ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 സുജിത്കുമാര്‍  സുജിത് കുമാർ
 
കൊതുക് ഒരു ഭീകര ജീവിയാണ്- ഇത്തിരിക്കുഞ്ഞന്മാരായ കൊതുകുകളെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ തലകുത്തി നിന്ന് ശ്രമിച്ചിട്ടും ഡെങ്കു, ചിക്കൻ ഗുനിയ, മലേറിയ, സിക്ക , മന്ത് ... എന്നു വേണ്ട അനേകം അസുഖങ്ങളുടെ നിയന്ത്രണം ഇപ്പോഴും സാദ്ധ്യമായിട്ടില്ല. കൊതുകുകളെ കൊല്ലുന്നതിലും ഫലപ്രദം അവയുടെ പ്രജനനം തടയുന്നതാണെന്ന് ധാരാളം പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ എല്ലാം ആ വഴിക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.
നമ്മുടെ നാട്ടിൽ ഇക്കാലത്ത് കൂടുതലായി പടർന്നു പിടിക്കുന്ന ചിക്കൻ ഗുനിയ, ഡെങ്കു തുടങ്ങിയ പകർച്ചവ്യാധികൾക്കെല്ലാം കാരണമാകുന്ന കൊതുകുകൾ പ്രജനനം നടത്തുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലൂടെയാണ്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക , കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എണ്ണ ഒഴിക്കുക, വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങളെല്ലാം ഇവയുടെ പ്രജനനം തടയാൻ ഉപകാരപ്രദമാണെങ്കിലും നമ്മുടെ അലസതയും മടിയ്കും അശ്രദ്ധയുമെല്ലാം കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള ഇടങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു. ഇതിനൊരു പരിഹാരമായി വളരെ വിജയകരമായി പരീക്ഷിച്ചൊരു രീതിയുണ്ട്. നമ്മൾ സ്ഥിരമായി ഇടപെടുന്ന ഇടങ്ങളിൽ - എന്നും നമ്മുടെ ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ തുറന്ന പാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വച്ച് കൊതുകുകളെ ഇതിലേക്ക് ആകർഷിക്കുക. അതിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞ് ഈ വെള്ളം ഊറ്റിക്കളയുക. അതൊടെ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കപ്പെടും. ഇതല്ലെങ്കിൽ ഗപ്പി എന്ന മീനിനെ ഇത്തരം പാത്രങ്ങളിൽ വളർത്തിയാലും മതി. വെള്ളം നിറയ്ക്കലും ഊറ്റിക്കളയലും നേരത്തേ പറഞ്ഞ മനുഷ്യ സഹജമായ അലസത മൂലം പലപ്പോഴും നടക്കണം എന്നില്ല. അതിനാൽ അതിനെ ഒന്ന് ഓട്ടോമേറ്റ് ചെയ്താലോ (ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്- താൻ തന്റെ കമ്പനിയിലേക്ക് അലസരായവരെ ജോലിക്കെടുക്കാനാണ് താല്പര്യപ്പെടുന്നത് കാരണം അവർ തങ്ങളുടെ ജോലിഭാരം കുറയ്ക്കാനായി സൃഷ്ടിപരമായ എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കും )
രണ്ടു പാത്രങ്ങൾ ഉള്ള ഒരു സംവിധാനമാണിത്. മുകളിലേത് തുറന്ന പാത്രവും താഴെ അടഞ്ഞ ഒരു പാത്രവും. രണ്ടിന്റേയും ഇടയിലായി ഒരു ചെറിയ അരിപ്പയും. മുകളിലെ പാത്രത്തിൽ വെള്ളം നിറക്കുന്നു. തുറന്നു വച്ചിരിക്കുന്ന പാത്രത്തിൽ കൊതുകുകൾ മുട്ടയിടുന്നു. രണ്ടു ദിവസമാകുമ്പോൾ മുകളിലെ പാത്രത്തിന്റെ അടിവശത്തുള്ള ഒരു സോളിനോയ്ഡ് വാൽവ് തുറന്ന് വെള്ളം അരിപ്പയിലൂടെ താഴത്തെ ടാങ്കിലേക്ക് എത്തുന്നു. വെള്ളം മുഴുവനായും താഴത്തെ ടാങ്കിൽ എത്തിയാൽ ഒരു ചെറിയ പമ്പ് പ്രവർത്തിക്കുകയും താഴെയുള്ള വെള്ളം വീണ്ടും മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. സിസ്റ്റം ഇതോടെ കൊതുകുകൾക്ക് മുട്ടയിടാനായി രണ്ടു ദിവസം കാത്തിരിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം സോളിനോയ്ഡ് വാൽവ് പ്രവർത്തിക്കുന്നു .. മേൽപ്പറഞ്ഞ ചക്രം പൂർണ്ണമാകുന്നു. ഇവിടെ സമയം ക്രമീകരിക്കാനും സോളിനോയ്ഡ് വാൽവിനേയും പമ്പിനേയും പ്രവർത്തിപ്പിക്കാനും ചെറിയ ഒരു ടൈമിംഗ് ആൻഡ് കണ്ട്രൊൾ സർക്കീട്ട് ഉണ്ട്. 12 വോൾട്ട് ഡി സിയിൽ മുഴുവൻ സിസ്റ്റവും പ്രവർത്തിപ്പിക്കാം. ആവശ്യമെങ്കിൽ ഒരു ചെറിയ സോളാർ പാനലും ഉപയോഗിക്കാം.
ഇപ്പറഞ്ഞ സിസ്റ്റം വിപണിയിൽ ലഭ്യമായ സാധനങ്ങൾ കൊണ്ട് തന്നെ നിർമ്മിച്ചെടുക്കാനാകും.ഒരു ലളിതമായ സര്‍ക്യൂട്ട് ഇതാ കൊടുക്കുന്നു.



ടൈമിംഗ് ആൻഡ് കണ്ട്രോൾ സർക്കീട്ട് ആയി ഒരു മൈക്രോ കണ്ട്രോളറോ അല്ലെങ്കിൽ അർഡ്യുനോ/ റാസ്പ്‌ബെറി പൈ അങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ഒരു ആശയം കുറേ കാലങ്ങൾക്ക് മുൻപ് മനസ്സിൽ വന്നതാണ്. ഏതെങ്കിലും ശാസ്ത്രമേളകൾക്ക് പ്രൊജക്റ്റ് ആയി ചെയ്യാൻ നിർദ്ദേശിക്കാം എന്നും കരുതിയതാണ്. പക്ഷേ നമ്മൾ മരത്തിൽ കാണുമ്പൊൾ അത് മാനത്ത് കണ്ട എത്രയോ പേർ ഈ ലോകത്തിന്റെ പല കൊണുകളിലുമായി ഇരിക്കുന്നുണ്ട്. ഇതേ തത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം വിപണിയിൽ നിലവിലുണ്ടെന്ന് അറിഞ്ഞത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ആശയത്തിന്റെ മുകളിലേക്ക് ഒരു കുടം വെള്ളമൊഴിച്ചതുപോലെ ആയിപ്പോയി
അതിന്‍റെ ലിങ്ക് ഇതാ.

https://green-strike.com/products/automatic-mosquito-preventer/

Comments