മാഗ്നെറ്റിക് ഫ്ലൂയിഡ് സ്പീക്കര്‍
സുജിത് കുമാര്‍
മാഗ്നെറ്റിക് ഫ്ലൂയിഡ് ലൗഡ് സ്പീക്കറുകൾ
സോണിയുടെ പുതിയ 4K എൽ ഇ ഡി ടിവികളുടെ പരസ്യത്തിൽ മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകൾ ഒരു പ്രത്യേകതയായി എടുത്തു പറഞ്ഞിരിക്കുന്നത് കാണാം. എന്താണ് ഈ മാഗ്നറ്റിക് ഫ്ലൂയിഡ് സ്പീക്കറുകളുടെ പ്രത്യേകത?
ആദ്യ കാലങ്ങളിൽ നാസയെ കുഴക്കിയിരുന്ന ഒരു പ്രശ്നമായിരുന്നു സ്പേസ് ക്രാഫ്റ്റുകളുടെ എഞ്ചിനുകളിലേക്ക് ഗ്രാവിറ്റിയുടെ സഹായമില്ലാതെ ഇന്ധനം എത്തിക്കുന്നത്. ഇതിനായി അവർ ഒരു മാർഗ്ഗം കണ്ടെത്തി. ദ്രവ ഇന്ധനത്തിൽ അയേൺ ഓക്സൈഡ് ചേർത്ത് അതിനെ കാന്തിക വസ്തു ആക്കി മാറ്റി കാന്തശക്തികൊണ്ട് എഞ്ചിനിലേക്ക് ആകർഷിപ്പിക്കുക എന്ന വിദ്യ അങ്ങനെയാണ് ആവിഷ്കരിയ്ക്കപ്പെട്ടത്. പിന്നീട് ഖര ഇന്ധന സാങ്കേതിക വിദ്യകൾ വികസിച്ചതോടെ ഇതീന്റെ ആവശ്യമില്ലാതെ വന്നുവെങ്കിലും സ്പേസ് ക്രാഫ്റ്റുകളുടെ ഉപരിതലത്തിലെ വിവിധ സമയങ്ങളിലുണ്ടാകുന്ന താപ വ്യതിയാനങ്ങളെ നിയന്ത്രിക്കാനായി മാഗ്നറ്റിക് ഫ്ലൂയിഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി. ഇത്തരത്തിൽ ആദ്യകാലങ്ങളിൽ ബഹിരാകാശ വാഹനങ്ങളിൽ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ദ്രവ കാന്ത സാങ്കേതികവിദ്യകൾ മറ്റ് മേഖലകളിലും ഉപയോഗപ്പെടുത്തിത്തുടങ്ങി. 2012 ൽ ആണ് സോണി കോർപ്പറേഷൻ ലൗഡ് സ്പീക്കറുകളിൽ ഇത് ഉപയോഗപ്പെടുത്താമെന്ന് കണ്ടെത്തിയത്.
സാധാരണ ലൗഡ് സ്പീക്കറുകളുടെ അടിസ്ഥാന ഭാഗങ്ങളാണല്ലോ ഒരു സ്ഥിര കാന്തം,
അതിനു നടുവിലായി വച്ചിരിക്കുന്ന വോയ്സ് കോയിൽ എന്നറിയപ്പെടുന്ന ചലിക്കാൻ
കഴിയുന്ന കമ്പിച്ചുരുൾ, ഈ കമ്പിച്ചുരുളുമായി ഘടിപ്പിച്ചിരിക്കുന്ന ഡയഫ്രം,
കമ്പിച്ചുരുളിനെ ഫ്രേമുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്പൈഡർ ( ഡാമ്പർ)
എന്നു വിളിക്കുന്ന ഒരു ഭാഗം എന്നിവ. സോണിയുടെ മാഗ്നറ്റിക് ഫ്ലൂയിഡ്
സ്പീക്കറുകളും സാധാരണ സ്പീക്കറുകളും തമ്മിൽ അടിസ്ഥാനപരമായി ഒരേ ഒരു
വ്യത്യാസമേ ഉള്ളൂ. സാധാരണ സ്പീക്കറുകളിൽ വോയ്സ് കോയിലിനെ യഥാ സ്ഥാനത്ത്
ഉറപ്പിച്ച് നിർത്തുന്ന ഇലാസ്തികമായ ഡാമ്പർ (സ്പൈഡർ) ഇതിൽ ദ്രവ കാന്തം
ആണ്. എന്തായിരിക്കാം ഇതുകൊണ്ടുള്ള ഗുണം? ലൗഡ് സ്പീക്കറിൽ ശബ്ദം പുറത്തു
വരുന്നത് വോയ്സ് കോയിലിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ അതിനോട്
ബന്ധിച്ചിരിക്കുന്ന ഡയഫ്രം കമ്പനം ചെയ്യുകയും ശബ്ദമായി അത്
ശ്രവിക്കാനാവുകയും ചെയ്യുന്നു. ഇവിടെ വോയ്സ് കോയിലിനെ ഉറപ്പിച്ച്
നിർത്തിയിരിക്കുന്ന ഡാമ്പറും ഈ അവസരത്തിൽ കമ്പനം ചെയ്യുകയും അപശബ്ദം
പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചെറിയ ആവൃത്തിയുള്ള ശബ്ദങ്ങളിൽ ഇത്
പ്രകടമായി കേൾക്കാനും കഴിയുന്നു. അതായത് നമുക്ക് ആവശ്യം ഡയഫ്രത്തിൽ
നിന്നുള്ള ശബ്ദം മാത്രമാണ് ഡാമ്പറിൽ നിന്നുള്ളതല്ല. മാഗ്നറ്റിക്
ഫ്ലൂയിഡ് സ്പീക്കറുകളിൽ ഡാമ്പർ പൂർണ്ണമായും ഒഴിവാക്കി പകരം ആ സ്ഥാനത്ത്
പ്രത്യേക മാഗ്നറ്റിക് ഫ്ലൂയിഡ് ഉപയോഗിച്ചിരിക്കുന്നു. അതിനാൽ ഡാമ്പറിന്റെ
കമ്പനങ്ങൾ മൂലമുണ്ടാകുന്ന അപശബ്ദങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നു.
ഗുണങ്ങൾ : ഉയർന്ന നിലവാരമുള്ള ശബ്ദം, ലൗഡ് സ്പീക്കറിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ സാധാരണ സ്പീക്കറുകളെ അപേക്ഷിച്ച് 35% കുറവ് (സോണിയുടെ കണക്ക്).
ഗുണങ്ങൾ : ഉയർന്ന നിലവാരമുള്ള ശബ്ദം, ലൗഡ് സ്പീക്കറിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിൽ സാധാരണ സ്പീക്കറുകളെ അപേക്ഷിച്ച് 35% കുറവ് (സോണിയുടെ കണക്ക്).