കേരളത്തിൽ നിന്നൊരു മാർക്കോണി.


 

കേരളത്തിൽ നിന്നൊരു മാർക്കോണി.
നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര ബ്രാൻഡ് റേഡിയോ പുറത്തിറങ്ങിയിരുന്നവിവരം നിങ്ങൾക്കറിയാമോ? അതും 1969 മുതൽ.
തിരുവനന്തപുരം ജില്ലയിലെ,നെടുമങ്ങാട് സൗദാസ് വീട്ടിൽ ശ്രീ വി പുഷ്പാംഗദൻ്റെയും ,അമ്മ സൗദാസിൻ്റെയും സീമന്ത പുത്രനായി 1952 നവംബർ മാസം ജനിച്ച സതീഷ് ചന്ദ്രനാണ് അതിന് പിന്നിലെ ബുദ്ധികേന്ദ്രവും സംരഭകനും.
എഞ്ചിനീയറായിരുന്ന പിതാവിൻ്റെ സാങ്കേതിക തൽപ്പരത പകർന്ന് കിട്ടിയ സതീഷ് ചന്ദ്രന് ചെറുപ്പത്തിലേ ടെക്നിക്കൽ പണികളിൽ താൽപ്പര്യം തുടങ്ങി. കൊച്ചി FACT യിലെ ആദ്യ കെമിക്കൽ എഞ്ചിനീയർമാരിൽ ഒരാളായ പിതാവ് സൾഫർ അലർജി മൂലം പിന്നീട് ആ ജോലി ഉപേക്ഷിച്ച് സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി മാറി,
വീട്ടിലെ ടോർച്ചുകൾ അഴിച്ച് ബാറ്ററി പുറത്തെടുത്ത് മുറി വയറും, ബൾബുകളുമായ കണക്റ്റ് ചെയ്ത് കത്തിക്കുക. സൈക്കിളുകളുടെ ഡൈനാമോ കൊണ്ട് പരീക്ഷണങ്ങൾ നടത്തുക തുടങ്ങിയ അതി സാഹസ പ്രവർത്തനങ്ങൾ ചെറുപ്പത്തിലേ ആരംഭിച്ചു.
പിന്നീടാണ് ശ്രദ്ധ വീട്ടിലെ റേഡിയോയിലേക്ക് തിരിഞ്ഞത്. അക്കാലങ്ങളിൽ വാൽവ് റേഡിയോകൾ മാത്രമേ പ്രചാരത്തിലുള്ളൂ. ആ റേഡിയോയിൽ പച്ച നിറത്തിൽ തിളങ്ങുന്ന മാജിക് ഐയും ,ഡയലിൽ നിന്ന് വരുന്ന വെളിച്ചവും, ആ വെളിച്ചത്തിൽ തെളിഞ്ഞ് കാണുന്ന വട്ടത്തിൽ തിരിക്കുമ്പോൾ നീളത്തിൽ നീങ്ങുന്ന സ്റ്റേഷൻ മാറ്റുന്ന സൂചിയും സതീഷ് ചന്ദ്രനെ വളരെ ആകർഷിച്ചു.
റേഡിയോ സംബന്ധമായി നൂറ് നൂറ് സംശയങ്ങളായി സതീഷിന് പക്ഷേ ഇവയൊന്നും പരിഹരിക്കാൻ ആരുമില്ല.
സതീഷ് ചന്ദ്രൻ്റെ ടെക്നിക്കൽ മൈൻഡ് പിതാവായ പുഷ്പാംഗദന് അത്ര ഇഷ്ടപ്പെട്ടില്ല.
പഠിക്കേണ്ട സമയത്ത് പിള്ളേര് പഠിക്കണം, അല്ലാതെ സ്ക്രൂ ഡ്രൈവറും , പ്ലയറുമായല്ല നടക്കേണ്ടത്.ഈ അസുഖം മാറാൻ ആവശ്യത്തിന് ചൂരൽ കഷായം ഒപ്പം നൽകുകയും ചെയ്തു.
പക്ഷേ ഒരു രക്ഷകൻ തറവാട്ടിൽ ഉണ്ടായിരുന്നു.അമ്മയുടെ അഛനായ നാരായണനായിരുന്നു അത്.
മുത്തച്ഛൻ സതീഷ് ചന്ദ്രൻ്റെ എല്ലാ വിധ ടെക്നിക്കൽ പണികൾക്കും കഴിയാവുന്നത്ര പിൻതുണ നൽകുകയും മാതാപിതാക്കളുടെ ശകാരങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ,പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ പോക്കറ്റ് മണി നൽകി സഹായിക്കുകയും ചെയ്തു.
റേഡിയോ സംബന്ധമായ കൂടുതൽ വിവരങ്ങൾ നൽകാൻ പരിസര പ്രദേശങ്ങളിലൊന്നും അന്നത്തെ കാലത്ത് ആരുമുണ്ടാരുന്നില്ല. മലയാളത്തിൽ പുസ്തകങ്ങളും ഇറങ്ങിയിരുന്നില്ല.
സതീഷ് ചന്ദ്രന് തന്നേക്കാൾ 17 വയസോളം അധികം പ്രായമുള്ള ഒരടുത്ത സുഹൃത്തുണ്ടായിരുന്നു. അയൽവാസിയായ KG നാഥനായിരുന്നു അത്. അദ്ദേഹം സതീഷിന് നല്ല ഒരു സഹായം നൽകി.
തിരുവനന്തപുരത്തുള്ള ബ്രിട്ടീഷ് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു കൊടുക്കുകയായിരുന്നു ആ സഹായം! ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്നതായിരുന്നു ആ സ്ഥാപനം.
ഇലക്ട്രോണിക്സ് വിഷയ സംബന്ധിയായി ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന.ഇംഗ്ലീഷ് പുസ്തകങ്ങൾ വലിയ കാലതാമസം കൂടാതെ തിരുവനന്തപുരത്തെ ഈ ലൈബ്രറിയിൽ എത്തുമായിരുന്നു.
അതോടെ സതീഷ് ചന്ദ്രൻ്റെ വിജ്ഞാന ദാഹം ശമിപ്പിക്കാൻ ഒരിടമായി. അന്നവിടെയുള്ള പാർത്ഥസാരഥി എന്ന ചെന്നൈ സ്വദേശിയായ മെയിൻ ലൈബ്രറേ റിയൻ ലണ്ടനിൽ നിന്നും വരുന്ന പുതിയ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ സതീഷി നായി കരുതി വച്ച് പോന്നു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ മുത്തഛൻ്റെ നാരായണാ ടെക്സ്റ്റൈൽസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പിന്നിലെ ഒരു മുറി സതീഷ് ചന്ദ്രന് സ്വന്തമായിരുന്നു. അവിടെ തൻ്റെ പണി ശാല മുത്തഛൻ്റെ സഹായ സഹകരണങ്ങളോടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 18 വയസായിരുന്നു അപ്പോൾ പ്രായം.
കോളേജ് പഠനം ആരഭിച്ചതോടെ താൻ പുസ്തകങ്ങളിൽ നിന്ന് പഠിച്ച കാര്യങ്ങൾ പ്രയോഗിച്ച് നോക്കാൻ ആരംഭിച്ചു.
റേഡിയോ നിർമ്മാണത്തിനാവശ്യമായ വാക്വം ട്യൂബുകളും, ട്രാൻസ്ഫോർമറുകളും, ചേസിസും, കോയിലുകളുമൊക്കെ മദ്രാസിൽ നിന്നും ബോംബെയിൽ നിന്നുമൊക്കെ പണമടച്ച് എഴുതി വരുത്തി.
എല്ലാം പറഞ്ഞ് കൊടുത്ത് അസംബിൾ ചെയ്യിക്കാൻ ഒരു ഗുരു ഇല്ലാതിരുന്നതിനാൽ വീട്ടിലെ റേഡിയോ മാതൃകയാക്കി പണികൾ ആരംഭിച്ചു.
ആദ്യമൊക്കെ പരാജയങ്ങളായിരുന്നു. നിത്യോത്സാഹത്തോടെ പരീക്ഷണങ്ങൾ തുടർന്നു. വിജയം കണ്ടെത്തി. അടുത്തത് പണിതീർത്ത റേഡിയോക്ക് ഒരു ക്യാബി നെറ്റ് നിർമ്മിക്കാനുള്ള ശ്രമമായി.
നാട്ടിലെ ആശാരിമാർക്കൊന്നും റേഡിയോ പ്പെട്ടിയുടെ തടിയും, വെനീറും കൊണ്ടുള്ള പണികൾ അറിയില്ല.. അന്വോഷണങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വാൽവ് റേഡിയോകളുടെ പെട്ടി പണിയുന്ന സ്ഥലമുണ്ടെന്ന് മനസിലാക്കി അവിടെയെത്തി മനസിനിണങ്ങിയ ഒരു പെട്ടിയും അതിനൊത്ത ചേസിസും വാങ്ങി നാട്ടിലെത്തി ആദ്യമുണ്ടാക്കിയ റേഡിയോ ഈ പെട്ടിയിലേക്ക് മാറ്റി അസംബിൾ ചെയ്തു.
സതീഷ് ചന്ദ്രൻ ഉണ്ടാക്കിയ ഈ വാൽവ് റേഡിയോ വളരെ മനോഹരമായി പ്രവർത്തിക്കുന്നത് കണ്ട മുത്തച്ഛൻ നാരായണൻ കൊച്ച് മകന് ഒരു പ്രോത്സാഹനമെന്ന നിലയിൽ ആദ്യമായുണ്ടാക്കിയ ആ റേഡിയോ സതീഷ് പറഞ്ഞ 180 രൂപാ നൽകി വിലയ്ക്ക് വാങ്ങി തൻ്റെ നാരായണാ ടെക്സ്സ്റ്റൈൽസിൽ പ്രമുഖമായൊരു സ്ഥാനം നൽകി പ്രദർശനത്തിന് വച്ചു.
1969 കാലമാണ് റേഡിയോ വളരെ അപൂർവ്വവും ,പണക്കാരുടെ സ്റ്റാറ്റസ് സിംബൽ തന്നെ റേഡിയോകളാണ്.തുണിക്കടയിൽ വരുന്ന .പ്രമുഖ വ്യക്തികൾ റേഡിയോ കണ്ടും ,കേട്ടും ഇഷ്ടപ്പെട്ട് പുതിയ റേഡിയോ കൾക്ക് ഓർഡറുകൾ നൽകിത്തുടങ്ങി.
ഇന്ന് നമ്മൾ റേഡിയോയും, ടെലിവിഷനും, എല്ലാം വാങ്ങുന്നത് പോലെ കാശ് കൊടുത്താൽ വീട്ടിൽ കൊണ്ടു പോകുന്നത് പോലെ അത്ര ലളിതമായിരുന്നില്ല അന്ന് കാര്യങ്ങൾ.
ലൈസൻസ് രാജിൻ്റെ കാലമാണ്. റേഡിയോ, ടെലിവിഷൻ, സൈക്കിൾ തുടങ്ങിയവ എന്തും വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാരിൻ്റെ ലൈസൻസ് വേണ്ടിയിരുന്നു.
നമ്മുടെ വീട്ടിൽ ഇരിക്കുന്ന റേഡിയോയ്ക്ക് ലൈസൻസ് ഉണ്ടോയെന്നറിയാൻ ഏത് നിമിഷമാണ് വയർലസ് ഇൻസ്പെക്റ്റർ എന്ന മാരണം കടന്ന് വരുന്നതെന്ന് ഒരു പിടിയുമില്ല.
ലൈസൻസ് ഇല്ലാത്ത റേഡിയോ വയർലസ് ഇൻസ്പെക്ടർ പിടിച്ചെടുക്കും.
റേഡിയോ വാങ്ങുന്നതിന് മാത്രമല്ല, ഉണ്ടാക്കുന്നതിനും, റിപ്പയർ ചെയ്യുന്നതിന് പോലും ലൈസൻസ് ആവശ്യമായിരുന്നു. അതിനാൽ അധികം പേരൊന്നും അന്ന് ഇലക്ട്രോണിക്സ് രംഗത്തേക്ക് കടന്ന് വന്നിരുന്നില്ല.
മുത്തഛൻ സംഘടിപ്പിച്ച് നൽകിയ കെട്ടിടത്തിൽ മാർക്കോണി റേഡിയോസ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ,മുത്തച്ഛന് താനുണ്ടാക്കിയ റേഡിയോ വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട് റേഡിയോ നിർമ്മാണ, റിപ്പയറിങ്ങ് ലൈസൻസ് എടുക്കുകയും, മാർക്കോണി എന്ന പേരിൽ റേഡിയോ ബ്രാൻഡ് രജിസ്റ്റർ ചെയ്യുകയുമാണ് ആദ്യം ചെയ്തത്.
35 രൂപയാണ് അന്ന് ഒരു റേഡിയോ നിർമ്മാണത്തിന് ആവശ്യമായ 6 എണ്ണം അടങ്ങുന്ന ഫുൾ സെറ്റ് വാൽവുകൾക്ക് വേണ്ടത്. ഇത് BEL കമ്പനിയുടെ ഉപയോഗിച്ചു. ഓസ്മോണ്ടിൻ്റെ lF ട്രാൻസ്ഫോർമറുകളും, റീക്കോയുടെ അയേൺ കോർ ട്രിമ്മറുകളും, തിരൂരിൽ നിർമ്മിക്കുന്ന ഫൈ കോറിൻ്റെയും,ബോംബെയിൽ R ഗോവിന്ദൻ എന്ന മലയാളി നടത്തിയിരുന്ന
R .Co കമ്പനിയുടെയും, പവർ ട്രാൻസ്ഫോർമറുകളും, ഫിലിപ്സിൻ്റെ യൂണിവേഴ്സൽ ഔട്ട്പുട്ട് ട്രാൻസ്ഫോർമറും, വിസാർഡ് കമ്പനിയുടെ ഫുൾ റേഞ്ച് സ്പീക്കറുകളും ഉപയോഗിച്ച് നല്ല ഗുണമേൻമയുള്ള വാൽവ് റേഡിയോകൾ സ്വന്തമായി രൂപകൽപ്പന ചെയ്ത സർക്യൂട്ടിൽ സതീഷ് നിർമ്മിച്ച് തുടങ്ങി.
തൻ്റെ തിരക്കുകൾക്കിടയിലും പ്രിലിമിനറി കോളേജ് പഠനം സതീഷ് പൂർത്തിയാക്കി ഡിഗ്രിക്ക് ചേർന്നു. ഡിഗ്രിക്ക് ശേഷം ഇഷ്ട വിഷയമായ ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിന് ചേർന്നെങ്കിലും റേഡിയോ നിർമ്മാണത്തിലെ തിരക്കുകൾ മൂലം അത് പൂർത്തിയാക്കാനൊത്തില്ല.
തിരുനെൽവേലിയിൽ പോയി റേഡിയോയുടെ തകിട് കൊണ്ടുള്ള ചേസിസും, തടിയും പ്ലൈവുഡും, ഗ്ലാസും കൊണ്ടുള്ള ക്യാബിനെറ്റും അന്നത്തെ പോപ്പുലർ മോഡലുകളിൽ കാണാൻ ഭംഗിയുള്ളവയിൽ തൻ്റേതായ മാറ്റങ്ങൾ വരുത്തി നിർമ്മിച്ച് വാങ്ങി.
5 മോഡൽ വാൽവ് റേഡിയോകളാണ് മാർക്കോണി ബ്രാൻഡിൽ നെടുമങ്ങാട് നിന്നും പുറത്തിറങ്ങിയത്. 180 രൂപ മുതൽ 380 രൂപ വരെ വിലയുള്ളവയായിരുന്നു അവ.
2 ബാൻഡ് മുതൽ 5 ബാൻഡ് വരെ സ്റ്റേഷൻ സെലക്ഷനുള്ള AC, DC മോഡൽ റേഡിയോകൾ പുറത്തിറക്കിയിരുന്നു.
ഫിലിപ്സിൻ്റെ കമാൻഡർ എന്ന മോഡലിനോട് രൂപ സാദൃശ്യമുള്ള 6 ഇഞ്ചിൻ്റെ രണ്ട് സ്പീക്കറുകൾ വശങ്ങളിലുള്ള 5 ബാൻഡ് പിയാനോ സ്വിച്ച് സഹിതമുള്ള മോഡലായിരുന്നു. മാർക്കോണിയുടെ ഏറ്റവും പ്രസ്റ്റീജിയസ് മോഡൽ.വിൻ്റേജ് റേഡിയോ കളക്റ്റർമാരുടെ ശേഖരങ്ങളിൽ ഈ മോഡൽ ഇപ്പോഴും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.
റേഡിയോകൾ കൂടാതെ 1970 ൽ വാൽവ് സ്റ്റീരിയോ ആംപ്ലിഫയറുകളും, ഫോണോഗ്രാമുകൾക്കും, റിക്കോഡ് പ്ലെയറുകൾക്കും ആവശ്യമായ വാക്വം ട്വൂബ് പ്രീ ആംപ്ലിഫയറുകളും, HMV പുറത്തിറക്കിയ റെക്കോഡ് പ്ലയർ മെക്കാനിസം ഉപയോഗിച്ച് സ്റ്റീരിയോ, മോണോ റിക്കാർഡ് പ്ലയറുകളും മാർക്കോണി ബ്രാൻഡിൽ പുറത്തിറങ്ങി.
ഒരിക്കൽ വാങ്ങിയവരുടെ വാമൊഴി പരസ്യവും, അതിൻ്റെ ഗുണമേൻമയും നിമിത്തം മാർക്കോണി ബ്രാൻഡ് കേരളത്തിലും, തമിഴ് നാട്ടിലും, പിന്നീട് ദക്ഷിണേന്ത്യ ഒട്ടാകെയും നല്ല പ്രചാരം നേടി.
മലയാളികൾ ധാരാളമായുണ്ടായിരുന്ന സിലോണിലേക്കും, ബർമ്മയിലേക്കും, മാർക്കോണി ബ്രാൻഡിലുള്ള റേഡിയോകൾ ചെന്നെത്തി.
1976 ൽ ഇന്ത്യൻ വിപണിയിലും ട്രാൻസിസ്റ്ററുകളുടെ യുഗം ആരംഭിച്ചതോടെ BEL കമ്പനി വാക്വം ട്യൂബുകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും, വാൽവുകൾ വിപണിയിൽ ലഭ്യമല്ലാതെ വരുകയും ചെയ്തതോടെ 1979 കാലഘട്ടത്തിൽ സതീഷ് ചന്ദ്രൻ മാർക്കോണി ബ്രാൻഡിലെ വാൽവ് റേഡിയോകളുടെ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.
അതോടെ പതിയെപ്പതിയെ മാർക്കോണി എന്ന കേരളത്തിലെ 53 വർഷം മുൻപ് ആരംഭിച്ച ആദ്യത്തെ റേഡിയോ ബ്രാൻഡ് വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു.
തുടർന്ന് സതീഷ് ചന്ദ്രൻ ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളുടെയും,ഇൻവെർട്ടറുകളുടെയും, UPS കളുടെയും വോൾട്ടേജ് സ്റ്റബിലൈസറുകളുടെയും നിർമ്മാണവും ഒപ്പം വാൽവ് റേഡിയോ ,ട്രാൻസിസ്റ്റർ, ടെലിവിഷൻ ,VCR,സർവ്വീസിങ്ങിലേക്കും പൂർണ്ണമായും തിരിയുകയും.. 2012 വരെ സതീഷ് ഇലക്ട്രോണിക്സ് എന്ന തൻ്റെ സ്ഥാപനം വിജയകരമായി നടത്തുകയും ചെയ്തു.
സതീഷ് ചന്ദ്രൻ സാറിൻ്റെ സഹധർമ്മിണി ലൈല, ഏകമകൾ ശിൽപ്പ.70 വയസിനോടടുക്കുന്ന ശ്രീ സതീഷ് ചന്ദ്രൻ സർ ഇപ്പോൾ 10 വർഷമായി തൻ്റെ ഇലക്ട്രോണിക്സ് പണികളൊക്കെ വിട്ട് ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതിയും,കൊച്ച് മക്കളുമായി സമയം ചിലവിട്ടും, തൻ്റെ വിശ്രമജീവിതം തിരുവനന്തപുരത്തെ സ്വന്തം ഫ്ലാറ്റിൽ ചിലവഴിച്ച് വരുകയാണ്.
അദ്ദേഹത്തെ പരിചയപ്പെടുന്നതിനും, സംശയങ്ങൾ പരിഹരിക്കുന്നതിനുമായി 9947811077 എന്ന നമ്പരിൽ Whatsapp മെസേജായോ, ശബ്ദ സന്ദേശമായോ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹം തീർച്ചയായും മറുപടി നൽകും.അസമയങ്ങളിൽ ഫോൺ വിളിച്ച് ശല്യപ്പെടുത്താതിരിക്കുന്നത് നിങ്ങളുടെ മാന്യത. എഴുതിയത് അജിത് കളമശേരി 27.06.2022 [#ajith_kalamassery](https://www.facebook.com/hashtag/ajith_kalamassery/...), #സീനിയർ_ടെക്നീഷ്യൻസ്,

Comments