കെൽട്രോൺ ചരിത്രത്തിൻ്റെ ശേഷിപ്പുകൾ!


 
പണ്ടൊക്കെ നാട്ടിലെ ഏതൊരു അക്രി കടയിൽ ചെന്നാലും അവിടെ നിന്നും ഇലക്ട്രോണിക്സിൻ്റെ അസ്ക്യത പിടിച്ച നമ്മക്ക് പറ്റിയ എന്തെങ്കിലുമൊക്കെ ഉരുപ്പടികൾ പോക്കറ്റിന് ഇണങ്ങിയ വിലയ്ക്ക് കിട്ടുമായിരുന്നു.
വീട്ടുകാർ വിറ്റൊഴിവാക്കുന്ന വീട്ടിൽ സ്ഥലം മുടക്കിയായി ഇരിക്കുന്ന പഴയ കാസറ്റ് ഇട്ട് പാടിക്കുന്ന ടേപ്പ് റിക്കോർഡറുകൾ, അനുബന്ധമായി ചാക്കിൽ കെട്ടിയ കാസറ്റുകൾ, പത്തായം പോലുള്ള TVകൾ, കാറിൽ വച്ചിരുന്ന കുഞ്ഞൻ TVകൾ, FM റേഡിയോകളുടെ കുത്തൊഴുക്കിൽ ശബ്ദം നഷ്ടപ്പെട്ട പഴയ ഫിലിപ്സ്, മർഫി, ബുഷ്, നെൽകോ, കെൽട്രോൺ റേഡിയോകൾ… നിരാഹാര സമരപ്പന്തലിൽ പുട്ടും, ഏത്തപ്പഴവും എത്തിക്കാൻ ഉപയോഗിച്ചിരുന്ന പഴയ എവറെഡി പിച്ചള ടോർച്ചുകൾ! അങ്ങനെ എന്തെല്ലാമായിരുന്നു പത്തോ - അമ്പതോ രൂപ കൊടുത്താൽ കിട്ടിയിരുന്നത്. അതൊക്കെയൊരു കാലം!
ഇന്നതല്ല സ്ഥിതി. നാട് മുഴുവൻ ഗ്ലോറിഫൈഡ് അക്രി പെറുക്കൽകാരായ വിൻ്റേജ് കളക്റ്റർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വലിയ വലിയ ഉദ്യോഗസ്ഥരും, കോളേജ് പ്രൊഫസർമാരും പോലീസ് ഉദ്യോഗസ്ഥരും, അദ്ധ്യാപകരും, ബിസിനസുകാരുമൊക്കെയാണ് ഈ രംഗത്തേക്ക് കടന്ന് വന്ന് കാണുന്നതിലെല്ലാം ഒന്ന് കടിച്ച് നോക്കുന്ന അഴിച്ച് വിട്ട ആടിനെപ്പോലെ എല്ലാ അക്രിക്കടകളിലും കയറി മേഞ്ഞു കൊണ്ടിരിക്കുന്നത്.
പണിയില്ലാത്ത ദിവസങ്ങളിൽ വെള്ളമടി കമ്പനിക്ക് പോകാതെ വല്ലതുമൊക്കെ അഴിച്ച് പണിയുമ്പോൾ കിട്ടുന്ന; ഒരു പൈൻ്റടിച്ചാൽ കിട്ടുന്നതിലും അധികം ലഹരി സ്വയം ആസ്വദിക്കുന്ന ഇലക്ട്രോണിക്സ് പ്രാന്തൻമാരുടെ വയറ്റത്താണ് ഇവരെല്ലാം കൂടി അടിച്ചിരിക്കുന്നത്.
പത്തും മുപ്പതും ലക്ഷം വിലയുള്ള കാറുകളിൽ എത്തി അക്രിക്കടയിൽ നിന്നും ഒരു സാധനം വാങ്ങുന്നതിൻ്റെ ടെക്നോളജി ലേശം പോലും വശമില്ലാതെ കാണുന്ന പൊട്ടിയതും, പൊളിഞ്ഞുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം കടക്കാരൻ ചോദിക്കുന്ന വില കൊടുത്ത് വാങ്ങി കാറിൽ കയറ്റിക്കൊണ്ട് പോകുന്ന ഇത്തരം ഗ്ലോറി ഫൈഡ് അക്രി പെറുക്കുകാരുടെ ബാഹുല്യം നിമിത്തം നമ്മളെപ്പോലുള്ള 100 രൂപ വില പറഞ്ഞാൽ അത് പേശി, പേശി 50 രൂപയാക്കുന്ന ഏഴാം കൂലികളെ സ്ക്രാപ്പ് കച്ചവടം ചെയ്യുന്നവർ തീരെ മൈൻഡ് ചെയ്യാതായി.
ഇത്തരക്കാർ മൂലം ശരിയായ ഇലക്ട്രോണിക്സ് പുരാവസ്തുക്കൾ ശേഖരിക്കുന്നവരും പല വിധ ബുദ്ധിമുട്ടുകൾക്ക് ഇരയായി മാറിയിരിക്കുകയാണ്. കൈവശമുള്ള ഒരു പഴയ മോഡൽ സെറ്റ് നന്നാക്കി വീണ്ടും പഴയ കണ്ടീഷനാക്കണമെങ്കിൽ അതേ മോഡൽ സെറ്റ് രണ്ടെണ്ണമെങ്കിലും വീണ്ടും തപ്പിക്കണ്ട് പിടിച്ചാലേ സ്പെയർ പാർട്സുകൾ ഊരിയെടുക്കാൻ പറ്റൂ! ഇപ്പോൾ അതിനുള്ള സാദ്ധ്യത തീരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പഴയത് എന്ത് കണ്ടാലും അതിൻ്റെ വിപണി വിലയോ, പുരാവസ്തു മൂല്യമോ അറിയാത്ത പുതു തലമുറ അക്രി പെറുക്കുകാർ കൊള്ള വില കൊടുത്ത് അത് കൊത്തിക്കൊണ്ട് പറക്കും.
ആമുഖമായി ഇത്രയും വലിച്ച് വാരി പറഞ്ഞത് നമ്മുടെ നാട്ടിലെ പുരാവസ്തു കളക്റ്റർമാരും വിദേശികൾ ചെയ്യുന്നതു പോലുള്ള കളക്ഷൻ ടെക്നിക്കുകളിലേക്ക് മാറണമെന്ന കാര്യം അവതരിപ്പിക്കാനാണ്.
തൻമൂലം അവരുടെ കളക്ഷൻ്റെ മൂല്യം വർദ്ധിക്കുകയും, അത്യാവശ്യ ഘട്ടങ്ങളിൽ അവ വിറ്റഴിക്കേണ്ടി വന്നാൽ മുടക്കിയ പണത്തിനും, സമയത്തിനും തക്കതായ മൂല്യം ലഭിക്കുകയും ചെയ്യും.
ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് തനിക്ക് ഏറ്റവും താൽപ്പര്യമുള്ള വിഷയം കണ്ടെത്തുക എന്നതാണ്. ഉദാഹരണത്തിന്: റെക്കാഡ് പ്ലയർ, ഇതിൽ തന്നെ കറണ്ട് വേണ്ടാത്തവയുണ്ട്, ഡയറക്റ്റ് ഡ്രൈവ് ഉണ്ട്‌, റെക്കാഡ്ചേഞ്ചർ ഉള്ളവയുണ്ട്, റേഡിയോയും ഒപ്പമുള്ളവ, എങ്ങും തൊടാതെ അന്തരീക്ഷത്തിൽ ഉയർന്ന് നിന്ന് കറങ്ങുന്ന മാഗ്‌നെറ്റിക് ലവിറ്റേഷൻ ടേൺ ടേബിൾ ഉള്ളവ…. ഇങ്ങനെ നൂറ് കണക്കിന് ഉപശാഖകൾ ഈ റെക്കാഡ് പ്ലയർ എന്ന ഒരു ശാഖയിൽ തന്നെയുണ്ട്.
ഇനി കാസറ്റ് പ്ലയർ എടുത്താൽ മോണോ, സ്റ്റീരിയോ, സിംഗിൾ കാസറ്റ്, ഡബിൾ കാസറ്റ്, ട്രിപ്പിൾ കാസറ്റ്, ഡക്കുകൾ, റാക്കുകൾ, ബൂം ബോക്സ്, വാക്ക്മാൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മോഡലുകൾ …
കയ്യിൽ കിട്ടുന്നതെല്ലാം ശേഖരിക്കാൻ പോയാൽ എവിടെയുമെത്തില്ല, നമ്മുടെ ശേഖരത്തിന് നമ്മൾ മുടക്കുന്ന പണത്തിനും സമയത്തിനും തുല്യമായ മൂല്യം പോലും കിട്ടില്ല. നമ്മുടെ കാലം കഴിഞ്ഞാൽ ഏതെങ്കിലും അക്രിക്കടയിൽ ഇവയെല്ലാം വിലയം പ്രാപിക്കുകയും ചെയ്യും. അതിനാൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രമായി ശേഖരണം ചുരുക്കാൻ കടുത്ത തീരുമാനം എടുക്കുക.
കാസ്റ്റുകൾ ശേഖരണമാണ് നമ്മുടെ ഇഷ്ട വിഷയമെങ്കിൽ തരംഗിണി, റാഫ, തോംസൺ, ജോണി സാഗരിക, HMV, മാഗ്നസൗണ്ട്, സത്യം തുടങ്ങി നൂറ് കണക്കിന് കമ്പനികൾ കാസറ്റുകൾ ഇറക്കിയിട്ടുണ്ട്. അവയിൽ ഒരു കമ്പനി തിരഞ്ഞെടുത്ത് അതിൽ സ്പെഷ്യലൈസ് ചെയ്യുക.
തരംഗിണിയാണ് നമ്മൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൈവശമുള്ള മറ്റ് കമ്പനി കാസറ്റുകൾ വേറേ ശേഖരണക്കാരുമായി പങ്ക് വച്ച് നമ്മുടെ കയ്യിലുള്ള തരംഗിണി കാസറ്റുകളുടെ ശേഖരം വർദ്ധിപ്പി തുക. ഓരോ കാസറ്റിനെപ്പറ്റിയും കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് ഒപ്പം ഡോക്കുമെൻ്റ് ചെയ്യുക.
ഇനി ടേപ്പ് റിക്കേർഡറുകളാണ് നമ്മുടെ ശേഖരണമെങ്കിൽ ഒരു കമ്പനിയിൽ മാത്രമായി ഫോക്കസ് ചെയ്യുക .അത് തന്നെ നമ്മൾ വിചാരിക്കുന്നതിലും വലിയ ടാസ്ക്കാണ്. ഉദാഹരണത്തിന് വാക്ക് മാനാണ് നമ്മൾ ശേഖരിക്കാൻ ഫോക്കസ് ചെയ്യുന്നതെങ്കിൽ 100 കണക്കിന് കമ്പനികൾ വാക്ക്മാൻ വിപണിയിലെത്തിച്ചിട്ടുണ്ട്.
ഇതിൽ വാക്ക് മാൻ കണ്ട് പിടിച്ച് വിപണിയിലെത്തിച്ച സോണി കമ്പനി തന്നെ 650 ൽ അധികം മോഡൽ വാക്ക് മാനുകൾ പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ കൈവശമുള്ള മറ്റ് സെറ്റുകൾ വിറ്റൊഴിവാക്കി വാക്ക് മാൻ ശേഖരണത്തിലേക്ക് മാറിയാൽ തന്നെ അത് വളരെ മൂല്യമേറിയ ഒരു കളക്ഷനായിരിക്കും.
കേരളത്തിലുള്ള ആരെങ്കിലും തീർച്ചയായും ചെയ്യേണ്ട ഒരു കളക്ഷനാണ് കെൽട്രോൺ TVകൾ കൂടാതെ റേഡിയോകളുടെയും ടേപ്പ് റിക്കോർഡറുകളുടെയും കളക്ഷൻ.. ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിൽ പുറത്തിറങ്ങിയ റേഡിയോകളാണ് കെൽട്രോൺ.കെൽട്രോണിൻ്റെ ആംപ്ലിഫയറുകളും 16mm സിനിമാ പ്രൊജക്റ്ററുകളുമെല്ലാം ഗുണമേൻമയിൽ വളരെ മികച്ചതായിരുന്നു.
കെൽട്രോൺ സ്റ്റീരിയോ ഉൾപ്പടെ പല മോഡൽ കാസറ്റ് പ്ലേയറുകളും പുറത്തിറക്കിയിട്ടുണ്ട്.ഇവ വളരെ അപൂർവ്വമാണ്. കെൽട്രോൺ ഉൽപ്പന്നണളുടെ ശേഖരണം കേരളത്തിലെ പുതു തലമുറയ്ക്ക് അവ പരിചയപ്പെടാനുള്ള വഴിയും തുറക്കും.
അധികം വലിച്ച് നീട്ടുന്നില്ല ആയതിനാൽ പ്രീയ ഇലക്ട്രോണിക്സ് വിൻ്റേജ് ശേഖരണക്കാരെ… നിങ്ങൾ ഏതെങ്കിലുമൊരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ശേഖരണത്തിൻ്റെ മൂല്യം വർദ്ധിപ്പിക്കുക.. കണ്ട കാടും പടലുമൊക്കെ വാങ്ങി വീട് നിറച്ചാൽ വീട്ടുകാർ നിങ്ങളെ ചവിട്ടിപ്പുറത്താക്കുന്ന ദിനം അത്ര വിദൂരത്തിലല്ല. എഴുതിയത് അജിത് കളമശേരി.29.07.2022.[#Ajith_kalamassery]

Comments