സീനിയർ ടെക്നീഷ്യൻമാർ
ഇന്ത്യയിൽ
തന്നെ പതിനായിരക്കണക്കിന് പേരേ ഇലക്ട്രോണിക്സ് രംഗത്തേക്ക് കൈപിടിച്ച്
ആനയിച്ച ഒരേ ഒരു മലയാളിയേ ഉള്ളൂ അതാണ് ഈ ലേഖനത്തിൽ നമ്മൾ പരിചയപ്പെടുന്ന
ടി.കെ ഹരീന്ദ്രൻ.
ഇന്ത്യയിലെയും,
വിദേശങ്ങളിലെയും പോപ്പുലർ ഇലക്ട്രോണിക്സ് ജേർണ്ണലുകളിൽ 25 വർഷത്തിൽ
അധികമായി നിരന്തരം താൻ ഡിസൈൻ ചെയ്യുന്ന ഇലക്ട്രോണിക്സ് പ്രൊജക്റ്റുകളും,
സർക്യൂട്ട് ഐഡിയകളും പ്രസിദ്ധീകരിച്ച് വരുന്നതിനാൽ അവ വായിക്കുന്ന
ഏവർക്കും സുപരിചിതനാണ് ശ്രീ ഹരീന്ദ്രൻ.
1968
മെയ് മാസത്തിൽ കൊല്ലം ജില്ലയിലെ ഒരുൾ ഗ്രാമമായ കടയ്ക്കലിൽ അദ്ധ്യാപക
ദമ്പതികളായ തുളസീധരൻ നായരുടെയും, കോമളാമ്മയുടെയും സീമന്തപുത്രനായി ജനിച്ച
ഹരീന്ദ്രന്, അദ്ധ്യാപകരുടെ മക്കൾ അനുഭവിക്കുന്ന എല്ലാ കഷ്ടതകളും പതിവ് പോലെ
അനുഭവിക്കേണ്ടി വന്നു.
തല്ലിപ്പൊളി
കൂട്ട് കെട്ട് പാടില്ല, സ്കൂൾ വിട്ടാൽ കൃത്യ സമയത്ത്
വീട്ടിലെത്തിക്കൊള്ളണം, പാഠങ്ങൾ കൃത്യമായി പഠിക്കണം, പാഠ്യേതര
പ്രവർത്തനങ്ങൾ അധികം വേണ്ട എന്നിങ്ങനെ കർശന ചട്ടവട്ടങ്ങളിലാണ് വളർന്നത്.
മകന് അൽപ്പം ശാസ്ത്രബോധം കിട്ടിക്കോട്ടെ എന്ന് കരുതി ശാസ്ത്രസാഹിത്യ
പരിഷത്തിൻ്റെ ശാസ്ത്രകേരളം മാസിക അഛൻ വീട്ടിൽ വരുത്തുമായിരിന്നു.
ശാസ്ത്ര
കേരളത്തിൽ വരുന്ന പരീക്ഷണങ്ങൾ പരീക്ഷിച്ച് നോക്കുന്നതിൽ ഹരീന്ദ്രൻ വളരെ
തൽപ്പരനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാസ്ത്ര കേരളത്തിൽ ഒരു
ക്രിസ്റ്റൽറേഡിയോ എങ്ങനെ നിർമ്മിക്കാം എന്ന ഇലക്ട്രോണിക്സ് പ്രൊജക്റ്റ്
ആദ്യമായി വരുന്നത്.
ഇത്
വായിച്ച ഹരീന്ദ്രന് അത് നിർമ്മിക്കാനാവശ്യമായ ഇലക്ട്രോണിക്സ് പാർട്സ്കളായ
ജർമ്മേനിയം ഡയോഡ്, ഗാങ്ങ് കണ്ടൻസർ, ആൻ്റിന കോയിൽ കാർബൺ ഹെഡ് ഫോൺ
എന്നിവയൊന്നും എവിടെ കിട്ടുമെന്ന് ഒരു പിടിയും കിട്ടിയില്ല.
അപ്പോഴാണ്
അയൽവാസിയായ ലത്തീഫിക്കയെ ഓർമ്മ വന്നത്. അദ്ദേഹം മർച്ചൻ്റ് നേവിയിൽ റേഡിയോ
ഓഫീസറായിരുന്നു. അദ്ദേഹം നാട്ടിൽ വരുന്ന സമയം നോക്കി വീട്ടിൽ പോയി കണ്ട്
സംശയ നിവാരണം വരുത്തി.
ഹരീന്ദ്രൻ്റെ
ഇലക്ട്രോണിക് സിലുള്ള താൽപ്പര്യം കണ്ട ലത്തീഫിക്ക അടുത്ത ലീവിന് വന്നപ്പോൾ
ക്രിസ്റ്റൽറേഡിയോ നിർമ്മിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ കൊണ്ടുവന്നു
.കൂടാതെ വിദേശ ഇലക്ട്രോണിക്സ് മാസികയായ ഇലക്ടറർ ഇലക്ട്രോണിക്സിൻ്റെ ഏതാനും
കോപ്പികളും ഹരീന്ദ്രന് നൽകി.
ലത്തീഫിക്കയുടെ
സഹായത്തോടെ ക്രിസ്റ്റൽ റേഡിയോ വിജയകരമായി നിർമ്മിച്ച ഹരീന്ദ്രൻ അത്
സ്കൂളിൽ പ്രദർശിപ്പിച്ച് എല്ലാവരുടെയും അഭിനന്ദനങ്ങൾക്ക് പാത്രമായി.
അതോടെ
ഇലക്ട്രോണിക്സ് തലയ്ക്ക് പിടിച്ച ഹരീന്ദ്രൻ കിട്ടാവുന്നത്ര ഇംഗ്ലീഷ്
ഇലക്ട്രോണിക്സ് പുസ്തകങ്ങൾ എഴുതി വരുത്തി തുടങ്ങി. മകൻ്റെ ഇംഗ്ലീഷ് ഈ
പുസ്തകങ്ങൾ വായിച്ച് മെച്ചപ്പെടുമെന്ന് കരുതിയതിനാൽ മാതാപിതാക്കളും ഇതിന്
തടസം നിന്നില്ല.
നാട്ടിലെ പൊടി മെക്കാനിക്കായി ഹരീന്ദ്രൻ മാറി. അന്ന് സർവ്വസാധാരണമായ മോണോ
റിക്കോഡ് പ്ലയറുകൾ സ്റ്റീരിയോ ആക്കി കൺവെർട്ട് ചെയ്യുക, കാസറ്റ് ഡക്കുകൾ,
റേഡിയോ,സ്റ്റീരിയോ ആംപ്ലിഫയർ എന്നിവ നിർമ്മിച്ച് നൽകുക എന്നിങ്ങനെയുള്ള
സൈഡ് ബിസിനസുകൾ പഠനത്തോടൊപ്പം തുടർന്ന് വന്നു.
നല്ല
മാർക്കോടെ പ്രീഡിഗ്രി പൂർത്തിയാക്കിയപ്പോൾ, തന്നെ ഇലക്ട്രോണിക്സ്
രംഗത്തേക്ക് ആനയിച്ച ലത്തീഫിക്കയെ പോലെ ഒരു മർച്ചൻ്റ് നേവി റേഡിയോ
ഓഫീസറാകണമെന്ന് കരുതി എറണാകുളത്ത് വന്ന് ആൾ ഇന്ത്യാ മറൈൻ കോളേജിൽ റേഡിയോ
ഓഫീസർ കോഴ്സിന് ചേർന്നു.
മറൈൻ
റേഡിയോ കോഴ്‌സ് എന്നത് താനുദ്ദേശിച്ച തരം ഇലക്ട്രോണിക്സ് മേഖലയല്ല എന്ന്
കോഴ്സിന് ചേർന്നപ്പോഴാണ് ഹരീന്ദ്രന് അതിനാൽ കോഴ്സ് ഉപേക്ഷിച്ച്
നാട്ടിലേക്ക് മടങ്ങി.1988ലായിരുന്നു ഇത്.
വീടിന്
സമീപമായി ബെട്രോൺ ടെക്നിക്കൽ സർവ്വീസ് എന്ന പേരിൽ ഒരു TV, VCR, ഓഡിയോ
സർവ്വീസ് സെൻ്റർ തുടങ്ങുകയായിരുന്നു അടുത്ത സംരംഭം.88 മുതൽ 15 വർഷത്തോളം ഈ
സർവ്വീസ് സെൻ്റർ വിജയകരമായി നടത്തി.
സർവ്വീസ്
സെൻ്റർ നടത്തുമ്പോൾ ധാരാളം വിദ്ധ്യാർത്ഥികൾ സ്കൂൾ പ്രൊജക്റ്റുകൾക്കായി
ഹരീന്ദ്രനെ സമീപിക്കുമായിരുന്നു. വരുന്നവർക്ക് എല്ലാം ആരും ചെയ്യാത്ത
പ്രൊജക്റ്റുകളായിരുന്നു ആവശ്യം! .ഇതോടെ പുതിയ പുതിയ സർക്യൂട്ടുകൾ ഹരീന്ദ്രൻ
ഡിസൈൻ ചെയ്തു തുടങ്ങി. ഇവയിൽ ചിലത് നെതർലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന
ഇലക്ടർ മാസികയ്ക്ക് അയച്ച് കൊടുത്തു.
അയച്ച്
കൊടുത്ത സർക്യൂട്ടുകൾ എല്ലാം തന്നെ ഇലക്ടർ അംഗീകരിക്കുകയും അവരുടെ ലോക
വ്യാപകമായ എല്ലാ എഡിഷനുകളിലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും, നല്ല
ഒരു സംഖ്യ ഹരീന്ദ്രന് പ്രതിഫലമായി അയച്ച് കൊടുക്കുകയും ചെയ്തു.
ഇതോടെ സർവ്വീസ് സെൻ്റർ നടത്തിനൊപ്പം സർക്യൂട്ട് ഡിസൈനിങ്ങും ജീവിത വ്രതമായി സ്വീകരിച്ചു.
ഇലക്ടർ ഇലക്ട്രോണിക്സ്. UK
സിലിക്കൺചിപ്പ് ഓസ്ട്രേലിയ.
എവരി ഡേ പ്രാക്റ്റിക്കൽ ഇലക്ട്രോണിക്സ് UK.
നട്ട്സ് & വോൾട്ട്സ് UK.
ഇലക്ട്രോണിക്സ് ഡിസൈൻ UK.
ഇലക്ട്രോണിക്സ് ഫോർ യു India
ഇലക്ട്രോണിക്സ് മേക്കർ lndia.
റേഡിയോ & TV .India.
എന്നീ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും
ഇലക്ട്രോണിക്സ് എവരിബഡി
ഇലക്ട്രോണിക്സ് കേരളം
ഇലക്ട്രോണിക്സ് ടുടേ
കേബിൾ ചിപ്പ്
പോപ്പുലർ ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ് ഹോബി സർക്യൂട്ട്സ്
ഇൻഫോ കൈരളി
എന്നീ മലയാളം ഇലക്ട്രോണിക്സ് മാസികകളിലുമായി ആയിരത്തി അഞ്ഞൂറിലധികം - ഇലക്ട്രോണിക്സ് പ്രൊജക്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ
മലയാള മനോരമ, മാതൃഭൂമി, അടക്കം എല്ലാ മലയാളം പ്രസിദ്ധീകരണങ്ങളിലും ശാസ്ത്ര
സാങ്കേതിക ലേഖനങ്ങൾ എഴുതി വരുന്നു. ഇതു വരെ രണ്ടായിരത്തിൽ അധികം സാങ്കേതിക
ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
സർക്യൂട്ട്
ഡിസൈനിങ്ങിലൂടെയും ,എഴുത്തിലൂടെയും സർവ്വീസ് സെൻ്റർ നടത്തുന്നത്ര
ബുദ്ധിമുട്ടില്ലാതെ അതിലുമധികം പണം സമ്പാദിക്കാൻ കഴിയും എന്ന യാഥാർത്ഥ്യം
മനസിലായതോടെ 15 വർഷം നടത്തിയ സർവ്വീസ് സെൻ്റർ 2003 ൽ അവസാനിപ്പിച്ച്
പൂർണ്ണമായും സർക്യൂട്ട് ഡിസൈനിങ്ങിലേക്ക് തിരിഞ്ഞു.
ഇപ്പോൾ
പല വിദേശ കമ്പനികളുടെയും ഹാർഡ് വെയർ ബീറ്റാ ടെസ്റ്റർ, പ്രൊഡക്റ്റ്
റീവ്യൂവർ, കോൺട്രിബ്യൂട്ടിങ്ങ് റൈറ്റർ, എന്നീ നിലകളിലും ,Coderey,
aspencore.com, പോലുള്ള പല പല ഇന്ത്യൻ വിദേശ സൈറ്റുകളുടെ
കോൺട്രിബ്യൂട്ടിങ്ങ് എഡിറ്റർ എന്ന നിലകളിലും വളരെ തിരക്കിലാണ് ഹരീന്ദ്രൻ.
ശാരീരികമായ
ചില ബുദ്ധിമുട്ടുകൾ മൂലം വീട്ടിൽ നിന്നും അധികം അങ്ങനെ പുറത്ത് പോകാറില്ല
തൻമൂലം ഇന്ത്യയിലും വിദേശത്തുമായി ലഭിച്ച പല നല്ല ജോലി ഓഫറുകളും
നിരസിക്കേണ്ടി വന്നിട്ടുണ്ട്.ഇതിൽ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള
ഇലക്ട്രോണിക്സ് മാസികയായ EFYയുടെ ടെക്നിക്കൽ എഡിറ്റർ സ്ഥാനവും വരുന്നു.
ഏതൊരു
ഇലക്ട്രോണിക്സ് ടെക്നീഷ്യനെ എന്ന പോലെ ഹരീന്ദ്രനെയും ഇലക്ട്രോണിക്സിലേക്ക്
കൂടുതൽ അടുപ്പിച്ചത് സംഗീതത്തോടുള്ള അഭിനിവേശമാണ്. സംഗീത അദ്ധ്യാപികയായ
അമ്മയുടെ അഭിരുചി മകനിലേക്കും പകർന്നു കിട്ടി. ചെറുപ്പത്തിൽ തന്നെ കീ
ബോർഡ്, ഗിത്താർ, വയലിൻ എന്നിവയിൽ പ്രാവീണ്യം നേടി നാട്ടിലെ അമേച്വർ നാടക
സമിതികളിലും മറ്റും ഗാന രചയിതാവ്,സംഗീത സംവിധായകൻ, എന്ന നിലകളിൽ
പ്രവർത്തിച്ചു. റിഥം ഓർക്കെസ്ട്ര എന്ന പേരിൽ ഒരു ഭക്തിഗാനമേള ഗ്രൂപ്പ് കുറേ
നാൾ സ്വന്തമായി നടത്തിയിരുന്നു.
ഒരു
ദിവസം ശരാശരി 18 മണിക്കൂറുകളോളം തൻ്റെ റിസർച്ച് & ഡവലപ്പ്മെൻ്റ് ലാബിൽ
ചിലവഴിക്കുന്ന ഹരീന്ദ്രൻ്റെ ഹോബി ഏറ്റവും കൃത്യമായ റിസൾട്ട് കിട്ടുന്ന
ഓസിലോ സ്കോപ്പുകൾ, ഡിജിറ്റൽ മീറ്ററുകൾ ,സ്പെക്ട്രം അനാലൈസർ പോലുള്ള
വിലയേറിയ ഉപകരണങ്ങൾ സ്വന്തമാക്കുക എന്നതാണ്.
1979 ൽ ആറാം ക്ലാസിൽ തുടങ്ങിയ ഹരീന്ദ്രൻ്റെ ഇലക്ട്രോണിക്സ് ക്രേസ് 43 വർഷം പിന്നിട്ടിരിക്കുകയാണ്.
ഹരീന്ദ്രൻ്റെ
കുടുംബം ഭാര്യ ശ്രീരേഖയും, മകൻ ശ്രീക്കുട്ടനും, മരുമകൾ അനുവും
അടങ്ങുന്നതാണ്. മകൻ TCS ൽ എഞ്ചിനീയറാണ്. മരുമകൾ അദ്ധ്യാപികയാണ്.
ഇലക്ട്രോണിക്സ്
താൽപ്പര്യമുള്ളവർക്ക് മനസിൽ തോന്നുന്ന ഐഡിയകൾ ഉടൻ ചെയ്ത് നോക്കുന്നതിനുള്ള
ഒരു ഫാബ് ലാബ് സ്വദേശമായ കടയ്ക്കലിൽ സ്ഥാപിക്കുക എന്നതാണ് ഹരീന്ദ്രൻ്റെ
സ്വപ്നം. പതിനായിരക്കണക്കിന് സാങ്കേതിക തൽപ്പരരെ വാർത്തെടുക്കാൻ വഴിതെളിച്ച
ഹരീന്ദ്രന് ഇത് വരെ അർഹിക്കുന്ന യാതൊരു അംഗികാരവും നാട്ടിൽ നിന്നും
ലഭിച്ചിട്ടില്ല. ഇന്ത്യയിലും അധികം പ്രശസ്തി ഹരീന്ദ്രന് വിദേശ
രാജ്യങ്ങളിലുണ്ട്.ഇവരാണ് ഹരീന്ദ്രന് നിർലോഭമായ പിൻതുണ നൽകി വരുന്നത്.
ആരോഗ്യപരമായ കാരണങ്ങളാൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഹരീന്ദ്രനെ പരിചയപ്പെടാൻ താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തിൻ്റെ tkhareendran@gmail.com
എന്ന മെയിൽ ID യിൽ ബന്ധപ്പെടാം ,തീർച്ചയായും മറുപടി ലഭിച്ചിരിക്കും.
എഴുതിയത് അജിത് കളമശേരി.09.07.2022. ഹരീന്ദ്രൻ്റെ സർക്യൂട്ടുകളിൽ ചിലത്
താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളിൽ കാണാം.#Ajith_Kalamassery, #Senior_technician,#tk_hareendran
Comments
Post a Comment