Tuesday, October 2, 2012

ഫാനിട്ട് ഉറങ്ങുന്നവര്‍ വായിക്കാന്‍

ഫാനിട്ട് ഉറങ്ങുന്നവര്‍ വായിക്കാന്‍



കൊറിയയിലെ ഗ്രാമീണരില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഒരു രാത്രി മുഴുവന്‍ സീലിംഗ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്ന്. അന്ധവിശ്വാസം മറയാക്കി കൊറിയയില്‍ വില്‍പനയ്‌ക്കെത്തുന്നത് ടൈമര്‍ സംവിധാനമുള്ള പ്രത്യേകരതരം ഫാനുകളാണ്. നിശ്ചിത സമയം കഴിഞ്ഞാല്‍ ഫാന്‍ തനിയെ ഓഫാകുമെന്നതിനാല്‍ മരണഭയമില്ലാതെ കൊറിയക്കാര്‍ ഉറങ്ങും.

കൊറിയക്കാരെ പോലെയല്ല

നമ്മുടെ നാട്ടുകാര്‍. ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത് ശീലത്തിന് അടിമകളായവര്‍ പവര്‍ക്കട്ട് കാലത്തെ അതിജീവിക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്.

രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങാമോ? ഇത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? ഇങ്ങനെയൊക്കെ ചിന്തിച്ച് ഉഷ്ണിക്കുന്നവരും ധാരാളമാണ്. ഫാനിന്റെ അടിമകളാകുന്നത് അത്ര നന്നല്ല. പകല്‍ കൊടും ചൂടുള്ള മേല്‍ക്കൂരയ്ക്കു താഴെ ചുറ്റിത്തിരിയുന്ന ഫാന്‍ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാറില്ല.


മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ചൂടുകാലത്ത് വിയര്‍പ്പു കൂടും. വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.


രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റ്യല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്.


ശരീരം മുഴുവന്‍ മൂടുംവിധം വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. നഗ്നശിരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും.


ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം.


ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നന്ന്.


കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്‌സുകള്‍ എന്നിവയൊന്നും വാരിക്കൂട്ടിയിടരുത്. അതില്‍ നിന്ന് പൊടിപറന്ന് അലര്‍ജിയുണ്ടാക്കിയേക്കും.


കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്.


ഫാനിന്റെ ലീഫുകള്‍ പൊടിയും ചിലന്തിവലകളും ഒക്കെ പറ്റിപ്പിടിച്ചിരിക്കാനുള്ള
സുരക്ഷിത സ്ഥലമാണ്. അതിനാല്‍ ഫാനിന്റെ ലീഫിന്റെ ഇരു വശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ഫാനുകളുടെ കൊളുത്തും നട്ടും ബോള്‍ട്ടും സ്‌ക്രൂവുമൊക്കെ സുരക്ഷിതമാണോ എന്നും കൃത്യമായി പരിശോധിക്കണം.

ഫാനിന്റെ ശബ്ദശല്യം ചിലരുടെ ഉറക്കം നഷ്ടപ്പെടുത്താറുമുണ്ട്. മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്
കിലും മുതിര്‍ന്നവരും രോഗികളും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫാനിട്ടു തന്നെ ഉറങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം ഉറങ്ങാനും ഡോക്ടര്‍മാര്‍ പറയുന്നു

No comments:

Post a Comment