ഇലക്ട്രോണിക്സ് ചെറുകിട സംരംഭങ്ങൾ - 2 BLDC Fan PCB


 
ഫാനിൽ ഒരു ബിസിനസ് അവസരം..
BLDC അഥവാ ബ്രഷ് ലസ് ഡയറക്റ്റ് കറണ്ട് സീലിങ്ങ് ഫാനുകൾ കേരള വിപണിയിൽ സുലഭമായി തുടങ്ങിയിട്ട് 7 വർഷത്തോളമായി. എങ്കിലും അടുത്ത പഞ്ചായത്തിൽ ഇടിമിന്നൽ ഉണ്ടായാൽ നമ്മുടെ വീട്ടിലെ BLDC ഫാനും അടിച്ച് പോകുമെന്ന ധാരണ മാറിത്തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷങ്ങളേ ആയിട്ടുള്ളൂ.
ഇപ്പോൾ ധാരാളം പേർ അൽപ്പം വില കൂടുതലാണെങ്കിലും കറണ്ട് കാശിൽ വരുന്ന ലാഭം കണ്ട് ഇലക്ട്രിക് കടകളിൽ ചോദിച്ച് വാങ്ങുന്ന ഉൽപ്പന്നമായിട്ടുണ്ട് BLDC ഫാനുകൾ.
സീലിങ്ങ് ഫാൻ മാത്രമല്ല, ടേബിൾഫാൻ, വാൾ ഫാൻ, പെഡസ്റ്റൽ ഫാൻ, എന്തിന് വെള്ളമടിക്കുന്ന പമ്പ് സെറ്റും, അടുക്കളയിലെ മിക്സിയും, എയർ കണ്ടീഷണറും, വാഷിങ്ങ് മെഷീനും, ഫ്രിഡ്ജുമെല്ലാം BLDC ടെക്നോളജിയിലുള്ളവ ധാരാളമായി വിപണിയിലുണ്ട്.
BLDC യോടുള്ള അകൽച്ച ലക്ഷക്കണക്കിന് BLDC ഫാനുകൾ ഓൺലൈനായും, ഓഫ് ലൈനായും വാങ്ങി കേരള ജനത മറികടന്നു കഴിഞ്ഞു.
5 വർഷം ഗ്യാരണ്ടി മിക്ക കമ്പനികളും നൽകുന്നുണ്ട് എന്നതിനാൽ ഇത് വാങ്ങിയാൽ 5 വർഷത്തേക്ക് തലവേദനയില്ലല്ലോ എന്ന ധൈര്യം വാങ്ങുന്നവർക്കും ഉണ്ടായിത്തുടങ്ങി.
സാധാരണ സീലിങ്ങ് ഫാനുകൾ മണിക്കൂറിൽ 60 മുതൽ 100 വരെ വാട്സ് വൈദ്യുതി ഉപയോഗിക്കുമ്പോൾ BLDC ഫാൻ ഫുൾ സ്പീഡിൽ 32 വാട്ട് കറണ്ടേ ഉപയോഗിക്കുന്നുള്ളൂ.
സാദാ ഫാനുകൾ കുറഞ്ഞ വേഗതയിലും കൂടിയ വേഗതയിലും ഒരേ വൈദ്യുതി ഉപയോഗിക്കുമ്പോൾ വിപണിയിൽ ഏറ്റവും വിൽക്കുന്ന ഒരു കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ BLDC ഫാനുകൾ കുറഞ്ഞ സ്പീഡിൽ 4 വാട്ടും, . കൂടിയ വേഗതയിൽ 32 വാട്ടും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ടെസ്റ്റ് റിപ്പോർട്ട് ചിത്രത്തിൽ.
അതായത് ദിവസം 10 മണിക്കൂർ കറങ്ങുന്ന സാദാ ഫാൻ 2 മാസം കൊണ്ട് 50 യൂണിറ്റ് കറണ്ടുപയോഗിക്കുമ്പോൾ സ്പീഡ് 3 ൽ ഇട്ട BLDC 2 മാസം കൊണ്ട് 10 യൂണിറ്റ് കറണ്ടേ ആഹരിക്കൂ.
5 ഫാനുള്ള ഒരു വീട്ടിൽ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ ഇവ വാങ്ങിയ കാശിലുമധികം തുക കറണ്ട് ചാർജിനത്തിൽ ലാഭിക്കാനാകും.
എൻ്റെ വീട്ടിൽ ആറ്റംബർഗിൻ്റെ 4 BLDC ഫാനുകൾ അഞ്ച് വർഷത്തിൽ അധികമായി ഉപയോഗത്തിലുണ്ട്. ഇവ അവധി ദിവസങ്ങളിൽ 24 മണിക്കൂറും ,പ്രവർത്തി ദിവസങ്ങളിൽ 12 മണിക്കൂറും കറങ്ങുന്നുണ്ട്. കോവിഡ് സമയത്ത് മാസങ്ങളോളം നിറുത്താതെ കറങ്ങിക്കൊണ്ടിരുന്നു.
കറണ്ട് പോകുന്ന സമയത്ത് മാത്രമേ കറക്കം നിലച്ചിട്ടുള്ളൂ.
ഇടിമിന്നൽ ഏശാതിരിക്കാനായി ശക്തമായ മിന്നലുള്ളപ്പോൾ മെയിൻ സ്വിച്ച് ഓഫാക്കിയിടുന്ന കാര്യം ശ്രദ്ധിച്ചിരുന്നു.
5 വർഷം കഴിഞ്ഞിട്ടും ഫാനുകൾക്ക് തകരാറൊന്നുമില്ല.ഇത്രനാൾ കൊണ്ട് ഇവ വാങ്ങിയ കാശ് എന്തായാലും മുതലായിട്ടുണ്ട്.
ഒരേ കമ്പനി ഫാനുകൾ തന്നെ വാങ്ങിയത് എല്ലായ്പ്പോഴും കാണാതെയാകുന്ന ഫാനിൻ്റെ റിമോട്ട് എന്ന കുട്ടിച്ചാത്തനെ വരുതിയിലാക്കാനാണ്. ഏതെങ്കിലും ഒരു റിമോട്ട് കണ്ട് കിട്ടിയാൽ എല്ലാ ഫാനും നിയന്ത്രിക്കാം എന്നതാണ് സൗകര്യം.
പെട്ടെന്ന് ചീത്തയായി പോകും അതിനാൽ എന്ത് വന്നാലും ഇത്തരം ഇലക്ട്രോണിക് ഫാനുകൾ വാങ്ങില്ല എന്ന നിർബന്ധ ബുദ്ധിയുള്ള ചിലരുണ്ട്. അധികം താമസിയാതെ ഇന്ത്യാ ഗവൺമെൻ്റ് ഐ എസ് മുദ്രയും, 5 സ്റ്റാർ റേറ്റിങ്ങുള്ള ഫാനുകൾ മാത്രമേ വിൽക്കാവൂ എന്ന നിയമം കർശനമാക്കുമ്പോൾ നമ്മുടെ വിപണിയിൽ നിന്ന് ബൾബുകളും,CFL കളും അപ്രത്യക്ഷമായതു പോലെ സാദാ ഫാനുകളും മൺ മറഞ്ഞ് പോകുമ്പോൾ അവരും ഇവ വാങ്ങാൻ നിർബന്ധിതരായി തീരും !.
ഇത്രയും വലിയ ആമുഖം എഴുതിയത്. BLDC യുടെ ഗുണ ഗണങ്ങൾ വർണ്ണിക്കാനല്ല വേറൊരു കാര്യം പറയാനാണ്.
ഇത്തരം ഇലക്ട്രോണിക് ഫാനുകൾ കേരളത്തിൽ ഇറങ്ങിത്തുടങ്ങിയിട്ട് 7 വർഷം കഴിഞ്ഞുവെന്ന് നേരത്തേ പറഞ്ഞു. ആദ്യമാദ്യം ഫാനുകൾ വാങ്ങിയവരുടെ ഗ്യാരണ്ടി പീരിയ ഡെല്ലാം കഴിഞ്ഞു.ധാരാളം ഫാനുകൾ തകരാറിലാകുന്നുണ്ട്.
ആർക്കും നന്നാക്കാനറിയാത്തതിനാലും, ഇനി അറിഞ്ഞാൽ തന്നെ സ്പെയറുകൾ കിട്ടാത്തതിനാലും ഇത്തരം ഫാനുകൾക്ക് എന്തെങ്കിലും തകരാർ പറ്റിയാൽ അത് അക്രിക്കാർക്ക് കൊടുത്ത് വേറേ വാങ്ങേണ്ട ഗതികേടിലാണ് മിക്കവരും.
ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുന്നതിനാണ് എന്ന് പറയുമ്പോലെ ഫാൻ തകരാറിലാകുന്നതിൽ, അല്ലെങ്കിൽ തകരാറിലാകുമെന്ന കസ്റ്റമറുടെ ഭീതിയിൽ ഒരു വൻ ബിസിനസ് അവസരം ഒളിച്ചിരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഗ്യാരണ്ടിയുള്ള യൂണിവേഴ്സൽ BLDC റീപ്ലേസ്മെൻ്റ് PCBകൾ വലിയ വിലയില്ലാതെ ഡൽഹിയിലെ ഇലക്ട്രോണിക്സ് ഹോൾസെയിൽ മാർക്കറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഇതിൽ ഒരു ബിസിനസ് അവസരം ഒളിച്ചിരിക്കുന്നുണ്ട്.സാങ്കേതിക തൽപ്പരർക്ക് ഇത്തരം റീപ്ലേസ് മെൻ്റ് PCB കൾ വാങ്ങി തകരാറിലായ ഫാനുകൾക്ക് മാറ്റിയിട്ട് കൊടുക്കുന്ന ഒരു പുതിയ ബിസിനസ് ആരംഭിക്കാവുന്നതാണ്.
അല്ലെങ്കിൽ ഓരോ ഫാനിനും ഒരു നിശ്ചിത തുക വാങ്ങി ഓരോ വീട്ടിലെയും BLDC ഫാനുകളുടെ
AMC ( ആനുവൽ മെയിൻ്റനൻസ് കോൺട്രാക്റ്റ് )പിടിക്കാം.. കൂടുതൽ AMC കിട്ടിയാൽ ഇത് തുടങ്ങുന്നവരുടെ റിസ്ക്ക് അത്രയും കുറയും. താൽപ്പര്യമുള്ളവർ ശ്രമിച്ച് നോക്കൂ.
ഈ സൈറ്റുകളിൽ കാണുന്നത് റീട്ടെയിൽ വിലകളാണ്. ഹോൾസെയിൽ വിലകൾ നല്ല കുറവാണ്.ഇന്ത്യാ മാർട്ടിൻ്റെ സൈറ്റിൽ പരതിയാലും കുറച്ച് കമ്പനികളുടെ വിലാസം കിട്ടും .Ajith Kalamassery

Comments