റിപ്പയറിങ്ങ് അവകാശമാകുമ്പോൾ


 

സംഗീതപ്രേമിയായ സാബു വലിയ വില കൊടുത്ത് ഒരു പ്രമുഖ കമ്പനിയുടെ ഓഡിയോ സിസ്റ്റം വാങ്ങി.. അൽപ്പം നന്നായി പാടുന്ന സാബു കുടുംബ സംഗമങ്ങളിലും, കല്യാണ വീടുകളിലും കരോക്കേ പാടിത്തകർക്കാറുണ്ട്.. പക്ഷേ മിക്ക സ്ഥലത്തും നല്ല സെറ്റ് ഉണ്ടാവാറില്ല ,ഈ പോരായ്മ പരിഹരിക്കാനാണ് ഒരു പ്രാന്ത് കയറി സ്വന്തമായി ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചത്.
തിരഞ്ഞ് നടന്ന് പറ്റിയ മോഡൽ കണ്ടെത്തി ഒരെണ്ണം വാങ്ങി. നല്ല വലിപ്പം, അടിപൊളി സെറ്റ്, നല്ല ശബ്ദഗാംഭീര്യം, കാണാൻ നല്ല ചേല് ! സ്പീക്കറുകൾക്ക് ചുറ്റും സംഗീതത്തിനനുസരിച്ച് മ്യൂസിക് ലൈറ്റുകൾ കറങ്ങുന്നു.ഇരുട്ടത്തിരുന്ന് പാട്ട് കേട്ടാൽ ഈ ബുൾ ജറ്റിൻ്റെ RTO പിടിച്ച നെപ്പോളിയൻ വീട്ടിനുള്ളിലേക്ക് ഇടിച്ച് കയറിയത് പോലെ തോന്നും!
കഷ്ടമെന്നല്ലാതെ എന്ത് പറയാൻ മനസ് കുളിർക്കെ ഒന്ന് പാട്ട് കേട്ടാസ്വദിച്ചില്ല അതിന് മുൻപേ സംഗതി തകരാറിലായി. സാബു പെട്ടി ഓട്ടോർഷ വിളിച്ച് മ്യൂസിക് സിസ്റ്റം കയറ്റി വാങ്ങിയ കടയിലെത്തി.
സർ ഇവിടെയല്ല ഇതിൻ്റെ സർവ്വീസ് ചെയ്യുന്നത് ,സർവ്വീസ് സെൻ്റർ അങ്ങ് കൊച്ചിയിലാണ്. അവിടെ കൊണ്ട് ചെല്ലണം…. അയ്യോ ഞാനിന്ന് പണിയും കളഞ്ഞാണ് ഇതും ചുമന്ന് കൊണ്ട് ഇവിടെ വന്നത്. എറണാകുളത്ത് ഇതുമായി എങ്ങനെ പോകും? നല്ല വണ്ടിക്കൂലി വരുമല്ലോ…
അത് പ്രശ്നമില്ല സർ, സെറ്റിൻ്റെ പുറകിൽ ഒരു ടോൾ ഫ്രീ നമ്പർ എഴുതിയിട്ടുണ്ടല്ലോ അതിൽ വിളിച്ചാൽ ടെക്നീഷ്യൻ വീട്ടിൽ വന്ന് റിപ്പയർ ചെയ്ത് തരും, ഈ കമ്പനിക്ക് ഓൺ സൈറ്റ് സർവ്വീസ് ഉണ്ട്. അതിനാൽ അവിടം വരെ കൊണ്ടു പോകേണ്ട.
ശ്വാസം നേരേ വീണു. രൂപാ അറുപത്തയ്യായിരം മുടക്കിയാണ് ഈ സാധനം വാങ്ങിയത്. ഇനി നന്നാക്കാൻ ഇതും ചുമന്ന് എറണാകുളത്ത് വരെ പോകേണ്ടല്ലോ.
വീട്ടിലെ പ്ലാവ് വെട്ടി വിറ്റാണ് കാശ് സംഘടിപ്പിച്ചത്. മാതാപിതാക്കളുടെയും ചീത്ത അതിനും മാത്രം കേട്ടു. വാങ്ങി മാസം ഒന്ന് തികയുന്നതിന് മുൻപേ പാട്ട് പെട്ടി കേടായി. ഭാര്യയുടെ ആക്കിയുള്ള ചിരി കാണുമ്പോൾ സാബുവിന് സർവ്വാംഗം വിറഞ്ഞ് കയറും.കുടുംബ കലഹം ഒഴിവാക്കാൻ മൗനം തന്നെ ഉത്തമം.
ടോൾ ഫ്രീ നമ്പറിൽ വിളിച്ചു. ഹിന്ദിക്കായി 1 അമർത്തുക. തെലുങ്കിനായി 3 അമർത്തുക, മലയാളത്തിനായി 7 അമർത്തുക .. TV ആണെങ്കിൽ 1 അമർത്തുക, ഓഡിയോസിസ്റ്റങ്ങൾക്കായി 4 അമർത്തുക… ഭാഗ്യം 4 അമർത്തി. ഫോൺ താഴെ വയ്ക്കുന്നതിന് മുൻപ് കമ്പനി ടെക്നീഷ്യൻ വിളിപ്പുറത്തെത്തി. ഫോൺ താഴെ വയ്ക്കാതെ ഒരാഴ്ച വിളിച്ച് ,വിളിച്ച് ചെവിക്കല്ല് ചൂടായപ്പോഴാണ് എത്തിയതെന്ന രഹസ്യം സാബു ആരോടും പറഞ്ഞില്ല.
വന്നപാടെ ടെക്നീഷ്യൻ മീൻകാരൻ്റെ M80ക്ക് ചുറ്റും പൂച്ച നടക്കുന്നത് പോലെ ആ വലിയ ട്രോളി സ്പീക്കറിന് ചുറ്റും രണ്ട് മൂന്ന് വലം വച്ചു. പിന്നീട് ആ സെറ്റിൻ്റെ പിൻഭാഗത്തെ കാക്കത്തൊള്ളായിരം സ്ക്രൂകൾ മിനക്കെട്ടിരുന്ന് തിരിച്ചു തുറന്നു. മാസ്ക്ക് ധരിച്ച് കയ്യിൽ ഗ്ലൗസും ഇട്ട ടെക്നീഷ്യൻ ഒരു ശസ്ത്രക്രീയാ വിദഗ്ദ്ധനായ ഡോക്ടറുടെ കരവിരുതോടെ ആറിഞ്ച് X എട്ടിഞ്ച് വലിപ്പത്തിൽ ചതുരാകൃതിയിലുള്ള ഒരു PCB അതിനുള്ളിൽ നിന്ന് പുറത്തെടുത്തു.
മദർ ബോർഡ് അടിച്ച് പോയി .. ഇത് മാറ്റിയിടണം .. സാധനം സ്റ്റോക്കില്ല അടുത്തയാഴ്ച ഞാൻ പുതിയ PCB യുമായി വരാം..
പോളിടെക്നിക്കിൽ പഠിച്ചിട്ടില്ലാത്തതിനാൽ സാബു മറു ചോദ്യം ചോദിച്ചു. അല്ല ബ്രോഈ മദർ ബോർഡ് ഇവിടെ വച്ച് തന്നെ നോക്കി തകരാർ പരിഹരിക്കാൻ പറ്റില്ലേ?
ബാർബർഷാപ്പിൽ കയറിയ മൊട്ടത്തലയനെ ബാർബർ നോക്കുന്ന അവജ്ഞയോടെ സാബുവിനെ നോക്കി ടെക്നീഷ്യൻ ഇങ്ങനെ പറഞ്ഞു. സർ ഇത് ക്ലാസ് D ബോർഡാണ്. മുഴുവനും SMD കമ്പോണെൻ്റ്സ്, പോരാത്തതിന് ഡബിൾ സൈഡ് PCBയും ,ഇത് റിപ്പയർ ചെയ്യണമെങ്കിൽ റീ വർക്ക് സ്റ്റേഷൻ വേണം.
ഇത്തരം PCBകൾ ഞങ്ങൾ നന്നാക്കാറില്ല. ഗ്യാരണ്ടി പീരിയഡിൽ തകരാറ് വന്നാൽ ബോർഡ് മാറ്റുക മാത്രമേ ചെയ്യൂ.ഓരോ മോഡലിനും ഓരോരോ തരം PCB യാണ്, അതിനാൽ സർവ്വീസ് സെൻ്ററിൽ സ്റ്റോക്ക് ചെയ്യാറില്ല. ബോർഡ് ഊരി മുംബൈക്ക് അയച്ചാൽ കമ്പനി പകരം അയക്കും…
അപ്പോൾ ഗ്യാരണ്ടി പീരിയഡ് കഴിഞ്ഞാലോ?
അതിനുത്തരമായി സാബുവിൻ്റെ ഭാര്യ കൊണ്ടുവന്ന കാപ്പി കുടിക്കാൻ മാസ്ക്ക് മാറ്റിയ ടെക്നീഷ്യൻ ചുവരിലെ പുണ്യാളൻ്റെ ചിത്രത്തിലേക്ക് നോക്കി ഒരു തരം ചിരി ചിരിച്ചു.
സാറല്ലാതെ ആരെങ്കിലും ഇത്ര വില കൊടുത്ത് ഇത്തരം ഓഞ്ഞ സാധനം വാങ്ങിക്കുമോ എന്ന അർത്ഥം കൂടാതെ…
ഗ്യാരണ്ടി കഴിഞ്ഞാൽ താൻ ഇല്ലാത്ത കാശ് കൊടുത്ത വാങ്ങിയ സെറ്റ് നന്നാക്കാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും കഴിയില്ല എന്ന മറ്റൊരർത്ഥവും ആ ചിരിക്കുണ്ടെന്ന് സാബുവിന് മനസിലായി.
മദർ ബോർഡുമായിപ്പോയ ടെക്നീഷ്യൻ പിന്നെ തിരിച്ച് വന്നില്ല. ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഒരു പ്രതികരണവുമില്ല. ഉപഭോക്തൃ കോടതി കയറിയിറങ്ങി ചിലവാക്കാൻ സമയവും പണവുമില്ലാത്തതിനാൽ സാബു ആശിച്ച് വാങ്ങിയ ഓഡിയോ സിസ്റ്റം വേറൊരു കാര്യത്തിന് ഉപയോഗത്തിലാക്കി.
ഭാര്യ കാണാതെ വല്ലപ്പോഴും വാങ്ങുന്ന മദ്യക്കുപ്പികൾ ഒളിപ്പിച്ച് വയ്ക്കാനുള്ള മിനി ബാർ ആക്കി മാറ്റിയതിനെ!
ഇങ്ങനെ വിലയേറിയ ഗൃഹോപകരണങ്ങൾ വാങ്ങി അവയ്ക്ക് തകരാർ പറ്റിയാൽ നന്നാക്കി കിട്ടാതെ നിരന്തരം കബളിപ്പിക്കപ്പെടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇലക്ട്രിക്കൽ,ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി ഉപഭോക്താക്കളുടെ അവകാശമാക്കുന്നതിന് നിയമചട്ടക്കൂടൊരുക്കാൻ കേന്ദ്രസർക്കാർ. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരിക്കുകയാണ്.
കാശ് കൊടുത്ത് വാങ്ങുന്ന ഉപകരണങ്ങൾക്ക് അതാത് നിർമ്മാണ കമ്പനികൾ അവ നിശ്ചിത കാലം ,അതായത് 5 മുതൽ പത്ത് വർഷം വരെ പ്രവർത്തിക്കുമെന്ന ഉറപ്പും, ഈ കാലയളവിൽ ഉപകരണങ്ങൾക്കുണ്ടാകുന്ന എല്ലാ തകരാറുകളും പരിഹരിച്ച് നൽകാൻ നിർമ്മാണ കമ്പനികൾക്ക് ബാദ്ധ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുക എന്നതുമാണ് ഈ സമിതിയുടെ ഉദ്ദേശ ലക്ഷ്യം.
കാർ മുതല് മൊബൈല് ഫോൺ വരെയുള്ള ഉല്പന്നങ്ങള്ക്കെല്ലാം ഇത് ബാധകമായിരിക്കും. ഉപകരണങ്ങള് വിറ്റശേഷം അതിന്റെ ഘടകഭാഗങ്ങള് പൊതുവിപണിയില് ലഭ്യമാക്കാതെ വച്ചിരിക്കുകയാണ് പല കമ്പനികളും. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം.
പൊതുജനങ്ങളിൽ നിന്നുണ്ടായ നിരന്തര പരാതികളെ തുടർന്നാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ ഈ തീരുമാനം.
ഡിപ്പാര്ട്ട്‌മെന്റ് ഓഫ് കണ്സ്യൂമര് അഫയേഴ്‌സിന്റെ അഡിഷനല് സെക്രട്ടറി നിധി ഖരെ (Nidhi Khare) അധ്യക്ഷം വഹിച്ച യോഗത്തിലാണ് ഈ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പഠിച്ചശേഷം നിയമനിര്മാണം നടത്താന് തീരുമാനിച്ചത്.
പുതിയ നീക്കം വഴി ഉപഭോക്താക്കളെ കൂടുതൽ ശക്തരാക്കുക, നിർമ്മാണ കമ്പനികളുടെ തട്ടിപ്പുകൾ ഒഴിവാക്കുക എന്ന ലക്ഷ്യങ്ങൾക്ക് പുറമെ, ഉപകരണ നിര്മാതാക്കളും (ഒഇഎം) തേഡ് പാര്ട്ടി വാങ്ങലുകാരും വില്പനക്കാരും തമ്മിലുള്ള ഇടപാടുകള് കൂടുതല് സുതാര്യമാക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.
കേടായ ഉപകരണം നന്നാക്കിയെടുക്കാന് സാധിച്ചാല് വൻതോതിൽ പ്ലാസ്റ്റിക്ക് വേസ്റ്റുകളും, ഇലക്ട്രോണിക് വേസ്റ്റുകളും കുറയ്ക്കാന് സാധിക്കുമെന്നും കൺസ്യൂമർ അഫയേഴ്സ് ഡിപ്പാര്ട്ട്‌മെന്റ് കരുതുന്നു. ജൂലൈ 13ന് ചേര്ന്ന ആദ്യ മീറ്റിങ്ങില് ഏതെല്ലാം മേഖലയിലാണ് റൈറ്റ് ടു റിപ്പയര് ബാധകമാക്കേണ്ടത് എന്ന കാര്യമാണ് ചര്ച്ച ചെയ്തത്.
ഇന്ത്യൻ ഉപകരണ നിര്മാതാക്കള് റിപ്പയര് ചെയ്യല് എളുപ്പമാക്കുന്ന സർവ്വീസ് മാനുവലുകളും, സർക്യൂട്ടുകളും, സ്കീമാറ്റിക്കുകളും പുറത്തിറക്കുന്നില്ലെന്നുള്ളത് ഒരു പ്രധാന പ്രശ്‌നമാണെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.. ഇങ്ങനെ സർവ്വീസ് മാനുവലുകൾ ഉണ്ടെങ്കില് പലപ്പോഴും ഉപയോക്താവിനു തന്നെ വേണ്ട റിപ്പയര് തനിയെ നടത്താന് സാധിക്കും.
അതുപോലെ, ഓരോ ഉപകരണത്തിനും ചേരുന്ന തരം സ്‌ക്രൂകളും മറ്റു ഘടകഭാഗങ്ങളും എല്ലാം ഉപകരണ നിര്മാതാവ് തന്നെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഒരുതരം കുത്തകാവകാശം സ്ഥാപിക്കലാണ്. അത് ഉപയോക്താവിന്റെ 'തിരഞ്ഞെടുക്കാനുള്ള അവകാശം' നിഷേധിക്കലാണ്. ഡിജിറ്റല് വാറന്റി കാര്ഡുകള് കൊണ്ടുവരിക വഴി ഒരാള് ഒരു ഉപകരണം കമ്പനിയുടെ അംഗീകൃത വ്യാപാരിയില് നിന്നല്ലാതെ വാങ്ങിച്ചാല് അയാള്ക്ക് വാറന്റി നിഷേധിക്കുന്ന രീതി കമ്പനികള് വച്ചുപുലര്ത്തുന്നു എന്നും ഡിപ്പാര്ട്ട്‌മെന്റ് നിരീക്ഷിച്ചു.
ഉപകരണത്തിനുള്ള തകരാറുകൾ കണ്ടെത്താനുള്ള ടൂളുകളും, സോഫ്റ്റ് വെയറും,അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങളും, സ്പെയർ പാർട്ടുകളും കമ്പനികളുടെ അംഗീകാരമില്ലാത്ത റിപ്പയര് സെന്ററുകള്ക്കും, അവ ആവശ്യപ്പെടുന്ന വ്യക്തികൾക്കും ലഭ്യമാക്കണം. ചെറിയ കേടുപാടു മാത്രമാണെങ്കില് സ്വയം അറ്റകുറ്റപ്പണി നടത്താന് ഉപയോക്താവിനെ സഹായിക്കാനാണിത്.
ഈ നിയമം ഇലക്ട്രോണിക്സ് ഉൽപ്പന്ന നിര്മാണ മേഖലയില് വലിയ മാറ്റം കൊണ്ടുവരും. മേൽ സൂചിപ്പിച്ച കഥയിലെ സാബുവിന് പറ്റിയ പോലുള്ള പറ്റുകൾ ആർക്കും സംഭവിക്കാതെ കാക്കാൻ ഈ നിയമത്തിനാകും.. ഇതുവഴി കൂടുതൽ ഗുണമേൻമയുള്ള ഉൽപന്നങ്ങൾ പുറത്തിറക്കാൻ കമ്പനികൾക്ക് ബാദ്ധ്യത വരുകയും തൻമൂലം ഉപകരണങ്ങള് കൂടുതല് കാലം ഉപയോഗിക്കാന് സാധിക്കുകയും ചെയ്യും.
ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ, സർവ്വീസ് ,റിപ്പയര് മേഖലയില് പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർക്ക് റൈറ്റ് റ്റു റിപ്പയർ, അഥവാ നന്നാക്കി കിട്ടാനുള്ള അവകാശം എന്ന ഈ നിയമം വരുന്നതിലൂടെ കൂടുതല് തൊഴിലവസരങ്ങള് ലഭ്യമാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത വർഷത്തോടെ കരട് നിയമം പ്രാബല്യത്താൽ വന്നേക്കും. എഴുതിയത് അജിത് കളമശേരി. 17.07.2022. #Ajith_kalamassery,#electronics_service, #consumer_law_electronics.

Comments