ചിപ്പ് നിർമ്മാണത്തിന് നിയോൺ ഗ്യാസ് പ്രതിസന്ധി.


 

ചിപ്പ് നിർമ്മാണത്തിന് നിയോൺ ഗ്യാസ് പ്രതിസന്ധി.
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഓഡിയോ, -വീഡിയോ ,കാർ ECU അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിലകൾ ഉയരും
കോവിഡ് മൂലമുള്ള ഷട്ട് ഡൗണും ലോക്കൗട്ടുകളും മൂലം ലോകമാകമാനം സിലിക്കോൺ ചിപ്പുകൾക്ക് വളരെ വലിയ രീതിയിൽ ഷോർട്ടേജ് അനുഭവപ്പെട്ടിരുന്നു.
ഇത് മൂലം ആപ്പിൾ അടക്കമുള്ള മൊബൈൽ നിർമ്മാണ കമ്പനികൾക്ക് അവരുടെ പുതിയ മോഡലുകളുടെ നിർമ്മാണം വൈകിപ്പിക്കേണ്ടി വന്നു. കാർ നിർമ്മാതാക്കൾക്ക് ECUചിപ്പുകളുടെ ലഭ്യതക്കുറവ് മൂലം നിർമ്മാണത്തിൽ വൻ വെട്ടിക്കുറവ് വരുത്തേണ്ടി വന്നു.
ചിപ്പുകളുടെ ദൗർലഭ്യം മുതലെടുത്ത് നിർമ്മാതാക്കൾ പഴയ സ്റ്റോക്കിന് പോലും വില ഉയർത്തിയതിനാൽ ഓഡിയോ -വീഡിയോ -ഗെയിമിങ്ങ് -പേഴ്സണൽ കമ്പ്യൂട്ടിങ്ങ് ഉപകരണങ്ങൾക്ക് കാര്യമായ രീതിയിൽ വില ഉയർന്നു.
ഈ പ്രതിസന്ധിയിൽ നിന്ന് ലോകം പതിയെ കരകയറി വരുന്നതിനിടെ ഇതാ മറ്റൊരശനിപാതം ചിപ്പ് നിർമ്മാണത്തിന് വീണ്ടും ഇടങ്കോലിട്ടിരിക്കുന്നു.
നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ചിപ്പ് നിർമ്മാണത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേജായ സിലിക്കോൺ പ്രതലത്തിലേക്ക് ലേസർ ഉപയോഗിച്ച് കോമ്പോണെൻ്റുകൾ പ്രിൻ്റ് ചെയ്യുന്ന ലിത്തോഗ്രാഫി ഘട്ടത്തിൽ സിലിക്കോൺവേഫറിൻ്റെ സർഫസ് ടെമ്പറേച്ചർ ഏറ്റവും മിനിമത്തിൽ പിടിച്ച് നിറുത്തുന്നതിനുള്ള കൂളിങ്ങ് ക്രയോജനിക് ഏജൻ്റായി ഉപയോഗിക്കാൻ ലഭ്യമായഏറ്റവും വിലക്കുറഞ്ഞതും, ഉപയോഗിക്കാൻ സൗകര്യപ്രദവുമായതും, യാതൊരു രാസപ്രവർത്തനത്തിലും പങ്കാളിയുമാകാത്ത നിഷ്ക്രിയ വാതകമായ നിയോൺ ഗ്യാസിന് ലോക വ്യാപകമായി ഷോർട്ടേജ് നേരിട്ടതാണ് ഇത്തവണത്തെ ചിപ്പ് ദൗർലഭ്യത്തിന് കാരണം.
ഇതിന് കാരണമോ റഷ്യ -ഉക്രൈൻ യുദ്ധവും! ലോകത്തിലെ ഏറ്റവുമധികം നിയോൺഗ്യാസ് പ്രൊഡക്ഷൻ നടത്തുന്നത് ഉക്രൈനായിരുന്നു.
ഉക്രൈനിലെ മരിയുപോളിലുള്ള ഇൻഗ്യാസ് എന്ന കമ്പനിയും, ഒഡേസയിലുള്ള ക്രയോയിൻ എന്ന കമ്പനിയുമാണ് ലോക സെമികണ്ടക്ടർ മാർക്കറ്റിനാവശ്യമായതിൽ 65 ശതമാനത്തോളം ലിക്വിഡ് നിയോൺ പ്രൊഡക്ഷൻ നടത്തിയിരുന്നത്.
കമ്പനികൾ സ്ഥിതി ചെയ്യുന്ന മരിയുപോളും, ഒഡേസയും റഷ്യയുടെ വ്യോമാക്രമണ പരിധിയിൽ പെട്ടതോടെ രണ്ട് കമ്പനികളും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്.
മറ്റ് നിയോൺ ഉൽപ്പാദക രാജ്യങ്ങളായ ജർമ്മനിയും, അമേരിക്കയും ,ചൈനയുടെയും അവരുടെ നിയോൺ പ്രൊഡക്ഷൻ; ശേഷിയുടെ പരമാവധിയിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും വൻകിട ചിപ്പ് നിർമ്മാതാക്കളായ സാംസങ്ങ് ,ഇൻ്റൽ, TSMC എന്നിവരുടെ ആവശ്യങ്ങൾക്ക് ഇത് മതിയാകാതെ വന്നിരിക്കുകയാണ്.
പുതിയ നിയോൺ പ്ലാൻ്റുകൾ സ്ഥാപിച്ച് ശേഷി ഉയർത്തണമെങ്കിൽ 9 മാസം മുതൽ രണ്ട് വർഷം വരെ കാത്തിരിക്കേണ്ടി വരും. റഷ്യൻ ഇരുമ്പുരുക്ക് കമ്പനികളുടെ ബൈപ്രോഡക്ടറ്റുകൾ ഉപയോഗിച്ചാണ് ഉക്രൈൻ നിയോൺ നിർമ്മിച്ചിരുന്നത് ,തൻമൂലം ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉക്രെൻ നിർമ്മിത നിയോൺഗ്യാസ് ലഭിച്ചിരുന്നു.
അന്തരീക്ഷ മർദ്ദത്തോട് ഏറ്റവും അടുത്ത പ്രഷറിലും, അന്തരീക്ഷ താപനിലയോട് അടുത്ത പനിലയിലും ലിക്വിഡ് ക്രയോജനിക് സ്വഭാവം നിലനിറുത്തുന്നു ,കൂടാതെ യാതൊരു പ്രവർത്തനത്തിലും ഏർപ്പെടാത്ത നിഷ്ക്രിയ വാതകം എന്ന സ്വഭാവ ഗുണവും ചിപ്പ് നിർമ്മാണത്തിൽ നിയോൺ കൂളിങ് ഏജൻ്റായി ഉപയോഗിക്കാൻ കാരണം.
റഷ്യയോടുള്ള അടുപ്പവും, റഷ്യൻ ടെക്നോളജി ഉപയോഗിക്കുന്ന ബൊക്കാറോ, ഭിലായി പോലുള്ള വൻകിട സ്റ്റീൽ പ്ലാൻ്റുകൾ ഇന്ത്യയിൽ ഉണ്ട് എന്നുള്ളതിനാലും ഈ പ്രതിസന്ധി ഇന്ത്യക്ക് ലോക നിയോൺ നിർമ്മാണ രാജ്യങ്ങളുടെ മുൻനിരയിലേക്കെത്താൻ ഒരവസരമായി മാറിയേക്കാം.അജിത് കളമശേരി.

Comments