Tuesday, January 14, 2025

എന്താണ് Be Scan

 

 എന്താണ് Be Scan

 

 കേരളത്തിൽ ലഭ്യമായ വിവിധ തരം ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങളെ പരിചയപ്പെടാനും, അവയുടെ വില നിലവാരം, ഈ ഉപകരണങ്ങൾ നമ്മൾ മുടക്കുന്ന ഗുണമേന്മ പണത്തിനൊത്ത മൂല്യം നൽകുന്നതാണോ, തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച്  ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള ഒരു എളിയ ശ്രമം.

വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഉപദേശങ്ങൾ, ഡിസ്ക്കൗണ്ട് കൂപ്പണുകൾ, ഷോപ്പ് ഡയറക്ടറി തുടങ്ങി ഉപഭോക്താക്കൾക്കും, ചെറുകിട  ഉൽപ്പന്ന നിർമ്മാതാക്കൾക്കും ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരവും ഇവിടെ ലഭ്യമാകും.


ഇലക്ട്രോണിക്സ് മാദ്ധ്യമ രംഗത്ത് 2005 മുതൽ സജീവ സാന്നിദ്ധ്യമായ ഇലക്ട്രോണിക്സ് കേരളത്തിൻ്റെ മറ്റൊരു ബ്ലോഗ് സൈറ്റാണിത്.

ഗൃഹോപകരണങ്ങൾ ഗ്യാരണ്ടി, വാറണ്ടി പീരിയഡിനുള്ളിൽ തകരാറിലായിട്ടും അവ നന്നാക്കി നൽകാതെ നിങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ പങ്ക് വയ്ക്കാം.

പ്രമുഖ ഇലക്ട്രോണിക്സ് കൺസൾട്ടൻസി ഗ്രൂപ്പായ Bharath Electro Tech New Delhi യാണ് ഈ സംരംഭത്തിന് പിന്നിൽ.

Friday, December 8, 2017

IFB മൈക്രോ വേവ് ഓവന്‍ വാങ്ങിയ ആള്‍ക്ക് പറ്റിയ പറ്റ്.

IFB മൈക്രോ വേവ് ഓവന്‍ വാങ്ങിയ ആള്‍ക്ക് പറ്റിയ പറ്റ്.

 തൊടുപുഴ.
ഈ വർഷം സെപ്റ്റംബർ ഒന്നാം തീയതി ഞാനൊരു മണ്ടത്തരം കാണിച്ചു...
കുറേ നാളായുള്ള ആഗ്രഹമായിരുന്നു, ഒരു ഓവൻ വാങ്ങണമെന്നത്.... കുറേശ്ശെയായി പൈസയൊക്കെ സൂക്ഷിച്ചു വച്ച് ബിജിലീടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് ആക്കാല്ലോ ന്നൊക്കെ കരുതി പ്ലാനിംഗ് ഒക്കെ ചെയ്തവച്ചു... പല പല കടകളിലും നേരിട്ട് ചെന്ന് സാധനം പല കമ്പനികളുടെയും കണ്ടു... അന്നേ ശ്രദ്ധിച്ച ഒരു കാര്യമാണ്.... ഓവൻറ്റെ പ്രവർത്തനത്തെ പറ്റിയും ഉപയോഗത്തെ പറ്റിയും പല പല മോഡലുകൾ തമ്മിലുള്ള താരതമ്യവും നമ്മുടെ മുന്നിൽ വിശദീകരിക്കാൻ ഒരു കടയിലെയും സെയിൽസ് എക്സിക്യൂട്ടിവ്സിന് കഴിഞ്ഞതേയില്ല.... പിന്നെ യൂട്യൂബ് തന്നെ രക്ഷയായി... അങ്ങനെ കുറേ 'ഗവേഷണം' നടത്തി സംഗതി തീരുമാനിച്ചു.... ഇതുവരെ IFB യുടെ ഒന്നും വാങ്ങിയിട്ടേയില്ല... ഒരു well known brand ആണല്ലോ ഏതാണ്ട് വൻ സംഭവമായിരിക്കും എന്നൊക്കെ കരുതി അതിൽ തീരുമാനം കുറ്റിയടിച്ചു....
നേരെ തൊടുപുഴയിലുള്ള ബിസ്മിയിൽ പോയി സംഗതി അങ്ങ് കൈക്കലാക്കി... ഓണം സെയിൽ നടക്കുന്ന സമയവുമായിരുന്നു....
ഒത്തിരി ആഗ്രഹത്തോടെ വാങ്ങിയെങ്കിലും, ടീവിയിലും ചില വീടുകളിലും ഈ പെട്ടി ഇരിക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ ഞങ്ങൾ രണ്ടുപേരും ഈ സാധനം ഈ ജൻമത്ത് കൈകൊണ്ട് തൊട്ടിട്ടേയില്ല...  installation ന് ടെക്നീഷ്യൻ രണ്ടു ദിവസത്തിനകം വരുമെന്ന് വാങ്ങിയ ദിവസം ബിസ്മിക്കാര് പറഞ്ഞിരുന്നു... രണ്ടാമത്തെ ദിവസം ടെക്നീഷ്യൻ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു കക്ഷി വിളിച്ച് വീട്ടിലേക്കുള്ള വഴിയൊക്കെ ചോദിച്ചു... അന്ന് ഞാൻ പോത്താനിക്കാടിനടുത്ത് മാവുടി എന്ന സ്ഥലത്താണ് താമസം... വിളിച്ച ആൾ പറഞ്ഞത് അങ്ങേരുടെ വീട് അടിവാട് എന്ന സ്ഥലത്താണ് എന്നാണ്... അതായത് കഷ്ടി മൂന്ന് കിലോമീറ്റർ അകലം.... ഉടനേയെത്താമെന്നൊക്കെ പറഞ്ഞ് ഫോൺ വച്ചു.... അടുത്ത ദിവസം വന്നില്ല, രണ്ട് ദിവസം കഴിഞ്ഞിട്ടും വന്നില്ല... ഇങ്ങോട്ടു വിളിച്ച നമ്പരിൽ പലതവണ വിളിച്ചു. ... ഓരോരോ മുട്ടാപ്പോക്ക് ന്യായവും പറഞ്ഞ് അങ്ങനെ ഒരാഴ്ച കഴിഞ്ഞു... ക്ഷമ നശിച്ച് ഞങ്ങള് തന്നെ പെട്ടി പൊട്ടിച്ച് ആശാനെ പുത്തിറക്കി.... വീണ്ടും യൂട്യൂബിൻറ്റെ സഹായത്തോടെ ഓരോന്നായി ഉപയോഗം ശീലിച്ചു തുടങ്ങി... സംഗതി അത്ര കുഴപ്പം തോന്നിയില്ല... അങ്ങനെ ആ installation ന് വരാമെന്നു പറഞ്ഞ് പറ്റിച്ച ആ ഫ്രോഡിൻറ്റെ കഥ ഞങ്ങളങ്ങ് പതുക്കെ മറന്നു...
കഥയുടെ അടുത്ത ഭാഗം തുടങ്ങുന്നത് ഈ നവംബർ മുപ്പതിന്... അതായത് ഈ സാധനം വാങ്ങി കൃത്യം മൂന്ന് മാസം തികഞ്ഞ ദിവസം.... പവർ പ്ലഗ്ഗിൽ കുത്തി സ്വിച്ച് ഓണാക്കിയപ്പോൾ "ഠപ്പ്" എന്നൊരു ശബ്ദം ഓവൻറെ പുറകിൽ നിന്നു കേട്ടു... പേടിച്ച് അപ്പോൾ തന്നെ സ്വിച്ച് ഓഫാക്കി.... പുറകിൽ പോയി മണത്തു നോക്കി... ഇല്ല, കരിഞ്ഞ മണമൊന്നുമില്ല.... സാധനം അടിച്ചു പോയോ എന്നറിയാൻ മാലപ്പടക്കം തീപ്പെട്ടി കൊണ്ട് കത്തിക്കുന്ന അതേ പേടിയോടെ പിന്നെയും പ്ലഗ്ഗ് കുത്തി, തിരിഞ്ഞോടാൻ റെഡിയായി നിന്ന് ചങ്കിടിപ്പോടെ സ്വിച്ച് ഓണാക്കി.... ഹാവൂ... അകത്തെ ലൈറ്റൊക്കെ കത്തുന്നു. ... ഓണാകുമ്പോഴുള്ള ബീപ്പ് സൗണ്ടും കേട്ടു... പരീക്ഷിക്കാൻ ഇത്തിരി ചോറ് പാത്രത്തിലെടുത്ത് reheat option ഓണാക്കി... അകത്തെ ആ rotor plate ഉം കറങ്ങുന്നു... ഹാവൂ... പോയിട്ടില്ല എന്ന് സമാധാനിച്ച് ഇരുന്ന് timer off ആയപ്പോ പാത്രം പുറത്തെടുത്തു... ഒന്നും സംഭവിച്ചില്ല... ചോറ് ചൂടായിട്ടില്ലാ ന്ന്.... കട്ട ഡെസ്പ്...  മേടിച്ചിട്ട് ഇത്ര കുറച്ചു ദിവസമല്ലേ ആയുള്ളൂ... അങ്ങനെ ഭീകരമായ പാചകമൊന്നും ഒട്ടു ചെയ്തിട്ടുമില്ല... ക്രിസ്മസ് ന് കേക്കൊക്കെ ഉണ്ടാക്കി പഠിക്കാം ന്നൊക്കെ കരുതി ഇരിക്കുമ്പൊഴാ ഈ പണി... അപ്പോ തന്നെ IFB യുടെ official customer care number ൽ വിളിച്ച് complaint book ചെയ്തു... പക്ഷേ reply ആയി സാധാരണ വരാളുള്ള complaint registration number sms വന്നില്ല.... ഞാനത് ശ്രദ്ധിച്ചേയില്ല...
തൊട്ടടുത്ത ദിവസം, ഡിസംബർ ഒന്നിന് രാവിലെ തന്നെ ടെക്നീഷ്യൻ വിളിച്ചു... വീടിൻറ്റെ location ഉം അങ്ങോട്ടുള്ള വഴിയുമൊക്കെ ചോദിച്ചു (ഇപ്പോ മുവാറ്റുപുഴയുടെ അടുത്ത് വാളകത്താണ് താമസം.. വിളിച്ച ആൾ മുവാറ്റുപുഴയിൽ നിന്ന് തന്നെ)... അന്ന് വൈകുന്നേരമായിട്ടും കക്ഷി വരാഞ്ഞപ്പോൾ ഞാൻ ആ നംബരിൽ തിരികെ വിളിച്ചു... അപ്പോ വേറേ ആളാണ് വരിക... നാളെ തന്നെ വരും എന്ന് പറഞ്ഞ് ഫോൺ വച്ചു...
രണ്ടാം തീയതി മറ്റെന്തൊക്കെയോ തിരക്കിൽ ഞാൻ സംഗതി മറന്നു...
മൂന്നാം തിയതി, ഞായറാഴ്ച വീണ്ടും customer care ൽ വിളിച്ചു, ആളിതുവരെ വന്നില്ല എന്നു പറഞ്ഞു... ഞായറാഴ്ച അവധിയാണ്... തിങ്കൾ തന്നെ ആളു വരും ന്ന് പറഞ്ഞ് ആ കോളും വച്ചു...
തിങ്കളാഴ്ച ഒന്നും നടന്നില്ല... വീണ്ടും ചൊവ്വാഴ്ച രാവിലെ തന്നെ customer care ൽ വിളിച്ചു. .. അൽപം ചൂടായി തന്നെ ഇതുവരെ technician നെ അയക്കാത്തതിൽ പ്രതിഷേധം അറിയിച്ചു. ... തുടക്കത്തിൽ installation ന് പോലും ഒരുത്തനും വന്നിട്ടില്ലെടേയ്... ഇതെന്തോന്ന് customer care ആണെന്ന് വരെ ചോദിച്ചു... ഇതിനേക്കാൾ ഭേദമാണല്ലോ BSNL customer care എന്ന് വരെ പറഞ്ഞ് കുത്തി...  ആദ്യം കുറേ ന്യായങ്ങൾ പറഞ്ഞ് ബ്ലാ ബ്ലാ അടിച്ചവൻ അവസാനം emergency ആയി report ചെയ്ത് അന്നു തന്നെ ആളെ അയച്ചിരിക്കും എന്ന് പറഞ്ഞ് കോൾ അവസാനിപ്പിച്ചു...
ഉച്ചകഴിഞ്ഞ് രണ്ടരയായിട്ടും ഒരനക്കവുമില്ല....
ഗതികെട്ട് അവസാനം ഈ സാധനം വാങ്ങിയ തൊടുപുഴ ബിസ്മിയിലെ നമ്പരിൽ വിളിച്ചു... ആ ബില്ലിലെ സകല മൊബൈൽ നമ്പരിലും വിളിച്ചു... ആരും എടുത്തില്ല.... അവസാനം ബിസ്മിയുടെ customer care number ൽ വിളിച്ചു... അവര് ഫോണെടുത്തു... കഥ മൊത്തം പറഞ്ഞു... bill invoice number ഒക്കെ വാങ്ങി... എനിക്ക് complaint register number കിട്ടാതിരുന്നതു കൊണ്ട് അവര് fresh ആയി ഒരു complaint register ചെയ്ത് വളരെ വേഗം സാധനം ശരിയാക്കിയേക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു....
വീണ്ടും ഞാൻ ആ ബില്ലിലെ sales executive ൻറ്റെ നമ്പരിൽ വിളിച്ചു... ഫോണെടുത്തത് ആ പേരുള്ള ആളല്ല... പക്ഷേ കഥ മുഴുവൻ ആളോടും വിശദമായി പറഞ്ഞു... കക്ഷി follow up ചെയ്തോളാം, ഉടനേ തന്നെ ടെക്നീഷ്യനെ വിടാമെന്നു പറഞ്ഞ് ഫോൺ വച്ചു....
അങ്ങനെ ഈ ഫോൺവപ്പെല്ലാം കഴിഞ്ഞ് ഇന്നേക്ക് നാലാമത്തെ ദിവസമാണ്.... സാധനം കേടായിട്ട് പത്താമത്തെ ദിവസവും.... ഒന്നും സംഭവിച്ചിട്ടില്ല ദേ ഇപ്പോ വരെ.... ആശിച്ചു മേടിച്ച സാധനം പട്ടീടെ കൈയിലെ മുഴുവൻ തേങ്ങ പോലെ അടുക്കളയിലിരിപ്പുണ്ട്....
ഇനി ഈ IFB യെ ഞാനെന്തു ചെയ്യണം???  ഇതുവരെ വാങ്ങിയിട്ടില്ലല്ലോ എന്ന് കരുതി ഞാൻ പൈസ കൊടുത്തു വാങ്ങിയത് ഇങ്ങനെയൊരു മാരണം കമ്പനിയുടെ product ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...
മുൻപ് LG യുടെയും SAMSUNG ൻറ്റെയും products വാങ്ങിയപ്പോഴൊക്കെ installation ഉം post sale services ഉം excellent ആയിരുന്നു.... വിളിച്ചാൽ തൊട്ടടുത്ത ദിവസം, ഏറിയാൽ രണ്ടാം ദിവസം, ടെക്നീഷ്യൻ വന്ന് പണിതീർത്ത് പോയിട്ടുണ്ട്... അങ്ങനെ ഒരു കാര്യത്തിനാണ് IFB യുടെ ഈ ചീഞ്ഞ നയം.....
ഉപഭോക്താവ് ഉണർന്നു തന്നെ ഇരിപ്പുണ്ട്.... ഇനി എന്ത് ചെയ്യണം dear friends???
ഓവന് മൊത്തത്തിൽ 12 മാസവും, അകത്തെ ക്യാവിറ്റിക്കും മാഗ്നട്രോണും ( അതാണ് കേടായത് എന്ന് ഞാൻ ഊഹിക്കുന്നു) 36 മാസവും വാറൻറ്റി ഉണ്ട്... അപ്പൊഴാണ് ഈ അനാസ്ഥ..

Sunday, November 26, 2017

കര്‍ഷകര്‍ക്കൊരു കരണ്ട് വേണ്ടാ ഫ്രിഡ്ജ് നിര്‍മ്മിക്കാം

കര്‍ഷകര്‍ക്കൊരു കരണ്ട് വേണ്ടാ ഫ്രിഡ്ജ് നിര്‍മ്മിക്കാം 
 
മാനന്തവാടി :മൊട്ടക്കുന്നിനെ ഹരിതാഭമാക്കി കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ഗവർണർക്കൊപ്പം  വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത് ശ്രദ്ധേയനായ  മാനന്തവാടി എടവക രണ്ടേ നാലിലെ സഫ ഓർഗാനിക് ഫാം ഉടമ വെള്ളമുണ്ട   ആറുവാൾ തോട്ടോളി    അയൂബ് പുതിയ   പരീക്ഷണ വിജയത്തിലൂടെ വീണ്ടും ജനശ്രദ്ധ നേടുന്നു.
  കൃഷി വകുപ്പിന്റെ സബ്സിഡിയോട് കൂടിയാണ്  ഇഷ്ടിക ഉപയോഗിച്ച്  പ്രകൃതിദത്ത ശീതികരണ സംഭരണി നിർമ്മിച്ചിട്ടുള്ളത്. കുന്നിൻ മുകളിലെ മഴവെള്ളസംഭരണികൾ, റെഡ് ലേഡി പപ്പായ കൃഷി, കോൺക്രീറ്റ് തൂണുകളിലെ കുരുമുളക് കൃഷി തുടങ്ങി വിവിധങ്ങളായ കാർഷിക പരീക്ഷണങ്ങളിലൂടെ വിജയം വരിച്ച മാതൃകാ കർഷകനാണ് തേട്ടോളി അയൂബ്' .
   പ്രകൃതി ദത്ത പച്ചക്കറി ശീതികരണി സംബന്ധിച്ച് അതിന്‍റെ നിര്‍മ്മാണ രീതി അദ്ദേഹം വിവരിക്കുന്നത് കേള്‍ക്കൂ..
സീറോ എനര്‍ജി ഫ്രിഡ്ജ് നിര്‍മ്മാണ രീതി
പച്ചക്കറി വികസന പദ്ധതി പ്രകാരം കൃഷി വകുപ്പിന്റെ സബ്സിഡിയോടു കൂടി എന്റെ കൃഷിയിടത്തിൽ പച്ചക്കറി കേടുകൂടാതെസൂക്ഷിക്കാൻ വേണ്ടി പണി ത നാടൻ ഫ്രിഡ്ജ് ആണിത്. രണ്ടു നിര ഇഷ്ടികയ്ക്കകത്ത് മണൽ നിറച്ചാണിത് നിർമ്മിക്കുന്നത് '. മുകളിൽ നാടൻമട്ടിൽ (കമുങ്ങ് പാള, വൈക്കോൽ, തെങ്ങോല etc) ഒരു മൂടിയും കൂടി ഉണ്ടായാൽ ഫ്രിഡ്ജ് റെഡി.ദിവസം രണ്ടു നേരം 'ഇഷ്ടിക നനച്ചു കൊടുക്കണം'  (ചേംബറിൽ നേരിട്ട് വെയിൽ, മഴ പതിക്കാതിരിക്കാൻ മേൽക്കൂര നിർബന്ധം' ടാർ പാളിൻ ആയാലും മതി )
ജില്ലയിൽ ആദ്യമായ് ചെയ്തത് ഞാനാണെന്നു തോന്നുന്നു ''ധാരാളം കർഷകർ കാണാൻ വന്നിരുന്നു ( വന്നു കൊണ്ടിരിക്കുന്നു)
എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം എത്ര ദിവസം പച്ചക്കറികേടാകാതിരിക്കും എന്നതായിരുന്നു'. ഒരു മൂന്ന് ദിവസം എന്ന് മറുപടിയും പറഞ്ഞു. മൂന്നു ദിവസം വരെ ഞാൻ സൂക്ഷിച്ചതിന്റെ അനുഭവത്തിലാണ് അങ്ങിനെ പറഞ്ഞത് '.സത്യത്തിൽ എത്ര ദിവസം സൂക്ഷിക്കാമെന്ന് പരീക്ഷിച്ചിട്ടില്ലായിരുന്നു.
അങ്ങിനെ കഴിഞ്ഞ 14-11-17നു് ഒരു കെട്ടു ചീര ചേംബറിൽ വെച്ചു (അന്ന് ബത്തേരി ,നെൻ മേനി, അമ്പലവയൽ തുടങ്ങിയ കൃഷിഭവനുകളിൽ നിന്ന് കൃഷിക്കാരും ഉദ്യോഗസ്ഥരും സന്ദർശകരായി ഉണ്ടായിരുന്നു.)
22-11-17 ന് ( 8 ദിവസം) കഴിഞ്ഞും ചീരയ്ക്ക് കുഴപ്പമൊന്നുമില്ല', സാധാരണ തുറന്ന അന്തരീക്ഷത്തിൽ ' 2 മണിക്കൂർ പോലും ചീരഫ്രഷാ യി ഇരിക്കാൻ പാടാണ്'.9 ദിവസമായപ്പോൾ അടിഭാഗത്തുള്ള ഒന്ന് രണ്ട് ഇല കേടാവാൻ(അഴുകാൻ ) തുടങ്ങി. ഇന്ന് പതിനൊന്ന് ദിവസമായപ്പോൾ  തറയിൽ തട്ടുന്ന ഭാഗത്തു് കൂടുതൽ അഴുകിയിരിക്കുന്നു '
പറഞ്ഞു വന്നത്  ഇത് ഒരു ഒന്നാന്തരം എന്ന് തീർത്ത് പറയാവുന്ന "ടെക്നോളജി '" ആണ്
പച്ചക്കറി കൃഷിക്കാർക്കുംഅതിലുപരി പച്ചക്കറി കച്ചവടക്കാർക്കും പരീക്ഷിക്കാവുന്നതാണ്.
ഏറ്റവും സന്തോഷമുള്ള കാര്യം നോക്കീം കണ്ടും
ചെയ്താൽ കൃഷി വകുപ്പ് തരുന്ന സബ്സിഡി തുക കൊണ്ട് തന്നെ ഇത് പൂർതിയാക്കാൻ കഴിയും എന്നതാണ് '
 

ഗ്ലാസ് ടോപ്‌ സ്റ്റവ്‌ വാങ്ങിയാല്‍ പണികിട്ടും

ഗ്ലാസ് ടോപ്‌ സ്റ്റവ്‌ വാങ്ങിയാല്‍ പണികിട്ടും



 അജിത്‌ കളമശ്ശേരി
ഏതു വീട്ടില്‍ പോയാലും അടുക്കളയില്‍ സുന്ദരക്കുട്ടപ്പനായ ഗ്ലാസ് ടോപ്‌ ഗ്യാസ് സ്റ്റവ്‌ മാത്രമേ ഇപ്പോള്‍ കേരളത്തില്‍ കാണാനുള്ളൂ..ഇത് മേടിച്ചവര്‍ക്കൊക്കെ പണി കിട്ടിക്കൊണ്ടിരിക്കുകയാണ്.ഞാന്‍അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതുവരെ മൂന്നെണ്ണം വാങ്ങി ക്കഴിഞ്ഞു.കഷ്ടി ഒരു വര്‍ഷം കഴിയുമ്പോള്‍ തുടങ്ങും ഓരോരോ തകരാറുകള്‍ ഒന്നുകില്‍ കത്തിക്കൊണ്ടിരിക്കുന്ന സ്റ്റവ്‌ തനിയെ കെട്ടു പോകും അല്ലെങ്കില്‍ ഓഫാക്കിയാലും അടിയില്‍ തീ കത്തിക്കൊണ്ടിരിക്കും ഇതുമല്ലെങ്കില്‍ ഗ്ലാസ് തനിയെ പൊട്ടും അടുക്കളയില്‍ നിന്നുള്ള പരാതി മൂലം വീട്ടില്‍ സ്വസ്ഥതയില്ലാതെയായി .
ഇന്നത്തെ ദിവസം വീട്ടില്‍ തകരാറായി ഇരിക്കുന്ന ഗ്യാസ് സ്റ്റവ്‌കളെല്ലാം റിപ്പയര്‍ ചെയ്യാനായി മാറ്റി വച്ചു.ഇമ്പെക്സ്,പ്രസ്റ്റീജ്,ബട്ടര്‍ഫ്ലൈ എല്ലാം അടിപൊളി കമ്പനികളുടെത് വിലയോ എല്ലാത്തിനും നാലായിരം അയ്യായിരം രൂപാ കൊടുത്തത്.ഓരോന്നായി എടുത്തു വിശദമായി പരിശോദിച്ചു.സ്റ്റവ്‌ കളെല്ലാം വെറും തകരപ്പാട്ട കൊണ്ട് നിര്‍മ്മിച്ചത്.പുറമേ കാണാന്‍ വല്യ കുഴപ്പം ഇല്ലെങ്കിലും അകം തുരുമ്പെടുത്തു അവശ നിലയിലാണ് ഗ്യാസ് നിയന്ത്രിക്കുന്ന വാല്‍വുകള്‍ എല്ലാം അലുമിനിയം അല്ലെങ്കില്‍ ഇരുമ്പ് ഒന്നും ശരിയായി അടയുന്നില്ല അടഞ്ഞാല്‍ തുറക്കുന്നില് പിച്ചള വാല്‍വുകളാണ് ശരിക്കും സുരക്ഷിതം ഗ്യാസ് ബര്‍ണറിലേക്കുള്ള കുഴലുകള്‍ ഉള്ളിത്തോളി പോലുള്ള അലുമിനിയം കൊണ്ട് നിര്‍മ്മിച്ചത് അവിടവിടെയായി ചെതുമ്പല്‍ പോലെ അലുമിനിയം പൊടിഞ്ഞു പോയിരിക്കുന്നു എപ്പോള്‍ വേണമെങ്കിലും ഗ്യാസ് ലീക്കാകാം ഫ്ലെയിം വരുന്ന ബര്‍ണര്‍ വെറും ഇരുമ്പ് അത് പാലോ കഞ്ഞിയോ തിളച്ചു വീണു കോട്ടം വന്നിരിക്കുന്നു അതിനാല്‍ കത്തിക്കുമ്പോള്‍ ഇടയിലൂടെ തീ പടര്‍ന്നു കത്തുന്നു അതിനാല്‍ ഗ്യാസ് വെയിസ്റ്റ് ആകുന്നു ജ്വാല്യ്ക്ക് ചൂട് കിട്ടില്ല .ഒരു സ്റ്റവ്വില്‍ നിന്നും പാര്‍ട്സ് എടുത്തു മറ്റൊരെണ്ണം നന്നാക്കാന്‍ ആകില്ല എല്ലാം വേറെ വേറെ അളവുകള്‍ പാര്‍ട്സ് കിട്ടുന്ന കടകളില്‍ മുഴുവന്‍ അലഞ്ഞു ഒരെണ്ണം നന്നാക്കാന്‍ പോലും സ്പെയറുകള്‍ കിട്ടാനില് എല്ലാ സ്റ്റവ്‌കളും ഏതോ ചാത്തന്‍ കമ്പനി ചൈനയില്‍ നിര്‍മ്മിച്ച്‌ അതാത് കമ്പനികളുടെ ബ്രാന്‍ഡ് നെയിം സ്റ്റിക്കര്‍ ഒട്ടിച്ചത് ഒന്നിനും ഐ എസ് ഐ മാര്‍ക്കില്ല കമ്പനിയില്‍ വിളിച്ചു അവര്‍ ഇപ്പോള്‍ ഈ മോഡലുകള്‍ ഒന്നും ഇപ്പോള്‍ ഇറക്കുന്നില്ല അതിനാല്‍ അതിന്‍റെ യൊന്നും പാര്‍ട്ടുകള്‍ ഇല്ല ഗ്ലാസ് പൊട്ടിയത് മാറ്റാന്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപാ ആകും മാറ്റിയാലും ഗ്യാരണ്ടി ഒന്നുമില്ല അവസാനം പുതിയ മോഡല്‍ സ്റ്റവ്‌ വാങ്ങിയപ്പോള്‍ ഉപേക്ഷിച്ച പഴയ ഇരുപതു വര്‍ഷം പഴക്കമുള്ള പെട്ടി പോലിരിക്കുന്ന ഗ്യാസ് സ്റ്റവ്‌ തപ്പിയെടുത്തു പൊടീ തുടച്ചു ഗ്യാസ് കുഴല്‍ പിടിപ്പിച്ചു കത്തിച്ചു നോക്കി അദ്ഭുതം യാതൊരു കുഴപ്പവുമില്ല സൂപ്പറായി കത്തുന്നു..ആയതിനാല്‍ സുഹൃത്തുക്കളെ നിങ്ങള്‍ ഗ്യാസ് ടോപ്‌ സ്റ്റവ്‌കള്‍ ദൂരെക്കളയൂ..പഴയ മോഡല്‍ ഗ്യാസ് സ്റ്റവ്‌ വീണ്ടും വാങ്ങൂ..എങ്കില്‍ മനസ്സമാധാനം കിട്ടും ഇല്ലെങ്കില്‍ നല്ലപാതി തലക്കു സ്വര്യം തരില്ല..പഴയ മോഡല്‍ സ്റ്റവ്‌ നല്ലതിന് ഇപ്പോള്‍ വില അയ്യായിരം രൂപക്കടുത്തു വരും ബര്‍ണര്‍ ഹെവി ഡ്യൂട്ടി പിച്ചള,ബേസ് കാസ്റ്റ് അയേണ്‍,വാല്‍വുകള്‍ പിച്ചള,ബോഡി പതിനെട്ട് ഗേജ് സേലം സ്റ്റെയിലെസ് സ്റ്റീല്‍ ഐ എസ് ഐ ഗുണമേന്മ ഒരിരുപത്തഞ്ചു കൊല്ലം സുഖമായി ഓടും.

Monday, October 23, 2017

മാഗ്നെറ്റിക് ഫ്ലൂയിഡ് സ്പീക്കര്‍

           മാഗ്നെറ്റിക് ഫ്ലൂയിഡ് സ്പീക്കര്‍ 

  സുജിത് കുമാര്‍

 

മാഗ്നെറ്റിക് ഫ്ലൂയിഡ് ലൗഡ് സ്പീക്കറുകൾ
സോണിയുടെ പുതിയ 4K എൽ ഇ ഡി ടിവികളുടെ പരസ്യത്തിൽ മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകൾ ഒരു പ്രത്യേകതയായി എടുത്തു പറഞ്ഞിരിക്കുന്നത് കാണാം. എന്താണ്‌ ഈ മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകളുടെ പ്രത്യേകത?
ആദ്യ കാലങ്ങളിൽ നാസയെ കുഴക്കിയിരുന്ന ഒരു പ്രശ്നമായിരുന്നു സ്പേസ് ക്രാഫ്റ്റുകളുടെ എഞ്ചിനുകളിലേക്ക് ഗ്രാവിറ്റിയുടെ സഹായമില്ലാതെ ഇന്ധനം എത്തിക്കുന്നത്. ഇതിനായി അവർ ഒരു മാർഗ്ഗം കണ്ടെത്തി. ദ്രവ ഇന്ധനത്തിൽ അയേൺ ഓക്സൈഡ് ചേർത്ത് അതിനെ കാന്തിക വസ്തു ആക്കി മാറ്റി കാന്തശക്തികൊണ്ട് എഞ്ചിനിലേക്ക് ആകർഷിപ്പിക്കുക എന്ന വിദ്യ അങ്ങനെയാണ്‌ ആവിഷ്കരിയ്ക്കപ്പെട്ടത്. പിന്നീട് ഖര ഇന്ധന സാങ്കേതിക വിദ്യകൾ വികസിച്ചതോടെ ഇതീന്റെ ആവശ്യമില്ലാതെ വന്നുവെങ്കിലും സ്പേസ് ക്രാഫ്റ്റുകളുടെ ഉപരിതലത്തിലെ വിവിധ സമയങ്ങളിലുണ്ടാകുന്ന താപ വ്യതിയാനങ്ങളെ നിയന്ത്രിക്കാനായി മാഗ്നറ്റിക് ഫ്ലൂയിഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി. ഇത്തരത്തിൽ ആദ്യകാലങ്ങളിൽ ബഹിരാകാശ വാഹനങ്ങളിൽ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ദ്രവ കാന്ത സാങ്കേതികവിദ്യകൾ മറ്റ് മേഖലകളിലും ഉപയോഗപ്പെടുത്തിത്തുടങ്ങി. 2012 ൽ ആണ്‌ സോണി കോർപ്പറേഷൻ ലൗഡ് സ്പീക്കറുകളിൽ ഇത് ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയത്.
സാധാരണ ലൗഡ് സ്പീക്കറുകളുടെ അടിസ്ഥാന ഭാഗങ്ങളാണല്ലോ ഒരു സ്ഥിര കാന്തം, അതിനു നടുവിലായി വച്ചിരിക്കുന്ന വോയ്സ് കോയിൽ എന്നറിയപ്പെടുന്ന ചലിക്കാൻ കഴിയുന്ന കമ്പിച്ചുരുൾ, ഈ കമ്പിച്ചുരുളുമായി ഘടിപ്പിച്ചിരിക്കുന്ന ഡയഫ്രം, കമ്പിച്ചുരുളിനെ ഫ്രേമുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്പൈഡർ ( ഡാമ്പർ) എന്നു വിളിക്കുന്ന ഒരു ഭാഗം എന്നിവ. സോണിയുടെ മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകളും സാധാരണ സ്പീക്കറുകളും തമ്മിൽ അടിസ്ഥാനപരമായി ഒരേ ഒരു വ്യത്യാസമേ ഉള്ളൂ. സാധാരണ സ്പീക്കറുകളിൽ വോയ്സ് കോയിലിനെ യഥാ സ്ഥാനത്ത് ഉറപ്പിച്ച് നിർത്തുന്ന ഇലാസ്തികമായ ഡാമ്പർ (സ്പൈഡർ) ഇതിൽ ദ്രവ കാന്തം ആണ്‌. എന്തായിരിക്കാം ഇതുകൊണ്ടുള്ള ഗുണം? ലൗഡ് സ്പീക്കറിൽ ശബ്ദം പുറത്തു വരുന്നത് വോയ്സ് കോയിലിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ അതിനോട് ബന്ധിച്ചിരിക്കുന്ന ഡയഫ്രം കമ്പനം ചെയ്യുകയും ശബ്ദമായി അത് ശ്രവിക്കാനാവുകയും ചെയ്യുന്നു. ഇവിടെ വോയ്സ് കോയിലിനെ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ഡാമ്പറും ഈ അവസരത്തിൽ കമ്പനം ചെയ്യുകയും അപശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചെറിയ ആവൃത്തിയുള്ള ശബ്ദങ്ങളിൽ ഇത് പ്രകടമായി കേൾക്കാനും കഴിയുന്നു. അതായത് നമുക്ക് ആവശ്യം ഡയഫ്രത്തിൽ നിന്നുള്ള ശബ്ദം മാത്രമാണ്‌ ഡാമ്പറിൽ നിന്നുള്ളതല്ല. മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകളിൽ ഡാമ്പർ പൂർണ്ണമായും ഒഴിവാക്കി പകരം ആ സ്ഥാനത്ത് പ്രത്യേക മാഗ്നറ്റിക് ഫ്ലൂയിഡ് ഉപയോഗിച്ചിരിക്കുന്നു. അതിനാൽ ഡാമ്പറിന്റെ കമ്പനങ്ങൾ മൂലമുണ്ടാകുന്ന അപശബ്ദങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നു.
ഗുണങ്ങൾ : ഉയർന്ന നിലവാരമുള്ള ശബ്ദം, ലൗഡ് സ്പീക്കറിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ സാധാരണ സ്പീക്കറുകളെ അപേക്ഷിച്ച് 35% കുറവ് (സോണിയുടെ കണക്ക്).

Sunday, October 22, 2017

ജിയോയുടെ 1500 രൂപയുടെ ഫോണ്‍ എങ്ങിനുണ്ട്?






ജിയോയുടെ 1500 രൂപയുടെ ഫോണ്‍ എങ്ങിനുണ്ട്?







അങ്ങനെ ബുക്ക്‌ ചെയ്തിരുന്ന ജിയോ 1500 രൂപാ ഫോണ്‍ ഇന്നലെ കയ്യില്‍ കിട്ടി.ബുക്ക്‌ ചെയ്തിരുന്നപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ ഫോണ്‍ വന്നു വാങ്ങാന്‍ പറഞ്ഞു മെസേജ് കിട്ടിയിട്ട് ഒരാഴ്ചയായിഎങ്കിലും ഇന്നലെ വൈകിട്ടാണ് സൗകര്യം കിട്ടിയത്.ഒബറോണ്‍ മാളിലെ റിലയന്‍സ് ഡിജിറ്റല്‍ ഷോറൂമില്‍ പോയി ഫോണ്‍ വാങ്ങി.
ഇന്ന് രാവിലെ ബോക്സ് തുറന്നു ഫോണ്‍ പുറത്തെടുത്തു നല്ല ബില്‍റ്റ് ക്വാളിറ്റി ഉള്ള ഫോണ്‍ തന്നെ. പഴയ നോക്കിയ ഫോണ്‍ പോലെ ഇരിക്കുന്നു.നല്ല ഫിറ്റും,ഫിനിഷും,2000 മില്ലി ആമ്പിയറിന്‍റെ മുഴുത്ത ബാറ്ററി.സമാന നോക്കിയ ഫോണുകളില്‍ 700 മില്ലി ആമ്പിയര്‍ ബാറ്ററിയാണ്
നെറ്റിലൂടെ വീഡിയോ മണിക്കൂറുകള്‍ കാണാന്‍ കപ്പാസിറ്റി കൂടിയ ബാറ്ററി വേണമല്ലോ.

അകത്തൊരുപോസ്റ്റ്‌ പെയ്ഡ് നാനോ സിം ഉണ്ട്
നിലവില്‍ ഉപയോഗിക്കുന്ന ഐഡിയ നമ്പര്‍ ആ ഫോണിലേക്ക് പോര്‍ട്ട്‌ ചെയ്തു തരാന്‍ ഇന്നലെ ആവശ്യപ്പെട്ടപ്പോള്‍ അത് പറ്റില്ല ഫോണ്‍ സിം ലോക്ക് ആണ് നിലവില്‍ അതില്‍ കിടക്കുന്ന സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന മറുപടിയും കിട്ടി. നമ്പര്‍ തിരഞ്ഞെടുക്കാന്‍ ആവില്ല.തല്‍സമയം കമ്പ്യൂട്ടര്‍ തരുന്ന നമ്പര്‍ വാങ്ങി പോരണം.

512 റാം ഉണ്ട്,4 GB ഉപയോഗിക്കാവുന്ന മെമ്മറിയും ,128 GB മെമ്മറി കാര്‍ഡ് വരെ ഉപയോഗിക്കാം എന്ന് കമ്പനി പറയുന്നു പക്ഷെ 512 റാം മാത്രമുള്ള ഈ ഫോണില്‍ 32 GB മെമ്മറി കാര്‍ഡ് ഇട്ടാല്‍ തന്നെ കാര്‍ഡില്‍ ആഡിയോ/വീഡിയോ നിറയുമ്പോള്‍ ഫോണ്‍ ഹാങ്ങാകും എന്നതറപ്പാണ്. അതിനാല്‍ 16 GB മാക്സിമം 32 GB കാര്‍ഡ് ഇടുക അത് നിറയാതെ സൂക്ഷിക്കുക.
ഫോണില്‍ ആപ്പുകള്‍ ഒന്നുമില്ല ആദ്യമായി ജിയോ സ്റ്റോര്‍(പ്ലേ സ്റ്റോര്‍ പോലൊരു സംഭവം) തുറന്നു മൈ ജിയോ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം നല്ല സ്പീഡില്‍ ഡൌണ്‍ലോഡ് ആകുന്നുണ്ട്.മൈജിയോ ആപ്പിന്നുള്ളില്‍ മറ്റു ആപ്പുകള്‍ ഉണ്ട് ജിയോ ടി.വി.,ജിയോ സിനിമ,ജിയോ മ്യൂസിക് ജിയോ ന്യൂസ് അങ്ങനെ കുറെ എണ്ണം .ആവശ്യമുള്ളത് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക 512 റാം മാത്രമേ ഉള്ളൂ എന്നോര്‍ക്കണം.ആറു സെന്‍റിമീറ്റര്‍ ഡയഗണല്‍ അളവുള്ള അതായത് സാമാന്യം വലിപ്പമുള്ള QVGA TFT ഡിസ്പ്ലേ കണ്ണിനു വലിയ ആയാസം കൂടാതെ വീഡിയോ കാണാന്‍ സാധിക്കുന്നുണ്ട്.
ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ വെബ് ബ്രൌസര്‍ തുറന്നു ഗൂഗിള്‍ എടുത്തു അതില്‍ ഫേസ്ബുക്ക് എന്ന് സേര്‍ച്ച്‌ ചെയ്തു അതില്‍ ലോഗിന്‍ ചെയ്യണം നമ്മള്‍ കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പോലെ നേരിട്ടാണ് ഫേസ്ബുക്ക് ഉപയോഗം അതിനു പ്രത്യേക ആപ്പോന്നും ഫോണില്‍ ഇല്ല.
ഓണ്‍ ലൈന്‍ FM റേഡിയോകള്‍ നല്ല ഭംഗിയായി പ്ലേ ആകുന്നുണ്ട് വെടിച്ചില്ല് സൌണ്ട് ഒച്ച കൂട്ടിയാല്‍ .സ്റ്റീല്‍പാത്രം നിലത്തു വീണതുപോലെ സൂപ്പര്‍ ട്രബിള്‍.
ലോക്കല്‍ FM സ്റ്റെഷനുകളും ഹെഡ് ഫോണ്‍ ഇല്ലാതെ(ഫോണിനോപ്പം ഇതില്ല) അടിപൊളിയായി കിട്ടുന്നുണ്ട്.
യൂ ട്യൂബ് വീഡിയോ ബ്രൌസറില്‍ പോയി സേര്‍ച്ച്‌ ചെയ്തു കണ്ടുപിടിക്കണം ഇതിനും ആപ്പില്ല.നല്ല വേഗത്തില്‍ ബഫറിങ്ങ് ഇല്ലാതെ വീഡിയോ കിട്ടുന്നുണ്ട്‌.യൂ ട്യൂബ് വീഡിയോ ഫുള്‍ സ്ക്രീന്‍ ആകുന്നില്ല എന്നൊരു കുഴപ്പം കാണുന്നുണ്ട്.

ജിയോ TV ആപ്പിലൂടെ മിക്കവാറും എല്ലാ മലയാളം ചാനലുകളും കിട്ടുന്നുണ്ട് ഇനി വാര്‍ത്ത കേള്‍ക്കാന്‍ വലിയ TV ഓണ്‍ ചെയ്തു അത്രയും കറണ്ട് ചിലവാക്കണ്ട എന്നൊരു സൗകര്യം കാണുന്നുണ്ട്.
വൈഫൈ നന്നായി റിസീവ് ചെയ്യുന്നുണ്ട് എന്നാല്‍ വൈഫൈ ഹോട്ട് സ്പൊട്ട് ഇല്ല (സോഫ്റ്റ്‌വെയര്‍ ക്രാക്ക് ചെയ്‌താല്‍ കിട്ടും,പുലികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.)
ഫോണിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രത്യേകത മൂലവും,സ്ക്രീന്‍ റസലൂഷന്‍ മിനിമം ആണെന്നതിനാലും ദിവസേന ഫ്രീ കിട്ടുന്ന അര GB കൊണ്ടൊപ്പിക്കാം ,

GPS,ബ്ലൂ ടൂത്ത് എന്നിവയൊക്കെ ഉണ്ട് എന്തിനാണാവോ ഇപ്പോള്‍ ഉപയോഗം ഒന്നുമില്ല.ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ ഒന്നും കാണില്ല അതിനു ഈ സ്ക്രീന്‍ പോര.
റസലൂഷന്‍ കുറഞ്ഞ ക്യാമറകള്‍ മുന്നിലും പിന്നിലും ഉണ്ട് വല്ല്യ കുഴപ്പമില്ല ഒപ്പിക്കാം 1500 രൂപയ്ക്ക് ധാരാളം സംഭവങ്ങള്‍ ജിയോ ഫോണില്‍ ഉണ്ട് കഴിഞ്ഞ വര്‍ഷം വീട്ടില്‍ വയ്ക്കാന്‍ വാങ്ങിയ ബേസിക് നോക്കിയ ഫോണിന് 1750 രൂപയായി അത് വച്ച് നോക്കുമ്പോള്‍ ഇത് അഞ്ചു ബെഡ് റൂമും ,പൂജാമുറിയും,കാര്‍ പോര്‍ച്ചും ഉള്ള വീട് അഞ്ഞൂറ് രൂപാ വാടകയ്ക്ക് മോഹന്‍ലാലിനു നാടോടിക്കാറ്റില്‍ കിട്ടിയത് പോലെയാണ്
പിന്നെയൊരു രഹസ്യം നമ്മുടെ നിലവിലെ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ല എന്ന് ജിയോ പറയുന്നത് മൂന്നു വര്‍ഷം കഴിയുമ്പോള്‍ 1500 രൂപ തിരിച്ചുവേണം എന്നുള്ളവര്‍ക്ക് മാത്രമാണ് ബാധകം.(എന്‍റെ 1500 രൂപ ജിയോ എടുത്തോട്ടെ അതിനു തക്ക മുതല്‍ കിട്ടി യാതൊരു മനസ്താപവും ഇല്ല.)
അല്ലാത്തവര്‍ക്ക് ഏതു ജിയോ സിമ്മും ഇതില്‍ ഇട്ടു വിളിക്കാം അതിനാല്‍ ഞാന്‍ എന്‍റെ നിലവിലെ ഐഡിയ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട്‌ ചെയ്തു 1500 രൂപക്ക് കിട്ടിയ ഈ അടിപൊളി 4ജി ഫോണില്‍ ഇട്ടു വിളി തുടങ്ങി താങ്ക്യൂ കുത്തക,മൂരാച്ചി.ജിയോ മുതലാളീ..

Friday, October 20, 2017

ടച്ച് സ്ക്രീനുകളുടെ രഹസ്യം

     ടച്ച് സ്ക്രീനുകളുടെ രഹസ്യം 

 സുജിത് കുമാര്‍ 

 

 

 

മൊബൈൽ ഫോണുകളുടെ ടച് സ്ക്രീൻ എന്തെല്ലാമോ പ്രത്യേക തരം ഗ്ലാസുകൊണ്ട് നിർമ്മിച്ചതാണെന്നും കപ്പാസിറ്റീവ് ടച് സ്ക്രീൻ ആണെന്നുമെല്ലാം കേട്ടിട്ടൂള്ളവരിൽ ചിലർക്കെങ്കിലും ഈ സ്ക്രീനിനു മുകളിൽ നമ്മൾ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും പിന്നെയും യാതൊരു പ്രശ്നവുമില്ലാതെ ടച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംശയം ഉണ്ടായിട്ടുണ്ടാകുമല്ലോ. യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്ലാസ്റ്റിക് കടലാസിന് സ്പർശന ശക്തി എങ്ങിനെയാണ്‌ കിട്ടുന്നത്?

പ്രതലത്തിൽ നമ്മൾ തൊടുമ്പോൾ തൊടുന്ന ഭാഗത്തെ കപ്പാസിറ്റൻസിൽ ഉണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുന്ന വിദ്യയാണല്ലോ കപ്പാസിറ്റീവ് ടച് സ്ക്രീനുകളുടേത്. ഇൻഡിയം ടിൻ ഡയോക്സൈഡ് എന്ന വസ്തു ആണ്‌ ടച് സ്ക്രീൻ സാങ്കേതിക വിദ്യയിൽ പൊതുവേ ഉപയോഗിക്കുന്നത്. ഒരേ സമയം സുതാര്യമായതും എന്നാൽ വൈദ്യുതിയെ കടത്തി വിടുന്നതുമായ ഒരു പദാർത്ഥമാണ്‌ ഇൻഡിയം ടിൻ ഡയോക്സൈഡ്. ഇത് ഒരു സുതാര്യമായ പെയിന്റ് പോലെ ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ മുകളിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ തന്നെ പല സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പാസിറ്റീവ് പ്രൊജൿഷൻ സ്ക്രീനുകൾ ആണ്‌ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ അതിനെക്കുറിച്ച് അല്പം കാര്യങ്ങൾ - ടച് സ്ക്രീൻ ആയി ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഇരു വശങ്ങളിലുമായി പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകൾ നെടുങ്ങെനെയും കുറുകെയും ഉള്ള ഒരു ഗ്രിഡ് ആയി നേരത്തേ സൂചിപ്പിച്ച ഇൻഡിയം ടിൻ ഡയോക്സൈഡ് പോലെയുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു. ഇതിൽ വൈദ്യുതി നൽകുമ്പോൾ സാധാരണഗതിയിൽ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ പോലെയുള്ള വൈദ്യുത മണ്ഡലം ആയിരിക്കും രൂപപ്പെടുക. വിരൽ കൊണ്ട് സ്ക്രീനിൽ തൊടുമ്പോൾ നമ്മൂടെ ശരീരത്തിലെ ചാർജുമായി പ്രതിപ്രവർത്തിച്ച് തൊടുന്ന ഭാഗത്തെ വൈദ്യുത മണ്ഡലത്തിൽ വ്യതിയാനം സംഭവിക്കുകയും ഗ്രിഡിലെ പ്രസ്തുത ബിന്ദുവിലെ കപ്പാസിറ്റീവ് ടെർമിനലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെ സ്പർശ ബിന്ദു സ്ക്രിനിൽ ഏത് ഭാഗത്താണെന്ന് തിരിച്ചറീയാനാകുന്നു. ടച് സ്ക്രീനുകളിൽ നാം യഥാർത്ഥത്തിൽ തൊടുന്നത് നേരത്തെ സൂചിപ്പിച്ച ഗ്രിഡിൽ നേരിട്ടല്ല. മറിച്ച് അതിനു മുകളിലായും ഒരു ഗ്ലാസിന്റെ ഒരു പാളി ഉണ്ടായിരിക്കും. ടച് സ്ക്രീൻ പ്ലേറ്റുകളിലെ വൈദ്യുത മണ്ഡലം സ്ക്രീനുകളുടെ ഉപരിതലത്തിന്റെ പുറത്തേയ്ക്കും വ്യാപിക്കുന്നുണ്ട്. ഇതിന്റെ തീവ്രത സ്ക്രീനിൽ നിന്നുമുള്ള ദൂരത്തിന്റെ വർഗ്ഗത്തിനു വിപരീതാനുപാതത്തിലുമാണ്‌. അതിനാൽ യഥാർത്ഥ ടച് സ്ക്രീൻ പ്ലേറ്റുകളിൽ ഉള്ള വൈദ്യുത മണ്ഡലം അതേ പോലെത്തന്നെ വലിയ വ്യത്യാസങ്ങളില്ലാതെ ഗ്ലാസ്, പോളിത്തീൻ തുടങ്ങിയ പദാർത്ഥങ്ങളുടെ നേർത്ത പാളികളിലൂടെ സുഗമമായി പ്രസരിപ്പിക്കാൻ കഴിയുന്നു. വളരെ ശക്തമായ വൈദ്യുത മണ്ഡലം ആണെങ്കിൽ സ്ക്രീനിൽ തൊടാതെ തന്നെ വായുവിൽ സ്ക്രീനിന്റെ ഉപരിതലത്തിനടുത്ത് വിരലുകൾ കോണ്ടു ചെന്നാൽ തന്നെ അതിനെ സ്പർശമായി തിരിച്ചറിയാനാകും.

ചോദ്യത്തിലേക്ക് തിരിച്ചു വരാം. ടാമ്പേഡ് ഗ്ലാസുകളും സ്ക്രീൻ പ്രൊട്ടക്ഷൻ ഫിലിമുകളുമെല്ലാം വളരെ കനം കുറഞ്ഞവ ആയതിനാൽ ടച് സ്ക്രീനുകളുടെ പ്രതലത്തിലുള്ള വൈദ്യുത മണ്ഡലത്തെ അതേ പോലെത്തന്നെ ഇവയുടെ പ്രതലത്തിലേയ്ക്കും വ്യാപിപ്പിക്കുവാൻ ഇവയ്ക്ക് കഴിയുന്നതുകൊണ്ടാണ്‌ ഇവ ഉപയോഗിക്കുമ്പോഴും ടച് സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഗ്ലാസ് മാത്രമല്ല ഒരു കടലാസു കഷണം സ്ക്രീനിന്റെ മുകളിൽ വച്ച് തൊട്ടു നോക്കൂ. അപ്പോഴും ടച് സ്ക്രീൻ പ്രവർത്തിക്കുന്നത് കാണാം. ഇത്തരത്തിൽ കടലാസുകൾ ഒന്നിനു പിറകിൽ ഒന്നായി അടുക്കി വച്ച് പരിശോധിച്ച് നോക്കുക. രണ്ടോ മൂന്നോ‌ വയ്ക്കുമ്പോഴേയ്ക്കും സ്പർശം തിരിച്ചറീയാതാകുന്നു. ചില ഫോണുകളിൽ ചില ടാമ്പേഡ് ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റിവിറ്റി കുറയുന്നതായി കണ്ടിട്ടീല്ലേ ഇതിനു കാരണം പ്രസ്തുത ഗ്ലാസ് കനം കൂടിയതായതുകൊണ്ടോ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ടച് സ്ക്രീൻ കൂടുതൽ കാര്യക്ഷമമല്ലാത്തതുകൊണ്ടോ ആകാം. ചില ഫോണുകളിൽ കയ്യുറകൾ ഇട്ട് സ്പർശിച്ചാലും പ്രവർത്തിക്കുന്ന രീതിയിൽ ' ഗ്ലൗ മോഡ് ' എന്നൊരു ഫീച്ചർ കാണാം. ഇതിൽ യഥാർത്ഥത്തിൽ ചെയ്യുന്നത് കട്ടിയുള്ള ഗ്ലൗ ഉപയോഗിച്ചാലും സ്പർശം തിരിച്ചറിയത്തക്ക രീതിയിൽ ടച് സ്ക്രീനിന്റെ വൈദ്യുത മണ്ഡലത്തിന്റെ തിവ്രത കൂട്ടുകയാണ്‌.

കപ്പാസിറ്റീവ് ടച് സ്ക്രീനുകൾ ഒരു പരിധിയിൽ കൂടുതൽ സെൻസിറ്റീവ് ആക്കുന്നത് ഉപയോഗത്തിനെ ദോഷകരമായി ബാധിക്കുന്നതിനാൽ സ്ക്രീനുകളെല്ലാം ഇലക്ട്രിക് ഫീൽഡ് ഒരു നിശ്ചിത പരിധിയിൽ നിർത്തിക്കൊണ്ട് കൃത്യത ലഭിക്കാനായി സ്വയം കാലിബറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ടച് സ്ക്രീൻ വെള്ളം നനഞ്ഞാൽ അത് ശരിയായി പ്രവർത്തിക്കാതാകുന്നതും എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വെള്ളം വൈദ്യുതിയെ കടത്തി വിടുന്നതാണല്ലോ.. ഇത്തരത്തിൽ സ്ക്രീനിനു മുകളിൽ വെള്ളം വീഴുമ്പോഴും സ്ക്രീൻ കപ്പാസിറ്റൻസിൽ വ്യത്യാസം വരുന്നു. അതോടെ സ്ക്രീനിന്റെ ഉപരിതലത്തിൽ എല്ലായിടത്തും ഒരേ ഇലക്ട്രിക് ഫീൽഡ് അല്ലാതെ വരികയും സ്പർശം ഇതിലൂടെ തിരിച്ചറിയാനുള്ള സംവിധാനം താറുമാറാവുകയും ചെയ്യുന്നു.