സീനിയർ ടെക്നീഷ്യൻസ്
നമ്മുടെ കൂട്ടത്തിൽപ്പെട്ട ധാരാളം അനുഭവസമ്പത്തുള്ള ടെക്നീഷ്യൻമാർ ജനിച്ച നാടിന്നപ്പുറത്തേക്ക് അറിയപ്പെടാതെ, മൺമറഞ്ഞ് പോകുന്നുണ്ട്.
അവരെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനായി ഇത്തരക്കാരായ കേരളത്തിലെ സീനിയർ ടെക്നീഷ്യൻമാരെപ്പറ്റി ഞാനൊരു ലേഖന പരമ്പര എഴുതുവാൻ ആരംഭിക്കുകയാണ്
അതിലേക്ക് പരിഗണിക്കപ്പെടണമെന്ന് തോന്നുന്ന സീനിയർ ടെക്നീഷ്യൻമാരുടെ പേരും നമ്പരും എനിക്ക് അയച്ച് തരണമെന്ന് അഭ്യർത്ഥിക്കുന്നു.
മലയാളികളായ സീനിയർ ഇലക്ട്രോണിക്സ് ടെക്നീഷ്യൻസിനെ പരിചയപ്പെടുന്ന പരമ്പരയുടെ ഈ അദ്ധ്യായത്തിൽ നമ്മൾ കണ്ട് മുട്ടുന്നത് എറണാകുളത്ത് കടവന്ത്രയിൽ ഇലക്ട്രോ ടെക്ക് എന്ന ഇലക്ട്രോണിക്സ് സർവ്വീസ് സെൻ്റർ നടത്തുന്ന സാബു സാംസണെയാണ്.
സുഹൃത്തുക്കളുടെ ഇടയിൽ സാബു എന്നറിയപ്പെടുന്ന
സാബു സാംസൻ്റെ ജ്യേഷ്ഠൻമാരും ടെക്നിക്കൽ ഫീൽഡിൽ തന്നെയായിരുന്നു. പിതാവ് ജോസഫിൻ്റെയും, മാതാവ് ജോണയുടെയുടെയും 6 മേക്കളിൽ ഏറ്റവും ഇളയവനായ സാബുവിൻ്റെ ജോസഫ് പീറ്റർ എന്ന സഹോദരൻ കടവന്ത്രയിൽ ഇലക്ട്രോ ടെക്ക് എന്ന പേരിൽ ഒരു ഇലക്ട്രിക്കൽ സർവ്വീസ് സെൻ്റർ 1975 കളിൽ നടത്തിയിരുന്നു.
കടയിൽ സഹായിയായി കൂടിയ സാബു എറണാകുളത്തെ ഐഡിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചു.
തുടർന്ന് എറണാകുളത്ത് തന്നെയുള്ള ഫോട്ടോ സ്റ്റുഡിയോകൾക്ക് വേണ്ടി ഡാർക്ക് റൂം ഓട്ടോമാറ്റിക് ടൈമറുകൾ നിർമ്മിച്ചിരുന്ന ഒരു കമ്പനിയിൽ അപ്രൻ്റീസായി കയറി.
കമ്പനിയിലെ ഒരേ തരത്തിലുള്ള അസംബ്ലിങ്ങ് വർക്കുകൾ സാബുവിനെ ശരിക്കും ബോറടിപ്പിച്ചു.ആ സമയത്താണ് മുത്ത ജ്യേഷ്ഠന് തിരുവനന്തപുരം ISROയിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറായി ജോലി കിട്ടുന്നത് ..
1980 കളിൽ ജ്യേഷ്ഠൻ സാബുവിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും അന്നത്തെ കാലഘട്ടത്തിൽ ചൂടപ്പം പോലെ വിറ്റിരുന്ന കെൽട്രോൺ റേഡിയോകളുടെ ഒരു ഡീലർഷിപ്പും, സർവ്വീസ് സെൻ്ററും തിരുവനന്തപുരം ശ്രീ കാര്യത്ത് തുടങ്ങാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.
ഓഡിയോ കാസറ്റുകളുടെ സുവർണ്ണകാലമായിരുന്ന ആ കാലത്ത് എറണാകുളത്ത് നിന്നും ഹോൾസെയിലായി കാസറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ച് വിൽക്കുകയും, ഒപ്പം കാസറ്റുകളുടെ ചില്ലറ വിൽപ്പനയും, കാസറ്റ് റെക്കോഡിങ്ങുമെല്ലാമുള്ള ഒരു സ്ഥാപനവും റേഡിയോ ഡീലർഷിപ്പിന് അനുബന്ധമായി നടത്തിവന്നു.
കെൽട്രോണിൽ നിന്ന് ടെലിവിഷനുകൾ പുറത്തിറങ്ങിത്തുടങ്ങിയപ്പോൾ അവയുടെ റിപ്പയറിങ്ങിൽ ആദ്യമായി പരിശീലനം നൽകിയ ടെക്നീഷ്യൻമാരുടെ ബാച്ചിലും സാബു ഉൾപ്പെട്ടു.
കാലക്രമേണ കെൽട്രോൺ : ചിലവുണ്ടെങ്കിലും ഇല്ലെങ്കിലും റേഡിയോകളുടെ എല്ലാ മോഡലുകളും നിശ്ചിത എണ്ണം എല്ലാമാസവും സ്റ്റോക്ക് എടുക്കണം, മറ്റ് ബ്രാൻഡുകൾ കടയിൽ വിൽക്കരുത് എന്നിങ്ങനെ അവരുടെ ഡീലർമാർക്ക് ഏർപ്പെടുത്തിയ ചില കർശന വ്യാപാര നിബന്ധനകൾ മൂലം കച്ചവടം നഷ്ടമാവുകയും.. 2000 ത്തോടെ കെൽട്രോൺ ഡീലർഷിപ്പ് നഷ്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുകയും ചെയ്തു.
ഇതിനിടയിൽ ടെലിവിഷൻ VCR സർവ്വീസ് രംഗത്തേക്ക് ചുവട് മാറാൻ കഴിഞ്ഞിരുന്നത് കൊണ്ട് ഡീലർഷിപ്പ് പൂട്ടിയെങ്കിലും വലിയ തട്ട് കേട് പറ്റിയില്ല.
ഇതിനിടെ എറണാകുളത്ത് ഇലക്ട്രോ ടെക്ക് എന്ന സർവ്വീസ് സെൻ്റർ നടത്തിയിരുന്ന ജ്യേഷ്ഠന് KSEB യിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചിടേണ്ട സ്ഥിതി സംജാതമായി.ഈ അവസരത്തിൽ വിവാഹവും കഴിഞ്ഞിരുന്നതിനാൽ തിരുവനന്തപുരത്തെ സ്ഥാപനം അടച്ച് പൂട്ടി സാബു എറണാകുളം കടവന്ത്രയിലേക്ക് ചേക്കേറി.
അങ്ങനെ 2000 മദ്ധ്യം മുതൽ എറണാകുളം കടവന്ത്രയായി സാബുവിൻ്റെ തട്ടകം.നഗര പ്രദേശമായതിനാലും ധാരാളം ഇന്ത്യൻ വിദേശ നിർമ്മിതികളായ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആധിക്യം നിമിത്തവും വർക്കിന് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. ഏത് സ്പെയറുകൾക്കും അധികം അലഞ്ഞ് നടക്കാതെ തൊട്ടടുത്തുള്ള എറണാകുളം പള്ളിമുക്കിൽ ലഭ്യമായിരുന്നു എന്നതും ഒരു പ്ലസ് പോയിൻ്റായി മാറി.
കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോനീയേഷൻ KSESTA എന്ന സംഘടനയുടെ എറണാകുളം യൂണിറ്റ് ഫോം ചെയ്യുന്നത് എകദേശം ആ കാലഘട്ടത്തിലാണ്.
ക്രമേണ സംഘടനയുടെ ട്രഷറർ, ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ ദീർലനാൾ വഹിച്ചു.
KSESTA യുടെ നേതൃത്വത്തിൽ മെംബർമാരായ ടെക്നീഷ്യൻമാർക്ക് വിപണിയിലെത്തുന്ന പുതു പുതു ടെക്നോളജികളിലും, ഉൽപ്പന്നങ്ങളിലും ട്രെയിനിങ്ങ് ക്ലാസുകൾ ആദ്യമായി ആരംഭിക്കുന്നത് സാബുവിൻ്റെ സംഘടനാ നേതൃത്വത്തിലാണ്.
അന്ന് വിപണിയിലെ പുതു തരംഗമായ ഇൻഡക്ഷൻ കുക്കറുകളുടെയും, TV കിറ്റുകളുടെയും ക്ലാസുകൾക്ക് പുറമേ കാലത്തിന് മുൻപേ തുടങ്ങിയ കമ്പനിയായ അന്നത്തെ പ്രമുഖ ഇലക്ട്രിക് ബൈക്ക് നിർമ്മാതാക്കളായ യോ ബൈക്ക്സുമായി ചേർന്ന് ഇലക്ട്രിക് ബൈക്കുകളുടെ സർവ്വീസിങ്ങിനെപ്പറ്റിപ്പോലും അന്ന് സാബുവിൻ്റെ സംഘാടന മികവിൽ ക്ലാസുകൾ നടന്നു.
ടെലിവിഷൻ യുഗം CRT യിൽ നിന്ന് വളരെപ്പെട്ടെന്ന് LED, LCD യുഗത്തിലേക്ക് മാറിയപ്പോൾ പകച്ച് നിന്ന സാധാരണക്കാരായ ടെക്നീഷ്യൻമാർക്ക് ധൈര്യം നൽകി വിദഗ്ദരായ ട്രെയിനർമാരെ കൊണ്ട് വന്ന് LED, LCD ക്ലാസുകളും കേരളത്തിൽ ആദ്യമായി ആരംഭിച്ചത് സാബുവിൻ്റെ സംഘാടന മികവുകളിൽ ഒന്നാണ്.
KSESTA വാർഷിക യോഗങ്ങളിൽ ഗാനങ്ങൾ ആലപിച്ച് തുടങ്ങിയ സാബുവിൻ്റെ സംഗീത സപര്യ സുഹുത്തുക്കളുടെ പ്രോത്സാഹനം നിമിത്തം ഏതാണ് 50 വയസോടെ ആധികാരികമായ സംഗീത പഠനത്തോടെ പൂവണിയുകയും ശാസ്ത്രീയമായ സംഗീത പഠനവും ഒപ്പം സംഗീത ക്ലാസുകളും, ഗിത്താർ, ഓർഗൻ, കീബോർഡ്, ഡ്രംസ് എന്നിവയ്ക്കുള്ള ക്ലാസുകൾ നടത്തുകയും ചെയ്യുന്ന SINFONIA എന്ന മ്യൂസിക് സ്റ്റുഡിയോ കം മ്യൂസിക് സ്കൂളിൽ എത്തി നിൽക്കുന്നു.
തനിക്കറിയാവുന്ന ടെക്നോളജികളും സാങ്കേതിക രഹസ്യങ്ങളും മറ്റുള്ളവരെ പഠിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത സാബുവിൻ്റെ ഇലക്ട്രോണിക് ഫീൽഡിലെ പരിചയം 42 വർഷം പൂർത്തിയാക്കിയിരിക്കുന്നു.
മിതഭാഷിയും, അനുഗ്രഹീത ശബ്ദത്തിനുടമയുമായ ശ്രീ സാബു സാംസൺ കടവന്ത്രയിലെ DD മൈൽ സ്റ്റോണിലെ തൻ്റെ ELEKTROTEK എന്ന സ്ഥാപനത്തിൽ LED ,LCD, AUDIO സെറ്റുകളുടെ തകരാറുകൾ പോക്കുന്നതിൽ വ്യാപൃതനായിരിക്കുന്നു. നിങ്ങളുടെ മേൽപ്പറഞ്ഞവ സംബന്ധിച്ച സംശയങ്ങൾ സാബുവിൻ്റെ 9847522069 എന്ന നമ്പരിൽ വാട്സാപ്പ് ചെയ്ത് പരിഹാരം നേടാവുന്നതാണ്.
ഈയിടെ 63 ആം പിറന്നാൾ ആഘോഷിച്ച സാബുവിൻ്റെ പ്രീയതമ ലിൻസി, രണ്ട് പെൺകുട്ടികൾ അവർ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹങ്ങളിലാണ്.സാബുവിന് എല്ലാ സുഹൃത്തുക്കളുടേയും, അഭ്യുദയകാംക്ഷികളുടേയും ആശംസകൾ.അജിത് കളമശേരി. #സീനിയർ_ടെക്നീഷ്യൻസ്
Comments
Post a Comment