Saturday, June 14, 2014

ബാറ്ററി വിശേഷങ്ങള്‍ പിന്നെയും

        ബാറ്ററി വിശേഷങ്ങള്‍ പിന്നെയും 

പല എമർജൻസി ലൈറ്റുകളിലും താരതമ്യേന വലിപ്പം കുറഞ്ഞ ലെഡ് ആസിഡ് ബാറ്ററികളാണു് ഉണ്ടാവുക. (ഉദാ: Sunca RB640CS 6V 4.5 Ah).

വളരെ പ്രധാനം: ഇവിടെ എഴുതുന്നതു് ലെഡ്-ആസിഡ് ബാറ്ററികൾക്കു മാത്രം സാമാന്യം ബാധകമായ കാര്യങ്ങളാണു്. മറ്റു ബാറ്ററികൾക്കു് ഇവയിൽ ചില ഘടകങ്ങളെങ്കിലും  വ്യത്യാസം ഉണ്ടാവും.

ഇത്തരം (ലെഡ് ആസിഡ്) ബാറ്ററികൾ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുവാൻ നല്ലതു്:

ചുരുക്കത്തിൽ
എത്രകണ്ടു് ഡിസ്ചാർജ്ജ് ആയെന്നു ഗൗനിക്കാതെ, അവസരം കിട്ടുമ്പോഴൊക്കെ ചാർജ്ജ് ചെയ്യാൻ വെക്കുക. ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും കഴിയുന്നത്ര കുറച്ചു ലോഡും, കുറച്ചു സമയവും മാത്രം ഉപയോഗിക്കുക. ബാറ്ററി കുറേ നാൾ ഉപയോഗിക്കാതെ വെക്കുന്നുവെങ്കിൽ അതിനുമുമ്പ് ഫുൾചാർജ്ജ് ചെയ്തു മാത്രം സൂക്ഷിക്കുക.

വിശദമായി

1. ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും എത്ര കുറച്ചു ഡിസ്ചാർജ്ജ് ചെയ്യാമോ അത്രയും കുറച്ചുമാത്രം ഡിസ്ചാർജ്ജ് ചെയ്യുക. (അതായതു് കഴിയുന്നത്ര കുറച്ചുമാത്രം ഉപയോഗിച്ച്, ഏറ്റവും അടുത്തുകിട്ടുന്ന അവസരത്തിൽ തന്നെ ചാർജ്ജ് പുനഃസ്ഥാപിക്കുക.)

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലെഡ് ആസിഡ് ബാറ്ററിയ്ക്കു് ഏറ്റവും ഇഷ്ടം സദാ സമയവും ഫുൾ ചാർജ്ജായി ഇരിക്കാനാണു്. മാസങ്ങളോളം വെറുതെ ഇരിക്കുകയാണെങ്കിൽ പോലും ഫു ൾചാർജ്ജ് ചെയ്തതിനുശേഷം മാത്രം അങ്ങനെ സൂക്ഷിച്ചുവെക്കുക. അര മണിക്കൂർ നേരം ഉപയോഗിച്ചാൽ പോലും തിരികെ വന്നാൽ ഉടൻ ഫുൾ ചാർജ്ജ് വരെ ചാർജ്ജ് നില എത്തിക്കുക.

2. ബാറ്ററി ഉപയോഗിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ (ആവശ്യമുള്ളത്ര) ലോഡ് മാത്രം അതിനു കൊടുക്കാൻ ശ്രമിക്കുക. എത്ര സാവധാനത്തിലാണോ ബാറ്ററിയിൽ നിന്നും 'കറന്റ്' വലിച്ചെടുക്കുന്നതു് അത്രയും കൂടുതൽ ഊർജ്ജം അതിൽനിന്നും ഒരു തവണ ഉപയോഗിക്കാൻ കഴിയും.

ഇതിനു കാരണം 'പ്യൂക്കെർട്ട് നിയമം'( http://en.wikipedia.org/wiki/Peukert%27s_law) എന്നറിയപ്പെടുന്ന പ്രതിഭാസമാണു്. ഉള്ളടങ്ങിയ ചാർജ്ജിൽ നിന്നും വലിച്ചെടുക്കാവുന്ന ഊർജ്ജത്തിന്റെ കപ്പാസിറ്റി, എത്ര നിരക്കിലാണു് അതു ഡിസ്ചാർജ്ജു ചെയ്തുകൊണ്ടിരിക്കുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു് ഈ നിയമത്തെ ലളിതമായി പറയാം.

ഓരോ തവണത്തേയും കപ്പാസിറ്റിയെ മാത്രമല്ല, ബാറ്ററിയുടെ ആയുസ്സിനേയും ഈ കറന്റു നിരക്കു് മോശമായി ബാധിക്കും.

അതുകൊണ്ടു്, എമർജൻസി ലൈറ്റിൽ ഫാനും കൂടുതൽ കറന്റ് എടുക്കുന്ന മറ്റു സൂത്രപ്പണികളും ഉണ്ടെങ്കിൽ ആ ഫീച്ചറുകൾ കുറച്ചുമാത്രം (അത്യാവശ്യത്തിനുമാത്രം) ഉപയോഗിക്കുക.


3. ബാറ്ററി ചാർജ്ജു ചെയ്യുന്ന താപനില 20നും 30നും ഡിഗി സെന്റിഗ്രേഡിൽ ആയിരിക്കാൻ ശ്രമിക്കുക. 20നു താഴെ, അതിന്റെ യഥാർത്ഥ നില വരെ ചാർജ്ജ് കയറിയില്ലെന്നു വരും. 30നു മുകളിൽ, ബാറ്ററിയുടെആയുസ്സു കുറയുന്ന നിരക്കു്  ആന്തരികതാപം മൂലം വർദ്ധിക്കും. 35 ഡിഗ്രിവരെയൊന്നും വലിയ പ്രശ്നമില്ല. എന്തുവന്നാലും 40-45നു മുകളിൽ പോവാതിരിക്കുന്നതാണു നല്ലതു്.  (നാട്ടിൽ സാധാരണ ഇതൊരു പ്രശ്നമല്ല. അഥവാ കടുത്ത വേനലാണെങ്കിൽ, ചാർജ്ജിങ്ങ് താരതമ്യേന ചൂടു കുറഞ്ഞ രാത്രിസമയത്തേക്കു മാറ്റിവെക്കുന്നത് ഒരു നല്ല ശീലമാണു്.)

4.  ബാറ്ററി ഡിസ്ചാർജ്ജ് ചെയ്യുമ്പോളത്തെ താപനിലയും കപ്പാസിറ്റിയേയും ആയുസ്സിനെയും ബാധിക്കാം. 25 ഡിഗ്രിയിലും കുറയുന്നതാണു് ഏറ്റവും നല്ലതു്.  ചൂടു കൂടുന്നതും  ആയുസ്സു കുറയ്ക്കും. 35-40 ഡിഗ്രിയിൽ കൂടുതൽ ആവുന്നതു് ആയുസ്സിന്റെ ദൈഘ്യം ഗണ്യമായി കുറയ്ക്കും.

5. ബാറ്ററിയിൽ എഴുതിക്കാണുന്ന Ah കപ്പാസിറ്റി  ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ മുഴുവനായും നമുക്കു് ലഭ്യമാവില്ല. ബാറ്ററിയുടെ തരം അനുസരിച്ച് അതു പരമാവധി ഡിസ്ചാർജ്ജ് ചെയ്യാവുന്ന ഒരു പരിധിയുണ്ടു്. അതിനു കീഴെ ഡിസ്ചാർജ്ജ് ആക്കുന്നതു് വളരെ ദോഷകരമാണു്. ഏകദേശം 40-50% വരെ മാത്രം ഊർജ്ജം വലിച്ചെടുക്കുന്നതാണു് സാമാന്യമായി പറഞ്ഞാൽ ഏതാണ്ട് സുരക്ഷിതമായ പരിധി. VRLA അഥവാ Valve Regulated Lead Acid അഥവാ SLA (Sealed Lead Acid) അഥവാ Maintenance-free എന്നെല്ലാം പറയുന്ന തരം ലെഡ് ആസിഡ് ബാറ്ററികളിൽ ഈ അളവു് താരതമ്യേന കൂടുതലാണു്. അവയിൽ തന്നെ ഡീപ് ഡിസ്ചാർജ്ജ് എന്നറിയപ്പെടുന്ന പ്രത്യേകതരത്തിൽ നിർമ്മിച്ചിട്ടുള്ള ബാറ്ററികളിൽ ആണു് ഈ 40-50% പരിധി. അതു കൂടാതെ, അടപ്പു തുറന്നു വെള്ളമൊഴിക്കാവുന്ന ബാറ്ററികളിൽ ഇത്രപോലും ഡിസ്ചാർജ്ജ് ചെയ്യാതിരിക്കുന്നതാണു നല്ലതു്.

കൃത്യമായി എത്ര ശതമാനം വരെ ഡിസ്ചാർജ്ജ് ചെയ്യുന്നതാണു് സുരക്ഷിതം എന്നു പറയുക എളുപ്പമല്ല. കാരണം ഡിസ്ചാർജ്ജ് ചെയ്യുന്ന പരിധിയും  (Depletion level) ബാറ്ററിയുടെ ആയുസ്സും തമ്മിലുള്ള ബന്ധം ഒരു നേർരേഖാ ഗ്രാഫല്ല. Exponential ആണു്.  അതായതു് പതിവായി 10% മാത്രം ഡിസ്ചാർജ്ജ് ചെയ്തുകൊണ്ടു് ബാക്കി സമയം മുഴുവൻ ചാർജ്ജിങ്ങ് അവസ്ഥയിലിരിക്കുന്ന ഒരു നല്ല  ബാറ്ററി ചിലപ്പോൾ പത്തുവർഷം വരെ ഏകദേശം തൃപ്തികരമായ കപ്പാസിറ്റിയോടെ നിലനിന്നെന്നുവരും. സ്ഥിരമായി 60 % വരെ ഡിപ്ലീറ് റ്ചെയ്യുന്ന അതേ തരം ബാറ്ററി രണ്ടോ മൂന്നോ കൊല്ലം സേവനയോഗ്യമാവാം. സ്ഥിരമായി 30-40% വരെ ഡിപ്ലീറ്റ്ചെയ്യുന്ന ബാറ്ററിയാകട്ടെ നാലോ അഞ്ചോ മാസം കൊണ്ടു്  ഉപയോഗശൂന്യമായെന്നും  വരും. അതുകൊണ്ട് കഴിയുമ്പോഴൊക്കെ ഡിസ്ചാർജ്ജ് ഏറ്റവും ചുരുക്കുക എന്നതാണു് ഏറ്റവും നല്ല മാർഗ്ഗം.

6. ചാർജ്ജ് സൈക്കിളുകളുടെ എണ്ണം - ഒരു ബാറ്ററി ഫുൾ ചാർജ്ജ്മുതൽ  ഏകദേശം 50% വരെ ഡിസ്ചാർജ്ജ് ചെയ്യുകയും തിരിച്ച് ഫുൾ ചാർജ്ജ് ആവുകയും ചെയ്യുന്നതിനെ ഏകദേശം ഒരു ചാർജ്ജ് സൈക്കിൾ എന്നു പറയാം. ഇത്തരത്തിലുള്ള 300-500 ചാർജ്ജ് സൈക്കിളുകൾ വരെ ഒരു ബാറ്ററി നിലനിൽക്കും. പക്ഷേ, ഈ എണ്ണവും കൃത്യമായി പറയാനാവില്ല. വളരെ കുറഞ്ഞ കറന്റ് നിരക്കിൽ ചാർജ്ജ്/ഡിസ്ചാർജ്ജ് ചെയ്യുകയും ഓർരോപ്രാവശ്യവും വളരെക്കുറച്ചുമാത്രം ഡിസ്‌ചാർജ്ജ് ചെയ്യുകയും ചെയ്യുന്ന ഒരു ബാറ്ററിയ്ക്കു്  1000 സൈക്കിളുകൾ ലഭിച്ചെന്നുവരാം. സാമാന്യത്തിൽ കൂടിയ നിരക്കിൽ ചാർജ്ജ്/ഡിസ്ചാർജ്ജ് കറന്റ് പ്രവഹിപ്പിക്കുകയോ പതിവായി അമിതമായി ഡിസ്ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു ബാറ്ററിയിൽ ഇതു വെറും 100-150ൽ ഒതുങ്ങിപ്പോവും.


ഇത്രയും പറഞ്ഞതു് ഒരു സാധാരണക്കാരൻ ബാറ്ററി ഉപയോഗിക്കുമ്പോൾ സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു്. ഇതിനുപരി, ഇത്തരം ബാറ്ററികൾ ചാർജ്ജു ചെയ്യാനുപയോഗിക്കുന്ന ചാർജ്ജറുകൾ (അഡാപ്റ്ററുകൾ), ഈ ബാറ്ററികളിൽ ലോഡ് ആയി  ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ സർക്യൂട്ടുകളുടെ സ്വഭാവം കൂടി നോക്കാം. തനതായ ചാർജ്ജറുകളുടേയും ഉപകരണങ്ങളുടെയും ഒപ്പം വരുന്ന ബാറ്ററികളുടെ കാര്യത്തിൽ ഉപയോക്താവിനു് പലപ്പോഴും ഇതിൽ കാര്യമായി ഒന്നും ചെയ്യാനില്ല. എന്നിരുന്നാലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. അഥവാ കട്ടിയായിത്തോന്നുന്നുണ്ടെങ്കിൽ വായിക്കാതെയും വിടാം.

ഒരു ലെഡ് ആസിഡ്  ബാറ്ററി മൂന്നോ നാലോ തരത്തിൽ ചാർജ്ജു ചെയ്യാം.
A.
സാമാന്യം ഡിസ്ചാർജ്ജ് ആയ ഒരു ബാറ്ററി ചാർജ്ജ് ചെയ്യുന്നതു് പരമാവധി കറന്റ് ഒരു പരിധിയിൽ കൂടുതൽ കടക്കുന്നില്ല എന്നുറപ്പു വരുത്തിക്കൊണ്ടാണു്. പ്രത്യേകം ഘടകങ്ങളോടെ നന്നായി ഡിസൈൻ ചെയ്ത ഒരു സർക്യൂട്ട് തന്നെ ഇതിനു വേണം. ഇതിനെ സ്ഥിരപ്രവാഹസന്നിവേശം (Constant Current Charging) എന്നു പറയാം. ബാറ്ററിയുടെ റേറ്റിങ്ങിൽകൊടുത്ത ആമ്പിയർ ഹവറിന്റെ  20 മണിക്കൂർ ഉപഭോഗനിരക്കിന്റെ കണക്കിൽ, 1/5 ഭാഗം. 1/10 ഭാഗം, 1/20 ഭാഗം എന്നിങ്ങനെയാണു് ഈ കറന്റിനെ നിശ്ചയിക്കാറു്. (C/5, C/10, C/20...). ഇതു കണക്കാക്കാനുള്ള വിശദവിവരങ്ങൾ ആവശ്യമെങ്കിൽ പിന്നീട് എഴുതാം.

യഥാർത്ഥത്തിൽ എത്ര ചുരുങ്ങിയ അളവിൽ (പക്ഷേ കൂടുതൽ സമയമെടുത്ത്) ചാർജ്ജ് ചെയ്യുന്നോ അത്രയ്ക്കും ബാറ്ററിയ്ക്കു നല്ലതാണു്. മറിച്ച്, വളരെ ഉയർന്ന അളവിൽ ഡിസ്ചാർജ്ജ് ചെയ്താൽ രണ്ടു പ്രശ്നങ്ങളുണ്ടു്.

a) ആന്തരികതാപനം: ബാറ്ററിയ്ക്കു് അതിന്റെ  ചാർജ്ജ് സംഭരണത്തിനുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ  ഒരു ഭാഗവും, ആ കറന്റുനിരക്കിന്റെ പരിധി കഴിഞ്ഞ് ബാക്കിയുള്ളതുമായ ഊർജ്ജം ബാറ്ററിയുടെ ഉള്ളിലുള്ള പ്രാതിരോധികതാപനത്തിനു് (Resistive heating) ചെലവാവും. ഈ ചൂട് ബാറ്ററിയിലെ ജലാംശം ആവിയാക്കുകയും ഒരു ഘട്ടത്തിൽ ബാറ്ററിയിൽ നിന്നും മർദ്ദം മൂലം (വാൾവുകൾ വഴി) പുറത്തേക്കു തള്ളപ്പെട്ട് നഷ്ടമാക്കുകയും ചെയ്യും. സീൽഡ് ബാറ്ററികളിൽ ഈ ജലാംശം പുനർനിക്ഷേപിക്കാൻ സാദ്ധ്യമല്ല. അതിനർത്ഥം ചാർജ്ജ് സംഭരിക്കാൻ ആവശ്യമുള്ള രാസപദാർത്ഥങ്ങളുടെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണു്. അതും കൂടാതെ, ഇത്തരം ചൂടുമൂലം, ബാറ്ററിയുടെ അകത്തുള്ള ഇലക്ട്രോഡുകളിൽ അനഭിമതമായ ദ്രവണം സംഭവിക്കാനും സാദ്ധ്യതയുണ്ടു്.

b) ക്രമമല്ലാത്ത അന്തർവ്യാപനം: (Irregular / non-uniform diffusion) ബാറ്ററിയുടെ അകത്തുള്ള രാസപദാർത്ഥങ്ങൾ കട്ടികൂടിയ ദ്രവരൂപത്തിലോ കുഴമ്പുരൂപത്തിലോ ആണു് സ്ഥിതി ചെയ്യുന്നതു്. ചാർജ്ജു ചെയ്യുമ്പോഴും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഈ കുഴമ്പിന്റെ എല്ലാ ഭാഗത്തും ഒരേനിരക്കിലല്ല രാസപ്രവർത്തനങ്ങൾ നടക്കുക. ബാറ്ററിയുടെ ധ്രുവങ്ങൾക്കു് (ഇലക്ട്രോഡുകൾക്കു്) തൊട്ടു സമീപത്തുള്ള  ഭാഗം (രാസപദാർത്ഥങ്ങൾ) പെട്ടെന്നു ചാർജ്ജ് / ഡിസ്ചാർജ്ജ് ചെയ്യപ്പെടാം. പക്ഷേ, കൂടുതൽ അകലെ (രണ്ടു ധ്രുവങ്ങളിൽ നിന്നും അകലെ മാറി) സ്ഥിതിചെയ്യുന്ന  തന്മാത്രകളിലേക്കു് ഈ രാസമാറ്റം പടർന്നുപിടിക്കാൻ സ്വൽപ്പം കൂടി സമയം എടുക്കും. ഇതുമൂലം ബാറ്ററി മുഴുവനായും ചാർജ്ജ് ആയി എന്ന മിഥ്യാധാരണ ചാർജ്ജിങ്ങ് സർക്യൂട്ടിനു ഉണ്ടാവുകയും ചാർജ്ജിങ്ങ് പൂർണ്ണമാവുന്നതിനുമുമ്പു തന്നെ നിന്നുപോവുകയും ചെയ്യാം.(ഒരു കുപ്പി പെപ്സി എടുത്തു് ഒരു ഗ്ലാസ്സിൽ പെട്ടെന്നു കുത്തിയൊഴിക്കുമ്പോൾ പത മൂലം ഗ്ലാസ്സു നിറഞ്ഞെന്നു തോന്നുന്നതുമായി ഇതിനെ താരതമ്യം ചെയ്യാം.)

ഇതുമൂലം പരമാവധി C/5 അല്ലെങ്കിൽ C/6  ആണു് സാധാരണ ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന ചാർജ്ജ് കറന്റു നിരക്കു്. 20 Ah ഉള്ള ഒരു ബാറ്ററിയ്ക്കു് 3 ആമ്പിയർ പരമാവധി കറന്റ് ലിമിറ്റ് സാധാരണമാണു്. ഇപ്രകാരം ചാർജ്ജ് ചെയ്യുമ്പോൾ ഒരു ഫുൾ സൈക്കിളിനു് ഈ ഘട്ടത്തിനു വേണ്ടി മാത്രം മൂന്നോ നാലോ മണിക്കൂർ സമയം ആവശ്യമാകും.

B. പ്രാഥമിക തയ്യാറെടുപ്പുചാർജ്ജിങ്ങ്: (Early/ warm up charging) വളരെ കണിശമായി ചാർജ്ജിങ്ങ് പൂർത്തീകരിക്കേണ്ട ചില സർക്യൂട്ടുകളിൽ മുൻപറഞ്ഞ ഘട്ടത്തിനുമുമ്പ് ഒരു ചെറിയ ഇടവേള (5-10 മിനിട്ട്) വളരെ കുറഞ്ഞ കറന്റ് ഉറപ്പാക്കിക്കൊണ്ട് (C/10 to C/20)  കറന്റ് പ്രവഹിപ്പിക്കുന്ന ഒരു രീതിയുണ്ടു്. മുകളിൽ പറഞ്ഞ ക്രമമായ അന്തർവ്യാപനവും സെൽ വോൾട്ടേജ് സമതുലനവും ഉറപ്പാക്കാനാണു് ഇതു ചെയ്യുന്നതു്.

C. തക്കതായ ഒരു ടെർമിനൽ വോൾട്ടേജ് എത്തിക്കഴിഞ്ഞാൽ ബാറ്ററിയിലേക്കുള്ള കറൻന്റ്പ്രവാഹം കുറഞ്ഞുതുടങ്ങും.എങ്കിലും ചാർജ്ജിങ്ങ് പൂർണ്ണമായിട്ടുണ്ടാവില്ല. കൂടുതൽ ചാർജ്ജ് (കുറഞ്ഞ സമയം കൊണ്ടു്) നിക്ഷേപിക്കുവാൻ വേണ്ടി, ഈ ഘട്ടത്തിൽ ചാർജ്ജിങ്ങ് വോൾട്ടേജ് സ്വൽപ്പം കൂടി വർദ്ധിപ്പിക്കുന്നു.സ്വല്പസമയത്തിനുശേഷം, (ബാറ്ററിയ്ക്കു് സുനിശ്ചിതമായ വോൾട്ടേജ് കൈവന്നാൽ) ഈ വർദ്ധിതവോൾട്ടേജ് പ്രയോഗം നിർത്തി അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. വർദ്ധിതവോൾട്ടേജ് പ്രയോഗം നടത്തുന്ന ഈ ഘട്ടത്തിനെ വർദ്ധിതവീര്യഘട്ടം (ബൂസ്റ്റിങ്ങ് മോഡ്) എന്നും വോൾട്ടേജ് സമതുലന ഘട്ടം (ഈക്വലൈസേഷൻ മോഡ്) എന്നും പറയാറുണ്ടു്).  ബാറ്ററിക്കുള്ളിലെ എല്ലാ സെല്ലുകളിലും ഒരേ വോൾട്ടേജ് ഉറപ്പുവരുത്താൻ സഹായിക്കുന്നതുകൊണ്ടാണു് ഇങ്ങനെ പേരു വന്നതു്.


D. ഒരിക്കൽ ബാറ്ററി പൂർണ്ണമായി ചാർജ്ജ് ചെയ്താൽ അതിലേക്കുള്ള ചാർജ്ജിങ്ങ് വൈദ്യുതി നിർത്തിവെക്കേണ്ടതില്ല. എല്ലാ ബാറ്ററികളും വെറുതെ ഇരിക്കുമ്പോ ൾതന്നെ വളരെ കുറഞ്ഞ നിരക്കിൽ സ്വയം ഡിസ്ചാർജ്ജ് ആയിക്കൊണ്ടിരിക്കും. ഇത്തരം ഡിസ്ചാർജ്ജ് ഒഴിവാക്കാൻ, ട്രിക്ലിങ്ങ് ചാർജ്ജ് എന്ന ഒരു ഘട്ടം കൂടിയുണ്ടാവും.  മുകളിൽ പറഞ്ഞ ഘട്ടത്തിനു ശേഷം (വർദ്ധിതവോൾട്ടേജ് സന്നിവേശം നിർത്തിയതിനുശേഷം), താരതമ്യേന കുറഞ്ഞ ഒരു വോൾട്ടേജ് ചാർജ്ജിങ്ങ് സർക്യൂട്ടിൽ നിലനിർത്തുന്നു. ഈ വോൾട്ടേജ്, ബാറ്ററിയിലൂടെവളരെ കുറഞ്ഞ നിരക്കിൽ ഒരു കറന്റ് പ്രവാഹം സദാ തുടർന്നുകൊണ്ടിരിക്കാൻ ഇടയാക്കുന്നു. ഡിസ്ചാർജ്ജ് ചെയ്യുമായിരുന്ന അതേ നിരക്കിൽ ഊർജ്ജം പുനഃസ്ഥാപിക്കാൻ ഈ ട്രിക്ക്ലിങ്ങ് ചാർജ്ജ് സഹായിക്കുന്നു.

എമർജൻസി ലൈറ്റ്, LED ലാമ്പ് സെറ്റ് തുടങ്ങിയ പല ലഘുവായ സർക്യൂട്ടുകളിലും (പല യു,പി.എസ്./ ഇലക്ട്രിക് സബ്സ്റ്റേഷൻ, മൊബൈൽ ടവർ തുടങ്ങിയ ഓൺലൈൻ കൺട്രോൾ പവർ സപ്ലൈ സർക്യൂട്ടുകളിലും)  മുകളിൽ പറഞ്ഞത്ര സങ്കീർണ്ണമായ ചാർജ്ജിങ്ങ്സംവിധാനമൊന്നും പതിവില്ല. മിക്കപ്പോഴും 24 മണിക്കൂറും ഓൺ ലൈനിൽ തന്നെ എമർജൻസി സ്റ്റാൻഡ് ബൈ മോഡിൽ പ്രവർത്തിക്കുന്ന അവയ്ക്കു് ഒരു ലഘുവായ കോൺസ്റ്റന്റ് വോൾട്ടേജ് ട്രിക്ക്ലിങ്ങ് ചാർജ്ജ് സർക്യൂട്ട് മാത്രമാണുണ്ടാവുക.

എങ്ങനെ സംക്ഷിപ്തമായി പറഞ്ഞാലും തർക്കം ഉണ്ടാകാൻ തക്ക അന്ധവിശ്വാസങ്ങൾ ബാറ്ററി ടെക്നോളജിയുടെ ലോകത്തു് പരന്നു നടപ്പുണ്ടു്. സാക്ഷാൽ ഇലക്ട്രിൿ എഞ്ചിനീയർമാരിൽ തന്നെ മഹാഭൂരിപക്ഷത്തിനും ബാറ്ററി ചാർജ്ജിങ്ങ് ക്യാരക്റ്റെറിസ്റ്റിക്സിനെക്കുറിച്ച് കാര്യമായൊന്നുമറിയില്ല എന്നതാണു സത്യം.
ബാറ്ററി ചാർജ്ജു ചെയ്യുന്നതിനെക്കുറിച്ച് ഉപദേശിക്കാൻ പോയി 'മഹാപണ്ഡിതന്മാരുടെ' ആട്ടും തുപ്പും കേൾക്കേണ്ട ഗതികേട് മുമ്പും ഉണ്ടായിട്ടുള്ളതുകൊണ്ടാണു്  ഇങ്ങനെ നീട്ടിവലിച്ചുതന്നെ എഴുതിയതു്.


നിക്കൽ കാഡ്മിയം ബാറ്ററിയ്ക്കു് ഇതിൽ നിന്നും വ്യത്യാസമുണ്ടു്. അവയ്ക്കു് 'മെമ്മറി എഫക്റ്റ്' എന്നൊരു സ്വഭാവമുണ്ടു്. അതിനാൽ എപ്പോൾ ചാർജ്ജു ചെയ്താലും 10-20% വരെ ഡിസ്ചാർജ്ജു ചെയ്തതിനു ശേഷം മാത്രം വീണ്ടും ചാർജ്ജുചെയ്യാൻ വയ്ക്കണം. പക്ഷേ, വിലകുറവു്, കുറഞ്ഞ പ്യൂക്കെർട്ട് പ്രഭാവം എന്നിവ ആ തരം ബാറ്ററികളുടെ മെച്ചങ്ങളാണു്.

ലാപ്ടോപ്പ് ബാറ്ററികളുടെ ആയുസ്സിന്റെ പ്രധാന ഉത്തരവാദിത്തം അതാതു ലാപ്ടോപ്പിനുള്ളിൽ തന്നെയുള്ള ചാർജ്ജ് കണ്ട്രോൾ സർക്യൂട്ടുകൾക്കാണു്. നന്നായി ഡിസൈൻ ചെയ്ത കണ്ട്രോൾ സർക്യൂട്ടുകൾ ഉണ്ടെങ്കിൽ മെയിൻസ് ഉള്ളപ്പോൾ സദാ സമയവും അതിൽ കണക്റ്റു ചെയ്തു വെക്കുകതന്നെയാണു നല്ലതു്. മാസത്തിലൊരിക്കലോ മറ്റോ വേണമെങ്കിൽ മെയിൻസിൽ നിന്നും മാറ്റി ഫുൾ (ഡീപ്) ഡിസ്ചാർജ്ജ് ചെയ്യാൻ അനുവദിക്കാം.


1. മെയിൻസ് പവർ ഉള്ളപ്പോൾ ലാപ്ടോപ്പ് ബാറ്ററിയടക്കം അതിൽ തന്നെ കുത്തിവെക്കുക. ഉപയോഗിക്കുമ്പോഴും ഉപയോഗം കഴിഞ്ഞാലും മെയിൻസിൽ തന്നെ ഇരുന്നോട്ടെ.
പക്ഷേ, മെയിൻസില്ലാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാഹചര്യമേ വരുന്നില്ലയെങ്കിൽ, മാസത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ മെയിൻസിൽനിന്നു മാറ്റി ബാറ്ററി ഫുൾ ഡിസ്ചാർജ്ജ് ആവുന്നതുവരെ ഉപയോഗിക്കുക. അതിനുശേഷം വീണ്ടും മെയിൻസിൽ കണക്റ്റു ചെയ്തു വെക്കാം.

2. ഏതാനും ആഴ്ച്ചകൾ കമ്പ്യൂട്ടർ ഉപയോഗിക്കാതെ വെക്കുകയാണെങ്കിൽ രണ്ടു വിധത്തിൽ ചെയ്യാം: ഫുൾ ചാർജ്ജ് ചെയ്തതിനുശേഷം ബാറ്ററി അടക്കം കമ്പ്യൂട്ടർ സൂക്ഷിച്ചുവെക്കുക. അല്ലെങ്കിൽ കുറച്ചുമാത്രം (20% to 30%) ചാർജ്ജ് ബാക്കിവെച്ചുകൊണ്ടു്
ബാറ്ററി ഒറ്റയ്ക്കും കമ്പ്യൂട്ടർ വേറെയുമായി.ഇങ്ങനെ ചെയ്യുമ്പോൾ ബാറ്ററിയുടെ സ്വതസ്സിദ്ധമായ self-discharge മൂലം 0% ചാർജ്ജ് അവസ്ഥയിലെത്തുന്നതു് ഇല്ലാതാക്കാം.


3. 0%ചാർജ്ജ് എന്നതു് ബാറ്ററികൾക്കു് നല്ലതല്ല.പ്രത്യേകിച്ച് ഒരു ലോഡ് സർക്യൂട്ടിൽ ഉള്ള ബാറ്ററികൾക്കു്. (നാം കാണുന്ന ബാറ്ററി ഒറ്റ യൂണിറ്റാണെങ്കിലും അതിനുള്ളിൽ അനേകം സെല്ലുകൾ ശ്രേണിയായി ഒരുമിച്ചുവെച്ചാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഇവയിൽ എല്ലാ സെല്ലിന്റേയും ഡിസ്ചാർജ്ജ് സ്വഭാവം കൃത്യം ഒരുപോലെയാവില്ല. അതുകൊണ്ടു് ചില സെല്ലുകൾ മറ്റു സെല്ലുകളെ ഋണദിശയിൽ ലോഡ് ചെയ്തെന്നുവരാം. ഇതു് അവയുടെ അകത്തെ രാസപ്രവർത്തനങ്ങളെ സ്ഥിരമായ ദോഷങ്ങൾ ഏൽ‌പ്പിക്കും.). അതുകൊണ്ടു് ഉപയോഗിക്കാതെയിരിക്കുമ്പോൾ എപ്പോഴും സ്വൽ‌പ്പം ചാർജ്ജെങ്കിലും ബാക്കി വെക്കുന്നതു നല്ലതാണു്.


4. ബാറ്ററിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തണുത്തിരിക്കുന്നതല്ല എപ്പോഴും നല്ലതു്. മിക്ക ബാറ്ററികളും ഏറ്റവും നന്നായി പ്രവർത്തിക്കുക 25-40 ഡിഗ്രി സെന്റിഗ്രേഡ് താപനിലയിലാണു്. അതിൽ തീരെ കുറയുന്നതും തീരെ കൂടുന്നതും പ്രവർത്തനത്തേയും ആയുസ്സിനേയും ബാധിക്കാം.

5. ഒരിക്കൽ മെയിൻസില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാറ്ററി മുഴുവൻ ഡിസ്ചാർജ്ജ് ആവുന്നതുവരെ അങ്ങനെത്തന്നെ തുടരുന്നതാണു് നല്ല രീതി. പക്ഷേ എപ്പോഴും ഇങ്ങനെ ചെയ്യണമെന്നില്ല. (ഫുൾ സൈക്കിളുകളുടെ എണ്ണം ആയുസ്സിനെ ബാധിക്കും എന്നതുകൊണ്ടു്.) പക്ഷേ നാലിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക. ബാറ്ററിയുടെ കാലിബ്രേഷൻ (ചാർജ്ജ് നിരക്കിൽ ചാർജ്ജിങ്ങ് സർക്യൂട്ട് ഓരോ നിമിഷവും നടത്തുന്ന കണക്കുകൂട്ടലും അനുമാനവും) തെറ്റി സർക്യൂട്ടിനു് കൺഫ്യൂഷൻ വരാതിരിക്കാനാണു് ഇതു്. അങ്ങനെ ഫുൾ സൈക്കിൾ ഡിസ്ചാർജ്ജിന്റെ കണക്കിൽ കമ്പ്യൂട്ടറിനു് ആശയക്കുഴപ്പം വരുന്നതുകൊണ്ടാണു് മുകളിലെ ഒരു കമന്റിൽ (അബ്കാരി) കണ്ട 100% അപ്പോൾ തന്നെ ‘ഡിം‘ ആവുന്ന പ്രതിഭാസം. പല കേസുകളിലും ഈ ബാറ്ററിയെ രക്ഷപ്പെടുത്തിയെടുക്കാം. പക്ഷേ ചിലപ്പോൾ കമ്പ്യൂട്ടറിലെ റോം (BCRAM),മറ്റു ചിലപ്പോൾ ബാറ്ററിക്കുള്ളിൽ തന്നെയുള്ള മെമ്മറി എന്നിവയിൽ ഓർത്തുവെച്ചിരിക്കുന്ന മൂല്യം റീസെറ്റ് ചെയ്യേണ്ടി വരും. ഇതു് ഉപയോക്താവിനു നേരിട്ടു ചെയ്യാൻ എളുപ്പമാവില്ല. (എതു മോഡൽ ആണെന്നനുസരിച്ച് ഇന്റർനെറ്റിൽ ഇതിനുള്ള വഴികൾ കണ്ടെന്നു വരാം.)

6.മുകളിൽ പറഞ്ഞ കാര്യങ്ങൾ കമ്പ്യൂട്ടർ ബാറ്ററികൾക്കു മാ‍ത്രമല്ല, ക്യാമറ, ഫോൺ, ഗെയിം സ്റ്റേഷൻസ്, പാട്ടുപെട്ടികൾ തുടങ്ങി പുതിയ തരം ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണു്.

7. കൂടുതൽ ടെൿനോളജിയൊന്നും അറിയാത്ത സാധാരണക്കാർക്കു് ഞാൻ പറഞ്ഞുകൊടുക്കാറു് മറ്റൊരു ഉദാഹരണമാണു്:
ബാറ്ററി എന്നതിനെ നാം വീടിനുമുകളിൽ വെക്കുന്ന ഒരു വാട്ടർ ടാങ്കിനു സമമായി കണക്കാക്കുക.
പുതുതായി വെക്കുന്ന ടാങ്കു രണ്ടുമൂന്നുപ്രാവശ്യം നിറച്ച് കാലിയാക്കുന്നതുപോലെ,
നിത്യവും മെയിൻ പൈപ്പിൽ വെള്ളം സപ്ലൈ ഉണ്ടെങ്കിലും ടാങ്ക് കണക്റ്റഡ് ആയിരിക്കുന്നതുപോലെ,
എങ്കിലും ഇടയ്ക്കൊക്കെ ടാങ്കു മുഴുവൻ ചോർത്തിക്കളഞ്ഞ് വൃത്തിയാക്കി വീണ്ടും നിറക്കുന്നതുപോലെ,
കുറേ നാൾ ഉപയോഗിക്കേണ്ടെങ്കിൽ വെള്ളം കുറച്ച്, പക്ഷേ മുഴുവനായും വറ്റിക്കാതെ വെയ്ക്കും പോലെ, (അല്ലെങ്കിൽ ഫുൾ ടാങ്ക് അടിച്ചുവെക്കുന്നതുപോലെ),
ടാങ്കിൽ ഇപ്പോൾ ഈ നിമിഷം എത്ര വെള്ളം ഉണ്ടെന്നു് നാം ഒരു സാമാന്യബോധം ഉള്ളിൽ സൂക്ഷിക്കുന്നതുപോലെ,

ബാറ്ററി റീ കണ്ടീഷനിംഗ്


ബാറ്ററി റീ കണ്ടീഷനിംഗ് 

ബാറ്ററിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? ടോര്‍ച്ചില്‍, വാച്ചില്‍, റിമോട്ടില്‍, മൊബൈല്‍ ഫോണില്‍, ക്യാമറയില്‍, കാല്‍കുലേറ്ററില്‍, ലാപ്ടോപ്പില്‍ വാഹനങ്ങളില്‍ ഇങ്ങനെ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ബാറ്ററി നമ്മെ സഹായിക്കുന്നു. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍. എന്നാല്‍ ഈ ബാറ്ററി ശാസ്ത്രലോകത്തെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ബാറ്ററിയുടെ സംഭരണശേഷി ഒരു പരിധിവിട്ട് വര്‍ദ്ധിപ്പിക്കാനാകാത്തത് ഇന്നും ശാസ്ത്ര ലോകത്തിനു വെല്ലുവിളിയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനു ഏറ്റവും വലിയ തടസവും ഈ ബാറ്ററിയുടെ സംഭരണ ശേഷിക്കുറവു തന്നെയാണ്.
ഓരോ ഉപകരണത്തിനും അതിന്റെ പ്രവര്‍ത്തന രീതിക്കു അനുസരിച്ച് ഉള്ള ബാറ്ററികളാണ് നിര്‍മ്മിക്കാറുള്ളത്. വാഹനങ്ങളിലാണെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജും കറണ്ടും നല്‍കുന്ന ലെഡ് ആസിഡ് ബാറ്ററികളും, വാച്ചിലാണെങ്കില്‍ അവസാന നിമിഷം വരെ ഒരെ അളവില്‍ കറണ്ട് നല്‍കുന്ന നിക്കല്‍ കാഡ്മിയം ബാറ്ററികളും, ടോര്‍ച്ച്, ക്യാ‍മറ എന്നിവയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമായ NiMH ബാറ്ററികളും, മൊബൈല്‍, ലാപ്ടോപ് എന്നിവയില്‍ ലിഥിയം അയോണ്‍ ബാറ്ററികളും, പുതിയ മൊബൈലുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എങ്ങനെയൊക്കെയാണെങ്കിലും ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കുന്നില്ല എന്ന പരാതി വളരെ സാധാരണമായി കേട്ടു വരുന്ന ഒന്നാണ്. ഇത് ഒരിക്കലും ബാറ്ററിയുടേയോ നിര്‍മ്മാതാവിന്റെയോ കുറ്റമല്ല, മറിച്ച് നിങ്ങള്‍ ആ ബാറ്ററിയെ ശരിയായി കൈകാര്യം ചെയ്യാത്തതുകൊണ്ടാണ്. ലിഥിയം അയോണ്‍ ബാറ്ററികളും, NiMH ബാറ്ററികളും അതിന്റെ ആദ്യ ഉപയോഗത്തില്‍ തന്നെ പരമാവധി ചാര്‍ജ് ശേഖരിക്കുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അതു വളരെ വേഗത്തില്‍ തന്നെ ഉപയോഗപ്രദമല്ലാതെ ആയിത്തീരുന്നതാ‍ണ്. ലെഡ് ആസിഡ് ബാറ്ററികള്‍ ഇത്തരത്തില്‍ പരുവപ്പെടുത്തണ്ട കാര്യമില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
നമ്മള്‍ അധികമാരും തന്നെ ബാറ്ററിയെ കണ്ടീഷന്‍ ചെയ്യുന്നതില്‍ ഒട്ടും ശ്രദ്ധ കൊടുക്കാറില്ലെന്നതാ‍ണ് സത്യം. നമ്മുടെ അശ്രദ്ധമായ ഉപയോഗം അതിന്റെ ആയുസ്സ് കുറയ്ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നമ്മുടെ പുതിയ മൊബൈലോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നതിനു മുമ്പ് 6 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യണം. ഒരു പക്ഷെ നിങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ഉടനെ തന്നെ ചാര്‍ജ് മുഴുവനാ‍യി എന്നു കാണിച്ചാലും ഒരിക്കലും അതു മുഴുവായി ചാര്‍ജ് ആയിട്ടുണ്ടാകില്ല എന്നു മനസിലാക്കുക. തുടര്‍ന്ന് ഈ മുഴുവനും ചാര്‍ജ് ആയ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ഇറങ്ങി പോകുന്നതു വരെയാണ് ഒരു സൈക്കിള്‍ എന്നു പറയുന്നത്. ഇത്തരം പത്ത് സൈക്കിള്‍ പൂര്‍ത്തിയാ‍യാല്‍ മാത്രമേ നിങ്ങളുടെ ബാറ്ററി പൂര്‍ണ്ണമായും കണ്ടീഷന്‍ ചെയ്യപ്പെട്ടു എന്നു പറയാന്‍ സാധിക്കൂ. തുടര്‍ന്നുള്ള ഉപയോഗത്തില്‍ ചാര്‍ജിങ്ങ് പൂര്‍ത്തിയായി എന്ന അടയാളം ലഭിക്കുന്നതു വരെ മാത്രം ചാര്‍ജ് ചെയ്താല്‍ മതിയാകും. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ഇറങ്ങിപോകാന്‍ അനുവദിക്കരുത് എന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതു ലെഡ് ആസിഡ് ബാറ്ററികള്‍ക്കു മാത്രമാണ് ബാധകമായിട്ടുള്ളത്. മറ്റു ബാറ്ററികള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നതാണ് അതിന്റെ ആയുസ്സിന് നല്ലത്.
നമ്മുടെ ബാറ്ററിയുടെ ആയുസ്സ് കുറക്കുന്ന മറ്റ് ചില കാര്യങ്ങളും കൂടി ഉണ്ട്. കമ്പനി ബാറ്ററി നിര്‍മ്മിക്കുന്നതിനൊപ്പം അതിനു അനുയോജ്യമായ ചാര്‍ജിങ്ങ് ഉപകരണവും നിര്‍ദ്ദേശിക്കാറുണ്ട്. ബാറ്ററിയുടെ വോള്‍ട്ടേജ്, കറന്റ് ശേഷിക്കനുസരിച്ചാണ് അതിന്റെ ചാര്‍ജിങ്ങ് ഉപകരണം തിരഞ്ഞെടുക്കുന്നത്. അനുയോജ്യമല്ലാത്ത ചാര്‍ജിങ്ങ് ഉപകരണം ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കും. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വക്കുന്നതാണ് മറ്റൊരു ദോഷം. മൊബൈലിന്റെ ചാര്‍ജിങ്ങ് സമയം 1.5 മുതല്‍ 3 മണിക്കൂര്‍ വരെയും, ലാ‍പ്ടോപ്പിന്റെ 3 മുതല്‍ 5 മണിക്കൂര്‍ വരെയും ആണെന്നിരിക്കെ അധിക സമയം ചാര്‍ജ് ചെയ്യാന്‍ വക്കുന്നത് ബാറ്ററി നശിക്കുന്നതിനു കാരണമാകും. അതുപോലെ ബാറ്ററി ഷോര്‍ട്ട് ചെയ്യുന്നതും അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒന്നാണ്.
ബാ‍റ്ററി കൈകാര്യം ചെയ്യുന്ന പോലെ തന്നെ പ്രധാനമാണ് അതു നശിപ്പിക്കുന്നതും. നമ്മുടെ പരിസ്ഥിതിക്കു വളരെ ദോഷകരമായ ഒരുപാടു ലോഹങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്. അതു അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിനു കാരണമാകും. ബാറ്ററി സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതു, പരിസ്ഥിതി സംരക്ഷണത്തില്‍ നിങ്ങള്‍ നല്‍കുന്ന ഒരു വിലപ്പെട്ട സംഭാവനയാണ്.
നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബാറ്ററി പരുവപ്പെടുത്തേണ്ട സമയം കഴിഞ്ഞെങ്കിലും വിഷമിക്കണ്ട, ഇനിയും പുതിയ ബാറ്ററി കൈകാര്യം ചെയ്യേണ്ട ഒരുപാടു അവസരങ്ങള്‍ വന്നു ചേരുമല്ലോ. ആ സന്ദര്‍ഭത്തില്‍ ഈ വിജ്ഞാനം നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപകാരപ്പെടും.
നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ റീ കണ്ടീഷന്‍ ചെയ്യാം 
വീക്കായ ബാറ്ററികളെഎങ്ങനെവീണ്ടുംപുനരുപയോഗയോഗ്യമാക്കാം
എന്ന്പഠിക്കാം 
ആദ്യമായി വീക്കായ ബാറ്ററിയെ ഒരു കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞു പിടിക്കുക.എന്നിട്ട് ഈ ബാറ്ററിയെ ഒരു സ്പാനര്‍ കൊണ്ട് ശക്തമായി അടിക്കുക.അടി കയ്യില്‍ കൊള്ളാതെ സൂക്ഷിക്കുക.ബാറ്ററിയുടെഎല്ലാഭാഗത്തുംഅടികിട്ടത്തക്കവണ്ണം
ചെയ്യുക
ചീത്തയായബാറ്ററിയില്‍ഓക്സിജന്‍കുമിളകള്‍രൂപപ്പെട്ടിരിക്കും
ഇവയെഒന്നിളക്കാന്‍വേണ്ടിയാണ്.അടിക്കുന്നത്.ഇങ്ങനെ 
അടിച്ചു പരുവപ്പെടുത്തിയ ബാറ്ററികളെ ഒരു 12 വോള്‍ട്ട് 3 ആമ്പിയര്‍ എങ്കിലുമുള്ള ചാര്‍ജറില്‍ കൊടുത്തു ചാര്‍ജ് ചെയ്യുക.ആമ്പിയര്‍ കൂടിയാല്‍ അത്രയും നല്ലത്.ബാറ്ററി ചാര്‍ജറിനു ഫില്‍ട്ടര്‍ കപ്പാസിറ്റര്‍ വേണ്ട എന്നകാര്യം പ്രത്യേകം ശ്രദ്ദിക്കുക.ചാര്‍ജര്‍ കണ്ടിന്യൂസ് കൊടുത്തു ചാര്‍ജ് ചെയ്യിക്കരുത്.വിട്ടുവിട്ട് ബാറ്ററി ടെര്‍മിനലുകളില്‍ മുട്ടിച്ചു സ്പാര്‍ക്ക് ചെയ്യിക്കുകയാണ് വേണ്ടത്.ഇങ്ങനെ ചെയ്യുന്നതിനെ 
സാപ്പിംഗ് എന്നാണു പറയുന്നത്.ആദ്യം സ്പാര്‍ക്ക് ചെയ്യിക്കുമ്പോള്‍ ചുവന്ന കളറിലുള്ള സ്പാര്‍ക്ക് ആകും വരുന്നത്.ഒരു പത്തിരുപതു പ്രാവശ്യം സ്പാര്‍ക്ക് ചെയ്യിക്കുമ്പോള്‍ സ്പാര്‍ക്കിന്റെ നിറം നീല ആയി മാറും .അപ്പോള്‍ ഓക്സിജന്‍ കുമിളകള്‍  എല്ലാം കത്തിപ്പോയി ചാര്‍ജ് കയറാന്‍ തുടങ്ങി എന്ന് മനസിലാക്കാം.ഇപ്പോള്‍ ബാറ്ററി നന്നായിട്ട് ചൂടായിട്ടുണ്ടാകും.
ഈ ചൂടന്‍ ബാറ്ററികളെ അതിന്റെ സാധാരണ ചാര്‍ജറില്‍ ഇട്ടു പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുക.ഇങ്ങനെ ചെയ്‌താല്‍ നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ പകുതിയിലധികവും പുതിയതുപോലെ പ്രവര്‍ത്തിക്കും.വേറൊരു ടെക്നിക് അടുത്തുതന്നെ ഇടാം