Wednesday, September 6, 2017

CCTV ഇന്‍സ്റ്റലേഷന്‍

CCTV ഇന്‍സ്റ്റലേഷന്‍ 
 സുജിത് കുമാര്‍



 
CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ' എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?' ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ . എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌. എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ " You are under CCTV surveillance" തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം. ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉള്ളവയല്ല. മറിച്ച് മറ്റാരും നിരിക്ഷിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ അറിയാതെയുണ്ടാകുന്ന സ്വകാര്യതാ ലംഘനങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌. സ്വകാര്യ ഭാഗങ്ങളിൽ ഒന്ന് ചൊറിയണമെന്ന് തോന്നിയാൽ സി സി ടി വി ഉള്ള ഇടങ്ങളിലാണെങ്കിൽ ആവശ്യമായ മറവോ മറ്റു മുൻകരുതലുകളോ എടുക്കാൻ ഇത്തരം മുന്നറിയിപ്പ് ബോഡുകൾ സഹായിക്കുമല്ലോ. മുഖം അന്യ പുരുഷർ കാണുന്നതിലൂടെ സ്വർഗ്ഗം നഷ്ടപ്പെടുമെന്ന ഭീതിയുള്ളവർക്കും ആവശ്യമായ മുൻകരുതലുകൾ ഇതിലൂടെ എടുക്കാൻ കഴിയുന്നു.
ഡിമാൻറ്റ് കൂടിയപ്പോൾ സി സി ടിവി ഫിറ്റ് ചെയ്ത് കൊടുക്കുന്ന ഏജൻസികളും കൂണുപോലെ മുളച്ച് പൊങ്ങിയിരിക്കുന്നു. ഉപഭോക്താക്കളൂടെ അജ്ഞതയും തെറ്റിദ്ധാരണയും മുതലെടുത്ത് വലിയ മാർജിൻ എടുക്കുന്നതിനാൽ ഇത് വലിയ ലാഭകരമായ ഒരു ബിസിനസ് ആയാണ്‌ വിലയിരുത്തപ്പെടുന്നത്. അതിനാൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ചെയ്ത് പഠിക്കാനും താല്പര്യമുള്ളവർക്കായി എങ്ങിനെ ചുരുങ്ങിയ ചെലവിൽ ഒരു സി സി ടി വി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം എന്ന് മനസ്സിലാക്കിത്തരാൻ ശ്രമിക്കാം.
ഈ രംഗത്ത് ബിസിനസ് ചെയ്യുന്ന സുഹൃത്തുക്കൾ ക്ഷമിക്കുക. ഒരു ഫ്യൂസ് കെട്ടാൻ വരെ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നവരാണ്‌ നമ്മൂടെ നാട്ടിൽ കൂടൂതലും എന്നതിനാൽ ഇത് നിങ്ങളുടെ ബിസിനസ്സിനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല.
നിലവിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതും വിപണിയിൽ സുലഭവുമായ വീഡിയോ സർവലൈൻസ് സംവിധാനങ്ങളെ ഒന്ന് പരിചയപ്പെടാം.
1. സ്റ്റാൻഡ് അലോൺ വയർലെസ് ഐ പി കാമറകൾ - ഇതിൽ ഓരോ ക്യാമറയും നേരിട്ടോ ഒരു നെറ്റ്‌‌വർക്ക് സ്വിച്ച് വഴിയോ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വയറോടു കൂടീയതൊ വയർ ലെസ്സോ ആകാം. ഇന്റർനെറ്റിലൂടെ ഇവ മൊബൈൽ ആപ്പുകളിലൂടെയോ കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയറുകൾ വഴിയോ വിദൂര വീക്ഷണവും റേക്കോഡിംഗും സാദ്ധ്യമാകുന്നു. പല തരത്തിൽ ഐ പി കാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണെങ്കിലും പൊതുവേ സർവ്വറുകളൊന്നും ഉപയോഗിക്കാത്ത പീർ ടു പീർ വ്യൂവിംഗ് സംവിധാനങ്ങളാണ്‌ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തിക്കാണുന്നത്. പീർ ടു പീർ വ്യൂവിങ്ങ് എന്നാൽ നമ്മൂടെ ടോറന്റുകളുടെ അതേ സാങ്കേതിക വിദ്യ തന്നെ. ഓരോ കാമറയ്ക്കും ഒരു യുണീക് ഐഡി ഉണ്ടായിരിക്കും ഈ യുണീക് ഐഡി ഉപയോഗിച്ച് മൊബൈൽ ഫോണുകളുമായോ കമ്പ്യൂട്ടറുകളുമായോ നേരിട്ട് ബന്ധം സ്ഥാപിക്കുന്നു. ഇതല്ലാതെ നേരിട്ട് കാമറയുടെ ഐ പി അഡ്രസ് ഉപയോഗിച്ചും വിദൂര വീക്ഷണം സാദ്ധ്യമാണ്‌. ഇതിനായി ഒന്നുകിൽ ഇന്റർനെറ്റ് കണക്ഷന് ഒരു സ്റ്റാറ്റിക് ഐപി അഡ്രസ് ആവശ്യമാണ്‌ (പൊതുവേ ഹോം യൂസർ കണക്ഷനുകൾക്ക് ഇത് കിട്ടാറില്ല. ) അല്ലെങ്കിൽ ഡൈനാമി ഐപി അഡ്രസ്സുകളെ സ്റ്റാറ്റിക് ഐപി അഡ്രസ് ആക്കി മാറ്റുന്ന No IP പോലെയുള്ള തേഡ് പാർട്ടി സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
ചൈനീസ് ബ്രാൻഡുകൾ 3000-4000 റേഞ്ചിൽ റിമോട്ട് പാൻ ട്വിൽറ്റ് സൂം (PTZ) ഫംഗ്ഷനുകളോടുള്ളവ ലഭ്യമാകുമ്പോൾ തുല്ല്യമായ ഫീച്ചറുകൾ ഉള്ള ഡി ലിങ്ക്, സോണി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളുടെ കാമറകൾക്ക് ഇതിന്റെ അഞ്ചു മുതൽ പത്ത് മടങ്ങ് വരെ വില നൽകേണ്ടതായി വരുന്നു. അതിനാൽ വലിയ വിലക്കുറവുള്ള ചൈനീസ് ക്യാമറകൾ ഈ മേഖലയിൽ അരങ്ങ് വാഴുന്നു. പൊതുവേ ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും മറ്റുമാണ്‌ കൂടുതലായി ഐ പി കാമറകൾ ഉപയോഗപ്പെടുത്തുന്നത്. ഒരൊറ്റ മുറിയുള്ള കടകൾ, വീട്ടിൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ, വീട്ടു ജോലിക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കുമായും ഇത്തരം ചെറിയ ഐ പി കാമറകൾ ഉപയോഗപ്പെടുത്താവുന്നതാണ്‌ . ഐപി കാമറകളുടെ ഡീഫോൾട്ട്‌ പാസ്വ‌‌വേഡുകളും യൂസർ ഐഡികളും മാറ്റിയില്ലെങ്കിൽ വളരെ എളുപ്പത്തിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ട്.

2. ലോക്കൽ മെമ്മറി കാർഡ് സ്റ്റൊറേജോടു കൂടിയ കാമറകൾ..
പ്രത്യേകിച്ച് നെറ്റ് വർക്ക് കാഡോ റിമോട്ട്‌ സ്റ്റോറേജ് സൗകര്യമോ ഒന്നുമില്ലാത്ത ലോക്കൽ സ്റ്റോറേജ് മാത്രം ഉള്ള സ്റ്റാൻഡ് അലോൺ ക്യാമറകളാണ്‌ ഇവ. ഇത്തരം കാമറകളിൽ 128 ജി ബി വരെയുള്ള മെമ്മറി കാഡ് പൊതുവേ സപ്പോർട്ട് ചെയ്യുന്നതായി കണ്ടു വരുന്നു. ഇവയിലും ഓഡിയോ‌ വീഡിയോ ഔട് പുട് ഉണ്ട്. ആവശ്യമാണെങ്കിൽ ടി വിയിലെ വീഡിയോ ഇൻ സോക്കറ്റിൽ കേബിളുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് ടിവിയിലും മറ്റും മോണിറ്റർ ചെയ്യാവുന്നതാണ്‌ . ചുരുങ്ങിയ വിലയിൽ ഇത്തരം കാമറകൾ ലഭ്യമാണ്‌.

3. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാമറകൾ കേബിളുകൾ വഴി ഡിജിറ്റൽ വീഡീയോ റെക്കോഡറുമായി ബന്ധിപ്പിച്ചിരിക്കുന്ന സാധാരണ സി സി ടി വി സിസ്റ്റം ( ഇതാണ്‌ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ളത്).
4. വിവിധ ഇടങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഐ പി ക്യാമറകൾ കേബിളുകൾ വഴിയും നെറ്റ് വർക്ക് സ്വിച്ചുകൾ വഴിയും ഒരു നെറ്റ്‌‌വർക്ക് വീഡിയോ‌ റേക്കോർഡറുമായി (NVR) ബന്ധിപ്പിച്ചുകൊണ്ടുള്ള സംവിധാനം. ബഹുനില മന്ദിരങ്ങളിലും മറ്റും അനേകം ക്യാമറകൾ ഉള്ള വളരെ വിപുലമായ സംവിധാനം ആണെങ്കിൽ ഇതോ അല്ലെങ്കിൽ അനലോഗ് ക്യാമറകൾ കൂടി ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമോ ആയിരിക്കും കൂടുതൽ അനുയോജ്യം.
5. വയർലെസ് കാമറകൾ വൈഫൈ വഴി എൻ വി ആറുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന വൈഫൈ സി സി ടി വി സിസ്റ്റം
6. അനലോഗ് ക്യാമറകളും നെറ്റ് വർക്ക് ക്യാമറകളും ഒന്നിച്ചുള്ള ഹൈബ്രിഡ് സിസ്റ്റം.
ഒരു CCTV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപേ സ്വന്തം അവശ്യം എന്തെന്ന് മനസ്സിലാക്കുയും ലഭ്യമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറീവുണ്ടായിരിക്കുകയും നല്ലതാണ്‌. ഒന്നോ രണ്ടോ ക്യാമറകൾ മാത്രം ആവശ്യമായ ഇടങ്ങളിൽ ഡി വി ആറും മറ്റു സംവിധാനങ്ങളുമെല്ലാം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങളെക്കുറിച്ച് പറയാം.
CCTV Cameras:
പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന് ഡോം ക്യാമറ രണ്ട് ബുള്ളറ്റ് ക്യാമറ. ഒരു ചിരട്ട മുറിയുടെ ആകൃതിയിൽ ചുവരിലോ സീലിംഗിലോ ഒക്കെ ഉറപ്പിച്ചു വയ്ക്കാവുന്ന കാമറകൾ ആണ്‌ ഡോം കാമറകൾ. കുഴൽ രൂപത്തിൽ പ്രത്യേകം ആക്സിസിൽ ഉറപ്പിച്ചു വച്ചിരിക്കുന്നവയാണ്‌ ബുള്ളറ്റ് ക്യാമറകൾ. വിലയുടെ കാര്യം പറയുമ്പോൾ ഡോം ക്യാമറകൾക്ക് ബുള്ളറ്റ് കാമറകളേക്കാൾ വിലക്കുറവാണ്‌. ഫോക്കസ് , കവറേജ് ഏരിയ തുടങ്ങിയവ പൊതുവേ ഡോം ക്യാമറകളേ അപേക്ഷിച്ച് ബുള്ളറ്റ് ക്യാമറകൾക്ക് കൂടുതൽ ആയിരിക്കും . സാധാരണയായി ഇൻഡോർ കവറേജിനു ഡോം കാമറയും ഔട് ഡോർ കവറേജിൻ ബുള്ളറ്റ് കാമറയും ആണ്‌ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ എല്ലാ ബുള്ളറ്റ് കാമറകളും മഴയും വെയിലുമൊക്കെ കൊള്ളാൻ പാകത്തിലുള്ള ഔട്‌ഡോർ ഉപയോഗത്തിനു പറ്റിയവ ആകണമെന്നില്ല. അതിനാൽ അത്തരം ഉപയോഗങ്ങൾക്ക് ഐപി68 സ്റ്റാൻഡേഡിലുള്ള ബുള്ളറ്റ് കാമറകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാധാരണ കൂടുതലായി ഉപയോഗിച്ച് കാണുന്നില്ലെങ്കിലും Pan Twilt Zoom (PTZ) സൗകര്യങ്ങളോടു കൂടിയ കാമറകളും ഉണ്ട്. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ സഹായിക്കുന്ന മൈക്രോഫോൺ കൂടിയുള്ള ക്യാമറകളും ലഭ്യമാണ്‌. മിക്കവാറും ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ക്യാമറകളിലെല്ലാം നൈറ്റ് വിഷൻ സൗകര്യം കൂടി ഉള്ളതാണ്‌. ഇതിലേക്കായി പ്രത്യേകമായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. ക്യാമറകളുടെ മെഗാ പിക്സൽ റേറ്റിംഗിനനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടായിരിക്കും. പൊതുവേ 2 മെഗാ പിക്സൽ ക്യാമറകളാണ്‌ കൂടുതലായി ഇന്സ്റ്റാൾ ചെയ്ത് കണ്ടൂ വരുന്നത്.
DVR :
ഡിജിറ്റൽ വീഡിയോ‌ റേക്കോഡർ എന്ന ഡി. വി ആർ ആണ്‌ ഒരു സി സി ടി വി സിസ്റ്റത്തിന്റെ ഹൃദയഭാഗം . എല്ലാ കാമറകളും പ്രത്യേക കേബിളുകൾ മുഖേന ഡി വി ആറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ചെറിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഒരു കൊച്ചു കമ്പ്യൂട്ടർ ആണ്‌ ഡി വി ആറുകൾ. ഇതിൽ മൗസും മോണിറ്ററും ഘടിപ്പിക്കാനുള്ള സൗകര്യവും ക്യാമറകൾ കണക്റ്റ് ചെയ്യാനുള്ള സോക്കറ്റുകളും ഉണ്ടായിരിക്കും . ചാനലുകളുടെ (ക്യാമറകളുടെ) എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡി വി ആറുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 4 ചാനൽ ഡി വി ആറുകൾ ആണ്‌ ഏറ്റവും അടിസ്ഥാനമായ മോഡൽ. ഇതിൽ പരമാവധി 4 കാമറകൾ കണക്റ്റ് ചെയ്യാവുന്നതാണ്‌. അഞ്ചു ക്യാമറകൾ കണക്റ്റ് ചെയ്യണമെങ്കിൽ 5 ചാനൽ ഡി വി ആറുകളോ 6 ചാനൽ ഡി വി ആറുകളോ വിപണിയിൽ ലഭ്യമല്ല. അതിനായി 8 ചാനൽ ഡി വി ആറുകൾ തന്നെ വാങ്ങേണ്ടി വരും. 8 ചാനൽ കഴിഞ്ഞാൽ പിന്നെ പൊതുവേ 16 ചാനൽ 32 ചാനൽ തുടങ്ങിയവയാണ്‌ കണ്ടു വരുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിച്ചു കണ്ടിട്ടുള്ള മോഡലുകളാണ്‌ Hikvision, CpPlus, Godrej, BPL, Sony, iBall തുടങ്ങിയവ. ഇതിൽ HikVision, CpPlus തുടങ്ങിയവ വളരെ കൂടുതലായി കണ്ടു വരുന്നു. 4 ചാനൽ ഡി വി ആറുകളും 8 ചാനൽ ഡി വി ആറുകളും തമ്മിൽ വിലയിൽ അതനുസരിച്ചുള്ള വലിയ വ്യത്യാസങ്ങൾ ഇല്ല എന്നറിയുക. ഓരോ ചാനലിലും എത്ര മെഗാപിക്സൽ ക്യാമറകളാണ്‌ കണക്റ്റ് ചെയ്യാനാവുക എന്നും ഏത് ഫോർമാറ്റിൽ ആണ്‌ റെക്കോഡിംഗ് സാദ്ധ്യമാകുന്നത് എന്നതിലും വ്യത്യാസമുണ്ടായിരിക്കും. 720P യിൽ റെക്കോഡ് ചെയ്യുന്ന ഡി വി ആറുകളേക്കാൾ വില കൂടുതലായിരിക്കും 1080P യിൽ റെക്കോഡ് ചെയ്യുന്നവയ്ക്ക്. വിപണിയിലുള്ള പ്രമുഖ കമ്പനികളുടെ ഡി വി ആർ മോഡലുകളിലെല്ലാം ഇന്റർനെറ്റുമായി ബന്ധിയ്ക്കാനുള്ള നെറ്റ്‌‌വർക്ക് പോർട്ടുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതനുസരിച്ചുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും.
വയർലെസ് ഡി വി ആറുകൾ എന്നൊരു വിഭാഗം കൂടി ഉണ്ട്. ഇതിൽ വയർലെസ് കാമറകൾ ആണ്‌ ഉപയോഗിക്കുന്നത്. ക്യാമറകളൂം ഡി വി ആറും തമ്മിലുള്ള ദൂരപരിധി പരിമിതമാണെന്നതിനാൽ ഇത്തരം ഡി വി ആറുകൾ അധികമായി ഉപയോഗിക്കാറില്ല എന്നുമാത്രമല്ല വിപണിയിൽ പ്രമുഖ കമ്പനികളുടേതായി ഇത്തരത്തിലുള്ളവ ലഭ്യവുമല്ല. പക്ഷേ ചൈനീസ് പോർട്ടലുകളിൽ ഇവ യഥേഷ്ടം ലഭ്യമാണ്‌ .
SMPS :
കാമറകൾ പ്രവർത്തിക്കുന്നതിനാവശ്യമായ 12 വോൾട്ട് ഡി സി പവർ സപ്ലെ നൽകുവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. എത്ര ചാനലുകൾ ഉപയോഗിക്കുന്നുവോ അതനുസരിച്ച് SMPS ന്റെ കറന്റ് റേറ്റിംഗിലും വ്യത്യാസം വരും .

Cable:
90 മീറ്ററിന്റെ ബണ്ടിൽ ആയാണ്‌ കേബിൾ ലഭ്യമാകുന്നത്. ലൂസ് ആയും കടകളിൽ നിന്നും മുറിച്ച് വാങ്ങാവുന്നതാണ്‌ . ക്യാമറ ഔട് പുട് കണക്റ്റ് ചെയ്യാനുള്ള ഒരു ഷീൽഡഡ് കേബിളും 12 വോൾട്ട് പവർ സപ്ലെയ്ക്കായുള്ള പോസിറ്റീവ് നെഗറ്റീവ് കേബിളും ഓഡിയോ കണക്റ്റ് ചെയ്യണമെങ്കിൽ അതിനായുള്ള ഒരു വയറും ഉൾപ്പെട്ട ഒരു ബഞ്ച് ആണ്‌ ഈ കേബിൾ. കേബിൾ ടിവി കേബിളിലേതുപോലെ വലയോടു കൂടിയ ഷീൽഡിംഗ് ഉള്ളതാണ്‌ വീഡിയോ കേബിൾ, പവർ സപ്ലെ പോസിറ്റിവ് ആയി ചുവന്ന വയറും നെഗറ്റീവ് ആയി കറുപ്പോ നീലയോ വയർ ആയിരിക്കും. കേബിളിന്റെ ഗുണനിലവാരം വീഡിയോയെ ബാധിക്കും എന്നതിനാൽ നല്ല നിലവാരമുള്ള കോപ്പർ കേബിളുകൾ ഉപയോഗിക്കുക.

Connectors:
പ്രധാനമായും രണ്ടു തരം കണക്റ്ററുകൾ ആണ്‌ സി സി ടി വി വയറിംഗിനായി ആവശ്യമായി വരുന്നത്. ഒന്ന് ക്യാമറ കണക്റ്റ് ചെയ്യാനുള്ള ബി എൻ സി / ആർ സി എ കണക്റ്ററുകളും പവർ സപ്ലെ കണക്റ്റ് ചെയ്യാനുള്ള ഡി സി പവർ കണക്റ്ററുകളും.

Cable Clips:
സി സി ടി വി ഇൻസ്റ്റാളേഷനിലെ ഏറ്റവും സമയമെടുക്കുന്നതും വിഷമമേറിയതുമായ ഘട്ടം ആണ്‌ വയറിംഗ്. വെറുതേ തലങ്ങും വിലങ്ങും കേബിളുകൾ വലിച്ച് കണക്റ്റ് ചെയ്താലും സംഗതി പ്രവർത്തിക്കുമെങ്കിലും അങ്ങനെ പോരല്ലോ. പ്ലാസ്റ്റിക് കേബിൾ ക്ലിപ്പുകൾ ഉപയോഗിച്ച് അധികം വൃത്തികേട് തോന്നാത്ത വിധം സീലിംഗിന്റെ മൂലകളിലൂടെയോ മറ്റു വയറിംഗുകൾക്ക് സമാന്തരമോ ഒക്കെയായി വയറിംഗ് ചെയ്യാവുന്നതാണ്‌.
Hard Disc:
ഡി വി ആറുകൾ ഹാർഡ് ഡിസ്ക് ഫിറ്റ് ചെയ്തല്ല ലഭിക്കുന്നത്. ഹാർഡ് ഡിസ്ക് ആവശ്യമായ കപ്പാസിറ്റിക്ക് അനുസരിച്ച് പ്രത്യേകമായി വാങ്ങേണ്ടതുണ്ട്. 1 TB, 2 TB അങ്ങനെ ഡാറ്റ എത്ര ദിവസം സൂക്ഷിക്കണം എന്നതിനനുസരിച്ച് ഹാർഡ് ഡിസ്കുകൾ വാങ്ങാവുന്നതാണ്‌. സാധാരണ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും സർവലൈൻസ് മീഡിയാ ഹാർഡ് ഡിസ്കുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വലിയ വില വ്യത്യാസമുള്ളതിനാലും വിപണിയിലെ ലഭ്യതക്കുറവും കാരണം സാധാരണ ഹാർഡ് ഡിസ്കുകൾ തന്നെയാണ്‌ ഡി വി ആറുകളിൽ പൊതുവേ ഇൻസ്റ്റാൾ ചെയ്യുന്നതായി കണ്ടു വരുന്നത്. പല തരത്തിൽ റെക്കോഡിംഗുകൾ കോൺഫിഗർ ചെയ്യാനുള്ള സൗകര്യം ഡി വി ആറുകളിൽ ഉണ്ട്. 24 മണിക്കൂർ റെക്കോഡിംഗ്, ചില പ്രത്യേക സമയങ്ങളിൽ മാത്രം റെക്കോഡിംഗ്, എന്തെങ്കിലും ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രം റെക്കോഡ് ചെയ്യുക തുടങ്ങിയവയെല്ലാം പ്രത്യേകം ചാനലുകൾക്കായി കോൺഫിഗർ ചെയ്യാവുന്നതാണ്‌. ഇതിൽ മോഷൻ സെൻസർ റെക്കോഡിംഗ് ആണെങ്കിൽ ഹാർഡ് ഡിസ്കിൽ കൂടുതൽ ദിവസങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയ ഡാറ്റയുടെ മുകളിൽ ഓവർ റൈറ്റ് ചെയ്യുന്ന രീതിയിൽ ആണ്‌ റെക്കോഡിംഗ്. അതായത് ഹാർഡ് ഡിസ്ക് ഫുൾ ആയാൽ ഏറ്റവും പഴയ ഡാറ്റയുടെ മുകളിൽ പുതിയ ഡാറ്റ റെക്കോഡ് ചെയ്യപ്പെടുന്നു. റേക്കോഡിംഗ് ഫോർമാറ്റ്, വീഡിയോ ക്വാളിറ്റി, ഫ്രേം പെർ സെക്കന്റ് തുടങ്ങിയവയെല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന വീഡീയോയുടെ വലിപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളാണ്‌.
നാലു ക്യാമറകൾ മോഷൻ ഡിറ്റക്‌‌ഷനോടു കൂടി (ശരാശരി ആളനക്കമുള്ള ഇടങ്ങളിൽ)‌ഒരു ദിവസം 15 മുതൽ 25 ജി ബി വരെ മെമ്മറി എടുക്കും . 24 മണിക്കൂർ റെക്കോഡിംഗ് ആണെങ്കിൽ ഏകദേശം ഇതിന്റെ ഇരട്ടിയും. 30 ഫ്രേം പെർ സെക്കന്റ് ആണ്‌ പൊതുവേ റെക്കോഡ് ചെയ്യപ്പെടുന്നത്. റെസലൂഷൻ 1 മെഗാ പിക്സൽ കാമറ ആണെങ്കിൽ 720 P യും 2 മെഗാ പിക്സൽ ആണെങ്കിൽ 1080P യും ആയിരിക്കും . ധാരാളം ഓൺലൈൻ കാൽക്കുലേറ്ററുകൾ ലഭ്യമാണ്‌. അതിൽ ഈ പറഞ്ഞ വിവരങ്ങൾ നൽകിയാൽ ഒരു ഏകദേശ ധാരണ ലഭിക്കുന്നതാണ്‌ .

Monitor:
സാധാരണ കമ്പ്യൂട്ടർ മോണിറ്ററോ എൽ ഇ ഡി ടിവിയോ ഒക്കെ മോണിറ്ററിംഗിനായി ഉപയോഗിക്കാവുന്നതാണ്‌. അനലോഗ് വീഡിയോ ഔട് പുട്ടീനായി വീഡിയോ ഔട് കണക്റ്ററുകൾ പൊതുവേ വിപണിയിലുള്ള ഡി വി ആർ മോഡലുകളിൽ കാണാറില്ല എന്നതിനാൽ ടി വിയിൽ VGA, HDMI പോർട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ ടി വി മോണിറ്റർ ആയി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതുള്ളൂ. അല്ലെങ്കിൽ ഒരു VGA to Video Converter കൂടി അധികമായി ഫിറ്റ് ചെയ്യേണ്ടി വരും.
Microphone
പൊതുവേ നമ്മൂടെ നാട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്ന സി സി ടി വി സിസ്റ്റത്തിൽ മൈക്രോ ഫോൺ കണക്റ്റ് ചെയ്യാറില്ലെങ്കിലും ആവശ്യമുള്ളവർക്ക് മൈക്രോഫോണുകൾ പ്രത്യേകമായി വാങ്ങി ഓരോ ചാനലിലും ആവശ്യമായ ഇടങ്ങളിൽ കണക്റ്റ് ചെയ്യാവുന്നതാണ്‌. 300 മുതൽ 1000 രൂപ വരെയുള്ള റേഞ്ചിൽ മൈക്രോ ഫോണുകൾ ലഭ്യമാണ്‌. ഡി വി ആറിൽ ഓഡിയോ കാർഡ് ഉണ്ടായിരിക്കണം എന്ന് മാത്രം (ചില ഡി വി ആറുകളിൽ എല്ലാ ചാനലുകളും ഓഡിയോ സപ്പോർട്ടഡ് ആയിരിക്കണം എന്നില്ല)
ഇനി ഒരു സി സി ടി വി സിസ്റ്റം അസംബിൾ ചെയ്തു നോക്കാം
എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാകുമല്ലോ. ഒരു 4 ചാനൽ സിസ്റ്റം സ്വന്തമായി വാങ്ങി ഇൻസ്റ്റാൾ ചെയ്യാൻ വരുന്ന ഏകദേശ ചെലവ് ചുവടെ ചേർക്കുന്നു. (ഹൈക്ക് വിഷൻ എന്ന പ്രമുഖ മോഡൽ ആണ്‌ ഇവിടെ ഉദാഹരണമായി എടുക്കുന്നത്)
1. DVR (Hikvision DS-7204HQHI-F1)
2. Two Dom Camera (2 Mega Pixel) Hikvision Ds-2Ce56D0T-Irp Full Hd1080P
3. Two Bullet Camera (Hikvision DS-2CE16D0T-IRP 2MP )
4. Cable (CP Plus Copper 90 Mtr)
5. Connectors (BNC 8 Nos DC 4 nos)+Cable Clips
6. SMPS
7. Hard Disc - (1 TB)
8. Mouse.
9. Monitor (If required)

ഇതെല്ലാം പ്രത്യേകമായും കിറ്റ് ആയും ഓൺലൈനിൽ ലഭ്യമാണ്‌ . മേൽ സൂചിപ്പിച്ചവയെല്ലാം കൂടി ഒരു കിറ്റ് ആയി 12000 - 13000 രൂപയ്ക്ക് ലഭ്യമാണ്‌. (HD വേണ്ടെങ്കിൽ , 1 മെഗാപിക്സൽ ക്യാമറ മതി എങ്കിൽ വില ഇതിലും വളരെ കുറയും). ഹാർഡ്‌ ഡിസ്കിനായി 3500 രൂപ അധികമായി ചെലവുണ്ടാകും. മോണിറ്റർ ആയി നിങ്ങൾ നിലവിൽ ഒന്നുകിൽ നിലവിൽ ഉപയോഗിക്കുന്ന ടി വിയോ അല്ലെങ്കിൽ പ്രത്യേകം കമ്പ്യൂട്ടർ മോണിറ്ററോ ഉപയോഗിക്കാവുന്നതാണ്‌.
സുരക്ഷിതമായ ഒരിടത്ത് ആയിരിക്കണം ഡി വി ആർ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ആദ്യമായി ആവശ്യമായ ഇടങ്ങളിൽ ക്യാമറകൾ ഉറപ്പിക്കുക. ഡ്രിൽ മെഷീൻ, വാൾ പ്ലഗ്ഗുകൾ സ്ക്രൂ തുടങ്ങിയവയൊക്കെ ഇതിനായി ആവശ്യമായി വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഓരോ ക്യാമറകളിലേയും പവർ സപ്ലെ, വീഡിയോ കേബിളുകൾ കണക്റ്റ് ചെയ്ത് ഡി വി ആർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഇടം വരെ റൂട്ട് ചെയ്യുക. ഡി വി ആറിൽ ഹാർഡ് ഡിസ്ക് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകില്ല. ഡി വി ആറിന്റെ കവർ തുറന്ന് സ്കൂ ഉപയോഗിച്ച് ഹാർഡ് ഡിസ്ക് നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് അതിലെ സാറ്റാ കേബിളും പവർ കേബിളും കണക്റ്റ് ചെയ്യുക (ധാരാളം യൂടൂബ് വീഡീയോകൾ റഫറൻസിനായി ലഭ്യമാണ്‌ ). അതിനു ശേഷം വീഡിയോ കേബിളുകൾ നിർദ്ദിഷ്ട വീഡിയോ ഇൻപുട് കണക്റ്ററുകളിലേക്കും ഓരോ ക്യാമറയുടേയും പവർ സപ്ലെ എസ് എം പി എസ്സിലേക്കും കണക്റ്റ് ചെയ്യുക . ചില എസ് എം പി എസ്സുകളിൽ ഓരോ ചാനലുകൾക്കും പ്രത്യേകം പ്രത്യേകം കണക്റ്റ് ചെയ്യാനായി പോസിറ്റീവ് നെഗറ്റീവ് ടെർമിനലുകളുള്ള കണക്റ്ററുകൾ ഉണ്ടായിരിക്കും . മറ്റു ചിലതിലാകട്ടെ പോസിറ്റീവ് നെഗറ്റീവ് ആയി ഒരൊറ്റ ഡി സി ടെർമിനൽ മാത്രമേ ഉണ്ടാകൂ. ഈ അവസരത്തിൽ എല്ലാ ക്യാമറകളുടേയ്യും പോസിറ്റീവ് വയറുകൾ ഒന്നിച്ച് ബന്ധിപ്പിച്ച് പോസിറ്റീവിലേക്കും നെഗറ്റീവ് വയറുകൾ ബന്ധിപ്പിച്ച് നെഗറ്റീവിലേക്കും കണക്റ്റ് ചെയ്യുക.
മൗസ്, മോണിറ്റർ എന്നിവ കണക്റ്റ് ചെയ്ത് ഡി വി ആർ പവർ ഓൺ ചെയ്യുക. അപ്പോൾ സ്ക്രീനിൽ യൂസർ നേം പാസ് വേഡ് എന്റർ ചെയ്യാനുള്ള ഒപ്ഷൻ കാണാം. മിക്കവാറും ഡി വി ആറുകളിൽ യൂസർ നേം admin ആകും പാസ് വേഡ് ഒന്നുകിൽ admin അല്ലെങ്കിൽ ബ്ലാങ്ക് പാസ് വേഡ് ആയിരിക്കും . യൂസർ മാന്വലിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും . ഇതിൽ കാണുന്ന എല്ലാ മെനു ഒപ്ഷനുകളും സെൽഫ് എക്പ്ലനേറ്ററി ആണ്‌. വളരെ പ്രചാരമുള്ള ഡി വി ആറുകളുടെ എല്ലാം കോൺഫിഗറേഷൻ വീഡീയോകൾ യൂടൂബിൽ ലഭ്യമായതിനാൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ആ വിഷയത്തിൽ ഉണ്ടാകില്ല.
ആദ്യ ഭാഗത്തു തന്നെ സൂചിപ്പിച്ചതുപോലെ മൊബൈൽ ഫോണുകളിൽ ക്യാമറ ലൈവ് കാണാനുള്ള P2P വ്യൂവിംഗ് സംവിധാനം എല്ലാ പ്രമുഖ ഡി വി ആറുകളിലും ഉണ്ട്. അതിനായി നിങ്ങളുടെ ഇന്റർ നെറ്റ് റൗട്ടർ ലാൻ കെബിൾ വഴി ഡി വി ആറിന്റെ നെറ്റ് ‌‌വർക്ക് പോർട്ടിൽ കണക്റ്റ് ചെയ്യുക. ഹൈക്ക് വിഷന്റെ ഉൾപ്പെടെ ധാരാളം p2p Camera viewing മൊബൈൽ ആപ്പുകളിൽ ഡി വി ആറിന്റെ യുണീക് ഐഡിയും യൂസർ നേമും പാസ് വേഡും നൽകി എളുപ്പത്തിൽ എല്ലാ ക്യാമറകളും വീക്ഷിക്കാവുന്നതാണ്‌. ഇതിനായുള്ള ക്രമീകരണങ്ങൾ ഡി വി ആറിന്റെ Network Setup മെനുവിൽ ആണ്‌ ലഭിക്കുന്നത്. ഇതിൽ P2P എനേബിൾ ചെയ്യുക എന്നതാണ്‌ പ്രധാന ഭാഗം. ഇത്തരം പീർടു പീർ വെബ് വ്യൂവിന്റെ പ്രധാന സുരക്ഷാ പ്രശ്നം എന്താണെന്ന് വച്ചാൽ റാൻഡം ആയി ഡി വി ആർ / കാമറ കോഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താൽ ആർക്കും ക്യാമറ കാണാനാകും എന്നതു തന്നെ. അതിനാൽ ഒരു പ്രാഥമിക സുരക്ഷ എന്ന നിലയിൽ ഡി വി ആറിന്റെ ഡീഫോൾട്ട് യൂസർ നേമും പാസ് വേഡും മാറ്റേണ്ടത് അത്യാവശ്യമാണ്‌. ഇത്തരത്തിൽ വെബ് ബ്രൗസറുകൾ വഴിയും പ്രത്യേക സോഫ്റ്റ്‌‌വെയറുകൾ വഴിയും ഒക്കെ ക്യാമറകളൂടെ വിദൂര വീക്ഷണം സാദ്ധ്യമാണ്‌.

എല്ലായിടത്തും സി സി ടി വി സിസ്റ്റം സർവ്വസാധാരണമായപ്പോൾ കുറ്റവാളികളും അതിനനുസരിച്ച് അപ്ഡേറ്റഡ് ആയിട്ടുണ്ട്. അതിനാൽ മോഷണ വസ്തുക്കളോടൊപ്പം ഡി വി ആർ കൂടി അടിച്ചു മാറ്റിക്കൊണ്ടു പോകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്‌. അതിനാൽ ഡി വി ആറുകൾ അത്ര പെട്ടന്ന് കവർന്നെടുക്കാൻ പറ്റാത്ത വിധം സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്‌. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച്വ വീഡിയോ ക്ലൗഡ് സെർവ്വറുകളിൽ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ സുരക്ഷിതമായ ഒരു മാർഗ്ഗം ആണെങ്കിലും വലിയ ആവർത്തനെച്ചെലവുകളും ഇന്റർനെറ്റ് കണൿഷന്റെ ബാൻഡ് വിഡ്ത് പരിമിതികളും പ്രായോഗിക തലത്തിൽ ഇത് അപ്രാപ്യമാക്കുന്നു. ധാരാളം ക്ലൗഡ് സ്റ്റോറേജ് സർവീസുകൾ വിവിധ കമ്പനികളുടേതായി ലഭ്യമാണെങ്കിലും അതിന്റെ ചെലവ് താങ്ങാനാകുന്നതാകണമെന്നില്ല. നല്ല ഇന്റർനെറ്റ് കണൿഷൻ ഉണ്ടെങ്കിൽ ഡി വി ആർ മോഷൻ ഡിറ്റക്ഷൻ അലാം ഇമേജുകളും വീഡീയോ ക്ലിപ്പുകളുമെല്ലാം മറ്റൊരു സ്ഥലത്ത് കണക്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ തന്നെ ഒരു കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്ന രീതിയിൽ ഡി വി ആറിനെ കോൺഫിഗർ ചെയ്യാനാകും . ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒരു FTP സർവ്വർ ആക്കി മാറ്റുകയും അതിന്റെ വിവരങ്ങൾ ഡി വി ആറിലെ നെറ്റ് വർക്ക് സെറ്റിംഗ്സിലെ നിർദ്ദിഷ്ട ഫീൽഡുകളിൽ നൽകിയാൽ മതി. ഇവിടെ നിങ്ങളുടെ ഇന്റർനെറ്റ് കണൿഷന് സ്റ്റാറ്റിക് ഐപി അഡ്രസ് ഇല്ലാത്തതിനാൽ ഡൈനാമിക് ഐപി അഡ്രസ്സിനെ സ്റ്റാറ്റിക് ആക്കി മാറ്റുവാനുള്ള No Ip തുടങ്ങിയ ഏതെങ്കിലും സർവീസുകൾ ഉപയോഗിക്കുകയും ഇന്റർനെറ്റ് റൗട്ടറിൽ FTP പോർട്ട് (21) ഫോർവേഡ് ചെയ്യുകയും വേണ്ടി വരും . സാങ്കേതികമായി അല്പം സങ്കീർണ്ണമാണെന്ന് തോന്നുമെങ്കിലും ധാരാളം സപ്പോർട്ടീംഗ് വീഡിയോകളും മറ്റു വിവരങ്ങളും ഇന്റർനെറ്റിൽ ലഭ്യമായതിനാൽ നിരാശരാകേണ്ടതില്ല. നല്ല അപ്‌‌ലോഡ് ബാൻഡ് വിഡ്ത് ഉള്ള ഇന്റർനെറ്റ് കണ‌‌ക്‌‌ഷൻ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വ്യൂവിംഗിനു മാത്രമാണെങ്കിൽ സാധാരണ ബ്രോഡ് ബാൻഡ്‌ കണ‌‌ൿഷൻ തന്നെ ധാരാളം.
എത്ര തന്നെ ശ്രദ്ധിച്ചാലും മിടുക്കന്മാരായ - സാങ്കേതിക പരിജ്ഞാനമുള്ള കള്ളന്മാരെ പറ്റിക്കുവാൻ ഒരു പടി കൂടി കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡി വി ആറുകളും ക്യാമറകളും നശിപ്പിക്കുക, പവർ സപ്ലെ കട്ടാക്കുക, ഇന്റർനെറ്റ് കണൿഷൻ വിച്ഛേദിക്കുക തുടങ്ങി പല പണികളും കുറ്റവാളികൾ ചെയ്യുമെന്ന് മുൻകൂട്ടിക്കണ്ട് അതിനെ മറികടക്കുവാനായി അധികമായി ഡമ്മി ക്യാമറകൾ ഫിറ്റ് ചെയ്യുക, പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത ഇടങ്ങളിൽ ലോക്കൽ സ്റ്റോറേജോടു കൂടിയ പിൻ ഹോൾ സ്റ്റാൻഡ് അലോൺ ക്യാമറകൾ ഘടിപ്പിക്കുക, പവർ സപ്ലെ ബാക്കപ് ഉറപ്പു വരുത്തുക, തുടങ്ങിയവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

No comments:

Post a Comment