Tuesday, May 8, 2012

ഇലക്‌ട്രിക്ക് കാര്‍ വാങ്ങിയാല്‍ EMI കമ്പനി അടയ്ക്കും

 

ഇലക്‌ട്രിക്ക് കാര്‍ വാങ്ങിയാല്‍ EMI കമ്പനി അടയ്ക്കും

 ഇലക്‌ട്രിക്കല്‍ കാറാണ് ജീവനക്കാര്‍ വാങ്ങുന്നതെങ്കില്‍ ഇന്‍സ്റ്റാള്‍‌മെന്റിന്റെ ഭൂരിഭാഗവും അടയ്ക്കാന്‍ തയ്യാറായി ഒരു ഐടി കമ്പനി. ‘ഹരിതഭാരതം’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി കോര്‍പ്പറേറ്റ് ഇന്ത്യയില്‍ ആദ്യത്തേതാണ്. സാപ് ഇന്ത്യയാണ് അതിന്റെ ജോലിക്കാര്‍ക്ക് മുമ്പില്‍ ഇത്തരമൊരു സ്വപ്നപദ്ധതി വച്ചിരിക്കുന്നത്. ഇന്‍സ്റ്റാള്‍‌മെന്റ് അടയ്ക്കുന്നതില്‍ മാത്രമല്ല ജോലിക്കാരെ സാപ് ഇന്ത്യ സഹായിക്കുക. സവിശേഷ പാര്‍ക്കിംഗ് സൌകര്യവും സൌജന്യ സര്‍വീസും കമ്പനി ഉറപ്പുതരുന്നു.
റേവയുടെ ഇലക്‌ട്രിക്ക് കാര്‍ വാങ്ങുന്ന ജീവനക്കാര്‍ 36 മാസത്തെ EMI ആണ് കെട്ടേണ്ടത്. ഓരോ മാസവും 7,350 രൂപ കെട്ടേണ്ടിവരും. എന്നാല്‍ ജോലിക്കാര്‍ കെട്ടേണ്ടത് വെറും 1,350 രൂപയാണ്. ബാക്കിയുള്ള 6,000 രൂപ സാപ് ഇന്ത്യ കെട്ടിക്കോളും. മലിനീകരണം പുറന്തള്ളാതെ, ഭൂമിയുടെ ഹരിതകവചം നിലനിര്‍ത്താന്‍ സഹായിക്കുന്ന റേവയുടെ ഇലക്‌ട്രിക്ക് കാര്‍ വാങ്ങുന്ന ജോലിക്കാരെ കാത്തിരിക്കുന്നത് ഇന്‍‌സ്റ്റാള്‍മെന്റ് സബ്സിഡി മാത്രമല്ല.
സാപ് ഇന്ത്യയുടെ കാമ്പസില്‍ തന്നെ കാര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിലുള്ള സൌജന്യ സേവനം ഉണ്ടായിരിക്കും. കാമ്പസിന്റെ എന്‍‌ട്രന്‍സില്‍ തന്നെ റേവ ഉടമകള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് ഇടം ഒരുക്കും. റേവ കാര്‍ വാങ്ങുന്നവര്‍ക്ക് ബാറ്ററി വാറന്റിയുടെ കാലാവധി 24 മാസം ആണെങ്കില്‍ സാപ് ഇന്ത്യാ ജോലിക്കാര്‍ക്കത് 36 മാസമായിരിക്കും. കാര്‍ സര്‍‌വീസിംഗ് സെന്റര്‍ കാമ്പസില്‍ തന്നെ ഉണ്ടാകും. ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പോയിന്റ് സൌജന്യമായി ഉടമയുടെ വീട്ടില്‍ ഒരുക്കിയും കൊടുക്കും. ഇതിനപ്പുറം എന്തുവേണം!
ജര്‍മനി ആസ്ഥാനമാക്കിയുള്ള സാപ്പ് എന്ന കമ്പനിയുടെ സബ്സിഡയറിയാണ് എന്റര്‍‌പ്രൈസ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ കമ്പനിയായ സാപ്പ് ഇന്ത്യ. പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കാര്‍ബണ്‍ മാലിന്യം പുറത്തുതള്ളി ഭൂമിയുടെ ഹരിതകവചം ഇല്ലാതാക്കുന്നതിനെതിരെ കമ്പനിയുടെ ചെറുത്തുനില്‍‌പ്പാണ് ഈ പുതിയ പദ്ധതിയെന്ന് സാപ്പ് ഇന്ത്യ പറയുന്നു. മഹീന്ദ്രയുടേതാണ് റേവ ഇലക്‌ട്രിക്ക് കാര്‍. ഇത്തരമൊരു പദ്ധതി ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവരിക വഴി ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് വഴികാട്ടുകയാണ് സാപ്പ് ഇന്ത്യയെന്ന് മഹീന്ദ്ര പറയുന്നു.

No comments:

Post a Comment