ആരെ എന്ത് പഠിപ്പിക്കാൻ?


 

ആര് ആരെ എന്ത് പഠിപ്പിക്കാൻ?
2022 ജൂൺ മാസം പതിനൊന്നാം തീയതി ശനിയാഴ്ച ആലുവയിൽ വച്ച് ഒരു സവിശേഷ സംഗമം നടന്നു.സംഭവം ഇതായിരിന്നു.
കേരളത്തിലെ തല മൂത്ത ഓഡിയോ പ്രാന്തൻമാരുടെ ഒരു കൂട്ടായ്മ! ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിയും, കൂലിയും, ഉപേക്ഷിച്ചും, സ്വന്തം ആരോഗ്യാവസ്ഥ തൃണവൽഗണിച്ചും ഏതാണ്ട് 35 ഓളം പേർ ഈ സംഗമത്തിൽ ഒരുമിച്ചു.
.
വിദേശ മാതൃകയിൽ കേരളത്തിൽ; ഇലക്ട്രോണിക്സ് ഡിസൈനർമാരുടെ ഇടയിൽ കേരളത്തിൽ നടക്കുന്ന ആദ്യ മീറ്റപ്പ് ആയി ഇത് മാറി.
പ്രത്യേകം അജണ്ടയോ, മുൻകൂട്ടി തീരുമാനിച്ച പരിപാടികളോ ഈ യോഗത്തിനുണ്ടായിരുന്നില്ല. വരുന്നവർ ,വരുന്നവർ മീറ്റിങ്ങ് ഹാളിൽ പ്രവേശിച്ചു. വിശാലമായ ഹാളിൽ അടുക്കും ചിട്ടയുമില്ലാതെ നിരത്തിയിരുന്ന കസേരകളിൽ ആസനസ്ഥരായി.
തൊട്ടടുത്തിരുന്ന ആളെ പലർക്കും പരിചയമുണ്ടായിരുന്നില്ല. വാട്ട്സാപ്പിലും, ഫേസ് ബുക്കിലും ഫോണിലും മാത്രം ശബ്ദമായും, സന്ദേശമായും ,ചിത്രമായും മാത്രം കണ്ടിട്ടുള്ള സഹജീവികളെ...ഇലക്ട്രോണിക്സ് ലജണ്ടുകളെ മിക്കവരും ആദ്യമായി കാണുകയായിരുന്നു.
ആലുവയ്ക്കടുത്തുള്ള പെരുമ്പാവൂരിൽ നിന്നും സ്വന്തം സൗണ്ട് സിസ്റ്റവുമായി അതി രാവിലെ എത്തിച്ചേർന്ന ബിജു കസ്ബ ഹാളിൻ്റെ താക്കോൽ ഓഫീസിൽ നിന്ന് വാങ്ങി തനിയെ തുറന്ന് .കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ സാനുകുമാർ സാറിൻ്റെയും, തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് വന്ന രാജ് കുമാർ സാറിൻ്റെയും സഹായത്തോടെ എല്ലാം ഒരുക്കി റഡിയാക്കി
സംഘാടക സമിതിയുടെ ചുമതല അനൗദ്യോഗികമായി ഏറ്റെടുത്ത ഞാനും ,സാബുവും ഒമ്പത് മണിയോടെ സ്ഥലത്തെത്തിയപ്പോൾ തിരുവനന്ത പുരത്ത് നിന്നും വന്ന രാജേഷും സംഘവും ഒപ്പമെത്തി.
ഇങ്ങനെ ഒരു പരിപാടി വേണം എന്ന് പറഞ്ഞ് ഇതിന് മുൻകൈ എടുത്ത് 2020 ഫെബ്രുവരി മാസത്തിൽ ഓഡിയോ പ്രാന്തൻമാരുടെ ആദ്യ മീറ്റപ്പിന് മുൻകൈ എടുത്ത ദിലീപ് S നായർ കൊല്ലവും, പ്രേംരാജീവ് തൊടുപുഴയും അപ്പോഴും എത്തിച്ചേർന്നിരുന്നില്ല.
ഏതാണ്ട് പതിനൊന്ന് മണിയോടെ വർഗീസ് ചേട്ടൻ, റോയിച്ചൻ മാവേലിക്കര, അച്ചുതവാരിയർ സർ, ദിലീപ് സർ, ജോഷ്, V, കുരിയാക്കോസ്, ലിയാ ഡെൽ ജോഷി സർ ,പൂനയിൽ നിന്നും രമേശൻസർ എന്നീ പ്രമുഖർ എത്തിച്ചേർന്നു.
അധികം വൈകാതെ തൃശൂരിൽ നിന്നും ശ്രീനിവാസൻ സർ, ദാമോദരൻസർ എന്നീ സീനിയർ ടെക്നീഷ്യൻമാർ വന്നു.
ലിയാ ഡെൽ ജോഷി സർ വന്നത് സ്വന്തം കമ്പനിയുടെ നിർമ്മിതിയിൽ ഏറ്റവും ചെറിയ ഉൽപ്പന്നമായ 2600 വാട്ട് RMS ൻ്റെ ആംപ്ലിഫയറുമായാണ്. രണ്ട് പേർ വേണ്ടി വന്നു അവനെ കാറിൽ നിന്നും പൊക്കിയെടുത്ത് ഡിസ്പ്ലേ ടേബിളിൽ വയ്ക്കാൻ.
ക്ലാസ് H കോൺഫിഗറേഷനിലുള്ള സ്വന്തം നിർമ്മിതിയെക്കുറിച്ച് അത് തുറന്ന് വച്ച് ജോഷി സർ വിശദീകരിച്ചത് ഞങ്ങളെല്ലാം കൗതുകത്തോടെ കേട്ട് മനസിലാക്കി. കേരളത്തിൽ നിന്നും ഇതുപോലെ സോളിഡായ ഉൽപ്പന്നം കാലങ്ങളായി പുറത്തിറങ്ങുന്നുണ്ട് എന്ന വിവരം പലരെയും അത്ഭുതപ്പെടുത്തി.
വർഗീസ് ഗാർഡിയൻ വന്നത് തൻ്റെ സ്വന്തം ഡിസൈനിൽ ചെയ്ത 24 ഓംസ് കോളം സ്പീക്കറുമായാണ്.
കോട്ടയത്ത് നിന്ന് വന്ന ജോഷ് V കുരിയാക്കോസ് സർ ഹൈ എൻഡ് വാൽവ് ആംപ്ലിഫയറുകളുടെ നിർമ്മിതിക്കുപയോഗിക്കുന്ന വിദേശ നിർമ്മിതമായ ഇംപീഡിയൻസ് മാച്ചിങ്ങ് ട്രാൻസ്ഫോർമറുകളുടെയും, ഔട്ട്പുട്ട് ട്രാൻസ്ഫോർമറുകളുടെയും, മിഗ് വിമാനത്തിൻ്റെ റേഡിയോ കമ്യൂണിക്കേഷൻ ഉപകരണങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന വാക്വം ട്യൂബുകളേയും, ഒപ്പം മറ്റനവധി വിദേശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തി.
പ്രമുഖ ഇലക്ട്രോണിക്സ് യൂ ട്യൂബ് ചാനലായ രാജ് ഇലക്ട്രോണിക്സിൻ്റെ ഷാജു രാജ് എടവണ്ണപ്പാറയും, മൾട്ടി ലയർ PCB ഡിസൈൻ രംഗത്തും ,സവിശേഷമായ ബ്രയിൻ ഓഡിയോസ് എന്ന ഓഡിയോ ബോർഡുകളുടെ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിജേഷ് മനയിലും,കോഴിക്കോട്ടെ മുൻനിര ഓഡിയോ ബോർഡുകളുടെ നിർമ്മാതാവായ രതീഷ് സൗണ്ട് ടോണും , ഇലക്ട്രോണിക് മെഷറിങ്ങ് എക്വിപ്മെൻ്റുകളുടെയും, വിൻ്റെജ് സെറ്റുകളുടെയും സർവ്വീസ് രംഗത്തെ പ്രമുഖനായ അലുവയിലെ സുരേഷ് സാറും ,ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ പ്ലാസ്റ്റിക്, മെറ്റൽ ക്യാബി നെറ്റുകളുടെ നിർമ്മാണ കമ്പനികൾ നടത്തുന്ന ഷൈൻ കളമശേരിയും ഇതിനോടകം എത്തിയിരുന്നു.
പെരുമ്പാവൂരിൽ കസ്ബ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തുന്ന ബിജു സാർ വന്നത് താൻ സ്വന്തമായി നിർമ്മിച്ച സൗണ്ട് സിസ്റ്റവുമായാണ്. ഇത് തുറന്ന് കണ്ട എല്ലാവരും ബിജുവിൻ്റെ കരവിരുതിനെ അഭിനന്ദിച്ചു.
2000 വാട്ട് RMS പവർ നൽകുന്ന ക്ലാസ്സ് D കോൺഫിഗറേഷനിലുള്ള ഈ ആംപ്ലിഫയറിൻ്റെ എല്ലാ PCBകളും, അതിൻ്റെ അസംബ്ലിങ്ങും... അതിന് അനുയോജ്യമായ സബ് വൂഫർ ബോക്സുകളും, ബിജു തനിയെയാണ് നിർമ്മിച്ചത്. വളരെ പ്രൊഫഷണൽ രീതിയിലുള്ള ഈ ആംപ്ലിഫയറിൻ്റെ ശബ്ദ ഗുണം ഏവരേയും ആകർഷിച്ചു.
ബിജു തൻ്റെ ആംപ്ലിഫയർ സിസ്റ്റത്തിന് അനുയോജ്യമായ ഒരു ഓൺ ലൈൻ UPS കുടി കൊണ്ടു വന്നിരുന്നു. പ്രോഗ്രാമിനിടെ വൈദ്യുതി നിലച്ചാലും ഏതാണ്ട് 3 മണിക്കൂർ തൻ്റെ സൗണ്ട് സിസ്റ്റം വർക്ക് ചെയ്യാനുതകുന്ന, ഒരു റാക്ക് മൗണ്ടഡ് ആംപ്ലിഫയറിൻ്റെ മാത്രം വലിപ്പമുള്ള ഈ UPS അതിൽ ഇൻബിൽറ്റ് ചെയ്ത ലിതിയം അയോൺ ബാറ്ററി പായ്ക്കിലാണ് വർക്കു ചെയ്യുന്നത് ..
തൃശൂരിൽ നിന്ന് വന്ന ശ്രീനിവാസൻ സർ കൊണ്ടുവന്ന താൻ സ്വയം നിർമ്മിച്ച 100 +100 വാട്ട്സ് പവറുള്ള സ്റ്റീരിയോ വാക്വം ട്യൂബ് ആംപ്ലിഫയർ അതിൻ്റെ ശബ്ദ സൗകുമാര്യം കൊണ്ടും ,ആകാര ഭംഗികൊണ്ടും ഏവരുടെയും അഭിനന്ദനങ്ങൾക്ക് പാത്രമായി.
ഒന്നിനും ഒരു നിയതമായ നിയന്ത്രണങ്ങളില്ലാതെ ഒരു കല്യാണ വീട്ടിൽ വന്നിരിക്കുന്ന സ്നേഹിതരെയും, ബന്ധുക്കളെയും പോലെ അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടും, തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തും വന്നവർ ഒട്ടും ബോറടിക്കാതെ സമയം ചിലവഴിച്ചു.
ഇതിനിടയിൽ തന്നെ ചായ കുടിയും, ഉച്ചയൂണും, വൈകുന്നേരത്തെ ചായ കുടിയുമൊക്കെ നടന്നിരുന്നു.
മീറ്റപ്പിന് അവിചാരിത കാരണങ്ങളാൽ എത്തപ്പെടാൻ പറ്റാതെ പോയ ശശാങ്കൻ സാറും, ഓഷ്യൻ ഓഡിയോസിലെ അപ്പുവും, ഓമനക്കുട്ടൻ സാറും, ഫിറ്റ് പാക്ക് ഇലക്ട്രോണിക്സ് ബിജുവും, തിരുവനന്തപുരത്തെ D, ടെക്ക് ദൃശ്യ ഓഡിയോസിലെ പ്രിൻസും,PCB മോഹനൻ ചേട്ടനും , ഇർവിൻ കൊല്ലവും,ഇന്ദുശേഖരനുമെല്ലാം ,നേരിട്ടും മീറ്റപ്പ് ഗ്രൂപ്പിലൂടെയും ഇടയ്ക്കിടെ സന്ദേശങ്ങൾ കൈമാറി.
ഹാളിൽ ഇരിക്കാതെ പുറത്തിറങ്ങിയ മിക്കവരും ആലുവാ പുഴയുടെ തീരത്തുള്ള വിശാലമായ കൺവെൻഷൻ സെൻ്ററിലെ ഓരോരോ മരച്ചുവട്ടിലും വട്ടം കൂടി നിന്ന് പലവിധ ചർച്ചകളിൽ മുഴുകി.
റോയിച്ചൻ മാവേലിക്കരയുടെയും, വർഗീസ് ഗാർഡിയൻ്റെയും, അച്ചുതവാരിയർ സാറിൻ്റെയും ലിയാഡെൽ ജോഷി സാറിൻ്റെയും ചുറ്റും വട്ടം കൂടി നിന്ന് അവരുടെ സരസ സംഭാഷണങ്ങളിൽ ഏവരും പങ്കാളികളായി.
ഈ മീറ്റപ്പിൽ ഒരു വിധത്തിലുള്ള ക്ലാസുകളും ഉണ്ടായില്ല. ആരും ആരെയും ഒന്നും പഠിപ്പിച്ചില്ല. ഒരു മീറ്റിങ്ങിൻ്റെ നിയതമായ പരമ്പരാഗത ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ അങ്ങനെ മീറ്റിങ്ങ് സ്വാഭാവികമായി നടന്നു.
KSESTA എന്ന ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാരുടെ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ ദാമോദരൻ ചേട്ടൻ, തൻ്റെ പഴയ കാല സംഘടനാ അനുഭവങ്ങൾ പങ്കുവച്ചു.
KSESTA യുടെ സംസ്ഥാന ടെക്നിക്കൽ ബോർഡ് മെമ്പറായ എറണാകുളം കടവന്ത്രയിലെ സാബു സാംസൺ തൻ്റെ മനാഹര ശബ്ദത്തിൽ ഒന്ന് രണ്ട് ഗാനങ്ങളും താൻ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിച്ചു കൊണ്ടുവന്ന കരോക്കെ ബ്ലൂടൂത്ത് ഉപകരണത്തിലൂടെ പാടി കേൾപ്പിച്ചു.
രണ്ട് ദിവസത്തെ പ്രോഗ്രാമാണ്. ഉദ്ദേശിച്ചിരുന്നതെങ്കിലും, പലവിധ കാരണങ്ങളാൽ പ്രതീക്ഷിച്ചത്ര ആളുകൾക്ക് പങ്കെടുക്കാനാകാതെ വന്നതിനാൽ ആലുവ കൺവെൻഷൻ സെൻ്ററിലെ ആദ്യ ദിന മീറ്റപ്പ് പരിപാടി വൈകുന്നേരം 7 മണിയോടെ അവസാനിപ്പിക്കുകയും ,രണ്ടാം ദിവസത്തെ വേദി (12-06-22 ലെ ) വർഗീസ് ഗാർഡിയൻ ചേട്ടൻ്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
ഇതു മൂലം കുറച്ചധികം സാമ്പത്തിക നഷ്ടം നേരിട്ടു വെങ്കിലും ആ തുക വർഗീസ് ഗാർഡിയൻ കൊടുത്ത് തീർത്തതിനാൽ വലിയ പരിക്കേൽക്കാതെ മീറ്റപ്പ് വൻ വിജയമായി മാറി.
വിദൂരങ്ങളിൽ നിന്ന് തങ്ങളുടെ വിലയേറിയ സമയവും ,പണവും ചിലവഴിച്ച് ആലുവയിൽ എത്തിയ എല്ലാവരും സംതൃപ്തിയോടെയാണ് മടങ്ങിയിത്.
ഇനിയൊരു മീറ്റപ്പ് ഇത്തവണയുണ്ടായ പോരായ്മകൾ കൂടി പരിഹരിച്ച് അധികം വൈകാതെ നടത്തണമെന്ന ചർച്ചകളും ഇതിനിടെ നടന്നിരുന്നു. എഴുതിയത് അജിത് കളമശേരി .
'
പങ്കെടുത്ത എല്ലാവരും നമ്മുടെ ഈ ഇലക്ട്രോണിക്സ് കേരളം ഫേസ് ബുക്ക് ഗ്രൂപ്പിലെ സജീവ അംഗങ്ങളാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.#സീനിയർ_ടെക്നീഷ്യൻസ്

Comments