സ്വപ്നലോകത്തിലെ ബാലഭാസ്കരൻമാർ


 സ്വപ്നലോകത്തിലെ ബാലഭാസ്കരൻമാർ

ഹലോ ഗുയ്സ് ഇന്ന് നമ്മൾക്ക് പറങ്ങാണ്ടി (കശുവണ്ടി ) കൊണ്ട് കൊണ്ട് FM റേഡിയോ ഉണ്ടാക്കാൻ പഠിക്കാം.
ഹോ.. ഹോ... ഹോ... ഗായ് സ് ഇത്ര എളുപ്പമായിരുന്നോ ഈ റേഡിയോ നിർമ്മാണം എന്ന് നിങ്ങൾക്ക് എൻ്റെ ഈ വീഡിയോ കാണുമ്പോൾ സംശയം തോന്നാം.
വീഡിയോ കാണുന്നതിന് മുൻപ് സബ്സ്ക്രൈബ് ചെയ്യുക, ലൈക്ക് ചെയ്യുക, കമൻ്റ് ചെയ്യുക ബൽ ഐക്കൺ ചവിട്ടിപ്പൊട്ടിക്കുക..
റേഡിയോ നിർമ്മിക്കാൻ നമുക്കാവശ്യം നല്ല കായ്ഫലമുള്ള ഒരു പറങ്കിമാവിൻ തോട്ടം കണ്ടെത്തുകയാണ്.
ആരും കാണാതെ വേലി ചാടി പറമ്പിൽ കയറുക .കഴിയാവുന്നത്ര അണ്ടി ശേഖരിക്കുക. അത് മലഞ്ചരക്ക് കടയിൽ കൊടുക്കുക. രണ്ട് മൂന്ന് തവണ ഈ പരിപാടി ആവർത്തിക്കുമ്പോൾ അത്യാവശ്യം ഒരു തുക കയ്യിൽ വരും.
ഈ കാശുമായി നേരേ ഒരു ഇലക്ട്രോണിക്സ് കടയിലേക്ക് പോവുക. വർക്ക് ചെയ്യുന്ന ഒരു FM റേഡിയോ വാങ്ങുക. നേരേ വീട്ടിലേക്ക് ചെല്ലുക റേഡിയോ തുറന്ന് എല്ലാം പീസ് പീസാക്കുക. അത്ര പരിചയമില്ലാത്തവർ വയറുകൾ വിടീക്കുക ,സ്പീക്കർ ഊരുക പോലുള്ള പണികൾ ചെയ്താൽ മതി.
ശേഷം ഊരി വച്ചിരിക്കുന്ന റേഡിയോയുടെ പാർട്ടുകളുടെ പടം എടുക്കുക.
ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുക.വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇടുക അത്യാവശ്യം കൂട്ടുകാർക്കൊക്കെ ഈ പടങ്ങൾ അയച്ച് കൊടുക്കുക. മേക്കിങ്ങ് ഓഫ് FM റേഡിയോ എന്നും എഴുതിയേക്കുക.
വീണ്ടും റേഡിയോ പഴയ പോലെ തിരിച്ച് ഫിറ്റ് ചെയ്യുക. വീണ്ടും പടവും, വീഡിയോയും എടുത്ത് കൂട്ടുകാർക്കയക്കുക. അപ്പോൾ നിങ്ങൾ പറങ്ങാണ്ടി ഉപയോഗിച്ച് റേഡിയോ നിർമ്മിക്കുന്നതെങ്ങിനെയെന്ന് പഠിച്ച് കഴിഞ്ഞു.!
ഇതുപോലുള്ള വിജ്ഞാനപ്രദമായ ,ചീത്തയായ കൊതുക് ബാറ്റ് ഉപയോഗിച്ച് എങ്ങനെ എയർ കണ്ടീഷനർ ഉണ്ടാക്കാമെന്നവീഡിയോയുമായി അടുത്ത ദിവസം കാണാം.
ഇതൊക്കെ കുത്തിയിരുന്നു കണ്ടതിന് ശേഷം അത് പരീക്ഷിക്കുന്ന ചിലരെങ്കിലും കരുതും
താൻ സുഹൃത്തുക്കൾക്കിടയിൽ ഒരു ടെക് പുലിയായി മാറിയിരിക്കുന്നു.
അതോടെ പല പല ഇലക്ട്രോണിക്സ് ഫേസ് ബുക്ക് ,വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായി ചേരും.കുറച്ച് ദിവസം അനങ്ങാതെ ഇരുന്ന് കാര്യങ്ങൾ വീക്ഷിക്കും. തുടന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിക്കും, ആരുടെയെങ്കിലും പോസ്റ്റുകൾക്കിടയിൽ എന്തെങ്കിലുമൊക്കെ തറുതല എഴുതും... പുഛമായിരിക്കും സ്ഥായീഭാവം..
ഏതെങ്കിലും അയ്യോ പാവം അറിയാനുള്ള ആഗ്രഹം കൊണ്ട് എന്തെങ്കിലും ചോദിച്ചാൽ അവനെ ഇനി ഒരു ചോദ്യം എവിടെയും ചോദിക്കാൻ തോന്നാത്ത വിധം അടിച്ചിരുത്തും!
അൽപ്പം കൂടി ആത്മവിശ്വാസം കൈവന്നാൽ
ആരെങ്കിലുമുണ്ടാക്കിയ അസംബിൾഡ് ബോർഡുകൾ വാങ്ങി റിവ്യൂ ചെയ്യാം, ഷോക്കടിപ്പിച്ച് പല്ലിയെ കൊല്ലാം, തവളപിടിക്കാൻ പുതിയ മാർഗ്ഗം, കമ്പി ചൂടാക്കി സോൾഡർ ചെയ്യാം, 5 രൂപായ്ക്ക് ഫാനിൻ്റെ സ്പീഡ് കൂട്ടാം, 25 രൂപക്ക് BLDC ഫാനുണ്ടാക്കാം, 75 പൈസ മുടക്കി ആംപ്ലിഫയറിൻ്റെ മൂളൽ മാറ്റാം ,വെറും 25 രൂപ മുടക്കി ഇലക്ട്രിക് ബൈക്ക് നിർമ്മിക്കാം, 75 രൂപ മുടക്കി സോളാർ പാനൽ സ്വന്തമായി നിർമ്മിക്കാം എന്നിങ്ങനെ സൂകര പ്രസവം പോലെ തുടർച്ചയായി യൂ ട്യൂബ് വീഡിയോകൾ ഉണ്ടാക്കി അപ് ലോഡ് ചെയ്ത് തുടങ്ങും.
നല്ല വിവരമുള്ളവർ ചെയ്യുന്ന ഇംഗ്ലീഷിലുള്ള യൂ ട്യൂബ് വീഡിയോകൾ കണ്ട് അതിൽ നിന്നും ലഭിക്കുന്ന കടു കട്ടി ഇംഗ്ലീഷ് വാക്കുകൾ പുട്ടിന് പീര പോലെ ഇടക്കിടെ ചേർക്കും.ഉദാഹരണത്തിന് ഐസോ ബാറിക് വൂഫർ, ഡൗൺ ഫയറിങ്ങ് , റിവേഴ്സ് ബ്രേക്ക് ഡൗൺ വോൾട്ടേജ്, റിസോണൻസ്, ടൈം കോൺസ്റ്റൻ്റ് പോലുള്ള വാക്കുകൾ ഇടയ്ക്കും, തലയ്ക്കും വാരി വിതറണം. കാണുന്നവന് ഒരന്തവും, കുന്തവും പിടികിട്ടരുത് .രണ്ട് മൂന്ന് പ്രാവശ്യം കണ്ടാലേ അരികും മൂലയുമൊക്കെ മനസിലാക്കാവൂ.. ഓരോ പ്രാവശ്യം കാണുമ്പോഴും നമ്മുടെ വാച്ച് അവറാണ് കൂടുന്നത്
ഏത് തട്ടിപ്പിലും വീഴുന്ന മണ്ടൻമാരായ മലയാളികൾ എത്ര പ്രാവശ്യം കണ്ടാലും ഇത്തരത്തിൽ ആളെപ്പറ്റിക്കുന്ന ടെക്നിക്കൽ വീഡിയോകൾ കാണുന്നത്, സവാള തൊലി പൊളിച്ച് ഉള്ളിലെന്താണെന്ന് നോക്കുന്നത് പോലെ നിരർത്ഥകമാണെന്ന് മനസിലാക്കി വരുന്നതേയുള്ളൂ.
യൂട്യൂബിൽ നിന്നും ലഭിക്കുന്ന ഈസി മണി എന്നത് മാത്രം ലക്ഷ്യമാക്കി മറ്റുള്ളവരുടെ സെറ്റുകൾ തുറന്ന് റിപ്പയർ ചെയ്തുള്ള പരിചയം മാത്രം കൈമുതലാക്കി, പേര് പറയാൻ ഒരാശാൻ പോലുമില്ലാത്ത, മറ്റ് യാതൊരു വിധ ടെക്നിക്കൽ ബാക് ഗ്രൗണ്ടുമില്ലാത്ത ചിലർ ക്ലിക്ക് ബൈറ്റ് കിട്ടാൻ ലക്ഷ്യമാക്കി ആകർഷകമായ തലക്കെട്ടുകളും നൽകി പടച്ച് വിടുന്ന ഇത്തരം വീഡിയോകളുടെ പൊള്ളത്തരം മലയാളികളായ വിജ്ഞാനദാഹികൾ മനസിലാക്കിത്തുടങ്ങിയെന്ന്, ഇത്തരക്കാരുടെ വീഡിയോകളുടെ വ്യൂവർഷിപ്പ് ക്രമാനുഗതമായി കുറഞ്ഞ് വരുന്നതിലൂടെ മനസിലാക്കാൻ കഴിയുന്നുണ്ട്.
ഒരു സോളാർ വീഡിയോയിൽ വീഡിയോക്ക് റിച്ച്നെസ് കിട്ടാനായി മരത്തിൻ്റെ പട്ടികയുടെ ഫ്രെയിമിൽ സോളാർ പാനലിൻ്റെ പടം ഫ്ലക്സടിച്ച് വച്ചിരിക്കുന്ന ചിലവ് കുറഞ്ഞ സോളാർ പാനൽ കാണാനിടയായി. ആകെ ഒരു 100 വാട്ടിൻ്റെ സോളാർ പാനലുണ്ട് മറ്റതെല്ലാം ഫ്ലക് സ്.
വൺ എൻ 4007 ഡയോഡിനെ ഐ.എൻ 4007 എന്നേ മറ്റൊരാൾ പറയൂ.
യൂ ട്യൂബർ മാരിലെ എല്ലാവരും കള്ളനാണയങ്ങളൊന്നുമല്ല. പാവപ്പെട്ട പ്രേക്ഷകർ കാണുന്നത് കൂടുതലും കള്ളനാണയങ്ങളെ ആണെന്ന് മാത്രം.
കാശുണ്ടാക്കാൻ വേണ്ടി മാത്രം ഒരേ തരത്തിൽ പെടുന്ന യൂ ട്യൂബ് വീഡിയോ പടച്ച് വിടുന്ന യൂ ട്യൂബ് ലോകത്തെ ഈ ബാലഭാസ്കരൻമാർ അധികം താമസിയാതെ തന്നെ വിജ്ഞാന കുതുകികളായ ഇലക്ട്രോണിക്സ് പ്രേമികളാൽ തിരസ്കരിക്കപ്പെട്ട് വിസ്മൃതിയുടെ അനന്തതയിൽ വിലയം പ്രാപിക്കുമെന്നാണ് എൻ്റെ വിലയിരുത്തൽ.അജിത് കളമശേരി.

Comments