കറന്റ് വേണ്ടാത്ത പെഡല്‍ പമ്പ്‌സെറ്റ്‌

കറന്റ് വേണ്ടാത്ത  പെഡല്‍ പമ്പ്‌സെറ്റ്‌
 
മോട്ടോര്‍വേണ്ട, പമ്പ്‌സെറ്റ്‌വേണ്ട. ഇനി ചെറുകിട കര്‍ഷകര്‍ക്ക് ഗുണകരമായി പെഡല്‍ പമ്പിങ് സംവിധാനം തുണയാകും. മോട്ടോറിന്റെയോ പമ്പ്‌സെറ്റിന്റെയോ സഹായമില്ലാതെ കൃഷിയിടങ്ങളില്‍ പെഡല്‍ പമ്പ്‌സെറ്റ്‌വഴി വെള്ളമെത്തിച്ച് നനയ്ക്കാവുന്ന സംവിധാനമാണ് വിജയകരമായി നടപ്പാക്കുന്നത്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും ഇന്റര്‍ നാഷണല്‍ ഡവലപ്പ്‌മെന്റ് എന്റര്‍പ്രൈസസിന്റെയും നേതൃത്വത്തിലാണ് പെഡല്‍ പമ്പിങ് സംവിധാനം നടപ്പാക്കിയത്. പുതിയ സംവിധാനം വഴിയുള്ള ജലസേചനം കര്‍ഷകര്‍ക്ക് ഏറേ പ്രതീക്ഷ നല്‍കുന്നതാണ്. മഴയില്ലാതെ വിഷമത്തിലായ കര്‍ഷകര്‍ക്ക് കുളങ്ങള്‍ ആഴംകുറഞ്ഞ കിണറുകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഈ പെഡല്‍പമ്പ് ഉപയോഗിച്ച് വെള്ളമെത്തിക്കാം. മിക്ക പാടശേഖരങ്ങളിലും വേനല്‍ക്കാലത്ത് വെള്ളമുണ്ടായിട്ടും മറ്റ് ജലസേചനമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പച്ചക്കറികൃഷിപോലും നടക്കാറില്ല. പെഡല്‍പമ്പ് സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകും. പെഡല്‍പമ്പ് ജലാശയത്തിനടുത്തുവെച്ച് കയറിനിന്ന് താഴേക്കും മുകളിലേക്കും ചവിട്ടുമ്പോള്‍ പിസ്റ്റന്‍ ചലിക്കുകയും ജലം മുകളിലെത്തിക്കുകയും ചെയ്യും.

25 അടി മുതല്‍ 30 അടി വരെ താഴ്ചയില്‍നിന്ന് കാല്‍കൊണ്ട് ചവിട്ടി വെള്ളം പമ്പ്‌ചെയ്യാവുന്ന രീതിയാണിത്. ആഴംകുറവുള്ള ജലാശയങ്ങളില്‍നിന്ന് പൈപ്പ് ഉപയോഗിച്ച് മുപ്പതുമീറ്റര്‍വരെ ദൂരത്തേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയും. നെല്‍ക്കൃഷിയിലും വേനല്‍ക്കാലത്ത് പച്ചക്കറികൃഷിയിലും ഏര്‍പ്പെട്ട കുടുംബശ്രീകള്‍ക്കടക്കം ഈ പമ്പ്‌സെറ്റ് ഗുണകരമാകും.

വൈദ്യുതിയില്ലാത്ത സമയങ്ങളില്‍ വീട്ടാവശ്യത്തിനുള്ള വെള്ളവും ഇത്തരത്തില്‍ ലഭ്യമാക്കാം. ബയോഗ്യാസ് പ്ലാന്റില്‍നിന്ന് പുറത്തേക്കുവരുന്ന ജൈവകുഴമ്പുകള്‍, ജൈവകൃഷിക്കുള്ള ജൈവ കൂട്ടുകള്‍ എന്നിവയും കൃഷിയിടങ്ങളിലേക്ക് പമ്പ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. ഒന്നര ഇഞ്ച് പൈപ്പാണ് ഇതിന് ഉപയോഗിക്കുന്നത്. ഒരുസെക്കന്റില്‍ ഒന്നരലിറ്റര്‍ വെള്ളം പമ്പ്‌ചെയ്യാന്‍ കഴിയും. പെഡല്‍പമ്പ് ചവിട്ടി കുട്ടികള്‍ക്ക് മാതാപിതാക്കളെ കൃഷിയില്‍ സഹായിക്കാനും കഴിയും. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്ക് നടത്തംനിര്‍ത്തി പെഡല്‍പമ്പ് ചവിട്ടിയാല്‍ ഒരു രൂപ ചെലവില്ലാതെ തോട്ടത്തിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാനും ആരോഗ്യപരിപാലനത്തിനും പെഡല്‍പമ്പ് പ്രയോജനപ്പെടുത്താം. ഒരു പമ്പിന് 3000 രൂപയാണ് ചെലവ് വരുന്നത്.

പാലക്കാട് ജില്ലയിലെ ആനക്കരസ്വദേശിയും വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അബ്ദുള്‍ ജബ്ബാറാണ് വിവിധജില്ലകളില്‍ ഇത് വിജയകരമായി പരീക്ഷിച്ചത്. യുവാക്കളെ കൃഷിരംഗത്തേക്ക് ആകര്‍ഷിക്കാനായി രൂപപ്പെടുത്തിയ സണ്‍ഡേ ഫാമിങ് കൃഷിരീതി സംസ്ഥാനമാകെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ജബ്ബാറാണ്. പഞ്ചായത്തുകളിലെ വിവിധപദ്ധതികള്‍ വഴിയും കൃഷിഭവനുകള്‍ക്ക് ആത്മപദ്ധതികള്‍ വഴിയും പെഡല്‍പമ്പുകള്‍ ലഭ്യമാക്കും. കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ വിളവിന്യാസം മാറ്റാന്‍ ഇത് ഗുണകരമാകും. കര്‍ഷകന് പരാശ്രയത്വം കുറയ്ക്കാനുതകുന്ന ഇത്തരത്തിലുള്ള പരമ്പരാഗത വിദ്യകള്‍ കൂടുതല്‍ പ്രചരിപ്പിക്കുമെന്നും ജബ്ബാര്‍ പറഞ്ഞു. വയനാട് വിജ്ഞാനകേന്ദ്രം മേധാവി ഡോ. രാധമ്മപിള്ള, കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. പി.വി. ബാലചന്ദ്രന്‍ എന്നിവര്‍ ജബ്ബാറിന് പിന്തുണ നല്‍കുന്നുണ്ട്.

അബ്ദുള്‍ ജബ്ബാര്‍: 9447228022.

Comments