ആദ്യ ജനപ്രീയ കാസറ്റ് പ്ലയർ


 


ഇതാ നിങ്ങളുടെ അറിവിലേക്കായി ഒരു പഴയ സൂപ്പർസ്റ്റാറിൻ്റെ കഥ !
1986 ൽ പുറത്തിറങ്ങിയ പഞ്ചാഗ്നി എന്ന സിനിമയിലെ സാഗരങ്ങളെ പാടി ഉണർത്തിയ എന്ന പാട്ട് മോഹൻലാൽ കൊണ്ട് നടക്കുന്ന നാഷണൽ പാനാസോണിക്കിൻ്റെ 2157 എന്ന ഈ ചെറു സെറ്റിലൂടെ കേൾക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ആ ചിത്രം ഇറങ്ങിയതോടെ പാട്ട് ഹിറ്റാവുകയും പാനാസോണിക്കിൻ്റെ ഈ സെറ്റ് സൂപ്പർ സ്റ്റാർ ആവുകയും ചെയ്തു.
അക്കാലങ്ങളിൽ ഗൾഫിൽ നിന്ന് വരുന്ന എല്ലാവരുടെയും കൈകളിലൂടെ ഒതുക്കമുള്ള ഈ സെറ്റ് ധാരാളമായി കേരളത്തിലുമെത്തി.
പഠിച്ച് കൊണ്ടിരുന്ന അക്കാലങ്ങളിൽ ഈ സെറ്റ് ഒരെണ്ണം സ്വന്തമാക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ ഏതാണ്ട് ആയിരം രൂപക്ക് അടുത്ത് അന്ന് ഇതിന് വില വന്നിരിന്നു.
1979ൽ ജപ്പാനിലെ നാഷണൽ പാനാസോണിക്ക് പുറത്തിറക്കിയ മോണോ കാസറ്റ് പ്ലെയറാണ് RQ2157 എന്ന ഈ മോഡൽ.
മെക്കാനിസം ഉൾപ്പടെ എല്ലാ ഘടകങ്ങളും പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിരുന്നതിനാൽ വളരെ വെയിറ്റ് കുറവായിരുന്നു ഈ മോഡലിന്.
ധാരാളം മലയാളികൾ ഉണ്ടായിരുന്ന ഗൾഫ് നാടുകളിൽ നിന്ന് അവധിക്ക് വരുന്നവർ ഈ കനക്കുറവിൻ്റെ ആനുകൂല്യം മുതലെടുത്ത് പ്രീയപ്പെട്ടവർക്ക് നൽകാനായി ഒന്നോ രണ്ടോ സെറ്റ് കയ്യിൽ കരുതിവരുക പതിവായി.
അക്കാലത്തെ ഗൾഫുകാരുടെ വീടുകളിലെ ഒരംഗത്തെപ്പോലെ ഈ സെറ്റ് സ്ഥാനം പിടിച്ചു.
അധികം താമസിയാതെ പഞ്ചാഗ്നി എന്ന മോഹൻലാൽ ചിത്രം പുറത്തിറങ്ങുകനിലെ ചിത്ര ഗീതം പരിപാടിയിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്തിരുന്ന ആ ചിത്രത്തിലെ സാഗരങ്ങളെ പാടിയുണർത്തിയ എന്ന ഗാനം വളരെ ഹിറ്റാവുകയും ചെയ്തു.
ഈ ഗാനം മോഹൻലാലിൻ്റെ കൈവശം ഇരിക്കുന്ന RQ 2157 എന്ന നമ്മുടെ കഥാനായകനായ ഈ സെറ്റിലൂടെ കേൾക്കുന്നതായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഇതോടെ സെറ്റിന് ആവശ്യക്കാർ അധികരിക്കുകയും 1000 രൂപാ റേഞ്ചിൽ ലഭിച്ചിരുന്നത് 1600 രൂപ വരെയായി ഉയർന്നു.
നല്ല ശബ്ദ ഗുണമേൻമയും റിക്കോഡിങ്ങ് ക്വാളിറ്റിയും ഈ സെറ്റിൻ്റെ പ്രത്യേകതകളായിരുന്നു.
ഫോൺ വിളി വളരെ ചിലവേറിയതും, ബുദ്ധിമുട്ട് നിറഞ്ഞതുമായ 1980 കളിൽ തങ്ങളുടെ പ്രീയപ്പെട്ടവരുടെ ശബ്ദമെല്ലാം വീണ്ടും, വീണ്ടും കേൾക്കാനായി കാസറ്റിൽ റിക്കോഡ് ചെയ്ത് കൊണ്ടുപോവുകയും, കൊടുത്തു വിടുകയും അന്നത്തെ പ്രവാസികളുടെ ഒരു ശീലമായിരുന്നു. അതിന് ഈ സെറ്റിൻ്റെ റെക്കോഡിങ്ങ് ക്വാളിറ്റി വളരെയധികം സഹായിച്ചു.
റഫ് യൂസിലും ,പ്രായേണ തകരാറുകൾ വളരെ കുറവുള്ള സെറ്റായിരുന്നു ഈ മോഡൽ.
തോഷിബയുടെ TA7207 P എന്ന ഓഡിയോ IC യും രണ്ട് ട്രാൻസിസ്റ്റർ ഉള്ള ഒരു ഹെഡ് പ്രീ ആംപ്ലിഫയർ സർക്യൂട്ടും അടങ്ങിയ ഇതിൻ്റെ PCB യും വളരെ സോളിഡും തകരാറുകൾ അങ്ങനെ വരാത്തതുമായിരുന്നു.
മാനുവലി അഡ്ജസ്റ്റ് ചെയ്യുന്ന മെക്കാനിക്കൽ സ്പീഡ് ഗവർണ്ണർ ഉള്ള മോട്ടോർ ആയതിനാൽ കാലപ്പഴക്കത്തിൽ മോട്ടോറിൻ്റെ വേഗത കുറഞ്ഞ് പാട്ട് ഇഴഞ്ഞ് വലിഞ്ഞ് പാടുന്നത് ഒരു പ്രധാന തകരാറായിരുന്നു.
എന്നിരുന്നാലും അന്നത്തെ പലർക്കും ഈ റിപ്പയറിങ്ങ് ടെക്നിക്ക് അറിയാത്തതിനാലും അറിഞ്ഞാൽ തന്നെ പല പ്രാവശ്യം അഡ്ജസ്റ്റ് ചെയ്ത് ട്രയൽ ആൻഡ് എറർ മെത്തേഡിലൂടെ മാത്രമേ മോട്ടോറിൻ്റെ വേഗത ക്രമപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇതത്ര എളുപ്പമായിരുന്നില്ല.
അതിനാൽ അന്ന് വിപണിയിൽ സുലഭമായിരുന്ന ജപ്പാൻ നിർമ്മിത മാബുച്ചി മോട്ടോർ കൊണ്ട് പഴയ മോട്ടോർ റീ പ്ലേസ് ചെയ്ത് ഈ തകരാർ പരിഹരിച്ചിരുന്നു.
110 വോൾട്ടിലും, 230 വോൾട്ടിലും പ്രവർത്തിക്കുന്ന ഈ സെറ്റിൻ്റെ പുറകിലെ സെലക്റ്റർ സ്വിച്ച് തിരിച്ച് വച്ച് ഓൺ ചെയ്യുന്നത് മൂലം ട്രാൻസ്‌ഫോർമർ കത്തിപ്പോവുക ഒരു സാധാരണ സംഭവമായിരുന്നു.
അക്കാലത്തെ റേഡിയോ മെക്കാനിക്കുകളെ അരി മേടിക്കുവാൻ ഈ മോഡൽ വളരെയധികം സഹായിച്ചിട്ടുണ്ട്.
RQ 2157 എന്ന മോണോ മോഡലിൻ്റെ വൻ ജനപ്രീതിയെ തുടർന്ന് RQ 2160 എന്ന സ്റ്റീരിയോ മോഡലും പാനാസോണിക് വിപണിയിലെത്തിച്ചു.അതും കേരളത്തിൽ വൻ ജനപ്രീതി നേടി.
റേഡിയോ ഉള്ള മോണോ, സ്റ്റീരിയോ മോഡലുകൾ പിന്നാലെ വന്നു. മെറ്റൽ മെക്കാനിസം ഉപയോഗിച്ചിരുന്നതിനാൽ വെയ്റ്റ് അൽപ്പം അധികമായിരുന്നു റേഡിയോ ഉള്ള മോഡലുകൾക്ക്. ഇതു മൂലം കേരളത്തിൽ അവ അത്ര ജനപ്രീതി നേടിയില്ല.
1987 ൽ ഈ മോഡലുകളുടെ നിർമ്മാണം പാനാസോണിക് അവസാനിപ്പിച്ചു.
പിന്നീട് കൊറിയയിൽ നിന്നും, തെയ് വാനിൽ നിന്നും ഈ മോഡലുകളുടെ കോപ്പികൾ ഇറങ്ങിയെങ്കിലും ജപ്പാൻ മോഡലുകളുടെ അത്ര പോപ്പുലറായില്ല.
സ്ക്രൂകൾ ഇല്ലാതെ പ്രസ് ഫിറ്റിങ്ങിൽ ക്യാബിനെറ്റ് അടയ്ക്കുന്ന ഒരു ജർമ്മൻ മോഡലും ഇതിനുണ്ടായിരുന്നു.ഇത് റിപ്പയർ ചെയ്യാൻ കിട്ടിയ ടെക്നീഷ്യൻമാർ എങ്ങനെ ഇത് തുറക്കുമെന്നറിയാതെ വെള്ളം കുടിച്ച് പോകും!
കാസറ്റ് പ്ലെയറുകൾ കാലഹരണപ്പെട്ടു പോയ ഇക്കാലത്ത് ഈ പഴയ സൂപ്പർ സ്റ്റാർ കേരളത്തിലെ ഏതാനും വിൻ്റേജ് കളക്റ്റർമാരുടെ കൈവശം ഉള്ളതിനാൽ പുതുതലമുറയ്ക്ക് വല്ലപ്പോഴും ഇദ്ദേഹത്തെ നേരിൽ കാണാൻ അവസരം ലഭിക്കുന്നുണ്ട്. അജിത് കളമശേരി.

Comments