ഉണങ്ങിയ ഓലയല്ലേ കത്തും!


 

ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്.
കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..
പരമ്പരാഗത
പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു.
പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും
ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്.
വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്.
സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്.
ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ്ററികൾ തുറന്ന് പരിശോധിക്കുമ്പോൾ അവയിലെ ഒന്നാ രണ്ടോ 3.7 വോൾട്ട് ബാറ്ററികൾ മാത്രമേ തകരാറിലായതായി കാണാറുള്ളൂ.
ഈ വീക്കായ ബാറ്ററികൾ മാറ്റി പുതിയതിട്ടാൽ ബാറ്ററി പാക്കേജ് ശരിയാകും.
ഇങ്ങനെ ചെയ്യുമ്പോൾ ആ ബാറ്ററി പാക്കിലെ BMS (ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം.ഇത് ഒരു മൈക്രോ കമ്പ്യൂട്ടർ പ്രോഗ്രാമ്ഡ് PCBയാണ്.) പുതുതായി മാറ്റിയ ബാറ്ററികളോട് അനുപൂരകമമായി പ്രവർത്തിക്കില്ല. കാരണം e ബൈക്ക് നിർമ്മാതാവ് ഉപയോഗിച്ചിരിക്കുന്ന അതേ തരം ബാറ്ററിയാകില്ല ടെക്നീഷ്യൻ റീപ്ലേസ് ചെയ്യുന്നതെങ്കിൽ മാറ്റിയ ബാറ്ററികൾ അമിതമായി ചൂടാകാം.. തൻമൂലം കത്ത് പിടിക്കാം.
ഇത് തന്നെ ഡ്യൂപ്പ് ചാർജർ + ഒറിജിനൽ ബാറ്ററി കോമ്പോയിലും സംഭവിക്കാം. ബാറ്ററി ഓവർ ഹീറ്റായാലും, അമിതമായി കറണ്ടെടുത്താലുമെല്ലാം അത് നിയന്ത്രിക്കാനുള്ള സംവിധാനം ഒറിജിനൽ ചാർജർ + ഒറിജിനൽ ബാറ്ററി കോമ്പിനേഷനിൽ ഉണ്ടാകും.
ഡ്യൂപ്പ് ചാർജറുകളും പഴയ ബാറ്ററികളും മതി വണ്ടി കത്താൻ .ഒറിജിനൽ ചാർജർ ബ്ലാക്കിൽ വിറ്റാൽ തന്നെ 10000 രൂപ കയ്യിലിരിക്കും. ഡ്യൂപ്പിന് 2500 മതി. സാധാരണക്കാരെ ഡ്യൂപ്പ് കൊടുത്ത് ഉൾനാടൻ ഡീലർമാർ പറ്റിക്കുന്നുണ്ട്. വണ്ടി വാങ്ങുമ്പോൾ ബാറ്ററി + ചാർജർ സീരിയൽ നമ്പർ വണ്ടിയുടെ ബുക്കിൽ എഴുതി വാങ്ങണം. ഒരു സ്റ്റിക്കറായിരിക്കും അത് ചിലപ്പോൾ
ഒരു മാസം ഒരു ലക്ഷം വൈദ്യുതി സ്കൂട്ടർ വിൽക്കുമ്പോൾ അതിൽ പത്തെണ്ണമൊക്കെ കത്തിയാൽ എത്ര ശതമാനം വരുമെന്നറിയാമോ? 10 ഹരണം 100000 സമം 0.0001 പെർസൻ്റ്..
ഇതിലും കൂടുതൽ പേർ ആ കറണ്ട് വണ്ടികൾ കൊണ്ട് പോയി പാണ്ടി ലോറികൾക്കിട്ട് ഇടിച്ച് ചാകുന്നുണ്ടായിരിക്കും.
അൽപ്പ വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ദിവസവും ആളുകൾ മരിക്കുന്നുവെന്ന വാർത്തകളായിരുന്നു നമ്മൾ കേട്ടിരുന്നത്.
കമ്പനി ചാർജർ ഉപയോഗിക്കാതെ കിട്ടുന്ന ചാർജർ വച്ച് കുത്തുന്ന സ്വഭാവം അന്ന് മലയാളികൾക്കുണ്ടായിരുന്നു. ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ശീലം നമ്മൾ ആരംഭിച്ചതോടെ ഫോൺ പൊട്ടിത്തെറിക്കൽ കേട്ട് കേൾവിയായി മാറി
ഈ ബൈക്കുകളുടെ കാര്യവും അതുപോലെ തന്നെ മേടിച്ചാൽ മാത്രം പോര ഉപയോഗിക്കാനും പഠിക്കണം. കമ്പനി നിർദ്ദേശിക്കുന്ന പോലെ ചാർജ് ചെയ്യുക ഓടിക്കുക വൈദ്യുതി സ്കൂട്ടറുകൾ 100 ശതമാനവും സുരക്ഷിതമായിരിക്കും.
ഇപ്പോൾ വൈദ്യുതി വണ്ടികൾ ഇറക്കുന്ന പ്രമുഖ കമ്പനികളൊന്നും തങ്ങളുടെ വണ്ടി കത്തിപ്പോകട്ടെ എന്ന് കരുതി മോശം ബാറ്ററിയും ചാർജറും വച്ച് വണ്ടി ഉണ്ടാക്കി വിപണിയിലേക്ക് വിടുന്നില്ല. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന് പറയുമ്പോലെ ചില കള്ള നാണയങ്ങളും രംഗത്തുണ്ടാകാം. കണ്ണ് തുറന്ന് നോക്കിയാൽ അവരെ മനസിലാക്കാം.
എത്ര ദുഷ്പ്രചരണം നേരിട്ടാലും ഇനി ആളുകൾ കറണ്ട് വണ്ടികൾ മേടിക്കുന്നത് നിറുത്താനൊന്നും പോകുന്നില്ല. നിങ്ങൾ e ബൈക്ക് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ധൈര്യമായി വാങ്ങുക ,ഓടിക്കുക .ബാറ്ററിയും, ചാർജറും ഒറിജിനലാണോ എന്ന് പരിശോധിക്കാൻ മറക്കരുതെന്ന് മാത്രം.അജിത് കളമശേരി.

Comments