതിനാലും, കോയമ്പത്തൂർ വിലയ്ക്ക് മോട്ടോറുകൾ എറണാകുളത്ത് ലഭ്യമായിത്തുടങ്ങിയതിനാലും അധികകാലം ഈ കച്ചവടം തുടരാനായില്ല.അധികം താമസിയാതെ എനിക്ക് സർക്കാർ ജോലി കിട്ടിയതിനാൽ ഈ ഫീൽഡിൽ നിന്നും മാറുകയും ചെയ്തു.
ഇപ്പോൾ കോയമ്പത്തൂർ വിലയും കേരളത്തിലെ വിലയും തമ്മിൽ ബിൽ റേറ്റിൽ 500 രൂപയിലധികം വ്യത്യാസമുള്ളതായി തോന്നുന്നില്ല. ടാക്സ് വെട്ടിച്ച് കടത്തിയാൽ പിടി വീണാൽ കുടുംബം തറവാടായിപ്പോകും. അജിത് കളമശേരി
Comments
Post a Comment