ഫ്രിഡ്ജിന് 100 വയസ്.


 

ഫ്രിഡ്ജിന് 100 വയസ്.
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന തരം ഫ്രിഡ്ജുകൾ പുറത്തിറങ്ങിത്തുടങ്ങിയിട്ട് 100 വർഷം തികയുന്നു.
അമേരിക്കയിലെ ജനറൽ മോട്ടോർസ് കമ്പനിയിലെ ശാസ്ത്രജ്ഞനായ ചാൾസ് ഫ്രാങ്ക്ളിൻ കെറ്ററിങ്ങിൻ്റെ നേതൃത്വത്തിലുള്ള ഗവേഷക വിഭാഗം1920ൽ ഫ്രിയോൺ ഗ്യാസ് കണ്ട് പിടിച്ചതോടെയാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന തരം ഫ്രിഡ്ജുകളുടെ തലമുറ ആരംഭിക്കുന്നത്.
അതിനും വളരെക്കാലം മുൻപ് മുതൽ തണുപ്പിക്കുന്ന യന്ത്രങ്ങൾ നിലവിൽ ഉണ്ടായിരുന്നെങ്കിലും അവയിൽ ഏറ്റവും ചെറുതിന് പോലും ഒരു കാറിൻ്റെ വലിപ്പവും, തൂക്കവും വരുമായിരുന്നു. പോരാത്തതിന് രണ്ട് കാറിൻ്റെ വിലയും, ഒപ്പം തന്നെ ഇന്നത്തെ നമ്മുടെ ആപ്പേ ഡീസൽ ഓട്ടോറിക്ഷ പുറപ്പെടുവിക്കുന്നതുപോലുള്ള അസഹ്യമായ ശബ്ദവും.
അതിൽ ഉപയോഗിച്ചിരുന്ന കമ്പ്രസറായിരുന്നു ഈ ശബ്ദം പുറപ്പെടുവിച്ചിരുന്നത്.ടയറിന് കാറ്റടിക്കുന്ന കടകളിൽ ഇരിക്കുന്ന കമ്പ്രസർ കണ്ടിട്ടില്ലേ ഏകദേശം അതേ വലിപ്പം തന്നെയുണ്ടായിരുന്നു ഈ തണുപ്പിക്കൽ മെഷീനിൻ്റെ കമ്പ്രസറിനും!.
മാരക വിഷപദാർത്ഥങ്ങളായ ഹൈഡ്രജൻ സൾഫൈഡ്, അമോണിയ എന്നിവയാണ് ഇത്തരം തണുപ്പിക്കൽ മെഷീനുകളിൽ റഫ്രിഡ്ജറൻ്റായി ഉപയോഗിച്ചിരുന്നത്. വലിയ രീതിയിലുള്ള മെക്കാനിക്കൽ പവർ ഉപയോഗിച്ചാലേ ഈ കെമിക്കലുകളെ ലിക്വിഡ് - വേപ്പർ അവസ്ഥകളിലേക്ക് മാറ്റാൻ സാധിക്കുമായിരുന്നുള്ളൂ. കൂടാതെ ഇവ കൂളിങ്ങ് ലൈൻ ഉണ്ടാക്കുന്ന ചെമ്പ് ,പിച്ചള, ഇരുമ്പ് പൈപ്പുകളെ ദ്രവിപ്പിച്ച് കളയുമായിരുന്നു.
തൻമൂലം ലീക്കുണ്ടായി വിഷവാതകം പുറത്ത് പരന്ന് മനുഷ്യർക്ക് അപകടം സംഭവിക്കാനുള്ള സാദ്ധ്യതയും വളരെയധികമായിരുന്നു.
ഈ വലിപ്പവും, ശബ്ദവും, താങ്ങാനാകാത്ത വിലയും, അപകട സാദ്ധ്യതയും മൂലം വലിയ ഹോട്ടലുകളിലും, പണക്കാരുടെ വീടിൻ്റെ പിന്നാമ്പുറങ്ങളിലുമായി ഈ മെഷീൻ ഒതുങ്ങിയിരുന്നു.
ഫ്രിയോൺ ഗ്യാസിൻ്റെ കണ്ട് പിടുത്തത്തോടെ ജനറൽ മോട്ടോർസിൻ്റെ തന്നെ മറ്റൊരു സബ്സിഡയറി കമ്പനിയായ ഫ്രിജിഡെയർ Frigidaire ഈ ഗ്യാസിൻ്റെ വ്യാവസായിക മൂല്യം തിരിച്ചറിഞ്ഞ് തണുപ്പിക്കുന്ന മെഷീനിൻ്റെ ഗവേഷണം ഊർജിതമാക്കി.
1900 മുതൽ ഇൻഡസ്ട്രിയൽ റഫ്രിഡ്ജറേഷൻ മേഘലകളിൽ മേൽക്കൈ ഉണ്ടായിരുന്ന ഫ്രിജിഡെയറിൻ്റെ ഗവേഷക വിഭാഗം 1922 ൽ വിവിധ മോഡൽ പ്രോട്ടോ ടൈപ്പുകൾ ഉണ്ടാക്കി പരീക്ഷിച്ച് തെറ്റുകുറ്റങ്ങൾ തീർത്ത് നാം ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്ന തരം ഫ്രിഡ്ജുകൾ വിപണിയിലിറക്കാൻ സജ്ജമാക്കി.
അടുക്കളയിൽ ഒതുങ്ങിയിരിക്കുന്നതും, ശബ്ദ ശല്യം ഇല്ലാത്തതും, താരതമ്യേന വിഷരഹിതവും, ഗ്യാസ് - ലിക്വിഡ് അവസ്ഥകളിലേക്ക് കുറഞ്ഞ ശക്തി ഉപയോഗിക്കുന്ന കമ്പ്രസർ ഉപയോഗിച്ച് അവസ്ഥാന്തരം വരുത്താമെന്ന ഗുണവുമുള്ള ഫ്രിയോൺഗ്യാസ് റഫ്രിഡ്ജറൻ്റായി ഉപയോഗിക്കുന്നതുമായ ഈ തണുപ്പിക്കൽ ഉപകരണം ഫ്രിജിഡെയർ എന്ന ബ്രാൻഡ് നാമത്തിൽ പേറ്റെൻ്റ് ചെയ്യുകയും 1923 ൽ അമേരിക്കൻ വിപണിയിൽ വ്യാപകമായ പരസ്യ പിൻതുണയോടെ പുറത്തിറക്കുകയും ചെയ്തു.
ആദ്യം പുറത്തിറക്കിയ ഫ്രിജിഡെയർ മോഡലിൽ മനോഹരമായ ഒരു കിരീടം പോലെ തോന്നിക്കുന്ന വിധത്തിലാണ് കൂളിങ്ങ് കണ്ടൻസർ ഘടിപ്പിച്ചിരുന്നത്.ഇതോടൊപ്പമുള്ള ചിത്രം ശ്രദ്ധിക്കുക.തുടർന്നിറങ്ങിയ മോഡലുകളിൽ കൂളിങ്ങ് കണ്ടൻസർ പിന്നാമ്പുറത്തേക്ക് മാറ്റി സ്ഥാപിച്ചു.
വളരെപ്പെട്ടെന്ന് ഈ ഉപകരണം ജനപ്രീയമാവുകയും ഫ്രിജിഡെയർ അവർക്ക് വ്യവസായ ബന്ധമുണ്ടായിരുന്ന ഫ്രാൻസിലും, ക്യാനഡയിലും, സ്പെയിനിലുമെല്ലാം നിർമ്മാണ കമ്പനികൾ ആരംഭിക്കുകയും ചെയ്തു.
ഫ്രിജി ഡെയർ എന്ന പേര് ഉഛരിക്കാൻ വിഷമമായതിനാൽ ഫ്രിഡ്ജ് എന്ന പേരിൽ പൊതുജനങ്ങൾ ഇതിനെ വിളിച്ച് തുടങ്ങി.
ജനറൽ മോട്ടോഴ്സിനോട് പേറ്റൻ്റ് അവകാശം വാങ്ങി ലോകവ്യാപകമായി ധാരാളം കമ്പനികൾ റഫ്രിഡ്ജറേറ്ററുകൾ നിർമ്മിക്കാൻ തുടങ്ങി.
മുറിവിൽ ഒട്ടിക്കുന്ന ഏത് ബാൻഡേജും നമുക്ക് ബാൻഡ് എയിഡ് ആയ പോലെ ...കമ്പനികൾ ഇലക്ട്രോലക്സ് ,കെൽവിനേറ്റർ, സാംസങ്ങ് ,പാനാസോണിക്ക്, ഗോദ്റെജ് എന്നിങ്ങനെ പല പേരിൽ റഫ്രിഡ്ജറേറ്ററുകൾ പുറത്തിറക്കിയിട്ടും ആദ്യ വീട്ടുപയോഗ റഫ്രിഡ്ജറേറ്റർ പുറത്തിറക്കിയ കമ്പനിയായ ഫ്രിജിഡെയറിൻ്റെ ചെല്ലപ്പേരായ ഫ്രിഡ്ജ് എന്ന് ഇവനെ വിളിക്കാനാണ് നമുക്കിഷ്ടം. അജിത് കളമശേരി.#ഫ്രിഡ്ജിന്_നൂറുവയസ്

Comments