ബാറ്ററികടക്കാരൻ്റെ കാസറ്റ് കമ്പനി
നമ്മുടെ നാട്ടിലെ കാസറ്റ് യുഗം 2000 മാണ്ടോടെ അവസാനിച്ചുവെങ്കിലും ഇന്നും പലരും ഓർമ്മക്കായി ധാരാളം കാസറ്റുകൾ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അവയിൽ വിദേശ മലയാളികൾ നാട്ടിൽ കൊണ്ടുവന്നതിൽപ്പെട്ട മാക് സെൽ കാസറ്റുകൾ 25 വർഷത്തിന് ശേഷം ഇപ്പോഴും ഒരു കാസറ്റ് പ്ലേയറിൽ ഇട്ടാൽ അടിപൊളിയായി പാട്ട് പാടും! ..രസകരമായ കാര്യം എന്തെന്ന് വച്ചാൽ കോംപാക്റ്റ് കാസറ്റ് കണ്ടു പിടിച്ച ഫിലിപ്സ് പുറത്തിറക്കിയ കാസറ്റിലും ഗുണമേൻമ അതിൻ്റെ ടെക്നോളജി അനുകരിച്ച് ഇറക്കിയ മാക്സെൽ കാസറ്റുകൾക്കായിരുന്നു എന്നതാണ്. അത്രയ്ക്ക് ഗുണമേൻമയിലാണ് മാക്സെൽ കാസറ്റുകൾ വിപണിയിലെത്തിയിരുന്നത്!. ഇന്നും കാസറ്റുകൾ പുറത്തിറക്കുന്ന ജപ്പാൻ കമ്പനിയായ മാക് സെല്ലിൻ്റെ കഥയാവട്ടെ ഇത്തവണ.
1918 ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപമുള്ള ഒസാക്കിയിൽ ആരംഭിച്ച നിറ്റോ ഇലക്ട്രിക് എന്ന കമ്പനി ഇലക്ട്രിക്കൽ/ ട്രാൻസ്ഫോർമർ നിർമ്മാണ ആവശ്യങ്ങൾക്കായുള്ള ഇൻസുലേറ്റിങ്ങ് വാർണ്ണിഷ് മെറ്റീരിയലുകളുടെ നിർമ്മാണ, വിതരണത്തിലാണ് ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്.
1945ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബാക്രമണത്തിൽ കമ്പനി നശിച്ച് നാമാവശേഷമായി.യുദ്ധമൊക്കെ ഒന്ന് ഒതുങ്ങിയപ്പോൾ നിറ്റോ ഇലക്ട്രിക് കമ്പനി 1947 ൽ ഇബറാക്കി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
തുടർന്ന് കമ്പനി പ്ലാസ്റ്റിക്കിലും, കാലിക്കോ എന്ന തുണി ചേർന്ന മെറ്റീരിയൽ കൊണ്ടുള്ള ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ജപ്പാനിലെ ആദ്യ പ്ലാസ്റ്റിക് ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണം നിറ്റോ കമ്പനിയാണ് ആരംഭിച്ചത്.
വൈദ്യുതി വ്യാപകമല്ലാതിരുന്ന 1957 കളിൽ ട്രാൻസിസ്റ്റർ റേഡിയോകളുടെയും, ടോർച്ചുകളുടെയും പ്രചാരം വൻതോതിൽ വർദ്ധിച്ചു.ഇവയിൽ ഉപയോഗിക്കാൻ ഗുണമേൻമയുള്ള ബാറ്ററികൾ അന്ന് ലഭ്യമല്ലായിരുന്നു. ലഭിച്ചിരുന്നവയുടെ ചാർജ് വേഗം തീരും.
പുതിയ ബാറ്ററി ഇട്ടാൽ റേഡിയോയും , ടോർച്ചുമെല്ലാം കഷ്ടി, മുഷ്ടി രണ്ടാഴ്ച ഓടും പിന്നെ വീണ്ടും കാശു മുടക്കണം.കാശ് മുടക്കുന്നതിൽ പ്രശ്നമില്ലെന്ന് വച്ചാലും വീക്കായ ബാറ്ററിയിൽ നിന്ന് ഒരു കെമിക്കൽ പുറത്ത് വരാൻ തുടങ്ങും! അത് ടോർച്ചിലും, റേഡിയോയിലുമൊക്കെ പടർന്ന് ലോഹ ഭാഗങ്ങളെല്ലാം ദ്രവിച്ച് പോകും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വയർലസുകളും, ഹെഡ് ലൈറ്റുകളും ധാരാളമായി ഉപയോഗിച്ചിരുന്ന ജപ്പാനീസ് മിലിട്ടറി നിറ്റോ ഇലക്ട്രിക് അടക്കമുള്ള കമ്പനികളോട് ഇതിനൊരു പരിഹാരം കണ്ടെത്താൻ നിർദ്ദേശം നൽകി.
മറ്റ് കമ്പനികൾക്കൊപ്പം നിറ്റോ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണ വിഭാഗവും ലാസ്റ്റ് ചെയ്യുന്ന ലീക്ക് വരാത്ത ഒരു പോർട്ടബിൾ ബാറ്ററിക്ക് വേണ്ടി പരീക്ഷണങ്ങൾ ആരംഭിച്ചു.
1959ൽ നിറ്റോ ഇലക്ട്രിക്കിൻ്റെ പരീക്ഷണങ്ങൾ ഫലവത്തായി. ഇതോടെ അവർ മാക്സിമം കപ്പാസിറ്റി ഡ്രൈസെൽ (ജപ്പാനീസിൽ മകുസേറു-കബാഷുക്കി -ഗൈഷ ) എന്ന പേരിൽ ലീക്ക് പ്രൂഫ്
ബാറ്ററി ബ്രാൻഡ് രജിസ്റ്റർ ചെയ്തു.
യുദ്ധത്തെ തുടർന്ന് സാമ്പത്തിക സ്ഥിതി പൊളിഞ്ഞ് പാളീസായ നിറ്റോ ഇലക്ട്രിക്കിന് ബാറ്ററി ഉണ്ടാക്കാൻ സാമ്പത്തിക / ടെക്നോളജി സഹകരണങ്ങൾ നൽകിയത് ഹിറ്റാച്ചി കമ്പനിയാണ്. അതിൻ്റെ ചരിത്ര രേഖകൾ ആദ്യകാല ത്തിറങ്ങിയ മാക്സെൽ ബാറ്ററികളിൽ കാണാം ചിത്രം നോക്കൂ.ഹിറ്റാച്ചി മാക് സെൽ ലിമിറ്റഡ് എന്ന് ബാറ്ററിയിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചോ?.
ജപ്പാനിലെ യുദ്ധസാഹചര്യം അവസാനിച്ചതിനാൽ ജപ്പാൻ സൈന്യത്തിന് അത്ര വലിയ തോതിൽ ബാറ്ററികൾക്ക് ഇനി ആവശ്യം ഇല്ല. ലോക വിപണിയിലേക്ക് ഇത്രയും വലിയ - വായിൽ കൊള്ളാത്ത പേരുമായി ഇറങ്ങിയാൽ പച്ച തൊടില്ലെന്ന് കമ്പനി ഡയറക്ടർ ബോർഡിന് മനസിലായി ..
അവർ അവസാനം ഒരു പേരു കണ്ടെത്തി മാക്സിമം കപ്പാസിറ്റി ഡ്രൈസെൽ എന്ന വലിയ പേരിൻ്റെ ,ആദ്യവും അവസാനവും മുറിച്ചെടുത്ത് മാക് - സെൽ എന്ന പേരങ്ങോട്ട് ബാറ്ററിക്കിട്ടു.
പാനാസോണിക്കും, തോഷിബയും, നാഷണലുമെല്ലാം സാനിയോയുമെല്ലാം ഇതിനോടകം അടിപൊളി ബാറ്ററികൾ വിപണിയിലെത്തിച്ചിരുന്നു. അതിനാൽ പ്രതീക്ഷിച്ച വിപണി മേൽക്കോയ്മ കമ്പനിക്ക് ലഭിച്ചില്ല
ഏത് പ്രതികൂല കാലാവസ്ഥയിലും തളരാത്ത മനസുള്ള സ്ഥിരോൽസാഹികളായ ജപ്പാൻകാർക്ക് ഇതൊന്നും കൊണ്ട് മനസ് മടുക്കില്ലല്ലോ....
അപ്പോഴാണ് 1963ൽ ഫിലിപ്സ് കമ്പനിയിലെ ലൂ ഓട്ടൻസ് കോംപാക്റ്റ് കാസറ്റ് കണ്ടു പിടിച്ച് വിപണിയിലെത്തിച്ചത്.നിറ്റോ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണ വിഭാഗം ഉടൻ തന്നെ നെതർലാൻഡിലെത്തി കാസറ്റ് നിർമ്മാണത്തിൻ്റെ സകല സൂത്രപ്പണികളും സംഘടിപ്പിച്ച് ജപ്പാനിലെത്തി.ഇൻസുലേഷൻ ടേപ്പുണ്ടാക്കുന്ന .കമ്പനിക്ക് കാസറ്റ് നിർമ്മിക്കാനാവശ്യമായ പ്ലാസ്റ്റിക് ഫിലിം നിർമ്മാണം താരതമ്യേന എളുപ്പമായിരുന്നു.
പ്ലാസ്റ്റിക് ഫിലിമിൽ ഫെറിക്ഓക്സൈഡ് കോട്ട് ചെയ്ത് പ്ലാസ്റ്റിക് ഷെല്ലിൽ അടക്കം ചെയ്ത് ബാറ്ററിക്ക് വേണ്ടി രജിസ്റ്റർ ചെയ്ത മാക്സെൽ എന്ന ബ്രാൻഡ് നെയിമിൽ വിപണിയിലെത്തിച്ചു.
പിന്നീട് വിവിധ തരത്തിലുള്ള ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്നതിനുള്ള
500 പ്രാവശ്യം ടേപ്പ് റിക്കോർഡറിൽ പ്ലേ ചെയ്താലും ക്വാളിറ്റി ലവലേശം കുറയുന്നില്ല എന്ന് ലോകമെമ്പാടുമുള്ള ഓഡിയോ ഫൈലുകൾ സാക്ഷ്യപ്പെടുത്തിയതോടെ മാക്സെൽ കാസറ്റുകൾക്ക് ആവശ്യക്കാരേറി.
ഇതോടെ വൻതോതിൽ കാസറ്റ് ഇറക്കുന്ന സംഗീത കമ്പനികളിലെ ഓഡിയോ എഞ്ചിനീയർമാർ വൻ തോതിൽ മാക് സെൽ കാസറ്റുകൾ ആവശ്യപ്പെടാൻ തുടങ്ങി.
നൈന സൈമൻ്റെ വൈൽഡ് ഈസ് വൈൽഡ് എന്ന ആൽബമാണ്1966 ൽ ലോകത്തിലാദ്യമായി കാസറ്റിൽ റിലീസ് ചെയ്യപ്പെട്ടത് .ഫിലിപ്സ് മ്യൂസിക്കാണ് ഈ സംഗീത ആൽബം പുറത്തിറക്കിയത്. ഫിലിപ്സ് കണ്ടു പിടിച്ച കാസറ്റിൽ പുറത്തിറക്കിയതിലുമധികം അധികം കാസറ്റുകൾ മാക് സെൽ കാസറ്റുകളിൽ ലോക വ്യാപകമായി പകർത്തി വിൽക്കപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകൾ.
1970 ൽ പുറത്തിറങ്ങിയ ജോണി മാത്തിസിൻ്റെ ആൽബത്തിനായി 2 കോടി കാസറ്റുകളാണ് മാക് സെൽ നിർമ്മിച്ച് നൽകിയത്.
ബാറ്ററി നിർമ്മാണത്തിനായി സജ്ജീകരിച്ച മികച്ച കെമിക്കൽ ലബോറട്ടറിയും, ശാസ്ത്രജ്ഞൻമാരും കൈവശമുണ്ടെന്നത് മാക് സെല്ലിനെ കാസറ്റ് ടേപ്പുകളിലെ ശബ്ദലേഖനം ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകളുടെ കണ്ടുപിടുത്തത്തിൽ മുൻ നിരയിലെത്തിച്ചു.
ലോകത്തിലെ ആദ്യ മെറ്റൽ കാസറ്റ് ടേപ്പ്, ഫെറിക് കോബാൾട്ട് കാസറ്റ് ടേപ്പ് ,ഗാമാ ഫെറിക് ഓക്സൈഡ് കാസറ്റ് ടേപ്പ് എന്നിവയുടെയെല്ലാം കണ്ട് പിടുത്തം നടത്തിയ കമ്പനി എന്ന മേൽക്കൈ നേടാനായി.
റേഡിയോ സ്‌റ്റേഷനുകളിലും, റിക്കോഡിങ്ങ് സ്റ്റുഡിയോകളിലും ആദ്യ ചോയ്സായി മാക്സെൽ കാസറ്റ് ടേപ്പുകൾ മാറി.വീഡിയോ കാസറ്റുകൾ, ലാർജ് ഫോർമാറ്റ് കമ്പ്യൂട്ടർ സ്റ്റോറേജ് സ്പൂളുകൾ ,തുടങ്ങിയവയിലെല്ലാം കമ്പനി മേൽക്കൈ നേടി.
മാക്സെൽ കാസറ്റിലെ സംഗീതം JBL സ്പീക്കറിലൂടെ കേൾക്കുമ്പോൾ അതിൻ്റെ ശക്തിയിൽ പറന്ന് പോകാതെ പിടിച്ചിരിക്കുന്ന Blown Away Guy എന്ന പരസ്യം ലോകപ്രശസ്തമാണ്.
കാസറ്റുകൾ ഇറക്കുന്നതിന് തങ്ങൾക്ക് പേര് സംഭാവന ചെയ്ത ബാറ്ററി കമ്പനി അത് തുടങ്ങി: 30 വർഷത്തിന് ശേഷം ഒരു ചൈനാ കമ്പനിക്ക് കൈമാറി. അവർ മാക് സെൽ എന്ന പേരിൽ പല തരം ബാറ്ററികൾ ഇപ്പോഴും ഇറക്കുന്നുണ്ട്.
2000ത്തോടെ കാസറ്റ് യുഗം അവസാനിച്ചെങ്കിലും അതിന് മുൻപേ തന്നെ കമ്പനി ഉൽപ്പന്ന നിര വൈവിദ്ധീകരിച്ച് ഡിജിറ്റൽ സ്റ്റോറേജ് ഡിവൈസുകൾ, ലേസർ, പ്രൊജക്റ്ററുകൾ, സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ, പ്രിൻ്റബിൾ ബാറ്ററികൾ, സെല്ലോ ടേപ്പുകൾ, തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
1957ൽ തുടങ്ങിയ ഹിറ്റാച്ചി കമ്പനിയുമായുള്ള സഹകരണം മാക്സെൽ കമ്പനി ഇന്നും തുടരുന്നു. ഹിറ്റാച്ചിക്ക് വേണ്ടി പല പല ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും നിർമ്മിച്ച് നൽകുന്നത് മാക്സെല്ലാണ്
കാസറ്റ് ടേപ്പുകൾക്ക് വ്യാപക പ്രചാരമുള്ള ജപ്പാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കായി മാക്സെൽ ഓഡിയോ കാസറ്റുകൾ ഇന്നും വൻതോതിൽ നിർമ്മിക്കുന്നുണ്ട്.
അങ്ങനെ ബാറ്ററി നിർമ്മിക്കാൻ തുടങ്ങിയ കമ്പനി ഓഡിയോ കാസറ്റുകൾ നിർമ്മിച്ച് 1963 മുതൽ 62 വർഷത്തിന് ശേഷം ഇപ്പോഴും നമ്മളെ സംഗീത സാഗരത്തിൻ്റെ തീരത്തേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു.അജിത് കളമശേര.07-07-2025
Comments
Post a Comment