Saturday, August 8, 2015

മെഗാ പിക്സെലുകള്‍കൊണ്ട് നമുക്കെന്തു ഗുണം

  മെഗാ പിക്സെലുകള്‍കൊണ്ട്   
  നമുക്കെന്തു   ഗുണം elctronics keralam,kerala electronics.mobile phone in kerala
 
കുറഞ്ഞ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ കൂടുതല്‍ പിക്സലുള്ള മൊബൈല്‍ ക്യാമറകളെക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍ തരുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ..? കൂടുതല്‍ മെഗാപിക്സലുള്ള മൊബൈല്‍ ക്യാമറകള്‍ നല്ല ചിത്രങ്ങള്‍ തരുമെന്നുള്ളത് വെറും വിശ്വാസം മാത്രമാണോ? പലപ്പോഴും അത് നേരാവണമെന്നില്ലെങ്കില്‍ കാരണമെന്താവാം...?

വിപണിയിലുള്ള പല വമ്പന്‍ ഫോണുകളിലും ഇപ്പോള്‍ 14, 16, 18 മെഗാ പിക്സലുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്‍ജിയുടെ ഒപ്റ്റിമസ് ജി മൊബൈല്‍ ക്യാമറയ്ക്ക് 13 മെഗാ പിക്സലും എച്ച്ടിസി ടൈറ്റന്‍ സെക്കന്‍റിന് 16 മെഗാപിക്സലും നോക്കിയ 808 ന് 41 മെഗാ പിക്സലും ക്യാമറകളാണുള്ളത്.

പ്രൊഫഷണല്‍ ക്യമറകളെപ്പോലും വെല്ലുന്ന രീതിയില്‍ ഇത്രയും കൂടുതല്‍ പിക്സലുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ എന്താണ് മെഗാ പിക്സലെന്നും, പിക്സലുകള്‍ കൂടുന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക പ്രയോജനം ഫോട്ടോകള്‍ക്കുണ്ടാകുന്നുണ്ടോയെന്നും അറിഞ്ഞിരിക്കണം.

ഒരു നല്ല മൊബൈല്‍ ഫോണും നല്ല ചിത്രങ്ങള്‍ കിട്ടാവുന്ന ക്യാമറയും വേണമെന്ന് നിങ്ങള്‍ കടക്കാരനോട് പറയുമ്പോള്‍ കടക്കാരന്‍ തിരിച്ച് മെഗാ പിക്സലുകളുടെ നമ്പറുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്നതെങ്കില്‍ കരുതിയിരിക്കുക. വലിയ പിക്സലുള്ള ക്യാമറയാണ് ഉപയോഗിക്കുന്നത് എന്ന് പറയാമെന്നല്ലാതെ ചിത്രത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കണമെന്നില്ല.

വിപണി പിടിച്ചടക്കിയ സാംസങ് എസ് 3, എച്ച്ടിസിയുടെ ഡോറിഡ് DNA ബ്ലാക്ബറിയുടെ Z10 ഐഫോണ്‍ 5 എല്ലാം 8 മെഗാ പിക്സലുകളാണ്. നോക്കിയയുടെ ലൂമിയ 920 വാഗാദാനം ചെയ്യുന്നത് 8.7 മെഗാ പിക്സലാണ്. എന്തുകൊണ്ടാവാം ഇവയൊന്നും ഒന്‍പതിന് മുകളില്‍ പിക്സലുകളുള്ള ക്യാമറ ഇറക്കാത്തത് ?

മികച്ച പിക്സലുകള്‍ മികച്ച ക്വാളിറ്റി ചിത്രങ്ങള്‍ തരുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ തെറ്റി. ക്യാമറയുടെ പിക്സലുകള്‍ മാത്രമല്ല ഫോട്ടോയുടെ ക്വാളിറ്റി നിശ്ചയിക്കുന്നത്. മികച്ച പിക്സലുകള്‍ ചിത്രത്തിന്‍റെ ക്വാളിറ്റിയെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. മറ്റ് പല ഘടകങ്ങളും ചിത്രത്തിന്‍റെ ക്വാളിറ്റിയെ സ്വാധീനിക്കുന്നുണ്ട്.

പിക്സലുകളെ പോലെതന്നെ സെന്‍സര്‍ ക്വാളിറ്റിയും ലെന്‍സിന്‍റെ ക്വാളിറ്റിയിലും ഇമേജ് പ്രൊസസിംങ് ഹാര്‍ഡ് വേയറുകളുമെല്ലാം ചിത്രങ്ങളുടെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ പിക്സലുകള്‍ മാത്രം കൂടുകയും മറ്റ് ഘടകങ്ങള്‍ കുറഞ്ഞിരിക്കുകയും ചെയ്താല്‍ മോശം ചിത്രങ്ങളായിരിക്കും ഫലം.

സെന്‍സര്‍:;-

ക്യാമറയുടെ ക്വാളിറ്റിയെപറ്റിയുള്ള ചര്‍ച്ചകളിലെല്ലാം സെന്‍സറും ലെന്‍സുമാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആദ്യം പരിഗണിക്കുക. വെളിച്ചത്തിന്‍റെ നേരിയ രേഖപോലും വ്യക്തമായി പതിപ്പിക്കാന്‍ കഴിയുന്നത് നല്ല സെന്‍സറുകള്‍ക്ക് മാത്രമാണ്. എന്താണോ ഫിലിം ക്യാമറകളില്‍ ഫിലിമുകളുടെ ധര്‍മ്മം അതുതന്നെയാണ് ഡിജിറ്റല്‍ ക്യാമറകളില്‍ സെന്‍സറുകള്‍ ചെയ്യുന്നത്. മൊബൈല്‍ ക്യമറകളുടെ കാര്യവും വ്യത്യസ്തമല്ല.

ക്യാമറ ലെന്‍സിലൂടെ വരുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന ജോലിയാണ് സെന്‍‌സറുകള്‍ ചെയ്യുന്നത്. സെന്‍സറുകളുടെ വലുപ്പവും ഇവിടെ പ്രധാനപ്പെട്ടതാണ്. എത്ര വലുപ്പമുള്ള സെന്‍സറുകളാണോ മൊബൈല്‍ ക്യാമറയ്ക്ക് ഉള്ളത്, ചിത്രവും അതിനനുസരിച്ച് മിഴിവ് കൂടും. വലിയ സെന്‍സറുകള്‍ക്ക് ഇമേജിന്‍റെ കൂടുതല്‍ ഏരിയ കവര്‍ ചെയ്യാന്‍ കഴിയും. വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും വലിയ സെന്‍സറുകള്‍ക്കാവും.

സെന്‍സറിന്‍റെ വലുപ്പം കൂടിയെങ്കില്‍ മാത്രമേ കൂടുതല്‍ വെളിച്ചത്തെ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ വെളിച്ചം സെന്‍സറിലെ ഫോട്ടോ സെന്‍സിറ്റീവില്‍ പതിച്ചെങ്കില്‍ മാത്രമേ ചിത്രങ്ങള്‍ മികച്ചതാവുകയുള്ളൂ.

കുറച്ച് മാത്രം വെളിച്ചമാണ് അവിടെ എത്തിചേരുന്നതെങ്കില്‍ ഫോട്ടോയില്‍ നോയിസ് കൂടാനുള്ള സാധ്യതയേറും. ചില സ്ലിം സ്മാര്‍ട് ഫോണുകള്‍ അവരുടെ സെന്‍സര്‍ വലുപ്പം കൂട്ടാതെ പിക്സലുകള്‍ മാത്രം കൂട്ടാറുണ്ട്. ഇങ്ങനെ കൂട്ടുന്നതുകൊണ്ട് ചിത്രങ്ങള്‍ മോശമാവുക എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകണമെന്നില്ല.

ഇമേജ് പ്രൊസസ്സിങ്;-

ലെന്‍സ് ക്വാളിറ്റിയും സെന്‍സര്‍ ക്വാളിറ്റിയും വലുപ്പവും ചിത്രത്തെ സ്വാധീനിക്കുന്നത് പോലെ ഇമേജ് പ്രൊസസ്സിങും ചിത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. പുത്തന്‍ സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം തന്നെ ചിപ്പുകളില്‍ ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് പ്രൊസ്സസ്സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രത്യേക ഹാര്‍ഡ് വെയറുകളാണ്.

പ്രത്യേകമായുള്ള ഇത്തരം ഗ്രാഫിക്സ് പ്രൊസസ്സറുകള്‍ മൊബൈലിന്‍റെ പ്രധാന ആപ്ലിക്കേഷന്‍ പ്രൊസസ്സറിന് ജോലിഭാരം കൂട്ടുന്നില്ല. അതുകൊണ്ട് തന്നെ ഇമേജുകള്‍ വേഗത്തില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുന്നു.

ലെന്‍സ്;-

മികച്ച ലെന്‍സുകളുള്ള മൊബൈല്‍ ക്യാമറകള്‍ മികച്ച ചിത്രങ്ങളാണ് തരിക. ഗുണമില്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിക്കുന്ന ഇമേജുകള്‍ക്ക് ഷാര്‍പ്പ് ആകണമെന്നില്ല. ക്യാമറയുടെ ലെന്‍സിന്‍റെ ക്വാളിറ്റി ചിത്രത്തിന്‍റെ ക്വാളിറ്റിയില്‍ വലിയ തോതിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. ആപ്പിള്‍ ഐഫോണ്‍ 5 F2.4 അപ്രേച്ചര്‍ ലൈന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇപ്പോള്‍ നിങ്ങളാലോചിക്കുന്നത് എന്താണീ f 2.4 എന്ന നമ്പര്‍ എന്നായിരിക്കും. ഇത് ക്യാമറയുടെ ലൈന്‍സിന്‍റെ വെളിച്ചം കടത്തിവിടാനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്. അതായത് F2.4 ലെന്‍സ് ഉള്ള ക്യാമറകളില്‍ വെളിച്ചം കടത്തിവിടാനുള്ള കഴിവ് F3.6 ലെന്‍സ് ഉള്ള ക്യമറകളെക്കാള്‍ കൂടുതലായിരിക്കും. ചുരുക്കി പറഞ്ഞാല്‍ ഒരു ഐ ഫോണ്‍ 5 ഉണ്ടെങ്കില്‍ ചെറിയ വെളിച്ചത്തിലും ധൈര്യമായി ചിത്രങ്ങളെടുക്കാം.

ഇവിടെ ഐഫോണ്‍ 5 ന്‍റെ മുഖ്യഎതിരാളിയായ സാംസങ് എസ് 3 യുടെ അപ്രേച്ചര്‍ ലെന്‍സ് എത്രയാണെന്ന് നോക്കാം. F2.6 അപ്രേച്ചര്‍ ലൈന്‍സാണ് സാംസങ് എസ് 3യില്‍ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഐഫോണ്‍ 5 മായി താരതമ്യപ്പെടുത്തുമ്പോള്‍ വെളിച്ചത്തെ ലെന്‍സിലൂടെ കടത്തിവിടാനുള്ള കഴിവ് സാംസങ് എസ് 3യ്ക്ക് അല്‍പം കുറവാണ് എന്ന് പറയാം. നോക്കിയയുടെ സ്മാര്‍ട് ഫോണായ ലൂമിയ 900 ന് ഇത് f 2.2 ആണ്.

എന്നുവച്ചാല്‍ സാംസങ് എസ് 3, ആപ്പിള്‍ ഐഫോണ്‍ എന്നിവയെക്കാള്‍ കൂടുതല്‍‌ വെളിച്ചത്തെ കടത്തിവിടാനുള്ള സൌകര്യം ഈ ഫോണിനുണ്ട്. എന്നാല്‍ എച്ച്ടിസിയുടെ സ്മാര്‍ട് ഫോണായ വണ്‍ X ഇപ്പറഞ്ഞ മൂന്ന് ഫോണുകളെക്കാളും മികച്ച ലെന്‍സ് ഓപ്പണിംങ് ആണ് തരുന്നത്. അതായത് f 2.0.

എച്ച്ടിസിയുടെ വണ്‍ X ന്‍റെ ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒറ്റനോട്ടത്തില്‍ പറയത്തക്ക വ്യത്യാസം ഈ ഫോണുകളുടെ ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് തോന്നില്ല എന്നതാണ് സത്യം. എച്ച്ടിസിയുടെ വണ്‍ X ചിത്രങ്ങളാകട്ടെ മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഷാര്‍പ്പാണ്. പക്ഷേ വിവിധ ലൈറ്റുകളില്‍ ചിത്രങ്ങള്‍ക്ക് യഥാര്‍ത്ഥ നിറം നല്‍കാന്‍ കഴിയുന്നത് ഐ ഫോണുകള്‍ക്കാണ്. സാംസങിന്‍റെ എസ് 3 യും ഒട്ടും പിന്നിലല്ല.

ഒരു നല്ല ക്യാമറയുള്ള മൊബൈല്‍ വാങ്ങുന്നതിന് പല ഘടകങ്ങളും പരിഗണിക്കണം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. വെറും മെഗാ പിക്സലുകള്‍ മാത്രം നോക്കി ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് മുകളില്‍ പറഞ്ഞ ഘടകങ്ങള്‍, വാങ്ങാന്‍ ഉദ്ദേശിക്കുന്ന മൊബൈലില്‍ എത്രത്തോളമുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ കീശ കാലിയാകുമെന്നല്ലാതെ മറ്റൊരു മെച്ചവും ലഭിക്കില്ലെന്നതാണ് വാസ്തവം.....

ഇത്  2013 ലെ പഴയ ലേഖനമാണ് ഫോണുകളുടെ മോഡല്‍ നമ്പരുകള്‍ മാറിയിട്ടുണ്ട്.എന്നാലും കാര്യങ്ങള്‍ പഴയത് തന്നെ
 Sameer Karuvadan's

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. e paranja iphone samsung gallaxy use cheithirikunna camera sensor sony anu, ipol irangiya iphone 6 samsung s6 camera sensor sony imx serios sencer anu. ennal iphoninekalum gallaxy kkalum htc kkalum cristal clear image tharunnathu sony anu. exmore rs technology bionz noise removing technology ithellam verum example anu. pazhaya lekhanamanelum annum sony z undarunnallo, f 2.0 with exmore rs bionz inbuilt.

    ReplyDelete