ഇനി കുറച്ച് പഴയ പാട്ട് കേൾക്കട്ടെ!


 

സംഗീതം വളരെ ഇഷ്ടമാണെങ്കിലും നാളുകളായി പാട്ട് കേട്ടുകൊണ്ടിരുന്നത് സ്വന്തമായി അസംബിൾ ചെയ്തെടുത്ത സെറ്റുകളിലൂടെയും, ചെറിയ ബ്ലൂടൂത്ത് സ്പീക്കറുകളിലൂടെയുമാണ്.
ഇലക്ട്രോണിക്സ് പണിപ്പുരയിൽ ഇരിക്കുമ്പോൾ കൈവശമുള്ള അക്രികളിലൂടെയും (വിൻ്റേജ് ഓഡിയോ സെറ്റുകൾ) പാട്ട് കേൾക്കും.
വീട്ടിലുള്ളപ്പോൾ കൂടിയ സമയവും കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കുന്നതിനാൽ തൽസമയം ഒരു ചെറിയ ബ്ലൂ ടൂത്ത് സ്പീക്കർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വച്ചിരിക്കുന്ന പഴയ മ്യൂസിക് കളക്ഷൻ കേൾക്കും.
വീട്ടിനുള്ളിലേക്ക് അക്രി സാധനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നതിനാൽ കുറച്ച് ശബ്ദമാധുര്യത്തോടെയും, പഴയ തരംഗിണി കാസറ്റുകളിലെ സ്റ്റീരിയോ ഇഫക്റ്റിലും പാട്ടുകൾ കേട്ട കാലം മറന്നു.
അങ്ങനെയിരിക്കുമ്പോഴാണ് എൻ്റെയൊരു സുഹൃത്തായ കളമശേരിയിൽ ഫിറ്റ്പാക്ക് ഓഡിയോസ് എന്ന സ്ഥാപനം നടത്തുന്ന ബിജുവിനോട് സംസാര മദ്ധ്യേ ഈ സങ്കടം പറഞ്ഞത്.
നല്ല രീതിയിലുള്ള ഹൈ എൻഡ് ഓഡിയോ സിസ്റ്റംസിൻ്റെ ഡീലറായ ബിജു ഉടൻ ഒരു പരിഹാരം നിർദ്ദേശിച്ചു.
ബ്ലോപങ്കിൻ്റെ TVSB-01 എന്നൊരു സൗണ്ട് ബാർ മോഡലുണ്ട്. കിടിലൻ ശബ്ദമാണ് ,സ്പീക്കറുകൾ ഏതാണ്ട് മുക്കാൽ മീറ്റർ അകലത്തിൽ വച്ചിരിക്കുന്നതിനാൽ നല്ല സ്റ്റീരിയോ ഇഫക്റ്റും ലഭിക്കും.പിന്നെ കമ്പ്യൂട്ടർ ടേബിളിൽ ഒരു ശല്യവുമില്ലാതെ ഇരുന്നോളും 6 സെൻ്റിമീറ്റർ വീതിയും അത്ര തന്നെ ഉയരവുമേയുള്ളൂ നല്ല സ്ലീക്ക് ഡിസൈനാണ്.
7000 രൂപയാണ് MRP എന്നാൽ അവൻ 50 എണ്ണം ഒന്നിച്ചെടുത്തതിനാൽ പ്രത്യേക ഓഫർ റേറ്റിൽ കിട്ടി അതിനാൽ എനിക്ക് 2800 രൂപക്ക് തരാം..
ബ്ലോപങ്ക് പഴയ ജർമ്മൻ ബ്രാൻഡാണ് ,ഓഡിയോയിൽ പണ്ട് കിടിലമായിരുന്നു. ഇപ്പോൾ എങ്ങനെയോ, എന്തോ? ഞാനൊന്ന് സംശയിച്ചു.തരംഗിണിയുടെ പഴയ ഉൽസവഗാനമായ യേശുദാസ് ആലപിച്ച അമാവാസിനാളിൻ്റെ വേവ് ഫയൽ അങ്ങോട്ട് പ്ലേ ചെയ്തു.
കാതുകളെ വിശ്വസിക്കാനായില്ല. തിരക്കേറിയ ഹൈവേ സൈഡിലുള്ള ആ ഷോപ്പിലെ ശബ്ദ ബഹളങ്ങൾക്കിടയിൽ നിന്ന് കേട്ടിട്ട് പോലും യേശുദാസിൻ്റെ ഗാംഭീര്യമേറിയ ശബ്ദമാധുരി പഴയ കാസറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന വാം സൗണ്ടോടെ ഒഴുകി പരന്ന് മനസിനെ വേറേ ഏതോ ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പോലെ തോന്നി. ചെണ്ടയും, ഇടയ്ക്കയും, വയലിനുമെല്ലാം പഴയ കാല സ്റ്റീരിയോ ഇഫക്റ്റോടെ സൗണ്ട് ബാറിൻ്റെ ഇരുവശങ്ങളിലും നിന്ന് പ്രവഹിക്കാൻ തുടങ്ങി.
ഒറ്റ പാട്ടിൽ തന്നെ ബ്ലോപങ്കിൻ്റെ ശബ്ദമാധുരിയിൽ മയങ്ങി അത് പാക്ക് ചെയ്ത് വാങ്ങി വീട്ടിലേക്ക് മടങ്ങി.
ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. ഞാൻ കമ്പ്യൂട്ടർ ടേബിളിൽ എൻ്റെ ലാപ് ടോപ്പിന് പുറകിലായി അവെനെ സുരക്ഷിതമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചയായി ഞാൻ വീട്ടിലുള്ള പ്പോഴെല്ലാം വിശ്രമരഹിതമായി സൗണ്ട് ബാർ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
ഇത് പഴയ കാല രീതിയിലുള്ള കാസറ്റ് കാലത്തെ വാം സൗണ്ട് ലഭിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്തിരിക്കുന്ന മ്യൂസിക് മോഡുള്ള സൗണ്ട് ബാറാണെന്ന് പിന്നീട് നെറ്റിൽ പരതിയപ്പോൾ മനസിലായി.
ഈ സൗണ്ട് ബാറിനൊപ്പം വീട് കുലുക്കാനുള്ള സബ് വൂഫർ ലഭ്യമല്ല! പഴയ രീതിയിലുള്ള സംഗീതാസ്വാദനമാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് ഈ സൗണ്ട് ബാർ ധൈര്യമായി വാങ്ങാം. കുറഞ്ഞ സ്പേസിൽ ഒതുങ്ങിയിരുന്ന് അവൻ അവൻ്റെ ജോലി ചെയ്ത് കൊള്ളും.
ഇലക്ട്രോണിക്സ് പണിക്കാരുടെ സ്വതസിദ്ധമായ ജിജ്ഞാസ അവനെ തുറന്ന് നോക്കാൻ പ്രേരിപ്പിച്ചു.40 + 40 വാട്ട് ക്ലാസ് D ആമ്പാണ് ഉള്ളിൽ ഒപ്പം തന്നെ അതിന് യോജിച്ച ഒരു SMPSമുണ്ട്. രണ്ടര ഇഞ്ചിന് രണ്ട് ഓവൽ ഷേപ്പ് സ്പീക്കറുകൾ ബാറിൻ്റെ ഇരുവശങ്ങളിലുമായി ഉണ്ട്. ചൈനാ നിർമ്മിതമാണ് സെറ്റ് എങ്കിലും ബ്ലോപങ്ക് എന്ന കമ്പനിയുടെ ബിൽഡ് ക്വാളിറ്റി കാണാനുണ്ട്. ഫുൾ വോളിയത്തിലും ശബ്ദത്തിന് ചിലമ്പലൊന്നുമില്ല.ഫുൾ ഫംങ്ങ്ഷൻ റിമോട്ട് കൺട്രോൾ ഒപ്പം ലഭ്യമാണ്. USB കുത്തി പാട്ട് കേൾക്കാനുള്ള സൗകര്യവും, അൽപ്പം ചില കൺട്രോളുകളും ഒരു വശത്തായി പ്രൊവൈഡ് ചെയ്തിട്ടുണ്ട്.
ഒരു വർഷം ഗ്യാരണ്ടിയുണ്ട്. അത് കഴിഞ്ഞാൽ കാര്യം പോക്കാണ്. ലക്ഷണം കണ്ടിട്ട് നന്നാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അൽപ്പം സാങ്കേതിക വിവരമുള്ളവർക്ക് വേറേ വല്ല ക്ലാസ് D ബോർഡും കയറ്റി ഉപയോഗിക്കാം. ഏതായാലും കൊടുക്കുന്ന കാശിനുള്ള മുതലുണ്ട്. അഞ്ചെട്ട് മണിക്കൂർ തുടർച്ചയായി പാട്ട് വച്ചിട്ടും ഉള്ളിലുള്ള ഒന്നും തന്നെ ചൂടാകുന്നതായി കണ്ടില്ല. ഏതായാലും വർഷങ്ങൾക്ക് ശേഷം പഴയ കാസറ്റ് കാലം തിരിച്ച് കിട്ടിയ അനുഭൂതി. ശരി അപ്പോൾ ഇനി കുറച്ച് പഴയ പാട്ട് കേൾക്കട്ടെ!.അജിത് കളമശേരി.

Comments