പഴമ വിറ്റ് കാശുണ്ടാക്കുന്നവർ


 

പഴമ വിറ്റ് കാശുണ്ടാക്കുന്നവർ
നമ്മുടെ നാട്ടിൽ ഇലക്ട്രോണിക്സ് പുരാവസ്തുക്കൾ (വിൻ്റെജ് ഐറ്റംസ് ) ശേഖരിക്കുന്ന ധാരാളം പേരുണ്ട്. നാട്ടിലെ അക്രികൾതോറും അലഞ്ഞ് നടന്നും, പുരാവസ്തുക്കൾ ശേഖരിച്ച് വിൽക്കുന്ന കച്ചവടക്കാരിൽ നിന്നും, കാർന്നോൻമാർ മേടിച്ച് വച്ച സെറ്റുകളുടെ മൂല്യ മറിയാതെ വിറ്റഴിക്കുന്ന അനന്തരാവകാശികളിൽ നിന്നും, ശേഖരിച്ച വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ലാതെ വിറ്റഴിക്കുന്ന പുരാവസ്തു കളക്റ്റേഴ്സിൽ നിന്നുമൊക്കെ സംഘടിപ്പിച്ചാണ് മിക്കവരും പുരാവസ്തുക്കളുടെ
ശേഖരം വലുതാക്കുന്നത്.
ഇതിൽ അക്രികളിൽ നിന്ന് കിട്ടുന്നവ ഏറ്റവും മോശമായ അവസ്ഥയിൽ ഉള്ളവയായിരിക്കും. നല്ലത് വല്ലതും കിട്ടുന്നവർ ഭാഗ്യവാൻമാരെന്നേ പറയാനൊക്കൂ.
ഇതിൽ ഏറ്റവും കാശുണ്ടാക്കുന്നവർ പുരാവസ്തു കച്ചവടക്കാരാണ്. അവർ ഒന്നും ശേഖരിച്ച് വയ്ക്കുന്നില്ല. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്നെങ്കിലുമൊക്കെ സംഘടിപ്പിക്കുന്ന സെറ്റുകൾ ഇരട്ടി വിലയ്ക്ക് ഏതെങ്കിലും പുരാവസ്തു ശേഖരണ പ്രാന്തൻ്റെ തലയിൽ കെട്ടിവയ്ക്കും.
ശേഖരിക്കുന്ന ഈ പുരാവസ്തുക്കൾ മെയിൻ്റയിൻ ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.
ഒരെണ്ണം വാങ്ങിയാൽ അതിനെയൊന്ന് പാടിച്ചെടുക്കാൻ അതേ പോലുള്ള മറ്റൊരു സെറ്റ് തേടിയുള്ള അലയലാണ് പിന്നെ!
വിൻ്റെജ് സെറ്റുകളുടെ ബൽറ്റ്, പിഞ്ച് റോളർ, ഹെഡ്, ഗിയർ വീലുകൾ, നോബുകൾ, പവർ കോഡുകൾ എന്നിവയെല്ലാം നമ്മുടെ നാട്ടിൽ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഇക്കാലത്ത്.
വിൻ്റെജ് കളക്റ്റർമാർ അനുഭവിക്കുന്ന വലിയൊരു ബുദ്ധിമുട്ട് ശേഖരിക്കുന്നവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സ്ഥല പരിമിതിയാണ്.
മിക്കവരുടെയും വീട്ട്കാർക്ക് ഈ ശേഖരണക്കാരോട് യാതൊരു അനുഭാവമുണ്ടാകില്ല. സ്ഥലം മിനക്കെടുത്തുന്ന അക്രികൾ വലിയ വില കൊടുത്ത് വാങ്ങി വീട്ടിൽ കൊണ്ട് വന്ന് നിറച്ച് മുറികൾ ഒന്ന് തൂക്കാനും തുടയ്ക്കാനും പോലും പറ്റാതെ പൊടിയും, മാറാലയും പിടിപ്പിച്ച് വൃത്തികേടാക്കുന്ന ഒരു പ്രാന്തൻ എന്നാണ് വീട്ടുകാരും, ബന്ധുക്കളും ഇവരെ കരുതുന്നത്.
ഇങ്ങനെ വിൻ്റെജ് വസ്തുക്കൾ കളക്റ്റ് ചെയ്യുന്ന ഭൂരിഭാഗം പേർക്കും ചിലവ് ക. മാത്രമേയുള്ളൂ! വരവ് ക ഒന്നുമില്ല.
വിദേശ രാജ്യങ്ങളിൽ പുരാവസ്തുക്കളുടെ ശേഖരണവും, വിൽപ്പനയും മൂലം നല്ല വരുമാനമുണ്ടാക്കുന്ന ഒരു കൂട്ടരുണ്ട്.
നമ്മുടെ നാട്ടിൽ ഇത്തരം ആളുകൾ വളരെ അപൂർവ്വമെന്നേ പറയേണ്ടൂ.
അവരുടെ ടെക്നോളജി എന്തെന്ന് പഠിച്ചാൽ നമ്മുടെ നാട്ടിലുള്ളവർക്കും ഈ തൊഴിലിലേക്ക് ധൈര്യമായി പ്രവേശിക്കാം, കാശുണ്ടാക്കാം.
ഹിസ്റ്ററി ചാനലിലെ Pawn stars,(സ്പെല്ലിങ്ങ് തെറ്റാതെ സെർച്ച് ചെയ്യണേ) Storage wars എന്നീ പരിപാടികൾ സ്ഥിരമായി കണ്ടാൽ ഈ ബിസിനസിനെപ്പറ്റി ഒരു നേർ രേഖാചിത്രം കിട്ടും.
വളരെ ലളിതമാണ് ഈ വിൻ്റേജ് കച്ചവടക്കാരുടെ രീതി. നല്ല ബ്രാൻഡ് വാല്യൂ ഉള്ള Sony, പയനിയർ, പോക്ക്, യമഹ etc പോലുള്ള കമ്പനികൾ പുറത്തിറക്കിയ ജനപ്രീതി നേടിയ ഓഡിയോ സെറ്റുകൾ ഒരേമോഡൽ കുറച്ചെണ്ണം വാങ്ങുന്നു.
അത്യാവശ്യം ടെക്നിക്കൽ നോ ഹൗ ഉള്ളവരായിരിക്കാം ഈ കച്ചവടം ചെയ്യുന്നവർ എന്ന് പറയേണ്ടതില്ലല്ലോ. വാങ്ങുന്ന സെറ്റുകളെ കുറിച്ചും അവയ്ക്ക് വരുന്ന കോമൺ തകരാറുകളും അന്വോഷിച്ച് മനസിലാക്കി അവ പരിഹരിക്കാൻ ആവശ്യമായ ബൽറ്റുകൾ, മോട്ടോറുകൾ, ട്രാൻസിസ്റ്ററുകൾ, ഐ .സി കൾ, റിമോട്ടുകൾ ,ഗ്യാരണ്ടി കാർഡ്, കാറ്റലോഗുകൾ, ബ്രോഷറുകൾ, ഒറിജിനൽ പർച്ചേസ് ബില്ലുകൾ തുടങ്ങി ആ മോഡലിനെപ്പറ്റി കിട്ടാവുന്നവയെല്ലാം ഒപ്പം ശേഖരിച്ച് അതേ ബോക്സുകളിൽ തന്നെ സൂക്ഷിക്കും.
എല്ലാത്തിൻ്റെയും മോഡൽ നമ്പരും, ഫോട്ടോകളും എടുത്ത് സൂക്ഷിക്കും.
ശേഷം വാങ്ങിയ സെറ്റുകളെല്ലാം സുരക്ഷിതമായ,വാതാനുബദ്ധമായ നിലവറകളിലേക്ക് മാറ്റും.. പിന്നെ അവയ്ക്ക് സുഷുപ്തിയുടെ നാളുകളാണ്.
ശേഖരണക്കാരൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പതിനഞ്ചോ, ഇരുപതോ വർഷങ്ങൾ അങ്ങനെയിരുന്നെന്ന് വരും.. പഴകുന്തോറും മൂല്യവും, വീര്യവും കൂടുന്നത് വൈനിനും, വിസ്കിക്കും മാത്രമല്ല!
ഇങ്ങനെ ശേഖരിക്കുന്ന സെറ്റുകളാണ് മിൻ്റ് കണ്ടീഷൻ സെറ്റുകൾ. ഇവയ്ക്കാണ് പുരാവസ്തു വിപണിയിൽ ഏറ്റവും വില കിട്ടുന്നത്.അപൂർവ്വമായാൽ പോലും 'യൂസ്ഡ് വിൻ്റേജ് സെറ്റിന് മിൻ്റ് കണ്ടീഷൻ സെറ്റുകളുടെ അത്ര വില കിട്ടില്ല.
നിർമ്മിച്ച കമ്പനികൾ തന്നെ അവർ പണ്ട് നിർമ്മിച്ച മിൻ്റ് കണ്ടീഷൻ സെറ്റുകൾ വൻ വിലയിട്ട് തിരിച്ചെടുക്കാറുണ്ട്.
ഇവരിൽ തന്നെ ഇത്ര കാത്തിരിക്കാൻ മടിയുള്ളവരുണ്ട്. അവർ കമ്പനികളുടെയും, സൂപ്പർമാർക്കറ്റുകളുടെയും അടച്ച് പൂട്ടിയ പഴയ കാല കച്ചവടക്കാരുടെ ഗോഡൗണുകളും, കാർഷെഡുകളും കയറിയിറങ്ങി തെണ്ടി നടക്കും.
എവിടെയെങ്കിലുമൊക്കെ പഴയ സെറ്റുകൾ പെട്ടി പായ്ക്കിങ്ങിൽ അപ്പോഴും ഇരിക്കുന്നുണ്ടാകും.. ഇവ മൊത്തമായി വിലയ്ക്കെടുത്ത് ഓൺലൈൻ സൈറ്റുകളിലും മറ്റും പ്രദർശിപ്പിച്ച് കൂടിയ വില ആര് പറയുന്നുവോ അവർക്ക് വിൽക്കും.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മാത്രമല്ല,
കളിപ്പാട്ടങ്ങൾ, സിനിമാപോസ്റ്റർ,കാസറ്റുകൾ, പഴയ വിനൈൽ റിക്കോഡുകൾ, ഇലക്ട്രിക് സ്വിച്ചുകൾ, സ്പീക്കർ ,ഇലക്ട്രിക് ബൾബുകൾ, ഓട്ടോമൊബൈൽ ബൾബുകൾ തുടങ്ങി കയ്യിലൊതുങ്ങുന്ന എന്തും ഇത് പോലെ പെട്ടി പാക്കിങ്ങിൽ വാങ്ങി പുതുമ മാറാതെ ശേഖരിച്ച് സൂക്ഷിച്ച് വച്ച് വില കൂടുമ്പോൾ വിറ്റഴിക്കുന്ന ധാരാളം പേരേ നിങ്ങൾക്ക് ഞാൻ മേൽ സൂചിപ്പിച്ച ഹിസ്റ്ററി ചാനലിലെ പരിപാടികളിൽ കാണാം.
ഇത്തരം അപൂർവ്വ സെറ്റുകൾ കളക്റ്റ് ചെയ്യുന്ന പുത്തൻ പണക്കാരും, സെലിബ്രിറ്റികളും ഉടമ ചോദിക്കുന്ന വില നൽകിയാണ് ഇവ കരസ്ഥമാക്കുന്നത്.
ശേഖരിക്കുന്ന വസ്തുവിൽ നല്ല അറിവും,താൽപര്യവും, അത്യാവശ്യം കാശുമുള്ളവർക്ക് ഇവിടെയും ഈ പണി ഒരു ബിസിനസായി നടത്താം, കാശുണ്ടാക്കാം.
എന്തിന് പറയുന്നു 1984 ൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചപ്പോൾ ഒരു രൂപ എൺപത് പൈസ വിലയുണ്ടായിരുന്ന പൈകോയുടെ പൂമ്പാറ്റ എന്ന ബാലമാസികയുടെ പുതുമ മാറാതെ സൂക്ഷിച്ച കോപ്പികൾ ഇപ്പാൾ ചില ഓൺലൈൻ പുരാവസ്തു സൈറ്റുകളിൽ വിൽക്കുന്നത് ആയിരം രൂപ വരെയുള്ള വിലയ്ക്കാണ്.5 രൂപ വിലയുണ്ടായിരുന്നപ്പോൾ പ്രസിദ്ധീകരണം നിറുത്തിയ അമ്പിളി അമ്മാവൻ എന്ന ബാല മാസികയും ഏതാണ്ട് ഇതേ വിലയ്ക്ക് തന്നെയാണ് ഇപ്പോൾ വിൽക്കപ്പെടുന്നത്.( 40 വയസിന് മേൽ പ്രായ മുള്ളവരോട് ഒരു രഹസ്യം പറയാം..old malayalam magazine എന്ന് ടെലിഗ്രാം ആപ്പിൽ സെർച്ച് ചെയ്താൽ നിങ്ങൾക്കും, പഴയ പൂമ്പാറ്റയും, അമ്പിളി അമ്മാവനുമൊക്കെ ഫ്രീയായി ഡൗൺലോഡ് ചെയ്യാം വായിച്ച് നൊസ്റ്റാൾജിയ അയവിറക്കാം )
കോടതി നടപടികൾ, ജപ്തി, ഉടമകളുടെ തർക്കം, പോലുള്ള കേസ് കെട്ടുകളിൽ പെട്ട് വിൽക്കാനാകാതെ വിസ്മൃതിയിൽ ആണ്ട് പോയവയും , ഗോഡൗണിലെ പണിക്കാരുടെ മടി മൂലം ബുദ്ധിമുട്ടേറിയ ഇരുണ്ട മൂലകളിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നവയുമെല്ലാം ഇപ്പോഴും ധാരാളമുണ്ടാകും.അന്വോഷിക്കുവിൻ കണ്ടെത്തും എന്നല്ലേ പ്രമാണം..
ഈയിടെ തിരുവല്ലയ്ക്കടുത്ത് കോടതി നടപടികളിൽ പെട്ട് വർഷങ്ങളായി അടച്ചിട്ട ഒരു കട തുറന്നപ്പോൾ അവിടെ മർഫി, ബുഷ് ,നെൽകോ റേഡിയോകളുടെ ഒരു വൻ ശേഖരമുണ്ടായിരുന്നു. എല്ലാം കണ്ണാടി അലമാരികളിൽ പുതുമ നശിക്കാതെ പെട്ടി പായ്ക്കിങ്ങിൽ .. കേസ് ജയിച്ചയാൾ ചോദിച്ച വിലയ്ക്ക് ആളുകൾ ആ റേഡിയോകളെല്ലാം കൊത്തിക്കൊണ്ട് പോയി.
ചെന്നൈയിലെ ചില അഹൂജ ഡീലർമാരുടെ ഗോഡൗണിൽ വിൽക്കാതെ കെട്ടിക്കിടക്കുന്ന 4040- SM സ്റ്റീരിയോ കാസറ്റ് ഡക്കുകൾ പെട്ടിപ്പാക്കറ്റ് ഇപ്പോഴും ലഭ്യമാണെന്നറിയുന്നു.
40,60,100 വാട്ടിൻ്റെ ഇലക്ട്രിക് ബൾബുകളുടെ പ്രൊഡക്ഷൻ ഇപ്പോൾ അപൂർവ്വമാണ്. ചില കടകളിൽ പഴയ സ്റ്റോക്ക് ഉണ്ടെന്ന് മാത്രം.
വാഹനങ്ങളുടെ ബൾബുകൾ LED യിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഓട്ടോ മൊബൈൽ ബൾബുകൾ അപൂർവ്വ വസ്തു ആയിക്കൊണ്ടിരിക്കുന്നു താൽപ്പര്യമുള്ളവർ ഇപ്പോഴേ ശേഖരിച്ചോളൂ. എല്ലാം ഒറിജിനൽ പായ്ക്കിങ്ങ് ഉൾപ്പടെ വേണം ശേഖരിക്കാൻ.
ക്ലാസ് D തരംഗമാണ് വരുന്നത് മിക്ക കമ്പനികളും ഓഡിയോ ഐസികളുടെയും, പഴയ നമ്പർ ട്രാൻസിസ്റ്ററുകളുടെയും പ്രൊഡക്ഷൻ അവസാനിപ്പിച്ചിരിക്കുകയാണ് ഇവയും ശേഖരിക്കുന്നത് മെച്ചമായേക്കാം..
അജിത് കളമശേരി.

Comments