Friday, December 9, 2011

ഹാം ഫെസ്റ്റ് 2011 കൊച്ചി

 ഹാം ഫെസ്റ്റ് 2011 കൊച്ചി
ഡിസംബര്‍ 10,11 തീയതികളില്‍

രണ്ടു പതിറ്റാണ്ട് മുമ്പ് റേഡിയോ കേട്ടു കൊണ്ടി രിക്കെ രണ്ടുപേര്‍ തമിഴിലും മലയാളത്തിലുമായി സംസാരിക്കുന്നത് കേട്ടപ്പോള്‍ ബാലുശേരി ശ്രീധര്‍ നഴ്സിങ് ഹോമിലെ ഫാര്‍മസിസ്റ്റായ കരുണന്‍ വൈകുണ്ഠം അമ്പരന്നു. റേഡിയോ ഫ്രീക്വന്‍സിയിലൂടെ ഇങ്ങനെ സംസാരിക്കാന്‍ കഴിയുമോയെന്ന സംശയം ദൂരീകരിക്കാന്‍ പല വ്യക്തികളേയും കണ്ട് നേരിട്ട് ചോദിച്ചു. പക്ഷേ ആര്‍ക്കും അന്നു വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കരുണന്‍ നിരാശനായില്ല.

കിനാലൂരിലുള്ള വൈദ്യുതി ബോര്‍ഡ് എന്‍ജിനിയറായ അജിത്ത് വഴി കോഴിക്കോട്ടെ ഹാമായ ബാല്‍സനെ കണ്ട് ഹാം റേഡിയോയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ ലൈസന്‍സ് കിട്ടാന്‍ പരീക്ഷ എഴുതി. ലൈസന്‍സ് കിട്ടിയാലേ ഹാം റേഡിയോ (HAM RADIO) പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ.

ഇന്നും നാളെയുമായി എറണാകുളത്ത് ഹാം ഫെസ്റ്റ് അരങ്ങേറുകയാണ്. എന്താണ് ഹാം റേഡിയോ? ആസ്വാദക ശൃംഖലയില്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനുമൊ ക്കെ ഉള്‍പ്പെടുന്ന ഈ സംവിധാനത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ?...ഹാം കൂട്ടായ്മകളില്‍ സജീവമായ, ലോകത്തെ മറ്റു ഹാമുകളുമായി നിരന്തരം ബന്ധപ്പെടുന്ന കരുണന്‍ വൈകുണ്ഠം വിശദീകരിക്കും....

ആധുനിക മാധ്യമ വിനോദ കൂട്ടായ്മകളെ വെല്ലുന്ന തരത്തിലാണ് ഹാമുകളുടെ രീതികള്‍. ഹാം ആകുന്നതിന്‍റെ പ്രാഥമികപാഠം ഹാമുകളുടെ സംഭാഷണം ശ്രവിക്കലാണ്. ഇതിനു സാധാരണ റേഡിയോയിലെ ഷോട്ട് വേവ് 7 മെഗാ ഹെട്സ് മുതല്‍ 7.2 വരെ കേട്ടാല്‍ മതി. ഹാമുകള്‍ക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചതാണ് ഈ ഫ്രീക്വന്‍സി. ഉയര്‍ന്ന ഫ്രീക്വന്‍സികള്‍ ഒട്ടേറെയുണ്ട്. വിഎച്ച്എഫ്, യുഎച്ച്എഫ്, എച്ച്എഫ് തുടങ്ങിയവയാണിവ. ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള സെറ്റ് ഉപയോഗിച്ചാണ് പുറം രാജ്യത്തുള്ള ഹാമുകളുമായി നാട്ടിലെ ഹാമുകള്‍ ബന്ധം പുലര്‍ത്തുന്നത്.

ഫ്രീക്വന്‍സി വ്യത്യാസമുള്ള എഫ്എം തരംഗങ്ങളാണ് പൊലീസും ഹാമുകളും ഉപയോഗിക്കുന്നത്. വിനോദവും വിജ്ഞാനപ്രദവുമായ ഹാം റേഡിയോ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്റ്റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സോടെ വീട്ടില്‍ത്തന്നെ സ്ഥാപിക്കാം. പന്ത്രണ്ടു വയസുകഴിഞ്ഞ ഒരാള്‍ക്ക് ടെലി കമ്യൂണിക്കേഷ ന്‍ വിഭാഗം നടത്തുന്ന പരീക്ഷ ജയിച്ചാല്‍ ഹാം ആകാം. റേഡിയോ, ലോ ആന്‍ഡ് തിയറി ഇതാണ് സിലബസ്. നിസ്വാര്‍ഥ സേവനം ചെയ്യുന്ന ലോക ഹാമുകളുടെ ഇടയില്‍ ജപ്പാനാണ് ഒന്നാംസ്ഥാനം. ഇന്ത്യയില്‍ തമിഴ്നാടും.

അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായ മൂന്നു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഹാം റേഡിയോയ്ക്ക് തുടക്കമിട്ടത്. ഹാല്‍ബര്‍ട്ട് ഹിമാന്‍, ബോബ് ആല്‍മി, പെഗ്ഗിമുറെ എന്നിവരായിരുന്നു ആ സുഹൃത്തുക്കള്‍. ഇവരുടെ പേരിന്‍റെ ഹാല്‍ബര്‍ട്ട്, ആല്‍മി, മുറെ എന്നിവയിലെ എച്ച്എഎം കോര്‍ത്തിണക്കിയാണ് ഹാം എന്ന പേരില്‍ ഈ സംവിധാനം അറിഞ്ഞു തുടങ്ങിയത്. 


ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍വരെ വിലയുള്ള ഹാം റേഡിയോ സെറ്റുകളുണ്ട്. ഹാമുകള്‍ കോള്‍ സൈനിലാണ് അറിയുക. ഇന്ത്യയില്‍ വി യു എന്നു തുടങ്ങിയ ശേഷം രണ്ടോ മൂന്നോ അക്ഷരത്തിലായിരിക്കും ആളുകള്‍ അറിയപ്പെടുക. റഷ്യ-ആര്‍ഐഎ, യുഎസ്എ- കെസി4 യുഎസ്വി, ജപ്പാന്‍-8ജെഐ, യുഎഇ -എ6 എന്നിങ്ങനെയാണ് കോള്‍ സൈനുകള്‍. വി യു 2 ആര്‍ ജി എന്ന സൈന്‍ കോഡില്‍ രാജീവ് ഗാന്ധി ഹാം റേഡിയോ ഉപയോഗിച്ചിരുന്നു. സോണിയ ഗാന്ധിയുടെ സൈന്‍ കോഡ് വി യു 2 എസ്ഒഎന്‍.

വിനോദത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഹാമുകള്‍. ലോകത്തിനു മുന്നില്‍ എന്തു സഹായവും എത്തിക്കാന്‍ തയാറായ സന്നദ്ധ പ്രവര്‍ത്തകര്‍ കൂടിയാണ്. സുനാമിയും ഭൂകമ്പവും തകര്‍ത്ത ജപ്പാന്‍റെ മണ്ണിലും പ്രകൃതി താണ്ഡവമാടിയ മറ്റു പലയിടങ്ങളിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ തല ഉയര്‍ത്തിനിന്നത് ഹാമുകളാണ്.

ആദ്യകാലങ്ങളില്‍ ഇന്ത്യയിലേക്കു മറ്റു രാജ്യങ്ങളില്‍നിന്നും പല മരുന്നുകള്‍പോലും എത്തിച്ചത് ഹാമുകളുടെ സേവനം ഉപയോഗിച്ചാണ്. ഹാമുകളുടെ ഭാഷ ഇം ഗ്ലിഷാണ്. ഇതില്‍ മിക്കതും ക്യു കോഡിലാണ്. മോഴ്സ് കോഡ് വഴിയും എത്ര ദൂരെയുള്ള ഹാമുമായി ബന്ധപ്പെടാം.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഫോണിനോ മറ്റ് വാര്‍ത്താവിനിമയ സംവിധായനങ്ങള്‍ക്കോ സിഗ്ന ല്‍ ലഭ്യമല്ലാതിരുന്ന ഇടുക്കിയിലെ ഇടമലക്കുടിയില്‍ ഹാമുകളുടെ സേവനം ഉപയോഗിച്ചിരുന്നു. കാര്‍ റാലിയുടെ കമ്യൂണിക്കേഷന്‍ നിയന്ത്രിക്കുന്നത് സാധാരണയായി ഹാമുകളാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരേയൊരു ഹോബിയാണ് ഹാം. മെഡിക്കല്‍ കോളെജിലെ നിരവധി ഡോക്റ്റര്‍മാര്‍ ഈ രംഗത്തുണ്ട്. ഹാം ഡോക്റ്റര്‍മാരുടെ സേവനം നിരവധി രോഗികള്‍ക്ക് തുണയായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ശനമായ നിരീക്ഷണത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. മതം, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയവയ്ക്കൊന്നും സ്ഥാനമില്ല. ഹാമുകളുടെ സംഭാഷണം നിരീക്ഷിക്കുന്നതിനായി മുപ്പതോളം മോണിറ്റര്‍ സ്റ്റേഷനുകള്‍ നിലവിലുണ്ട്. എറണാകുളത്ത് കലൂരിലെ ഗോകുലം പാര്‍ക്കിലാണ് ഇത്തവണത്തെ ഹാം ഫെസ്റ്റ്. ഹാമുകളുടെ ഇന്‍റര്‍നെറ്റ് കൂട്ടായ്മയാണ് എക്വാലിങ്ക്.
 പ്രകാശന്‍ പിലാത്തോട്ടത്തില്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്  ഹാം റേഡിയോ വെബ് സൈറ്റ് സന്ദര്‍ശിക്കുക


മെട്രോ വാര്‍ത്തയില്‍ നിന്നും

1 comment: