നിങ്ങൾക്കിഷ്ടമുള്ളത് വാങ്ങിച്ചോളൂ
ഫേസ്ബുക്കിലും, വാട്സാപ്പിലുമൊക്കെ സമയം കിട്ടുമ്പോൾ ഞാൻ വല്ലതും കുത്തിക്കുറിക്കുന്നത് കണ്ട് എവിടെയെങ്കിലുമൊക്കെ തപ്പി നമ്പർ കണ്ട് പിടിച്ച് പലരും വിളിക്കാറുണ്ട്. മിക്കവരും പലവിധ ഉപദേശങ്ങൾ ചോദിച്ചാണ് വിളിക്കാറുള്ളത്.
ഈ സാധനം എവിടെ കിട്ടും, ഇതിന് പകരം അതുപയോഗിക്കാമോ? ഈ സാധനമൊരെണ്ണം പഴയത് കിട്ടാനുണ്ട് വാങ്ങിയാൽ തലയിലാകുമോ? ഞാനൊരു ഗൃഹോപകരണം വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏത് കമ്പനി വാങ്ങണം എന്നെല്ലാമാണ് പൊതുവായ സംശയങ്ങൾ വിളിക്കുന്നവർ ചോദിക്കുന്നത്.
എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞ് കൊടുക്കാറുണ്ട്, പക്ഷേ ഇതിൽ അവസാനം പറഞ്ഞവിഭാഗം ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയാറില്ല.
ഫ്രിഡ്ജ്, TV, വാഷിങ്ങ് മെഷീൻ, മൈക്രോവേവ് ...etc തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉപദേശം തേടുന്നവരോട് കണ്ണുമടച്ച് നോ റക്കമൻ്റേഷൻ എന്നേ പറയാറുള്ളൂ.
കാരണം ഇങ്ങനെ ഉപദേശം കൊടുത്തത് മൂലം ഫ്രീയായി ചീത്ത ധാരാളം കിട്ടുകയും, കയ്യിലിരുന്ന കാശ് വരെ പോവുകയും ചെയ്ത അനുഭവം എനിക്കുണ്ടായിട്ടുള്ളതിനാലാണ് അത്.
ഒരിക്കൽ ഒരു പള്ളീലച്ചൻ തൊടുപുഴ ഭാഗത്ത് നിന്നും വിളിച്ചു. അദ്ദേഹത്തിന് ഒരു വാഷിങ്ങ് മെഷീൻ വാങ്ങണം.. കരണ്ട് കൂടെക്കൂടെ പോകുന്ന സ്ഥലമാണ് അതിനാൽ ഒരു സോളാർ പവർ പ്ലാൻ്റ് ഫിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനാൽ സോളാറിലും വർക്ക് ചെയ്യണം.
ഞാൻ അദ്ദേഹത്തോട് സാംസങ്ങ് അല്ലെങ്കിൽ ഹെയറിൻ്റെ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഏതെങ്കിലും മോഡൽ ഇൻവെർട്ടർ ടെക്നോളജി വാഷിങ്ങ് മെഷീൻ വാങ്ങിച്ചോളാൻ റക്കമൻ്റ് ചെയ്തു.
രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം വിളിച്ചു. ഞാൻ ഹെയറിൻ്റെ മെഷീൻ വാങ്ങിയിട്ട് ഒരാഴ്ചയായി ഇത് വരെ ആരും വന്ന് ഫിറ്റ് ചെയ്ത് നൽകുന്നില്ല. ഒന്ന് ഹെൽപ്പ് ചെയ്യാമോ? ഞാൻ ഹെയറിൻ്റെ സർവ്വീസ് സെൻ്ററിൽ വിളിച്ച് പറഞ്ഞ് ആളെ വിട്ടു.
ടെക്നീഷ്യൻ അവിടെയെത്തി അപ്പോഴതാ കറണ്ടില്ല. ഒന്ന് രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും കറണ്ട് വന്നില്ല. വേറേ സർവ്വീസ് കാളുകൾ ഉള്ളതിനാൽ ടെക്നീഷ്യൻ പോയി. വീണ്ടും രണ്ട് ദിവസം കഴിഞ്ഞ് അച്ചൻ്റെ വീട്ടിലെത്തി.
അന്നും കറണ്ടില്ല.ഏതാനും മണിക്കൂർ കാത്തിരുന്നപ്പോൾ കരണ്ട് വന്നു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് മെഷീനാണ്. മെഷീൻ കുത്തി ഓണാക്കി വർക്കിങ്ങ് കാണിച്ച് കൊടുത്ത് ടെക്നീഷ്യൻ പോയി. കറണ്ടില്ലാഞ്ഞതിനാൽ വീട്ടിലെ ടാങ്കിൽ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ തുണിയിട്ട് മെഷീൻ പ്രവർത്തിപ്പിച്ച് കാണിക്കാൻ ടെക്നീഷ്യനായില്ല.
ടാങ്കിൽ വെള്ളമടിച്ച ശേഷം വീട്ടുകാർ മെഷീൻ ഓണാക്കി നോക്കി.അര മണിക്കർ എടുക്കും മെഷിനിൽ വെള്ളം നിറയാൻ.രാത്രിയല്ലേ വോൾട്ടേജ് ഇല്ലാഞ്ഞിട്ടാകും,പകൽ നോക്കാം എന്ന് കരുതി അവർ വാഷിങ്ങ് മെഷീൻ ഓഫാക്കി..
പിറ്റേ ദിവസവും സംഗതി പഴയത് തന്നെ ഒരു വാഷ് സൈക്കിൾ കഴിഞ്ഞ് അടുത്ത വാഷ് സൈക്കിളിനായി വെള്ളം കയറാൻ വലിയ താമസം. രാവിലെ 8 മണിക്കിട്ട തുണി കഴുകി കഴിഞ്ഞത് ഉച്ചക്ക് ഒരു മണിക്ക്.
പള്ളീലച്ചന് ദേഷ്യം വന്നു. കമ്പനിയിൽ വിളിച്ചു കുറച്ച് മുഷിഞ്ഞ് പറഞ്ഞു.അവർ ആളെ വിടാമെന്ന് പറഞ്ഞു, ഫോൺ കട്ട് ചെയ്തു.
ഉടനെ പള്ളീലച്ചൻ എന്നെ വിളിച്ചു.. താൻ പറഞ്ഞിട്ടല്ലേ ഞാൻ ഹെയറിൻ്റെ മെഷീൻ വാങ്ങിയത്.തനിക്കെത്ര രൂപ അവർ കമ്മീഷൻ തന്നെടോ.. തല്ലിപ്പൊളി സാധനം താനെൻ്റെ തലയിൽ കെട്ടിവയ്പ്പിച്ചു.തൻ്റെ പേരിൽ ഞാൻ കേസ് കൊടുക്കും.പിന്നെ തുടർച്ചയായി കുറെ അൺ പാർലമെൻ്റേറിയൻ വാക്കുകളും …
ഞാൻ വീണ്ടും ഹെയറിൽ വിളിച്ച് പറഞ്ഞു. ഇത്തവണ രണ്ട് മൂന്ന് ടെക്നീഷ്യൻമാർ ഒരു വാനിൽ സ്ഥലത്തെത്തി മെഷീൻ കൂലങ്കുഷമായി പരിശോധിച്ചു. അവർ തകരാർ കണ്ടെത്തി. മെഷീനിലേക്കുള്ള പൈപ്പ് ലൈനിൽ പ്രഷറില്ല.. വെള്ളം നൂല് പോലെയാണ് വരുന്നത്. പഴയ വീടാണ്, പൈപ്പുകൾക്ക് നല്ല കാലപ്പഴക്കമുണ്ട്. ചെളികയറി പൈപ്പ് ലൈൻ ബ്ലോക്കായതാണ്.
ഉടനെ അച്ചൻ ഒരു പ്ലമ്പറെ വരുത്തി പൈപ്പ് ലൈൻ ശരിയാക്കി. അതിന് ശേഷം മെഷീൻ സുന്ദരമായി വർക്ക് ചെയ്തു.അന്ന് വൈകുന്നേരം അച്ചൻ എന്നെ വിളിച്ച് ക്ഷമയൊക്കെ പറഞ്ഞെങ്കിലും കേൾക്കാനുള്ള ചീത്തയും കേട്ടു .ഒരു കാര്യവുമില്ലാത്ത കാര്യത്തിന് കുറേ ടെൻഷനും അനുഭവിച്ചു.
പിന്നെയൊരു പറ്റ് പറ്റിയത് ഒരു സുഹൃത്തിൻ്റെ സോണിയുടെ CRT TV കേടായി.. CRT യുടെ കാലം അസ്തമിക്കാത്ത സമയമാണ്. ഞാൻ നല്ല പരിചയമുള്ളൊരു മെക്കാനിക്കിനെ അവൻ്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു.
മെക്കാനിക്ക് എക്സ്പർട്ടാണ്. ചെന്നപ്പോൾ തന്നെ തകരാർ കണ്ട് പിടിച്ചു. പവർ സപ്ലേയിലെ ഒരു ചെറിയ ട്രാൻസിസ്റ്റർ പോകുന്ന കോമൺ കംപ്ലയിൻ്റാണ്.
അതിന്ന് അന്നത്തെ നോർമൽ സർവ്വീസ് ചാർജ് 300 രൂപയാണ്. അൽപ്പം വെള്ളമടിയൊക്കെ തുടങ്ങിയ മെക്കാനിക്ക് സുഹൃത്തിന് കിട്ടുന്നതൊന്നും മതിയാകാതെ വന്ന് തുടങ്ങിയ കാലമായിരുന്നു അത്. ഇവൻ്റെ ഈ സ്വഭാവം എനിക്കറിയുകയുമില്ലായിരുന്നു.
മെക്കാനിക്ക് സുഹൃത്ത് TV യിൽ നിന്ന് അതിൻ്റെ LOT ഊരിയെടുത്ത് വീട്ട് കാരോട് : ഈ സാധനം അടിച്ച്പോയി, മാറ്റണമെങ്കിൽ 1500 രൂപയാകുമെന്ന് പറഞ്ഞ് LOT യുമെടുത്ത് കാശും വാങ്ങിപ്പോയി..
ഇതിനിടെ ആ വീട്ടിലെ ഒരു പയ്യൻ ഊരിയ LOT എടുത്ത് പരിശോധിച്ചിരുന്നു. അവൻ അതിലെ ഒരു ചെറിയ ബാർകോഡ് സ്റ്റിക്കർ ഈ സമയം കൊണ്ട് പൊളിച്ചെടുത്ത് അവൻ്റെ സ്കൂൾ ബാഗിൽ ഒട്ടിച്ചു.
ഒരു മണിക്കൂറിന് ശേഷം മെക്കാനിക് തിരിച്ചെത്തി LOT തിരിച്ചിട്ടു, TV ഓണായി വീണ്ടും 300 രൂപ സർവ്വീസ് ചാർജും കൂടി വാങ്ങി സ്ഥലം വിട്ടു.
അപ്പോഴാണ് കൊച്ച് ചെറുക്കൻ അവൻ്റെ അഛനായ എൻ്റെ സുഹൃത്തിനോട് പറയുന്നത് അഛാ ആ ചേട്ടൻ പുതിയതൊന്നുമല്ല മാറ്റിയിട്ടത് ഇതിൽ നിന്ന് ഊരിയത് തന്നെയാണ്.
അത് നിനക്കെങ്ങനെ അറിയാം.?
ആ സാധനത്തിലെ ഒരു സ്റ്റിക്കർ ഞാൻ പൊളിച്ചെടുത്തായിരുന്നു. ആ പാട് ഇപ്പോൾ മാറ്റിയിട്ട സാധനത്തിൽ ഉണ്ട്. എന്നിട്ട് അവൻ ബാഗിലൊട്ടിച്ച സ്റ്റിക്കർ കാണിച്ച് കൊടുത്തു.
ഉടൻ തന്നെ മെക്കാനിക്കിനെ TV വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് തിരിച്ച് വിളിച്ചു. അവൻ വന്നപ്പോൾ TV യിൽ നിന്ന് ഒരു സ്പാർക്ക് ചെയ്യുന്നത് പോലെ കിരു കിരാ ശബ്ദം കേൾക്കുന്നു എന്ന് പറഞ്ഞു.
TV തുറന്നപ്പോൾ ഉടമ ചോദിച്ചു, താൻ ഇതിൽ നിന്ന് ഊരിയത് തന്നെയല്ലേ ഈ തിരികെ കൊണ്ടു വന്നിട്ടിരിക്കുന്നത്?ആദ്യം ഉരുണ്ട് കളിച്ചെങ്കിലും, സ്റ്റിക്കർ കഥ തെളിവായപ്പോൾ സമ്മതിക്കാതെ തരമില്ലെന്നായി.
ഒച്ചയും ബഹളവും കേട്ട് ആള് കൂടി .അവസാനം അവിടെ നിന്ന് രക്ഷപ്പെടാൻ മെക്കാനിക്ക് പറഞ്ഞു അവനെ റക്കമൻ്റ് ചെയ്ത എനിക്ക് കമ്മീഷൻ കൊടുക്കണം അതിനാലാണ് ഈ തട്ടിപ്പ് പരിപാടി കാണിച്ചതെന്ന് .
എൻ്റെ കാര്യം കേട്ടപ്പോൾ സുഹൃത്ത് മെക്കാനിക്കിനെ തടി കേടാകാതെ പറഞ്ഞ് വിട്ടു.
ഈ കഥ അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞ് വിട്ട മെക്കാനിക്ക് കബളിപ്പിച്ച് വാങ്ങിയ 1500 രൂപ എൻ്റെ കയ്യിൽ നിന്ന് സുഹൃത്തിന് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു
പിന്നീട് ഒപ്പം ജോലി ചെയ്തിരുന്ന ആ സുഹൃത്ത് എന്നോട് മിണ്ടാതെയായി,കൂടാതെ ഈ കമ്മീഷൻ കഥ എല്ലാവരോടും പറഞ്ഞ് നടന്ന് ആവുന്നത്ര നാറ്റിക്കുകയും ചെയ്തു.
ഇത് വായിക്കുന്ന മെക്കാനിക്ക് സുഹൃത്തുക്കളേ റിപ്പയർ ചെയ്യുന്ന സെറ്റിൽ എന്തെങ്കിലും തട്ടിപ്പ് പരിപാടി കാണിക്കുന്നതിന് മുൻപ് പലവട്ടം ആലോചിക്കുക .ഇന്നത്തെ കൊച്ച് പിള്ളാര് നിങ്ങളെക്കാൾ വളരെ ബുദ്ധിമാൻമാരും, ടെക്നോ സാവികളുമാണ്. ഒറ്റനോട്ടം മതി അവൻമാർക്ക് ഇതെല്ലാം മനസിലാക്കാൻ. പിടിക്കപ്പെട്ടാൽ നിന്നിടത്ത് നിന്ന് ഉരുകിപ്പോകും!
ഇതു പോലെ ചേതമില്ലാത്ത ഉപകാരങ്ങൾ ചെയ്ത് പിന്നെയും ചില പാഠങ്ങൾ കൂടി പഠിച്ചതോടെ ഏത് വാങ്ങണമെന്ന പരിചയക്കാരുടെ ചോദ്യങ്ങൾക്ക്, നോ റക്കമൻ്റേഷൻ നിങ്ങൾക്കിഷ്ടമുള്ളത് വാങ്ങിച്ചോളൂ... എന്ന് പറഞ്ഞ് തടി രക്ഷപെടുത്താൻ തുടങ്ങി.അജിത് കളമശേരി.
Comments
Post a Comment