അക്രിയുടെ രാജാക്കൻമാർ


 

അക്രിയുടെ രാജാക്കൻമാർ
കഴിഞ്ഞൊരു ദിവസം എറണാകുളത്തിൻ്റെ പ്രാന്തപ്രദേശമായ പച്ചാളം എന്ന സ്ഥലത്ത് കൂടി പോയപ്പോൾ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു.
ഒരക്രി കടയിൽ കുറേ അധികം വാൽവ് റേഡിയോകൾ തല്ലിപ്പൊളിച്ച് ഇരുമ്പ് വേറേ, ക്യാബിനറ്റ് വേറേയായി കൂട്ടിയിട്ടിരിക്കുന്നു.
ഒരു ബങ്കാളിയിരുന്ന് ചുറ്റിക കൊണ്ട് അടകല്ലിൽ വച്ച് ഈ റേഡിയോകളിൽ നിന്നൂരിയ വാക്വം ട്യൂബുകൾ തല്ലിപ്പൊളിച്ച് അതിനുള്ളിലെ അൽപ്പ മാത്രമായ ലോഹ ഭാഗങ്ങൾ വേർതിരിക്കുന്നു.( റെഡ് മെർക്കുറി ഉണ്ടോയെന്ന് പരിശോധിക്കുകയാകാം!)
എല്ലാ റേഡിയോയും പൊളിച്ച് കഴിഞ്ഞു. ലോഹ ഭാഗങ്ങൾ വേർതിരിക്കുന്ന പണിയാണ് ബാക്കിയുള്ളത്. ഇത് കണ്ട ഞാൻ ബൈക്ക് അവിടെ നിറുത്തി ആ കടയിലേക്ക് കയറി അതിൻ്റെ ഉടമയും പരിചയക്കാരനുമായ മുസ്തഫയോട് വിവരങ്ങൾ തിരക്കി.
അദ്ദേഹം പറഞ്ഞു, ഏതാണ്ട് നൂറോളം റേഡിയോകൾ ഉണ്ടായിരുന്നു. ഇത്രയും റേഡിയോകൾ സൂക്ഷിച്ച് വയ്ക്കാൻ ഇവിടെ സ്ഥലമില്ല.. പിന്നെ റേഡിയോകളെല്ലാം പരിതാപകരമായ അവസ്ഥയിലാണ് എനിക്ക് കിട്ടിയത്. എല്ലാം ചിതലെടുത്തും, മഴ കൊണ്ടും നശിച്ചിരുന്നു. അത്യാവശ്യം ഷേപ്പ് ഉള്ളതെല്ലാം ആരൊക്കെയോ വന്ന് പെറുക്കിക്കൊണ്ട് പോയി.
ഇതെല്ലാം എവിടെ നിന്ന് കിട്ടി?
ഇവിടെയടുത്തൊരു ആംഗ്ലോ ഇന്ത്യൻ ഉണ്ടായിരുന്നു ഗോൺസാൽവസ് സായിപ്പ്. പൂത്ത കാശാ അങ്ങേർക്ക്. വട്ട് മൂക്കുമ്പോൾ നാടായ നാടെല്ലാം കറങ്ങി നടന്ന് ചോദിക്കുന്ന കാശ് കൊടുത്ത് ഇതുപോലുള്ള പഴയ റേഡിയോകൾ മേടിച്ചോണ്ട് വരും. എന്നിട്ട് തൂത്ത് തുടച്ച് അതിൻ്റെ കേടായ പാർട്സുകളാക്കെ മാറ്റി അത് പാടിക്കും.. എന്നിട്ട് സൂക്ഷിച്ച് വയ്ക്കും.
അങ്ങേരുടെ രണ്ട് നില വീട് മുഴുവൻ ഇതുപോലുള്ള അക്രി സാധനങ്ങളായിരുന്നു.
സായിപ്പിൻ്റെ ഈ പ്രാന്തിൽ ഭാര്യക്കും പിള്ളേർക്കുമെല്ലാം വലിയ എതിർപ്പായിരുന്നു.
പക്ഷേ സാമ്പത്തികമായും, ആരോഗ്യപരമായും സമ്പന്നനായ അങ്ങേരോട് നേരിട്ട് എതിർപ്പ് പ്രകടിപ്പിക്കാൻ ഇവർക്കാകുമായിരുന്നില്ല.
എതിർത്താൽ അങ്ങേര് അവരെ വീട്ടിൽ നിന്നും ഇറക്കി വിടും.
പിന്നെ ഇതെങ്ങിനെ ഇക്കായ്ക്ക് കിട്ടി.. അങ്ങേര് ചത്തോ?
ചത്തു.!
കോവിഡ് ബാധിച്ച് അഞ്ചാറ് മാസം മുൻപ് സായിപ്പ് മരിച്ചു. അടക്കം കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം ഭാര്യയും മക്കളും, മക്കളുടെ ഭാര്യമാരും ചേർന്ന് എല്ലാ അക്രിയും തൂത്ത് വാരി മുറ്റത്തിട്ടു.വീടിന് കുറച്ച് മെയിൻ്റനൻസ് പണി നടത്തി പെയിൻ്റടിച്ചു. എന്നിട്ട് വീട് വിറ്റ് കാശ് ഭാഗിച്ചെടുത്തു. ടൗൺ ഏരിയയിലെ പത്ത് സെൻ്റ് സ്ഥലവും വലിയ വീടുമല്ലേ.. കോടികൾ വില കിട്ടി..
ഇക്കാ റേഡിയോകൾ കിട്ടിയ കാര്യം പറഞ്ഞില്ല.
ഓ അത് ശരി. പുതുതായി വീട് വാങ്ങിയ കക്ഷികൾ പറമ്പ് വൃത്തിയാക്കാൻ നോക്കിയപ്പോഴാണ് മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന കുറേ അക്രി സാധനങ്ങൾ കണ്ടത്.. അവർ അത് എനിക്ക് തന്നു.. ഞാനത് പൊളിച്ചടുക്കി കൊണ്ടിരിക്കുന്നു.
ഒന്ന് രണ്ട് മാസം പുറത്ത് കിടന്നതിനാൽ എല്ലാം ചിതല് പിടിച്ച് പോയി. ഇല്ലെങ്കിൽ വേറേ പ്രാന്തൻമാർക്ക് നല്ല വിലയ്ക്ക് വിൽക്കാമായിരുന്നു.
പൊട്ടാതെ കിട്ടിയ ഒന്ന് രണ്ട് വാൽവുകൾ അവിടെ നിന്നും എടുത്ത് അതിൻ്റെ കാശ് നൽകി ഞാനവിടെ നിന്നും നീങ്ങി.
എൻ്റെ കൈവശവും ഉണ്ട് ഞാൻ ആശിച്ച് ,മോഹിച്ച് സ്വന്തമാക്കിയ കുറച്ച് വിൻ്റേജ് സെറ്റുകൾ.. അവ സ്വന്തമാക്കാൻ കൊതിച്ച കാലത്ത് നയാ പ്പൈസ കൈവശമുണ്ടായിരുന്നില്ല. കാശ് മുടക്കാൻ പ്രാപ്തി വന്നപ്പോൾ അവയെല്ലാം പ്രൊഡക്ഷൻ നിറുത്തി.അതിനാൽ അക്രി കടകൾതോറും കയറി നിരങ്ങി വിലപേശി വാങ്ങി വീട്ടിലെത്തിച്ചവയാണ് മിക്കവയും. ഇവയെ ഒന്ന് പാടിച്ചെടുക്കാൻ വലിയ കാശ് ചിലവാണ്, ബൽറ്റും, പിഞ്ച് റോളറും, ഹെഡും ഒന്നും പുതിയത് കിട്ടാനേയില്ല.. ഒരക്രി വാങ്ങിയാൽ അതുപോലെയുള്ള രണ്ടോ മൂന്നോ എണ്ണം കൂടി തപ്പി കണ്ട് പിടിച്ചാലേ പാർട്സുകൾ ശേഖരിച്ച് ഒരെണ്ണമെങ്കിലും വർക്കിങ്ങ് കണ്ടീഷനാക്കാൻ പറ്റൂ. അത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. ഒരെണ്ണം വാങ്ങിയാൽ അതിൻ്റെ ഇണകളെത്തേടി വീണ്ടും നിരന്തരം അലയണം!
അവയുടെയും ഗതി ഇത് തന്നെ എന്ന് ഞാനോർത്തു.
വീട്ടിൽ ഭാര്യക്കും പിള്ളേർക്കും എൻ്റെ അക്രി സാധനങ്ങൾ കാണുന്നത് തന്നെ കലിയാണ്. പിള്ളേർ അത് പ്രകടിപ്പിക്കാറില്ല എന്ന് മാത്രം.അക്രി സാധനങ്ങൾ കൊണ്ട് വീടിൻ്റെ ബർത്തുകൾ നിറഞ്ഞു. പിള്ളേരുടെ പഴയ പുസ്തകങ്ങൾ വയ്ക്കാൻ പോലും സ്ഥലമില്ല.
ഭാര്യ വീട്ടിൽ ഇല്ലാത്ത നേരം നോക്കിയാണ്.. ഒരു കള്ളനെപ്പോലെ പതുങ്ങി പരുങ്ങി പുതിയതായി അക്രികൾ പരതി ലഭിച്ച സമ്പ്യാദ്യവുമായി ഞാൻ വീട്ടിലേക്കെത്താറുള്ളത്.
നമ്മുടെ കാലം കഴിഞ്ഞാൽ അല്ലെങ്കിൽ കിടപ്പിലായിപ്പോയാൽ ആ നിമിഷം ഈ പുരാവസ്തുക്കൾ ഏതെങ്കിലും അക്രിയിൽ തിരികെയെത്തും.
അവിടെ നിന്നും വീണ്ടുമൊരു പ്രാന്തൻ അതും പെറുക്കിയെടുത്തു കൊണ്ട് പോകും.
അതിനാൽ പ്രീയ അക്രി കട മുതലാളിമാരേ നിങ്ങളുടെ കടയിൽ വരുന്ന ഇലക്ട്രോണിക് അക്രികൾ വീണ്ടും ഏതെങ്കിലുമൊരു ഹതഭാഗ്യന് വിൽക്കാതെ അപ്പോഴേ തന്നെ തല്ലിപ്പൊളിച്ച് അതിൻ്റെ ചെമ്പും, ഇരുമ്പും വേർതിരിച്ചേക്കുക.
ഒരുപകാരവുമില്ലാത്ത വിൻ്റേജ് കളക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന മാന്യൻമാരുടെ അക്രി പെറുക്കൽ മാനസിക രോഗം പോലെ ഒരു രോഗമാണ് ,അതവർക്ക് സ്വയം നിയന്ത്രിക്കാനാകില്ല എന്ന് മനസിലാക്കി, പഴയ റേഡിയോയും തപ്പി നിങ്ങളുടെ അക്രികടയിൽ വരുന്നവരെ വളരെ വലിയ വില പറഞ്ഞ് അതിൽ നിന്നും സ്നേഹപൂർവ്വം പിൻതിരിപ്പിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ അവരുടെ ഭാര്യമാരുടെയും, മക്കളുടെയും ശാപം നിങ്ങളെ പിൻതുടരും... നിങ്ങൾ അടുത്ത ജൻമത്തിൽ അക്രികൾ തോറും കയറി ഇറങ്ങി അവിടെ കാണുന്ന ഇലക്ട്രോണിക്സ്, ചപ്പും ചവറും പെറുക്കി വീട്ടിൽ കൊണ്ടുപോയി അതിന് മുകളിൽ അടയിരിക്കുന്ന ഞങ്ങളേപ്പോലുള്ള അക്രിയുടെ രാജാക്കൻമാരായി പുനർജനിക്കും!
വിൻ്റേജ് ഓഡിയോ കളക്ഷൻ അത്ര ലളിതമായ സംഗതിയല്ല. നല്ല രീതിയിൽ പണവും, സമയവും ,വിലയേറിയ 'സ്ഥലവും ഇതിന് വേണ്ടി മുടക്കേണ്ടി വരും.. വ്യക്തികൾ ഇതിനായി ഇറങ്ങി പുറപ്പെടുമ്പോൾ അവരെ നിരുൽസാഹപ്പെടുത്താൻ നൂറ് കണക്കിന് പേരുണ്ടാകും. അത്രയധികം പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഓരോ കളക്റ്ററും ദിവസങ്ങൾ തള്ളി നീക്കുന്നത്.
ഇതുപോലുള്ള പ്രാന്തൻമാർ ജീവിച്ചിരിക്കുന്നത് മൂലം ഭാവി തലമുറയ്ക്ക് പഴയ കാല ഉപകരണങ്ങൾ വല്ലപ്പോഴുമൊക്കെ ഒന്ന് കാണാൻ കിട്ടുന്നു.
സർക്കാർ മുൻകൈ എടുത്ത് പഴയ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു മ്യൂസിയം കേരളത്തിൽ സ്ഥാപിച്ചില്ലെങ്കിൽ അധികം താമസിയാതെ ഈ പ്രാന്തൻമാരുടെ വംശം കുറ്റിയറ്റ് പോവുകയും അവർ നിധി കാക്കും ഭൂതം പോലെ സംരക്ഷിച്ച ഉപകരണങ്ങൾ പ്രകൃതിയിൽ വിലയം പ്രാപിക്കുകയും ചെയ്യും.അജിത് കളമശേരി.

Comments