ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍
ഒരു ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുവാന്‍ പലപ്പോഴും ക്യാമറ മാത്രം മതിയാവുകയില്ല. ക്യാമറയുടെ ഉപയോഗത്തെ സാധ്യമാക്കുന്നതും വിപുലീകരിക്കുന്നതുമായ വിവിധ ഉപകരണങ്ങള്‍ ലഭ്യമാണ്. ഉപയോഗത്തിലെ വൈദഗ്‌ധ്യത്തിനനുസരിച്ച് അനുബന്ധ ഉപകരണങ്ങളുടെ എണ്ണവും രീതിയും വ്യത്യാസപ്പെടാം. ക്യാമറയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന ബാറ്ററികള്‍, റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള റീചാര്‍ജ്ജറുകള്‍, കൂടുതല്‍ ചിത്രങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപകരിക്കുന്ന മെമ്മറി കാര്‍ഡുകള്‍; ഇവയൊക്കെയും ഈ അനുബന്ധ ഉപകരണങ്ങളില്‍പ്പെടുന്നു.
ഇവയെക്കുറിച്ചെല്ലാമുള്ള സാമാന്യമായ അറിവ് ഇവ ഉപയോഗിക്കുമ്പോഴും പരിപാലിക്കുമ്പോഴും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ബാറ്ററികള്‍
ഒരു ഡിജിറ്റല്‍ ക്യാമറ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ആല്‍ക്കലൈന്‍ ബാറ്ററികളേക്കാള്‍ റീചാര്‍ജ്ജബിള്‍ ബാറ്ററികളെയാണ് ആശ്രയിക്കുന്നത്. നിക്കല്‍ കാഡ്മിയം (NiCd), നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് (NiMH), ലിഥിയം അയോണ്‍ (Li-ion), ലിഥിയം അയോണ്‍ പോളിമര്‍ എന്നിങ്ങനെ വിവിധ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ റീചാര്‍ജ്ജബിള്‍ ബാറ്ററികളാണ് ഇന്ന് നിലവിലുള്ളത്. ഇവയില്‍ത്തന്നെ NiMH, Li-ion ബാറ്ററികളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നു.
- ബാറ്ററി വാങ്ങുമ്പോള്‍ വളരെകുറഞ്ഞ mAh (മില്ലി ആമ്പിയര്‍/അവര്‍) വിലയുള്ള ബാറ്ററികള്‍ ഒഴിവാക്കുക. ഓരോ റീചാര്‍ജ്ജിനുശേഷവും ബാറ്ററി ഉപയോഗിക്കുവാന്‍ സാധിക്കുന്ന സമയം, mAh വിലയുമായി നേര്‍അനുപാതത്തിലായിരിക്കും.
- ഓരോ പ്രാവശ്യവും ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് വിമുക്തമായതിനുശേഷം മാത്രം റീചാര്‍ജ്ജ് ചെയ്യുക.
- ബാറ്ററികള്‍ മാറുമ്പോള്‍ പെയറുകളായി മാറുക. (രണ്ട്/നാല് ബാറ്ററികള്‍ വീതം ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒരു സമയം രണ്ട്/നാല് ബാറ്ററികളും മാറ്റുക.) ഒരുസമയം ഉപയോഗിക്കുന്ന ബാറ്ററികളെല്ലാംത്തന്നെ ഒരേ നിര്‍മ്മാതാവിന്റെ ഒരേരീതിയിലുള്ളവ തന്നെയാകുന്നതാണ് കൂടുതല്‍ നല്ലത്.
- കൂടുതല്‍ കാലം ക്യാമറ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബാറ്ററികള്‍ ക്യാമറയില്‍നിന്നും എടുത്തുമാറ്റി സൂക്ഷിക്കുക.
ബാറ്ററി ചാര്‍ജ്ജറുകള്‍
റീചാര്‍ജ്ജബിള്‍ ബാറ്ററികളുടെ പ്രവര്‍ത്തനമികവ്, ഉപയോഗിക്കുന്ന ബാറ്ററി ചാര്‍ജ്ജറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയന്ന് നോക്കാം.
- ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രം കണക്കിലെടുക്കാതിരിക്കുക. എത്ര വേഗത്തില്‍ ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുവാന്‍ സാധിക്കുന്നു എന്നതിനനുസൃതമായി വിലയില്‍ വ്യത്യാസമുണ്ടാകും.
- ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്ത് കഴിഞ്ഞാല്‍ തനിയെ ചാര്‍ജ്ജിംഗ് അവസാനിപ്പിക്കുന്ന ചാര്‍ജ്ജറുകളാണ് കൂടുതല്‍ നല്ലത്.
- റിഫ്രഷ് ഫംക്ഷന്‍, LED ഇന്‍ഡിക്കേറ്റര്‍, ചാര്‍ജ്ജ് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ കൂടുതല്‍ സാധ്യതകളുള്ള ചാര്‍ജ്ജറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
പല രീതിയിലുള്ള ബാറ്ററികള്‍ ഇടകലര്‍ത്തി ചാര്‍ജ്ജ് ചെയ്യുവാന്‍ നല്‍കാതിരിക്കുക. കഴിയുന്നതും ക്യാമറകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പെയറുകള്‍ അതേ രീതിയില്‍ത്തന്നെ ചാര്‍ജ്ജറുകളിലും ഉപയോഗിക്കുക.
ക്യാമറ ബാഗുകള്‍
ഡിജിറ്റല്‍ ക്യാമറകളുടെ രൂപത്തിനും വലിപ്പത്തിനും അനുസൃതമായി വൈവിധ്യമാര്‍ന്ന ക്യാമറ ബാഗുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ക്യാമറ ബാഗ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു.
- ഓരോ ക്യാമറയ്ക്കും ശരിയായി ഇണങ്ങുന്ന ബാഗുകള്‍ തിരഞ്ഞെടുക്കുക.
- ആയാസരഹിതമായി കൊണ്ടുനടക്കുവാനും സൂക്ഷിക്കുവാനും ഉതകുന്ന രീതിയിലുള്ള ഒതുക്കമുള്ള ബാഗുകളാണ് തിരഞ്ഞെടുക്കേണ്ടത്.
- സ്ഥിരമായി ഉപയോഗമുള്ള അനുബന്ധ ഉപകരമങ്ങള്‍ (ഉദാ: ബാറ്ററികള്‍, ചാര്‍ജ്ജര്‍, ലെന്‍സുകള്‍ മുതലായവ) സൂക്ഷിക്കുവാനായി പ്രത്യേക അറകള്‍ ലഭ്യമായ ബാഗുകള്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കും.
മെമ്മറി കാര്‍ഡുകള്‍
ഫ്ലാഷ് മെമ്മറി കാര്‍ഡുകളിലാണ് സാധാരണയായി ചിത്രങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്. കോംപാക്ട് ഫ്ലാഷ്, മെമ്മറി സ്റ്റിക്ക്, മിനി എസ്.ഡി., മൈക്രോ എസ്.ഡി. എന്നിങ്ങനെ വിവിധ ഫോംഫാക്ടറുകളില്‍ മെമ്മറി ഫ്ലാഷ് കാര്‍ഡുകള്‍ ലഭ്യമാണ്. മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാമറ പിന്തുണയ്ക്കുന്ന ഫോംഫാക്ടറിലുള്ള മെമ്മറി കാര്‍ഡുകളാണ് തിരഞ്ഞെടുക്കേണ്ടത്. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കൂ.
- ഒരു 8 ജിബി കാര്‍ഡ് വാങ്ങി ഉപയോഗിക്കുന്നതിലും നല്ലത് രണ്ട് 4 ജിബി കാര്‍ഡ് വാങ്ങുന്നതായിരിക്കും. ഒരു കാര്‍ഡ് പ്രവര്‍ത്തനരഹിതമായാലും മറ്റൊന്ന് ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.
- മെമ്മറി കാര്‍ഡ് പൂര്‍ണ്ണമായും നിറഞ്ഞതിനുശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റുവാന്‍ നില്‍ക്കാതെ ഇടയ്ക്കിടെ ചിത്രങ്ങള്‍ സിസ്റ്റത്തിലേക്ക് മാറ്റുക.
- ഓരോ ചിത്രമായി ക്യാമറയില്‍ നിന്നുതന്നെ ഇടയ്ക്കിടെ ഡിലീറ്റ് ചെയ്യാതിരിക്കുക. ഈ രീതിയില്‍ ഓരോ ചിത്രമായി ഡിലീറ്റ് ചെയ്യുന്നത് മെമ്മറി ഫ്രാഗ്മെന്റേഷന് കാരണമാകും.
- കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ അത് ക്യാമറയില്‍ നിന്നുതന്നെ ചെയ്യുന്നതാണ് ഉത്തമം.
വിവിധ മെഗാ പിക്സല്‍ ക്യാമറകളില്‍ ഓരോ ചിത്രത്തിനും സൂക്ഷിക്കുവാന്‍ ആവശ്യമായ മെമ്മറിയും ഓരോ മെമ്മറി കാര്‍ഡിലും ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കുന്ന പട്ടികയാണ് മുകളില്‍.
ട്രൈപോഡുകള്‍
ചിത്രങ്ങളുടെ വ്യക്തത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യാമറയ്ക്ക് ഉണ്ടാകുന്ന ചലനങ്ങളാണ്. വളരെ നേരിയ ചലനങ്ങള്‍ പോലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിച്ചേക്കാം. ഇതിനൊരു പരിഹാരമാണ് ട്രൈപോഡുകള്‍.
മൂന്നു കാലുകളുള്ള ഇതിനു മുകളില്‍ ക്യാമറ ഘടിപ്പിച്ചതിനുശേഷം ഉയരം ക്രമീകരിച്ച് ചിത്രങ്ങള്‍ പകര്‍ത്താവുന്നതാണ്. ഒരു കാല്‍ മാത്രമുള്ള മോണോപോഡുകളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. കാലുകള്‍ക്ക് മുകളിലായുള്ള ‘ഹെഡ്’ എന്ന ഭാഗത്താണ് ക്യാമറ ഘടിപ്പിക്കേണ്ടത്. 3 വേ പാന്‍ ടില്‍റ്റ് ഹെഡ്, ബോള്‍ ഹെഡ് എന്നിങ്ങനെ വിവിധ രീതികളിലുള്ള ഹെഡ്ഡുകള്‍ ലഭ്യമാണ്. കാലുകളുടെ ഗുണമേന്മ, ബലം, ഹെഡ്ഡിലെ സാധ്യതകള്‍ എന്നിവയ്ക്ക് അനുസൃതമായാണ് ട്രൈപോഡിന്റെ വില നിശ്ചയിക്കപ്പെടുന്നത്. സാധാരണ ഉപയോഗങ്ങള്‍ക്ക് ട്രൈപോഡുകള്‍ ഒരു അനിവാര്യഘടകമല്ലെങ്കിലും, മികച്ച ചിത്രങ്ങള്‍ പകര്‍ത്തേണ്ടുന്ന ഘട്ടങ്ങളില്‍ ട്രൈപോഡുകള്‍ ഒഴിവാക്കുവാന്‍ കഴിയില്ല.
GOOD......!!!! thanks.... എനിക്ക് ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. പ്രൊഫഷണല്‍ ആവശ്യത്തിനൊന്നുമല്ല. സാധാരണ ചെറിയ ആവശ്യങ്ങള്‍ക്കാണ്. ഏത് കമ്പനിയുടെ ഏത് മോഡല്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം? 5000-6000 ത്തില്‍ ഒതുങ്ങുമോ?
ReplyDeleteകാനന്‍ ,ഫ്യൂജി,നിക്കോണ്‍ ,സോണി,തുടങ്ങിയ മിക്കവാറും എല്ലാ കമ്പനികളും താങ്കള്‍ ആവശ്യപ്പെട്ട റേഞ്ചില്‍ ക്യാമറകള്‍ പുറത്തിറക്കുന്നുണ്ട്,നല്ല ഒരു മോഡല്‍ ഇവിടെ പോയി തിരഞ്ഞെടുക്കുക
ReplyDeletethank you sir,
ReplyDeleteDEAR SIR,
ReplyDeleteഎനിക്കൊരു YASHICA EZ F1233 DIGITAL ക്യാമറ ഉണ്ട് അതില്‍ Lens Error 0*0311 എന്ന് എഴുതി വന്നതിനുശേഷം ഒഫായിപോകും ഒരു മറുപടിതരുമോ ഇമെയില്‍
sunojelectroland@gmail.com