Tuesday, October 2, 2012

കുറച്ചു കരണ്ടും കാശും ലഭിക്കാം


 കുറച്ചു കരണ്ടും കാശും ലഭിക്കാം

കറണ്ട് ബില്‍ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമായ മാര്‍ഗം ഇതാ.
കേരളത്തിലെ സാധാരണ ഭവനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നു വൈദ്യുത ഉപകരണങ്ങളാണ് ടെലിവിഷന്‍, ഫാന്‍, കമ്പ്യൂട്ടര്‍ എന്നിവ. അപ്പോള്‍ സംശയിച്ചേക്കാം ഇതിനെക്കാള്‍ വൈദ്യുത ഉപഭോഗം കൂടിയ തേപ്പു പെട്ടി, ഫ്രിഡ്ജ്‌, എ.സി , വാട്ടര്‍ ഹീറ്റര്‍ , എന്നിവയല്ലേ കറണ്ട് തീനികള്‍ എന്ന്. ശരിയാണ്. ഈ ഉപകരണങ്ങള്‍ കൂടുതല്‍ കറന്റ്‌ ഉപയോഗിക
്കും. പക്ഷെ ഇതില്‍ ഫ്രിഡ്ജ്‌, എ. സി എന്നിവയുടെ ഉപയോഗം നമ്മുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. അയേണ്‍ ബോക്സ്‌ ആഴ്ചയില്‍ 2 മണിക്കൂര്‍ ഉപയോഗിച്ചാല്‍ മാസം വെറും 8 യൂനിറ്റ് മാത്രമേ ഉപയോഗം വരൂ. പുതിയ വാട്ടര്‍ ഹീറ്ററുകള്‍ ദിവസം 5 മിനുട്ടില്‍ കൂടുതല്‍ ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല. 3000 W വാട്ടര്‍ ഹീറ്റര്‍ ആണെങ്കില്‍ പോലും എല്ലാ ദിവസവും ഉപയോഗിച്ചാല്‍ മാസം 7 .5 യൂനിറ്റ് മാത്രമേ ആവുകയുള്ളൂ.
ടെലിവിഷന്‍ , കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗം നിയന്ത്രിച്ചാല്‍ മാത്രമേ കാര്യമായ വൈദ്യുത ചെലവു കുറയുകയുള്ളൂ. പഴയ CRT മോണിട്ടര്‍ മാറ്റി BSE 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മോണിട്ടര്‍ ഉപയോഗിച്ചാല്‍ കുറച്ചു വൈദ്യുതി ലാഭിക്കാം. ടി.വി യുടെ റിമോട്ട് മാത്രം ഓഫ്‌ ചെയ്യാതെ പവര്‍ സ്വിച്ച് കൂടി ഓഫ്‌ ചെയ്യുന്നതും നല്ലതാണ്. കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും പോകുമ്പോള്‍ ഡിസ്പ്ലേ ഓഫ്‌ ചെയ്യുന്നത് വൈദ്യുതി ലാഭിക്കും. ഡിസ്പ്ലേ brightness കുറയ്ക്കുന്നതും പവര്‍ സേവിംഗ് മോഡ് സെറ്റ് ചെയ്യുന്നതും വൈദ്യുത ചെലവു കുറയ്ക്കും.

എന്നാല്‍ നമ്മള്‍ സാധാരണ ശ്രദ്ധിക്കാതെ പോകുന്ന ഒരു ഉപകരണം ആണ് ഫാന്‍. കേരളത്തില്‍ ഇപ്പോള്‍ 365 ദിവസവും ഫാന്‍ ഉപയോഗിക്കുന്ന സ്ഥിതി ആയിട്ടുണ്ട്‌. ചൂടിനെതിരായി മാത്രമല്ല കൊതുകിനെ ഒഴിവാക്കാനും ഫാന്‍ ആണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.

ഒരു സാധാരണ വീട്ടില്‍ കുറഞ്ഞത്‌ ശരാശരി 3 ഫാനുകള്‍ ദിവസം 8 മണിക്കൂര്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതാം. പഴയ ഫാനുകള്‍ ആണെങ്കില്‍ കുറഞ്ഞത്‌ 80 W എങ്കിലും പവര്‍ ഉള്ളതായിരിക്കും. ഇലക്ട്രിക്‌ റെഗുലേറ്റര്‍ സ്പീഡ് 3 ലാണ് സാധാരണ പ്രവര്തിപ്പിക്കുന്നതെങ്കില്‍ ദിവസം 1 .7 യൂനിറ്റ് വൈദ്യുതി വെച്ച് മാസം 51 യൂനിറ്റ് വൈദ്യുതിയും ചെലവാകും. ഇതില്‍ നിന്നും മനസ്സിലാകും നമ്മുടെ പ്രതിമാസ വൈദ്യുത ബില്ലിന്റെ ഒരു നല്ല ഭാഗം ഫാനിന്റെ ഉപയോഗം മൂലമാണെന്ന്. ഫാനുകള്‍ വളരെ പഴയതാണെങ്കില്‍ അവ മാറ്റി പുതിയ BSE 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാനുകള്‍ ഉപയോഗിച്ചാല്‍ പവര്‍ 48 W ആയി കുറയും. സമാന ഉപയോഗത്തിന് വൈദ്യുതി ഉപയോഗം പ്രതിദിനം 1 .03 യൂനിറ്റ് ആയി കുറയുകയും പ്രതിമാസ ഉപയോഗം 31 യൂനിറ്റ് ആയി കുറയുകയും ചെയ്യും. എന്നാല്‍ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാനുകള്‍ക്ക് വില കൂടുതലായതിനാല്‍ കറന്റ്‌ ചാര്‍ജില്‍ ഉള്ള ലാഭം മുതലാവാന്‍ 3 വര്ഷം എങ്കിലും എടുക്കും.

എന്നാല്‍ കുറഞ്ഞ ചെലവില്‍ ഫാനിന്റെ വൈദ്യുത ഉപയോഗം കുറയ്ക്കാനുള്ള ഒരു മാര്‍ഗം പഴയ ഇലക്ട്രിക്‌ റെഗുലേറ്റര്‍ മാറ്റി സ്റ്റെപ് ടൈപ്പ് ഇലക്ട്രോണിക് റെഗുലേറ്റര്‍ ഫിറ്റ്‌ ചെയ്യുക എന്നുള്ളതാണ്. ഇത് നമ്മുക്ക് തന്നെ സ്വയം സൂക്ഷിച്ചു ചെയ്യാവുന്നതേയുള്ളൂ. പഴയ ഫാന്‍ ഉപയോഗിച്ച് തന്നെ ഇലക്ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന വൈദ്യുത ഉപയോഗത്തിന്റെ വ്യത്യാസം പരിശോധിക്കാം. പക്ഷെ നിങ്ങള്‍ എപ്പോഴും ഫുള്‍ സ്പീടിലാണ് ഫാന്‍ ഉപയോഗിക്കാറ്‌ എങ്കില്‍ റെഗുലേറ്റര്‍ മാറ്റുന്നത് കൊണ്ട് പ്രയോജനം ഒന്നും ഉണ്ടാവില്ല. എനര്‍ജി മാനേജ്‌മന്റ്‌ സെന്റര്‍ നടത്തിയ പഠനങ്ങളില്‍ നിന്നും തെളിഞ്ഞത് സ്പീഡ് 3 ല്‍ ഉപയോഗിക്കുന്ന ഫാന്‍ ഇലക്ട്രിക്‌ രേഗുലെട്ടരിനു പകരം ഇലക്ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ 22 % കുറച്ചു വൈദ്യുതി മാത്രമേ ഉപയോഗിക്കൂ എന്നാണു. ഇത് സ്പീഡ് 2 ലാണെങ്കില്‍ 31 % വരെയും സ്പീഡ് 1 ലാണെങ്കില്‍ 45 % വരെയും കുറയും.

നേരത്തെ പറഞ്ഞ പോലെ ഇലക്ട്രിക്‌ റെഗുലേറ്റര്‍ ഉപയോഗിച്ച് മൂന്ന് 80 W ഫാനുകള്‍ ദിവസം 8 മണിക്കൂര്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മാസ ഉപയോഗം 51 യൂനിറ്റ് ആയിരിക്കും (സ്പീഡ് 3 ല്‍ ). ശരാശരി വില യൂണിറ്റിനു 3 രൂപ എന്ന് കണക്കാക്കിയാല്‍ പ്രതിമാസ ചാര്‍ജ് 153 രൂപയായിരിക്കും. ഒരു ഇലക്ട്രോണിക് റെഗുലേറ്റര്‍ ഏകദേശം 175 രൂപ വിലയാകും. ഇലക്ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിച്ചാല്‍ സമാന ഉപയോഗത്തിന് പ്രതിമാസ വൈദ്യുത ഉപയോഗം 40 യൂനിറ്റ് ആയി കുറയ്ക്കാന്‍ സാധിക്കും. ഇതിന്റെ വൈദ്യുത ചാര്‍ജ് മാസം 120 രൂപ. പ്രതിമാസ ലാഭം 33 രൂപ. 3 ഇലക്ട്രോണിക് രെഗുലേട്ടരുകളുടെ വില 525 രൂപ. ഒന്നേകാല്‍ വര്ഷം കൊണ്ട് ഇലക്ട്രോണിക് റെഗുലേറ്റര്‍ വാങ്ങിയതിന്റെ വില നമ്മുക്ക് മുതലാകും. പിന്നീട് ഓരോ വര്‍ഷവും 400 രൂപ വരെ കറന്റ്‌ ചാര്‍ജ് നമ്മുക്ക് ലാഭിക്കാന്‍ സാധിക്കും. പ്രതിമാസ മൊത്തം ഉപയോഗം 120 യൂണിറ്റില്‍ കൂടുതലാണ് എങ്കില്‍ ലാഭം പിന്നെയും കൂടും. ഫാന്‍ സ്പീഡ് 1 ലോ 2 ലോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ വ്യത്യാസം പിന്നെയും കൂടും.

പുതിയതായി ഒരു റൂമില്‍ ഫാന്‍ ഫിറ്റ്‌ ചെയ്യുകയാണെങ്കില്‍ BSE 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാന്‍ തന്നെ സ്റ്റെപ് ടൈപ്പ് ഇലക്ട്രോണിക് റെഗുലേറ്റര്‍ സഹിതം മാത്രം ഫിറ്റ്‌ ചെയ്യുക ( സ്റ്റെപ് ടൈപ്പ് അല്ലാത്ത ഇലക്ട്രോണിക് റെഗുലേറ്റര്‍ മൂളുന്ന ശബ്ദം ഉണ്ടാക്കുകയും ഫാനിനെ ചൂടാക്കി കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും ).

No comments:

Post a Comment