കോൺപേപ്പർ തെറിച്ച് പോയ സുന്ദരൻ !
1986 കാലം മുതലാണ് നാഷണൽ പാനാസോണിക്, സോണി,JVC മുതലായ ജപ്പാൻ കമ്പനികൾ അക്വാസ്റ്റിക് ഫ്ലാറ്റ് ഡയഫ്രം (AFD) എന്ന ടെക്നിക്കൽ ജാർഗൺ ഉപയോഗിച്ച് ഓഡിയോ സിസ്റ്റങ്ങൾ വിപണിയിലിറക്കി തുടങ്ങിയത്.
ഈ കമ്പനികൾ ഇറക്കിയിരുന്ന ഇതേ മോഡലിലുള്ള സാദാ സ്പീക്കർ ഉപയോഗിക്കുന്ന സിസ്റ്റങ്ങളുടെ മോഡൽ നമ്പറിൽ മാത്രം വ്യത്യാസം വരുത്തി AFD സ്പീക്കർ ബോക്സുകൾ അറ്റാച്ച് ചെയ്ത് പ്രീമിയം വിലയ്ക്ക് വിൽക്കുന്ന മാർക്കറ്റിങ്ങ് സ്റ്റാറ്റർജിയാണ് കമ്പനികൾ ഇവിടെ സ്വീകരിച്ചത്.
വിപണിയിലെത്തിയ AFD സെറ്റുകൾ സംഗീതപ്രേമികൾ വളരെ ആവേശത്തോടെ സ്വീകരിച്ചു.AFD ശുദ്ധസംഗീതത്തിൻ്റെ അവസാന വാക്ക് എന്നെല്ലാം ചിലർ പുകഴ്ത്തി.
എവിടെയുമുണ്ടാകുമല്ലോ സംശയ രോഗികളായ കള്ളത്തിരുമാലികൾ! ഇവർ ഒരേ കമ്പനിയുടെ AFD സ്പീക്കറുകൾ ഉള്ളതും, ഇല്ലാത്തതുമായ സെറ്റുകൾ വാങ്ങി ഒരേ സംഗീതം ഒരേ വോളിയത്തിൽ കേട്ടു നോക്കി. അപ്പോഴാണ് കമ്പനികളുടെ തട്ടിപ്പ് പുറത്തായത്.AFD സെറ്റുകളേക്കാൾ സംഗീത ക്വാളിറ്റി പരമ്പരാഗത റൗണ്ട് കോൺ സ്പീക്കറുകൾക്ക് തന്നെയാണ്.
കൂടാതെ ചതുരത്തിലുള്ള ഫ്ലാറ്റ് കോൺ നിർമ്മിതി മൂലം അതിൻ്റെ 4 കോർണറുകളും ,മദ്ധ്യഭാഗവും വ്യത്യസ്ത ഫ്രീക്വൻസികളിൽ കമ്പനം ചെയ്ത് ശബ്ദത്തിന് അപചയം സംഭവിക്കുന്നുണ്ട് എന്നും ഈ സംശയ രോഗികൾ കണ്ടെത്തി.ഉയർന്ന ശബ്ദത്തിൽ വച്ചാൽ നാല് കോർണറുകളും മറ്റ് അരികുകളും വ്യത്യസ്തമായി കമ്പനം ചെയ്യുന്നതിനാൽ കോൺപേപ്പർ സ്പീക്കർ ഫ്രേമിൽ നിന്ന് പശയുടെ പിടുത്തം വിട്ട് പോയി തകരാറിലാകുന്നതായും ഇവർ കണ്ടെത്തി.
AFD സ്പീക്കർ പൊളിച്ച് നോക്കിയപ്പോൾ കണ്ടത് സാധാരണ റൗണ്ട് കോൺ സ്പീക്കറുകൾ ഒരു ഫ്ലാറ്റ് ഡയഫ്രത്തിലേക്ക് ഒട്ടിച്ച് ചേർത്തിരിക്കുന്നതാണ്.അതായത് പുറം കാഴ്ചയിൽ മാത്രമാണ് AFD അകത്ത് സാദാ സ്പീക്കർ തന്നെ.
ഈ വിവരം ഇവർ പ്രശസ്ത ഓഡിയോ മാഗസിനുകളിൽ റിവ്യൂ ആയി എഴുതി ഓഡിയോപ്രേമികൾക്കിടയിൽ പാട്ടാക്കിയതോടെ പാനാസോണിക്കിൻ്റെയും സോണിയുടെയുമൊക്കെ AFD സ്പീക്കർ ഉപയോഗിച്ച് അധിക വില വാങ്ങിയുള്ള തട്ടിപ്പ് അവർക്ക് അധികകാലം തുടരാനായില്ല.
ഉച്ചത്തിൽ പാട്ട് വച്ച് കോൺപേപ്പർ തെറിച്ച് പോയ AFD സെറ്റുകൾക്ക് പകരം സാദാ സ്പീക്കർ സെറ്റ് നൽകി കമ്പനികൾ തലയൂരി.
ഇതോടെ പ്രമുഖ കമ്പനികൾ AFD സെറ്റുകളുടെ നിർമ്മാണവും, വിതരണവും അവസാനിപ്പിച്ചു.കമ്പനി ഗോഡൗണുകളിൽ ഉണ്ടായിരുന്നവ ഗ്യാരണ്ടി കൊടുക്കാതെ കുറഞ്ഞ വിലയിൽ വിറ്റഴിച്ചു. ഇപ്പോഴും നേരം വെളുക്കാത്ത ചിലർ AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾ കയ്യിലുള്ള കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകി മോഹവിലയ്ക്ക് സ്വന്തമാക്കാൻ പരക്കം പായുന്നു.
AFD സെറ്റുകൾ ഇപ്പോൾ എന്തേ ഇറക്കാത്തത് എന്ന ചോദ്യത്തിന്… ഒരു സിനിമയിൽ പണ്ട് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത് പോലെ.. അയ്യോ അതൊന്നും ഓർമ്മിപ്പിക്കല്ലേ… എൻ്റെ സിവനേ… എന്ന് പറഞ്ഞ് തലയൂരുകയാണ് ഈ കമ്പനികൾ!
ഒരു കളക്റ്റേഴ്സ് ഐറ്റം എന്നല്ലാതെ AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾക്ക് അത്ര പ്രാധാന്യം ഒന്നുമില്ല. വർക്ക് ചെയ്യാത്ത ഒരു സെറ്റ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കളക്ഷനിൽ മുതൽകൂട്ടുക. ദിവസേന പാട്ട് കേട്ടാൽ പഴയ സ്പീക്കറിൻ്റെ കോൺ പേപ്പർ എപ്പോൾ തെറിച്ച് പോയി എന്ന് നോക്കിയാൽ മതി. ഇവൻ അത്ര സൂപ്പറായാരുന്നെങ്കിൽ ഇപ്പോഴും AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾ വിപണിയിൽ സുലഭമായി കിട്ടുമായിരുന്നല്ലോ എന്ന് ബുദ്ധിയുള്ളവർ മനസിലാക്കും. എഴുതിയത് അജിത് കളമശേരി. #vintage, #Ajith_Kalamassery.
Comments
Post a Comment